Friday, February 15, 2008

കുഞ്ഞുക്കള്‍ക്കിടാന് നല്ല ഓമനപേരുകള്

ജന്തു, അസത്ത്, പട്ടി, ശവി.

റെയില്‍വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്റിലും സാധാരണ വിക്കാറുള്ള, കാശു കൂടുതലുള്ളവര്‍ കറന്റ് ബുക്ക്സ്റ്റാളിലും പോയി വേടിക്കുന്ന “കുഞ്ഞുക്കള്‍ക്കിടാന്‍ നല്ല ഓമനപേരുകള്‍“ എന്ന പുസ്തകത്തിലേക്ക് എന്റെ അമ്മച്ചിയുടെ വക സംഭാവനയാണ് മുകളില്‍ കൊടുത്തിരിക്കുന്ന നല്ല നാല് ഓമനപേരുകള്‍.

ഞങ്ങള്‍ നാലെണ്ണം പലപ്പോഴായി, മാറി മാറി ഈ പേരുകളില്‍ വീട്ടില്‍ അറിയപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് നാലു പേര്‍ക്കും പള്ളിയിലിട്ട പുണ്ണ്യാളത്തികളുടെ പേരില് ഒരു പേര്‍, സ്കൂളിലും സര്‍ട്ടിഫിക്കറ്റിലും ഒരു പേര് ഒക്കെ ഉള്ളപ്പോഴാണ് അതൊന്നും പോരാണ്ട് മുകളില്‍ കൊടുത്തിരിക്കുന്ന പേരുകളില്‍ അമ്മച്ചി വിളിച്ചിരുന്നത്.

ഇത്തിരി ശക്തിയില്‍ മഴ പെഴ്താല്‍ “ടീ കുഞ്ഞുമറിയേ ഇന്ന് കുട്ട്യോളെ സ്ക്കൂളില്‍ക്ക് വിടണ്ടടീ“ എന്നു പറയുന്ന ഞങ്ങടെ തങ്കപ്പെട്ട അമ്മാമയുടെ മകളായ അമ്മച്ചിയെ, ഞങ്ങളെ ഈ പേരുകള്‍ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അങ്ങനെ ഞാന്‍ ആ വിഷയത്തില്‍ ഒരു ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. ഒടുവില് ഞാന്‍ ആ സത്യം കണ്ടുപിടിച്ചു. ഓരോരോ സന്ദര്‍ഭങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമാണ് അമ്മച്ചിയ്ക്കാ പേരുകള്‍ പ്രയോഗിക്കേണ്ടി വന്നത്. ഉദാഹരണത്തിന് ഒന്ന് രണ്ട് സന്ദര്‍ഭങ്ങള്‍ താഴെ പറയാം.

1. പരീക്ഷക്ക് ഞങ്ങളെ പഠിപ്പിച്ച് പഠിപ്പിച്ച്, അമ്മച്ചി പരീക്ഷ എഴുതാന്‍ പാകമായിട്ടും, ഞങ്ങള്‍ ഒന്നും തലേക്കേറാത്ത പോലെ (അമ്മച്ചിയെ പറ്റിക്കാനായി) അന്തം വിട്ട് നോക്കിയിരിക്കുന്നതാണ് സന്ദര്‍ഭം ഒന്ന്.

2. ഞങ്ങള്‍ നാലെണ്ണം കൂടി എപ്പോഴും കളിക്കുന്ന “തല്ലുകൂടല്‍ “ കളി കണ്ടും, കമന്ററി പറഞ്ഞും, അമ്മച്ചിയുടെ ക്ഷമ നെല്ലിപടിയും കടന്ന് കിലോമീറ്ററുകള്‍ നടന്ന് ക്ഷീണിക്കുന്നതാണ് രണ്ടാമത്തെ സന്ദര്‍ഭം.

3. പിന്നെ അമ്മച്ചി ഓരോ പണിക്ക് സഹായത്തിന് വിളിച്ചാല്‍ ഞങ്ങള്‍ നാലെണ്ണവും ചെവി കേക്കാത്തവരുടെ പോലെ ഇരിക്കുന്നതാണ്‍ മൂന്നാമത്തെ സന്ദര്‍ഭം.

4. ഉരുളക്കിഴങ്ങ് കൂട്ടാനിലിടാന്‍ വച്ച പുഴുങ്ങിയ മുട്ട ആവശ്യള്ള നേരത്ത് കാണാണ്ടാവുന്നതാണ് നാലാമത്തെ സന്ദര്‍ഭം.

5. മീന്‍ കൂട്ടാനിന്റെ അരപ്പിന്‍ വേണ്ടി ചെരകി വച്ചിരിക്കുന്ന തേങ്ങ, കുറഞ്ഞ് കുറഞ്ഞ് ഉപ്പേരിയില്‍ പോലും ഇടാന്‍ പറ്റാത്ത പരുവമാവുന്നതാണ് വേറൊരു സന്ദര്‍ഭം. സന്ദര്‍ഭങ്ങള്‍ക്ക് ഞങ്ങളായിട്ട് ഒരു പഞ്ഞവും വരുത്താതെ നോക്കാറുണ്ട്.

പിന്നെ ഇടക്കൊക്കെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് , ഞങ്ങടെ കയ്യിലിരുപ്പിന്റെ ക്വാളിറ്റി അനുസരിച്ച് ‘കൊരങ്ങ്, കുരുത്തം കെട്ടത്, ഇങ്ങനൊരു സാധനം, മൂശേട്ട” എന്നൊക്കെ ഒരു ചെയ്ഞ്ജിനു വേണ്ടി വിളിക്കാറുണ്ട്.

