Monday, February 25, 2008

എന്റെ പാസ്പോര്‍ട്ടിന്റെ കഥ

(ഒരു ഫ്ലാഷ് ബാക്ക്)
ഞാനും എന്റെ കെട്ട്യോനും, രണ്ടു കുട്ട്യോളും കൂടി “നാമൊന്ന് നമുക്ക് രണ്ട്” എന്ന് പറഞ്ഞ് സന്തോഷത്തോടെ കഴിയുന്ന കാലം. അപ്പോഴാണ് ഒരു ദിവസം എന്റെ പ്രിയതമന് ബോധോദയം ഉണ്ടാകുന്നത് “എന്റെ സേവനം ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശത്തും ലഭ്യമാക്കണമെന്ന്”.

ഞാന്‍ അപ്പോഴെ വാണിങ്ങ് കൊടുത്തു ‘വെറുതെ പുലിവാല്‍ പിടിക്കാനായി വേണ്ടാത്ത ആശയൊന്നും വേണ്ടാ, ഇവിടെ മറാഠികളന്നെ ഇന്ത്യക്കാരായ ബീഹാറികളെയും മല്ലൂസിനെയുമൊക്കെ അവരുടെ നാട്ടില്‍ക്ക് പായ്ക്ക് ചെയ്യാനുള്ള പ്ലാനിലാ, അപ്പൊഴാ നാടും കണട്രിയും വിട്ട് ദുബായില്‍ക്ക് പോണെ. മാത്രമല്ല ഏതു നേരവും ചെവിട്ടില്‍ മൂട്ട പോയ പോലെ ഒരു സ്വൈര്യവും കൊടുക്കാത്ത എന്നെയും, എപ്പളും മെക്കട്ട് കേറി മറിയണ കുട്ട്യോളെയും വിട്ട് പോയാല്‍ നേരം പോവാണ്ട് ബോറടിച്ച് ഒരു വഴിക്കാവുമെന്ന്.“ എന്നാലും ആളുടെ മനസമാധാനത്തിന് വേണ്ടി ഒരു ബയോഡാറ്റ അയച്ചിട്ടു, അതിത്ര വലിയ പാരയാകുമെന്ന് വിചാരിച്ചില്ല.

ചുള്ളന്റെ ബയോഡാറ്റയാകുന്ന പ്രണയലേഘനം കിട്ടിയതും സുന്ദരികമ്പനി “ഇങ്ങട് വാടാ കുട്ടാ” എന്ന് പറഞ്ഞു വിളിക്കുകയും, സുന്ദരികമ്പനിയുടെ മോഹന ഓഫറുകള് എന്റെ കെട്ട്യോനെ ആകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ചിന്താവിഷ്ട്ടയായ ശ്യാമള സ്റ്റൈലിലുള്ള “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നും പറഞ്ഞുള്ള ഞങ്ങടെ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാത്തതിനാല്‍ ആശാന്‍ കണ്ണുമടച്ച് ദുബായിലേക്ക് പോയി. പോവാന്‍ നേരത്ത് എന്റെ കരച്ചില്‍ മാറ്റാനായി ഒരു കൊടകരപുരാണം പുസ്ത്കം സമ്മാനിച്ചു. (അപ്പെ തുടങ്ങിയ ചിരിയാ, പിന്നിതുവരെ നിര്‍ത്തിയിട്ടില്ല – വട്ടാവാഞ്ഞത് എന്റെ കെട്ട്യോന്റെ ഭാഗ്യം)

