Wednesday, January 28, 2009

ഇന്നെന്റെ ഹാപ്പി ബെര്‍ത്ത്ഡേയാ

അറിഞ്ഞോ വിശേഷം? രണ്ടു വിശേഷങ്ങളുണ്ട്. ഒന്നാമത്തെ വിശേഷം, ടെസ്റ്റ്ബ്ലോഗ് ശിശൂന് ഒരു വയസ്സായി!!!!! ഒരു കൊല്ലത്തിനിടക്ക് എന്തൂട്ടാ അതിന്റെ ഒരു വളര്‍ച്ച, അസൂയാവഹം എന്നല്ലാതെ എന്തു പറയാന്‍. മമ്മൂട്ടി വരെ എന്റെ ബ്ലോഗ് വായിച്ച് (കമന്റിടാറില്ലെങ്കിലും) അതില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സ്വന്തമായി ബ്ലോഗ് തുടങ്ങി.

എനിക്ക് ആലോചിക്കുമ്പോ രോമാഞ്ചകഞ്ചുകം വരുന്നു. ഈ ചെറുപ്രായത്തിനിടക്ക് കഥ, കവിത, ഓര്‍മ്മക്കുറിപ്പ്, പാചകനിധി, അങ്ങനെ നീണ്ടു പരന്നു കിടക്കുന്നു എന്റെ സാഹിത്യമേഖലകള്‍, അതൊക്കെ വായിക്കാന്‍ പന്ത്രണ്ടായിരത്തിലധികം വാ‍യനക്കാരും. പിന്നെ ആരാധകര്‍ സ്നേഹിച്ചു നല്‍കിയ അല്ഫു, അല്ഫുണ്ണി, അല്ഫോന്‍സാമ്മ എന്നിങ്ങനെ ഒരു കൂട്ടം ഓമനപേരുകളും, ആനന്ദലബ്ദിക്കിനിയെന്തു വേണം!. എന്റെ മിഡുല ഒബ്ലാങ്കട്ട വരെ ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ‘ എന്ന് പാട്ടു പാടുന്നു. ഈയവസരത്തില്‍ ഞാനെല്ലാവര്‍ക്കും എന്റെ ബോട്ടം ഹാര്ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. നന്ദി മാത്രമേയുള്ളൂ എന്ന് ചോദിച്ചാല്‍ അതല്ലാ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഗംഭീര പാര്‍ട്ടി തരണമെന്നെനിക്കുണ്ട്, പക്ഷേ സാ‍മ്പത്തികമാന്ദ്യമാണു പ്രശ്നം. ഇനി എനിക്ക് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വകയില്‍ ഒരു ലക്ഷം ഡോളറും ലെക്സസ് കാറും അറ്റ്ലസ് ജ്വല്ലറിയുടെ 1001 പവനുമൊക്കെ കിട്ടാ‍ണെങ്കില്‍ പാര്‍ട്ടിയെ പറ്റി ആലോചിക്കാം.

