Monday, February 11, 2008

ഇന്ന് രൊക്കം നാളെ കടം

FREE - ഏഴ് ഉപദേശങ്ങള്‍ അഥവാ ഏഴ് കൂദാശകള്‍

മുന്നറിയിപ്പ് – താഴെ കൊടുത്തിരിക്കുന്ന ഉപദേശങ്ങള്‍ തികച്ചും ഫ്രീ ആയതിനാല്‍ അവക്കൊന്നും തന്നെ ഗാരന്റിയോ വാറന്റിയോ ഇല്ല. നോ എക്സ്ചേജ്, നോ മണി ബാക്ക് ഗാരന്റി, നോ മെക്കട്ട് കേറല്‍, സ്വന്തം റിസ്ക്കില്‍ മാത്രം ഉപയോഗിക്കുക.

ഒന്ന് – ആദ്യത്തെ ഉപദേശം ദിനം പ്രതി ബോസിന്റെ കയ്യില്‍ നിന്ന് ബോണസ്സ് വാങ്ങി മാ‍നസ്സിക സമ്മര്‍ദ്ദം അഥവാ സംഘര്‍ഷം അനുഭവിക്കുന്ന വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന മലയാളി സുഹ്രുത്തുക്കള്‍ക്കു വേണ്ടിയാണ്.

{നിഘണ്ടു – ബോണസ്സ് എന്നു പറഞ്ഞാല്‍ ബോസിന്റെ വായില്‍ നിന്ന് നിങ്ങള്‍ക്കു കേള്‍ക്കേണ്ടി വരുന്ന പച്ച ചോപ്പ (ഒരു ചെയ്ഞ്ജായിക്കോട്ടെ) തെറി അഥവാ ചീത്ത}

ബോണസ്സ് വാങ്ങി ബോസിന്റെ കാബിനില്‍ നിന്ന് പുറത്തു കടന്ന ഉടനെ ഇരു കണ്ണുകളുമടച്ച് ബോസിനെ മനസ്സില്‍ ധ്യാനിച്ച് “പോടാ പട്ടി“ എന്ന് ഉച്ചത്തില്‍ മനസ്സില്‍ പറയുക, ബോണസ്സ് കിട്ടിയതിന്റെ അളവനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം വിളിക്കാം (അതില്‍ കൂടുതല്‍ വിളിക്കാന്‍ ഞാന്‍ പറയില്ല). ഇത് പറഞ്ഞ് കഴിഞ്ഞാല്‍ മാ‍നസ്സിക സമ്മര്‍ദ്ദം ഠപേന്ന് പറഞ്ഞ് സുനാമി തിരകള്‍ വന്ന് കൊണ്ടു പോകും . പിന്നെ ഏതോ ഒരു സിനിമയില്‍ മോഹന്‍ലാല്‍ “ഓരോരുത്തരുടെ തന്തക്ക് വിളിക്കുംബൊ എന്തു സുഖമാണു” എന്നു പറഞ്ഞ പോലെ ഒരു പ്രത്യേക സുഖം കിട്ടും. ഇനി മറുഭാഷ വേണമെന്നുള്ളവര് ഗോടാ കുത്തെ എന്നും വിളിക്കാം, അതിന് പക്ഷേ മാത്രുഭാഷ ഉപയോഗിക്കുംബോളത്തെ സുഖം കിട്ടില്ല.

പ്രത്യേക ശ്രന്ധക്ക് – മനസ്സില്‍ പറയാന്‍ പറഞ്ഞത് ഉറക്കെ പറഞ്ഞ് ബോസ് കേക്കാനിട വന്നാല്‍ ജോലി പോകാന്‍ ചാന്‍സുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല.