പിന്നീട് “തല്ലുകൂടല്‍ “ കളിയില്‍ കായികബലം കുറവായതിനാല്‍ എപ്പോഴും തോറ്റിരുന്ന എന്റെ മൂന്നാമത്തെ ചേച്ചി, തോറ്റതിന്റെ ദേഷ്യം തീര്‍ക്കാന്‍, എന്നെ ഈ നാലു പേരും കൂടി ഒരുമിച്ച് വിളിച്ച് ആത്മസന്തോഷമടയാറുണ്ട്.

മുകളില്‍ പറഞ്ഞ പേരുകളെല്ലാം പെണ്‍കുട്ടികള്‍ക്കാണ് കൂടൂതല്‍ മാച്ച് ചെയ്യുക. ആണ്‍കുട്ടികള്‍ക്കു വേണ്ടി അടുത്ത വീട്ടിലെ ചേച്ചിയുടെ സംഭാവനയായ ഒരു പേര് പറയാം. ആദ്യത്തെ അക്ഷരം “തെ” അവസാനത്തെ അക്ഷരം “ണ്ടി”, നടുക്ക് അക്ഷരമൊന്നുമില്ല. രണ്ടും കൂട്ടി വായിച്ചാല്‍ നല്ലൊരു പേര് കിട്ടും.

അയ്യേ എല്ലാരേം പറ്റിച്ചേ! ഞാനിതൊക്കെ വെറുതെ തമാശക്ക് പറഞ്ഞതാ. ഞങ്ങള്‍ നല്ല ഡീസന്റ് കുട്ടികളല്ലേ, ഞങ്ങടെ അമ്മച്ചി ഞങ്ങളെ ഈ പേരുകളൊക്കെ അങ്ങനെ വിളിക്ക്യോ, ഇല്ല്യാ.

വാല്‍ക്കഷണം – ഞാന്‍ പണ്ടത്തെ കുറച്ച് നല്ല പേരുകള്‍ സജസ്റ്റ് ചെയ്തുവെന്നേയുള്ളൂ. കാലം മാറി, കാലത്തിനനുസരിച്ച് മോഡേണായി മാറൂ, പുതിയ പേരുകള്‍ കണ്ടെത്തൂ. അല്ലെങ്കില്‍ പട്ടിയും, കൊരങ്ങുമൊക്കെ അവരുടെ പേര് നമ്മള്‍ മിസ്-യൂസ് ചെയ്തെന്ന് പറഞ്ഞ് മാനനഷ്ട്ടത്തിന് കേസ് കൊടുക്കും. പറഞ്ഞില്ലാന്ന് വേണ്ടാ.

8 comments:

Anonymous said...

ഈ 4 പേരും ഏറ്റവും കൂടുതല്‍ യോജിക്കുന്നതും , അതിന്‌ കൂടുതല്‍ സന്ദര്‍ഭങളുന്‍ഡാക്കിയതും ഈ ഇളയത്‌ തന്നെയല്ലെ.

ബയാന്‍ said...

നാലുപേരുണ്ടായിട്ടും ഞങ്ങള്‍ ആണുങ്ങള്‍ക്കു ഒരു പേരിടാന്‍ അടുത്തവീട്ടിലെ ച്യാച്ചി തന്നെവേണ്ടി വന്നു.

ച്യാച്ചിക്കു അഭിനന്ദനങ്ങള്‍ പറയണം.

ബൂലോക”തെണ്ടികളെ” ഇതൊന്നും ആരും കാണുന്നില്ലെ, ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലെ.

ജന്തു നീ വേര്‍ഡ്‌വെരി മാറ്റുന്നുണ്ടോ...:)

ശ്രീ said...

ഹ ഹ. എല്ലാം മനസ്സിലായി.

അമ്മച്ചി അടുത്തു വന്ന് ഇതിലേതു പേര്‍ വിളിച്ചപ്പഴാ
“അയ്യേ എല്ലാരേം പറ്റിച്ചേ! ഞാനിതൊക്കെ വെറുതെ തമാശക്ക് പറഞ്ഞതാ. ഞങ്ങള്‍ നല്ല ഡീസന്റ് കുട്ടികളല്ലേ, ഞങ്ങടെ അമ്മച്ചി ഞങ്ങളെ ഈ പേരുകളൊക്കെ അങ്ങനെ വിളിക്ക്യോ, ഇല്ല്യാ.”
എന്ന് ചേര്‍ത്തത് എന്നു മാത്രം പറഞ്ഞാല്‍ മതി.
:)

Pongummoodan said...

മുപ്പത്‌ വയസ്സുള്ള ഒരു കുട്ടി ഇത്‌ വായിച്ചുപോയി. ഇനി എന്ത്‌ ചെയ്യും?

റീനി said...

വിളിക്കുന്ന പേരിലൊന്നും കാര്യമില്ലെന്നെ. പേരുവിളിക്കുമ്പോളുള്ള റ്റോണിലാണ് സംഗതിമുഴുവന്‍.

Unknown said...

avasanam paranjathu satyamaayittum kallamalle??
allenkil ithra urappode sandharbhangal engane parayaan saadhikkum?

Anonymous said...

നല്ല അടിപൊളി പേരുകള്‍.

പിരിക്കുട്ടി said...

hahahaha
hihihi
hohoho