രണ്ടാമത്തെ വിശേഷം ചില സാങ്കേതികകാരണങ്ങളാല്‍ ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്നും പുതിയ ഫ്ലാറ്റിലേക്ക് മാറി. അങ്ങനെ ഞാനും ഹൈദ്രബാദി ബിരിയാണി ചേച്ചിയും രണ്ടു വഴിക്കായി, താമസം മാറുന്നതിനു മുമ്പ് ചേച്ചി എനിക്ക് ഒരു പ്രാവശ്ശ്യം കൂടി ബിരിയാണി ഉണ്ടാക്കി തന്നു. പുതിയ ഫ്ലാറ്റില്‍ ഞങ്ങള്‍ ഒറ്റക്കാണ് താമസം, അപ്പറത്തെ ഫ്ലാറ്റില്‍ ഫിലിപ്പിനികളും ഇപ്പറത്തെ ഫ്ലാറ്റില്‍ അറബിഫാമിലിയും, അതുകൊണ്ടെന്താ, എന്റെ ചേട്ടായിക്ക് എന്നെ ഒന്നു “പോടീ കൊരങ്ങെ” എന്നു വിളിക്കണമെന്ന് തോന്നിയാല്‍ രണ്ടാമതൊന്നാലോചിക്കേണ്ടാ, എനിക്കും തോന്നുമ്പോ തോന്നുമ്പോ സംഗീതകച്ചേരി നടത്താം. ഞങ്ങടെ ബില്‍ഡിങ്ങിന്റെ തൊട്ടു മുകളില്‍ കൂടിയാണ് ദുബായിലെ എല്ലാ പ്ലെയ്നും പോണതും, വരണതും. ഞാന്‍ ബില്‍ഡിങ്ങിന്റെ ടെറസ്സില്‍ കയറി നിന്ന് ഒരു ബോള്‍ ഉന്നം പിടിച്ച് എറിഞ്ഞാല്‍ ചെലപ്പോ പ്ലെയിന്-മെ കൊള്ളും, അത്രക്ക് അടുത്തുക്കൂടെ പോകും. പിന്നീടാണ് ഞങ്ങളാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, ഓരോ അഞ്ചു മിനിട്ടിലും പ്ലെയിന്‍ കടന്നു പോകുമ്പോ, ഞങ്ങടെ ടി.വി. യിലെ കഥാപാത്രങ്ങളൊക്കെ റിമോട്ടിലെ പോസ് ബട്ടണമര്‍ത്താതെ തന്നെ സ്റ്റില്ല് ആയി നില്‍ക്കും, സീരിയല്‍ നടീ നടന്മാരുടെ ഫെയ്സ് എക്സ്പ്രഷനൊക്കെ നമ്മള്‍ക്ക് വളരെ വ്യക്തമായി നോക്കി പഠിക്കാനൊരു സുവര്‍ണ്ണാവസരം. അങ്ങനെയൊരു അവസരത്തിലാണ് നമ്മുടെ പ്രിയങ്കരിയായ ഐഡിയ സ്റ്റാറ് സിങ്ങറ് രഞ്ജിനി ആന്റി മൂക്കില്‍ കയ്യിട്ട് നിക്കണതും, കൊഞ്ഞനം കാട്ടി നിക്കണതും സ്റ്റില്ലായി കാണാന്‍ കഴിഞ്ഞത്. എന്തായാലും കുറച്ചു ദിവസം കൊണ്ട് “ഞങ്ങടെ വീടിന്റെ മുകളില്‍ക്കൂടിയാണ് പ്ലെയിന്‍ പോണതെന്ന്” അഭിമാനപുരസ്സരം പറഞ്ഞു നടന്നിരുന്ന എന്റെ കുട്ടികള്‍ “എന്തിനാ നമ്മടെ വീടിന്റെ മുകളില്‍ക്കൂടി പ്ലെയിന്‍ പോണതെന്ന്” ചോദിച്ചു തുടങ്ങി.

പുതിയ ഫ്ലാറ്റില്‍ക്ക് താമസം മാറിയതുകൊണ്ട് വേറെ കുറെ ഗുണങ്ങളുമുണ്ടായി. എന്റെ ഓഫീസില്‍ക്ക് പത്തു മിനിട്ടു ദൂരം കൊണ്ട് നടന്നെത്താം, ബസ്സ് കൂലി ലാഭം. പിന്നെ ഇവിടെ ആദ്യം താമസിച്ചിരുന്നിടത്ത് കൊടുത്തതിന്റെ ഡബ്ബിള്‍ വാടകയാണ്. അതുകൊണ്ട് ശമ്പളം കിട്ടുന്ന കാശു കൊണ്ട് എന്തു ചെയ്യുമെന്നോ നാട്ടില്‍ക്ക് എത്ര കാശയക്കണമെന്നൊക്കെ ആലോചിച്ച് ടെന്‍ഷനും കണ്‍ഫ്യൂഷനുമടിക്കണ്ടാ, കിട്ടുന്ന ശമ്പളം പകുതി ഹൌസ് ഓണര്‍ക്കും പിന്നൊരു പകുതി കുട്ടികളുടെ സ്ക്കൂളിലും കൊടുത്തു കഴിഞ്ഞ് ബാക്കി വരുന്നതു കൊണ്ട് കുബൂസ്സും ചിക്കന്‍ഷവര്‍മ്മയുമൊക്കെ വാങ്ങി കഴിച്ച് ലാവിഷായി ദുബായില്‍ ജീവിക്കാം. അതുകൊണ്ട് കേരളത്തില്‍ ബാക്കിയുള്ള മലയാളികള്‍ക്ക് കൂടി ദുബായിലേക്ക് സ്വാഗതം.

ഇനി എല്ലാര്‍ക്കും ഇത്തിരി പിറന്നാള്‍ സ്പെഷ്യല്‍ മധുരം, ഓണ്‍ലി വണ്‍ കടി, ഒരു കുഞ്ഞ്യ കഷണം.