രണ്ട് – ഓഫീസില്‍ സ്ഥിരമായി നമുക്കിട്ട് പാര പണിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണ് ഈ ഉപദേശം. ബോസ്സിന്റെ മൂഡ് “ഔട്ട് ഓഫ് ഓര്‍ഡര്‍‌“ ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പാരസുഹ്രുത്തിനെ “ബോസ്സ് നിന്നെ വിളിക്ക്ണ്ട്രാ” എന്ന് പറഞ്ഞ് ബോസ്സിന്റെ അടുക്കലേക്ക് വിടുക (ബാക്കി കാര്യം അങ്ങേര് ചെയ്തോളും). തിരിച്ചു പുറത്തിറങ്ങിയ പാരസുഹ്രുത്തിന്റെ മുഖം നോക്കി നല്ലോണം ബോണസ്സ് കിട്ടി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അടുത്ത വണ്ടിക്ക് സ്ഥലം കാലിയാക്കുക.

പ്രത്യേക ശ്രന്ധക്ക് – കുറച്ച് നാള്‍ ബോസ്സിന്റെയും പാരസുഹ്രുത്തിന്റെയും കണ്ണില് പെടാതെ ദേശാടനത്തിനു പോകുക.

മൂന്ന് – ഫുട് ബോള്‍ കളിക്കാന്‍ മാത്രം സ്ഥലം ഉണ്ടെന്ന് കേരളത്തിന്റെ സ്വന്തം കിളികള്‍ പറയുന്ന തിരക്കുള്ള നമ്മുടെ നാട്ടിലെ ബസ്സിലും, ഫ്രന്റ് ഡോറീന്ന് ഒരാള്‍ കേറിയാല്‍ ബാക്ക് ഡോറീന്ന് സിക്സ്റടിച്ച പോലെ ഔട്ടാകുന്ന്ത്ര തിരക്കുള്ള ഞങ്ങടെ ബോംബെയിലെ ലോക്കല്‍ ട്രെയിനിലും യാത്ര ചെയ്യുംബൊള്‍ ഇറങ്ങേണ്ട സ്ഥലമായിട്ടും ഇറങ്ങാന്‍ പറ്റാതെ നിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ ഉപദേശം.

ആദ്യം മുന്നില്‍ നില്‍ക്കുന്നവരോടു “അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം ഇത്തിരി സ്ഥലം തരുമോയെന്ന്“ മര്യാദക്ക് ചോദിച്ചു നോക്കുക, തന്നില്ലെങ്കില്‍ ഇറങ്ങേണ്ട സ്ഥലത്തിന് 5-10 മിനിട്ട് മുന്‍പ് ഷര്‍ദ്ദിക്കാന്‍ വരണ ആക്ഷന്‍ കാണിക്കുക. ബുള്‍ഡോസര്‍ വന്ന് തോണ്ടിയാലും, റോഡ് റോളറ് വന്ന് മുട്ടിയാലും, മാനം മര്യാദക്ക് റിക്വസ്റ്റ് ചെയ്താലും കുലുക്കമില്ലാതെ നിന്ന കക്ഷികള്‍ നിങ്ങളെ പുഷ്പം പോലെ വാതിലിന്റെ അടുത്തെത്തിക്കും. നിങ്ങളുടെ അഭിനയത്തിന്റെ ഒറിജിനാലിറ്റി അനുസരിച്ചിരിക്കും ഈ പരിപാടിയുടെ വിജയം. അഭിനയം കുളമായാല്‍ അവര് ഒരു വലിയ പ്ലാസ്റ്റിക്ക് കവര്‍ തന്നിട്ട് അതിലേക്ക് ഇഷ്ടം പോലെ ഷര്‍ദ്ദിച്ചോളൂ മകനെ എന്ന് പറയും, പിന്നെ എന്നെ കുറ്റം പറയരുത്.

പ്രത്യേക ശ്രന്ധക്ക് – ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങിയതിന് ശേഷം നമ്മള്‍ ഷര്‍ദ്ദിക്കുന്നതും കാത്തിരിക്കുന്ന ബസ്സിലെ ആള്‍ക്കാരെ നിരാശരാക്കാതെ, ഷര്‍ദ്ദിച്ചില്ലെങ്കിലും റോഡിലേക്ക് നീട്ടി തുപ്പിയതിനു ശേഷം കൂളായി നടന്ന് പോകുക, അവര് വെറുതെ വിടുകയാണെങ്കില്‍.