ഒരു മാസം പുള്ളിക്കാരന്‍ ഏതാണ്ട് സര്ക്കസ് കൂടാരത്തില്‍ നിന്ന് ഒളിച്ചോടി രക്ഷപ്പെട്ട സിംഹത്തിന്റെ പോലെ, ചെവിട്ടിലെ മൂട്ടയും, നല്ല ഒറക്കം വരണ നേരത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് താരാട്ട് പാട്ട് പാടി വരണ കൊതുകുകുഞ്ഞുങ്ങളും ഒഴിഞ്ഞുപോയ സന്തോഷത്തില്‍, ദുബായില്‍ ബാച്ചിലേഴ്സ് ലൈഫും ദുബായിലെ ക്ലീന്‍ലിനെസ്സും അടിച്ചുപൊളിച്ച് ആസ്വദിച്ചുകഴിഞ്ഞു. ആ കാലമത്രയും ഞാനിവിടെ പുള്ളിക്കാരന്റെ ഫോട്ടോയും, ഷര്‍ട്ടും പാന്റും, ഷൂസും എല്ലാം നോക്കി “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു” എന്ന പാട്ടും പാടി നടന്നു. കുട്ട്യോളാവട്ടെ ആകാശത്ത് പോണ ഒരൊറ്റ വിമാനത്തെയും വെറുതെ വിടാതെ “ഏറോപ്ലെയിന്‍ ഏറോപ്ലെയിന്‍ അപ്പ് ഇന്‍ ദി ആകാശം, പ്ലീസ് കം താഴെ ആന്ഡ് റ്റെയിക്ക് അസ് റ്റു ഡാഡി ഇന്‍ ദുബായ്” എന്നും പാടിക്കൊണ്ടിരുന്നു.

കോടികള്‍ മുടക്കി എടുക്കുന്ന ഹിന്ദി സിനിമ ഒന്നു പോലും പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുള്ള എന്റെ മൂത്ത ചേച്ചി, എന്നെ ഈ വിഷമത്തില്‍ നിന്നും കര കയറ്റാനായി ഞങ്ങളെയും കൊണ്ട് “സല്മാന്‍-ഗോവിന്ദ” ടീമിന്റെ പാര്‍ട്ട്നര്‍ എന്ന കോമഡി സിനിമ കാണിക്കാന്‍ കൊണ്ടു പോയി. ആ കോമഡി സിനിമ കണ്ട് ഞാന്‍ തിയറ്ററിലിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോ ചേച്ചി എന്നെയും കൊണ്ട് “ചക് ദേ ഇന്ത്യ” കാണിക്കാന്‍ കൊണ്ടു പോയി. അതു കണ്ടപ്പോ ഞാന്‍ എന്റെ റിയല്‍ ലൈഫിലെ മീശയുള്ള ഷാറുഖ് ഖാനെ ഓര്‍മ്മിച്ച് വീണ്ടും സെന്റിമെന്റലായി. അങ്ങനെ ഞങ്ങള്‍ “ഓം ശാന്തി ഓം” കാണാന്‍ പോയി, ഇപ്രാവശ്യം ചേച്ചി രക്ഷപ്പെട്ടു, ഒരു സിനിമയുടെ കാശിന് ഹിന്ദി സിനിമാ ലോകത്തെ എല്ലാ താരങ്ങളെയും കണ്ട് ഞാനിത്തിരി ഹാപ്പിയായി. പിന്നെ “താരേ സമീന്‍ പറ്” കൂടി കണ്ടതോടെ ഞാനും കുട്ടികളും ശരിക്കും നോര്‍മ്മലായി.

ഞങ്ങള്‍ നോര്‍മ്മലായപ്പോഴേക്കും കെട്ട്യോന്‍ ഇത്തിരി നോര്‍മ്മലല്ലാണ്ടായി, പുള്ളിക്കാരന് ഭയങ്കരമായി മൂട്ടയെയും, കൊതുകിനെയും മിസ്സ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം ആളുടെ ചെവിയിലും, തലയിലും, മനസ്സിലും ഹാര്‍ട്ടിലുമൊക്കെ ഞങ്ങടെ “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നു പറഞ്ഞുള്ള കരച്ചില്‍ ഫുള്‍ വോളിയത്തില്‍ മുഴങ്ങാന്‍ തുടങ്ങുന്നത്. അപ്പൊ തന്നെ പുള്ളിക്കാരന്‍ എന്നെ വിളിച്ച് പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാനും സ്ക്കൂള്‍ പൂട്ടിയാല്‍ ദുബായില്‍ക്ക് വരാന്‍ റെഡിയായിക്കോളാനും പറഞ്ഞു. അങ്ങനെ ഞാന്‍ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തു.