നാല് – റെയില് വേസ്റ്റേഷനിലും സിനിമാതിയറ്ററിലും ടിക്കറ്റെടുക്കാന്‍ 5-6 വരികള്‍ കാണുംബോ ഏത് വരിയാ ചെറുത്, ഏത് ക്യുവിലാ നിക്കണ്ടെ എന്ന് കണ്‍ഫ്യുഷനുള്ളവര്‍ക്കു വേണ്ടിയാണ്‍ ഈ ഉപദേശം.

വരിയുടെ അടുത്ത് ചെന്ന് നിന്ന് ഓരോ വരിയിലും എത്ര ആളുകളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക, അന്ന്ട്ട് ഏത് വരിയിലാണോ ആള്‍ കുറവ് ആ ക്യുവിലങ്ങട് കേറി നില്‍ക്കാ, ബാക്കിയൊക്കെ നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും.

പ്രത്യേക ശ്രന്ധക്ക് - കണക്കില്‍ വീക്കായവര്‍ എണ്ണം തിട്ടപ്പെടുത്തി വരുംബൊളേക്കും മാറ്റിനിക്കു പകരം ഫസ്റ്റ് ഷോ കണ്ട് സന്തോഷമായി മടങ്ങാം, പറഞ്ഞില്ലാന്നു വേണ്ട .

അഞ്ച് – അമ്മായിയമ്മ പോര് അനുഭവിക്കുന്ന മരുമക്കള്‍ക്കുവേണ്ടിയുള്ള്താണ് ഈ ഉപദേശം. രണ്ടു കയ്യും കൂട്ടിയടിച്ചാലല്ലെ ശബ്ദ്മുണ്ടാകുള്ളൂ എന്ന ബനാനചൊല്ലും കേട്ട് അമ്മായിയമ്മ പോര് സഹിച്ചു മിണ്ടാതെ കഴിയുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ് (ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ). ഇത്തിരി മോഡേണാകണമെന്നുള്ളവര്‍ ഉണ്ണിയാര്‍ച്ചയെ പോലെ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങുക.

പ്രത്യേക ശ്രന്ധക്ക് - ഒന്നുകില്‍ ആശാന്റെ നെഞ്ച്ത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്. സൂക്ഷിച്ചു വേണം കളി, എനിക്കിതില്‍ യാതൊരു പങ്കുമില്ല.

ആറ് – മരുമകള്‍ പോര് അനുഭവിക്കുന്ന അമ്മായിയമ്മക്ക് വേണ്ടിയുള്ളതാണ് ഈ ഉപദേശം. ഒന്നല്ലെങ്കില്‍ മരുമകള്‍ എവടം വരെ പോകുമെന്ന് കാണണമല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരിക്കുക, അല്ലെങ്കില്‍ അവള്‍ക്കും വരുമല്ലോ ഒരു മരുമകള്‍ അപ്പൊ അവള്‍ ശരിക്ക് അനുഭവിച്ചോളും എന്ന് കരുതി എല്ലാം സഹിച്ച് കഴിയുക.

പ്രത്യേക ശ്രന്ധക്ക് - ഞാന്‍ അമ്മായിയമ്മ ആകുന്ന കാലത്ത് ഈ ഉപദേശം തിരുത്തിയെഴുതപ്പെടും. വല്ലോര്‍ക്കും വിരോധമുണ്ടെങ്കില്‍ ഇപ്പൊ തന്നെ പറഞ്ഞോണം, മോഡിഫിക്കേഷന്‍ വരുത്താവുന്നതാണ്.

ഏഴ് – ഉപദേശത്തിനെ പറ്റിയാണ് ഈ ഉപദേശം. ഉപദേശിക്കാനൊക്കെ നല്ല എളുപ്പമാണ് മക്കളെ. ഇത് നിങ്ങളുടെ ജീവിതമാണ്, അത് നിങ്ങള്‍ക്ക് തോന്നിയ പോലെ ജീവിക്കണം. വെറുതെ എന്റെ ഉപദേശം കേട്ട് നിങ്ങളുടെ ജീവിതം കുട്ടിച്ചോറും കട്ടപുകയും ആക്കി തീര്‍ക്കരുത്.