മുകളില്‍ പറഞ്ഞത് ഞാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുണ്ടായ സാഹചര്യമാണ്. പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഇനി ഒരു ഷോര്‍ട്ട് ബ്രെയിക്ക് – വായിച്ചു ക്ഷീണിച്ചവര്‍ക്ക് സോഡ കുടിച്ച് കപ്പലണ്ടിയൊക്കെ തിന്ന് തിരിച്ചുവരാം, വായിച്ചു ബോറടിച്ചവര്‍ക്ക് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം.

എന്റെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഞാന് ആദ്യമായി പൊലീസ് സ്റ്റേഷന്റെ പടി ചവിട്ടുന്നത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചതുമുതല്‍ പൊലീസ് വീട്ടില്‍ വരും, വെരിഫിക്കേഷന് വേണ്ടി എന്നെ സ്റ്റേഷനിലേക്ക് ക്ഷണിക്കും, എന്ന് കരുതി ഞാന്‍ പൊലീസ് വരുന്നതും കാത്തിരുന്നു. ഒരു മാസമായിട്ടും ഒരു പൊലീസും ആ വഴിക്ക് വന്നില്ല, അപ്പോഴാണ് എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി പറഞ്ഞത് പൊലീസ് വീട്ടില്‍ വന്നിരുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ്, ലേറ്റസ്റ്റ് ഫാഷനനുസരിച്ച് നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പോയി നമ്മുടെ ഫയല്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന്.

എന്റെ 30+ വയസ്സുവരെയുള്ള ഈ ചെറുപ്രായത്തിനിടക്ക് ഞാന്‍ ഒരു പൊലീസിനെയും നേരിട്ട് പരിചയപെട്ടിട്ടില്ല, സ്റ്റേഷനിലും കയറിയിട്ടില്ല. എങ്കിലും സിനിമകളിലും ന്യൂസിലും ഇഷ്ട്ടം പോലെ പല റ്റൈയ്പിലുള്ള പൊലീസുകാരെ കണ്ടുള്ള പരിചയം വച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കേറാന്‍ തന്നെ തീരുമാനിച്ചു.

എനിക്ക് കൂട്ട് വരാമെന്നു പറഞ്ഞ ചേച്ചിയെ കുറേ നേരം കാത്തുനിന്നിട്ടും കാണാഞ്ഞതിനാല്‍ ഞാന്‍ ഒറ്റക്ക് വിറക്കുന്ന പാദങ്ങളോടെ മുഖത്ത് ധൈര്യം വരുത്തി ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറി. ഞാന്‍ വിചാരിച്ചത് പൊലീസ് കള്ളനെ ഇടിക്കുന്നതും പാവം കള്ളന്‍ “അയ്യോ എന്നെ തല്ലല്ലേ ഏമാനെ“ എന്ന് മറാഠിയില്‍ പറഞ്ഞ് നിലവിളിക്കുന്നതും കാണേണ്ടി വരുമെന്നാണ്. പക്ഷെ അകത്തുകയറിയപ്പോ എന്റെ അതു വരെയുള്ള ധാരണകളൊക്കെ തകിടം മറിഞ്ഞു. ഇതു വളരെ ഡീസന്റായ സ്ഥലം, ശാന്തരായ പൊലീസുക്കാര്‍, ഞാന്‍ ചുറ്റും നോക്കി, കുറച്ച് പൊലീസ്ക്കാര്‍ തേരാ പാരാ നടക്കുന്നു. ഒരു വനിതാപൊലീസിനെ കണ്ടതും എനിക്ക് ജീവന്‍ വച്ചു, ഓടി പോയി പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു ആരെയാ കാണണ്ടെതെന്ന് അന്വേഷിച്ചു. അങ്ങനെ ഒന്നാം നിലയില്‍ പോയി പാസ്പോര്‍ട്ടിന്റെ ഡ്യൂട്ടിയുള്ള പൊലീസിനെ കണ്ടു, എന്റെ കയ്യിലുള്ള പേപ്പറ് വേടിച്ചുനോക്കീട്ട് ഫയല്‍ വന്നിട്ടില്ല ഒരാഴ്ച കഴിഞ്ഞുവന്ന് അന്വേഷിക്കാന്‍ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ചവിട്ടി. ഇപ്രാവശ്യം എന്റെ പാവം തോന്നിക്കുന്ന മുഖഭാവം കണ്ടിട്ടാവണം, ഫയല്‍ വന്നിട്ടുണ്ട് നാളെ എല്ലാ ഡോക്യുമെന്റ്സും പിടിച്ച് ബില്‍ഡിങ്ങില്‍ നിന്ന് രണ്ട് പരിചയക്കാരെയും കൂട്ടി വെരിഫിക്കേഷന് വരാന്‍ പറഞ്ഞു.

മുന്‍പുള്ള പരിചയം വച്ച് ഞാന്‍ മൂന്നാം പ്രാവശ്യം പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ആഞ്ഞു ചവിട്ടി. എന്റെ രണ്ട് പരിചയക്കാരെയും, പൊലീസ് “എത്ര നാളായി ഈ കൂട്ടിന്യെ അറിയാം” എന്നൊക്കെ ചോദിച്ച് ക്രോസ് വിസ്താരം ചെയ്തു, എന്നിട്ട് അവരോട് പൊക്കോള്ളാനും എന്നോട് നിക്കാനും പറഞ്ഞു. പോവുന്ന പോക്കില്‍ ആ ചേച്ചി പറഞ്ഞു പൊലീസിന്‍ കുറച്ച് കാശ് കൊടുത്താലെ പാസ്പോര്‍ട്ട് വേഗം കിട്ടുള്ളൂ, എല്ലാം എഴുതിയെടുത്ത് കഴിഞ്ഞാല്‍ പൊലീസ് മുഖത്തേക്ക് ഒന്നു നോക്കും അപ്പൊ കൊടുക്കണംന്ന്. എങ്ങനെ കൊടുക്കണം, എത്ര കൊടുക്കണം എന്നൊട്ട് പറഞ്ഞുമില്ല.

പിന്നെ പൊലീസ് എന്റെ ജനിച്ചപ്പോ തൊട്ട് എവിടെയൊക്കെ താമസ്സിച്ചോ ആ അഡ്രസ്സെല്ലാം എഴുതിയെടുത്തു, (ഏതായാലും കാശ് കൊടുക്കണതല്ലേന്ന് വിചാരിച്ച് ഞാനാ പഹയനെ കൊണ്ട് ഞാന്‍ ചെറുപ്പത്തില്‍ വിരുന്നിന് പോയ ബന്ധുക്കളുടെ അഡ്രസ്സ് വരെ വീട്ടുപേരടക്കം എഴുതിച്ചു) അവസാനം പൊലീസ് എന്റെ മുഖത്തൊന്നു നോക്കി. ഞാന്‍ വിചാരിച്ചു ഇതാണാ അശുഭമുഹൂര്‍ത്തം, ഉടനെ എന്റെ കയ്യിലുള്ള കാശെടുത്ത് നീട്ടി. പക്ഷെ ഒരു കണ്‍ഫ്യൂഷന്‍ - എത്ര കൊടുക്കണം, കൊറഞ്ഞുപോയാല് പാസ്പോര്‍ട്ട് കിട്ടാന്‍ നേരം വൈകിയാലോ. അതുകൊണ്ട് ഞാന്‍ ക്ലിയറായി, ഫിലിം സ്റ്റാറ് ഇന്നസെന്റിനെക്കാള്‍ ഇന്നസ്സെന്റായി പൊലീസിനോട് ചോദിച്ചു “സാറിന്റേലാണോ തരണ്ടത്, എത്രയാ തരണ്ടതെന്ന്” എന്റെ ചോദ്യം ഇത്തിരി ഉച്ചത്തിലായി പോയോന്ന് ഒരു സംശയം, പൊലീസെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി, ഞാന്‍ പേടിച്ച പോലെയങ്ങനെ ഇരുന്നപ്പോ ഞാന്‍ പോലുമറിയാതെ എന്റെ കയ്യിലെ നീട്ടിപിടിച്ച കാശ് വേടിച്ച് മേശവലിപ്പിലേക്കിട്ടു. ഞാന്‍ പിന്നെ അവിടെ ഇരുന്നില്ല, ഉടനെ സ്ഥലം കാലിയാക്കി. എന്റെ നിഷ്കളങ്കമായ ചോദ്യത്തിന്റെ അനന്തരഫലമാണോ എന്തോ എന്റെ പാസ്പോര്‍ട്ട് ഇതുവരെയും വന്നില്ല, ഞാനിപ്പോ പോസ്റ്റ്മാന്‍ വരുന്നതും നോക്കിയിരിപ്പാണ്. (ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, പാസ്പോര്‍ട്ടേ എന്റെ പാസ്പോര്‍ട്ടേ എപ്പ വരും നീയെപ്പ വരും – എന്നെ പോലെ പാടാന്‍ അറിയുന്നവര്‍ മാത്രം പാടിയാല്‍ മതി)

പിന്നെയും എനിക്ക് ഒരക്കിടി പറ്റി, ഞാന്‍ കാശ് കൊടുത്ത ആള്‍ സീനിയറല്ലാത്രേ, അതുകൊണ്ട് സീനിയറിനും ആളുടെ ഒരു ലെവലനുസരിച്ച് കൊടുക്കേണ്ടി വന്നു. ഞാന്‍ കൈക്കുലിക്ക് ഭയങ്കര എതിരാണ്, പക്ഷെ എന്തു ചെയ്യാന്‍ പൊലീസുകാര്‍ക്ക് നോട്ടിലെ ഗാന്ധിജിയോട് ഭയങ്കര ഇഷ്ട്ടവും ബഹുമാനവുമാണത്രേ.
വാല്‍ക്കഷണം – പ്രിയ വായനക്കാരെ നിങ്ങളെല്ലാവരും എന്റെ പാസ്പോര്‍ട്ട് വേഗം കിട്ടാനായി നേര്‍ച്ചകള്‍ നേരണം. എനിക്കെന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്താന്‍ കൊതിയായി, ഒന്ന് തല്ലുകൂടിയിട്ട് മാസങ്ങളായി.

16 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാസ്പോര്‍ട് വേഗം കിട്ടൂം ട്ടാ.പോയ ഉട്നെ തുടങ്ങണം, തല്ല്.

krish | കൃഷ് said...

‘ഗാന്ധിജി‘യെ ആര്‍ക്കാ ഇഷ്ടമല്ലാത്തത്.

:)

പൊറാടത്ത് said...

പോരട്ടെ, പോരട്ടെ..

G.MANU said...

എനിക്ക് തോന്നുന്നു, അല്‍ഫോന്‍സാജി കൊടുത്തനിനേക്കാള്‍ കൂടുതല്‍ ഗാന്ധി നോട്ടുകള്‍ ഹബ്ബി പോലീസുകാര്‍ക്ക് കൊടുത്തുകാണും.. പാസ്പോര്‍ട്ട് കൊടുക്കാതിരിക്കന്‍ വേണ്ടി...
:)

സംഗതി സൂപ്പര്‍..

പാസ്പോര്‍ട്ട് വേഗം വരട്ടെ..പാസ്പാസ് വേഗം എത്തട്ടെ... സകുടുംബം വാഴട്ടെ...
സ്പെഷ്യല്‍ പ്രയര്‍ ഫ്രം മൈ സൈഡ്

അല്ഫോന്‍സക്കുട്ടി said...

പ്രിയക്കുട്ടിക്ക് ഒത്തിരി നന്ദി, പോയ ഉടനെ തല്ല് തുടങ്ങുന്ന കാര്യം ഞാനേറ്റു. ഡോണ്ട് വറി

ക്രിഷ്മോനെ - ഗാന്ധിഗിരി കീ ജയ്

പൊറാടത്ത് - അങ്ങനെയാവട്ടെ

മനു.ജീ - സ്പെഷല്‍ നന്ദി ഫോര്‍ സ്പെഷല്‍ പ്രെയര്‍

ശ്രീ said...

ഹ ഹ. വിവരണം കലക്കി, ചേച്ചീ...
പാസ്പോര്‍ട്ട് വേഗം കയ്യില്‍ കിട്ടുന്നതിനും എത്രയും വേഗം കെട്ടിയവന്റെ തല്ലു മേടിയ്ക്കാനും ച്ഛേ, അല്ലല്ല കെട്ടിയവനുമായി തല്ലുകൂടാനും യോഗമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. പോരേ?
;)

അഭിലാഷങ്ങള്‍ said...

ശ്ശൊ..

എനിക്ക് മേലാകെ രോമാഞ്ചകഞ്ചുകം...

എനിക്കൊക്കെ എത്ര ഈസിയായിട്ടാ പാസ്പോര്‍ട്ട് കിട്ടിയത്! അപ്പോ ഒരു കാര്യം മനസ്സിലായി, മനസ്സ് നന്നായാല്‍ എല്ലാ കാര്യവും വളരെ ഈസിയായി നടക്കും!!

ങാ അതൊക്കെ പോട്ടേ.. പസ്പോര്‍ട്ട് ഡീറ്റയ്‌ല്‍‌സ് അറിയാന്‍ ഇങ്ങനെ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട ഒരു കാര്യവുമില്ലന്നേ.. അതിനൊക്കെ ഇപ്പോ ഓണ്‍ലൈന്‍ ഫെസിലിറ്റിയുണ്ട്. ആരുടെയും പാസ്പ്പോര്‍ട്ട് ഡീറ്റ‌യ്‌ത്സ് ആര്‍ക്കും മനസ്സിലാക്കാം. പിന്നെ, എന്റടുത്ത് ഉപദേശങ്ങളും സഹായങ്ങളും ഇഷ്ടം‌പോലെ (ഉളളി കേറ്റിയ ലോറി മറിഞ്ഞ പോലെ) ഒന്നും ഇല്ല എങ്കിലും അത്യാവശ്യ സഹായങ്ങള്‍ക്ക് ഞാന്‍ റഡി!

ഇന്നാ പിടിച്ചോ പാസ്പോര്‍ട്ട് ഹെല്‍പ്പ് :

ദാ, ഇവിടെ ഒന്ന് പോയ് നോക്കിയാല്‍ എല്ലാവര്‍ക്കും ഉപകാരപ്രദമാവും.

മറക്കല്ലേ..പ്ലീസ്...

:-)

കുഞ്ഞന്‍ said...

ഈയുള്ളവന്റെയും കുടുംബത്തിന്റെ വക പേരിലും വേഗം പാസ്പോര്‍ട്ട് കിട്ടുവാനായി പ്രാര്‍ത്ഥിക്കുന്നു..!

രസകരമായ അവതരണം..!

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..!

അല്ഫോന്‍സക്കുട്ടി said...

ശ്രീക്കുട്ടാ - എനിക്കിത്തിരി സമാധാനമായി,ഒരാളെങ്കിലും ആ സത്യം പറഞ്ഞൂല്ലോ - വിവരണം കലക്കി എന്ന്. പ്രാര്‍ത്ഥനക്ക് നന്ദി.

അഭിലാഷങ്ങള്‍ - ഞാനാ സത്യം മനസ്സിലാക്കാന്‍ വൈകി പോയി. മനസ്സ് നന്നായാല്‍ പാസ്പോര്‍ട്ട് വേഗം കിട്ടുമെന്ന്. ഹെല്‍പ്പിന് നന്ദി

കുഞ്ഞന്‍ - പിന്നെയും ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച സത്യം “രസകരമായ അവതരണം..!“ ആശംസകള്‍ക്ക് നന്ദി വെരി മച്ച്.

കുറുമാന്‍ said...

പോലീസൊക്കെ ഡീസന്റാണെന്നേ......പക്കാ ഡീസന്റ്...എനിക്കനുഭവം ഉള്ളതല്ലെ :)

പാസ്സ്പോര്‍ട്ടൊക്കെ പെട്ടെന്ന് കിട്ടേണ്ടതാണല്ലൊ..എത്ര നാളായി അപ്ലൈ ചെയ്തിട്ട്...ഏത് പാസ്പ്പോര്‍ട്ട് ഓഫീസില്‍? ഫയല്‍ നമ്പര്‍?

Prakash : പ്രകാശ്‌ said...

പാസ്പോര്‍ട്ട് കിട്ടിയോ ???

ശ്രീവല്ലഭന്‍. said...

പാസ്പൊര്‍ട്ട് കിട്ടാന്‍ എളുപ്പ വഴി: ആദ്യം ഇന്ത്യക്ക് വെളിയില്‍ കടക്കുക. എന്നിട്ട് അവിടുള്ള ഇന്ത്യന്‍ എംബസ്സിയില്‍ അപ്ലൈ ചെയ്യുക! മറു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സിയില്‍ അപ്ലൈ ചെയ്ത അന്നോ അതിന്റെ പിറ്റേ ദിവസമോ പാസ്പോര്‍ട്ട് കിട്ടും :-)

അഭി: നല്ല ബെസ്റ്റ് ലിങ്ക്! എന്റെ പാസ്പോര്‍ട്ട് details ഉടനെ കിട്ടി :-)

അല്ഫോന്‍സക്കുട്ടി said...

പ്രകാശ് - കിട്ടിയില്ല ഇതുവരെ. പ്രാര്‍ത്ഥന തുടരാം.

ശ്രീവല്ലഭന്‍ - വാട്ട് ഏന്‍ ഐഡിയ, വെറുതെ മനുഷ്യനെ ഗോതമ്പ് ഉണ്ട തീറ്റിക്കാനായിട്ട്.

അഭിലാഷങ്ങള്‍ - ‘ഇവിടെ’ പോയി നോക്കി, അതിലപ്പിടി തെറ്റാ, പോരാത്തതിന് അഭിലാഷിന്‍ ഫോട്ടോയും കാണാന്‍ പറ്റി.

ബയാന്‍ said...

ഈ ഉണക്ക നാട്ടില്‍ വന്ന് ബോറഡിക്കുന്നതിനേക്കാള്‍ നല്ലതു നാട്ടിലെ ബോറഡി തന്നെയാ; ടി. വി, യില്‍ അതുമിതും കണ്ടു ഇങ്ങോട്ടു ചാടാതിരിക്കുന്നതാ നല്ലത്; ഇനി പാസ്പോര്‍ട്ട് കിട്ടട്ടെ , ദുബായ് ബ്ലോഗ്മീറ്റിങ്ങിലെങ്കിലും പങ്കെടുക്കാമല്ലോ. സ്വഗതം. ഓഹ്രീം പാസ്പോര്‍ട്ടായ.

Unknown said...

entammo!
u could have cut this post into 2. appo 2 thavana postum cheyyamaayirunnu, njangalkku vayikkanum eluppamayne.
enthu prayaan.
high standards as always

Lajeev said...

നന്നയി രസിച്ചു... :)

പിന്നെ വൈകിയാണു ഞാന്‍ ഈ പോസ്റ്റ്‌ വായിക്കുന്നതിനാല്‍ ... കിട്ടിയ പാസ്പോര്‍ട്ടിയായി ഇനി പ്രാര്‍ത്ഥിച്ചിട്ട്‌ പ്രയോജനം ഇല്ലെന്നറിയാം... എന്നലും ആ അപേക്ഷ കേട്ടിട്ട്‌ ഈ ഉള്ളവനു പ്രാര്‍ത്ഥിക്കാതിരിക്കനും തോന്നുന്നില്ല...

എന്തെങ്കിലും ഒക്കെ കിട്ടട്ടേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.