പ്രത്യേക ശ്രന്ധക്ക് - മുന്നറിയിപ്പ് ഒന്ന് കൂടി വായിച്ചിട്ട് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ഞാന്‍ പറയാനുള്ളത് പറഞ്ഞു, ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം പോലെ.

വാല്‍ക്കഷണം - ഉപദേശം ഇനിയും ഇഷ്ട്ടം പോലെ (ഉളളി കേറ്റിയ ലോറി മറിഞ്ഞ പോലെ) സ്റ്റോക്കുണ്ട്. അത്യാവശ്യകാര്‍ക്ക് ആവശ്യത്തിനനുസരിച്ച് നല്‍കുന്നതായിരിക്കും. മുകളില്‍ പറഞ്ഞവയില്‍ ചിലതെല്ലാം ഞാന്‍ പരീക്ഷിച്ച് വിജയവും (1&2) ചിലതെല്ലാം വിജയത്തിന്റെ ചവിട്ടുപടിയും (3&5) രുചിച്ചറിഞ്ഞവയാണ്.

11 comments:

Anonymous said...

ഉഗ്രനായിട്ടുന്ദ്ദു. ഇനിയും എഴുതുമല്ലൊ

കൊച്ചുത്രേസ്യ said...

ഉപദേശങ്ങളു കൊള്ളാലോ..എന്തായാലും ഒരു എല്‍.ഐ.സി എടുത്തു വെയ്ക്കുന്നതു നല്ലതാ..ആരെങ്കിലും തല്ലിക്കൊന്നാലും വീട്ടുകാര്‍ക്കെങ്കിലും ഗുണമുണ്ടാവൂലോ ;-)

കുറുമാന്‍ said...

ഉപദേശം കൊള്ളാം, പ്രാവര്‍ത്തികമാക്കിയിട്ട് ബാക്കി പറയാംട്ടോ....

ബൂലോകത്തിലേക്ക് സ്വാഗതം.

കരീം മാഷ്‌ said...

:)

ലേഖാവിജയ് said...

അല്‍ഫോണ്‍സാമ്മയുടെ വാഴ്തുകള്‍ നന്നായിരിക്കുന്നു.തുടര്‍ന്നും എഴുതൂ.

G.MANU said...

ഒരുപദേശം എന്‍‌റെ വക (എവിടെയോ കേട്ടതാണ്)

ഭാര്യയുടെ പിറന്നള്‍ മറക്കാതിരിക്കാനുള്ള എളുപ്പവിദ്യ.. ഒരിക്കല്‍ മറക്കുക..


പുതിയ കൂട്ടുകാരിക്ക് സ്വാഗതം..
എഴുതൂ..കസറൂ... തിളങ്ങൂ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഉപദേശങ്ങളു കൊള്ളാം, പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശമില്ല. :)

സ്വാഗതം

ഓടോ: വേഡ് വെരി വേണോ?

തോന്ന്യാസി said...

ഹൊ, സംഭവം ഇപ്പൊഴാ കണ്ണില്‍ പെട്ടത്,

അങ്ങനെ ഒരുപദേശികൂടി ജന്മമെടുത്തിരിക്കുന്നു

Visala Manaskan said...

:) നൈസ്!

ഉള്ളികയറ്റിയ ലോറി മറഞ്ഞത് പ്രത്യേകം നോട്ട് ചെയ്തു ട്ടാ. :))

അഭിലാഷങ്ങള്‍ said...

ങാ ഹാ... കൊള്ളാലോ.. നന്നായി..!

ഞാന്‍ ഇതിലേതാ ഫസ്റ്റ് പ്രയോഗിക്കണ്ടേന്നുള്ള കണ്‍ഫൂഷനിലാ...

ആ വൊമിറ്റിങ്ങ് തന്ത്രം ആദ്യം പയറ്റാം...

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകത്തിന് ബെസ്റ്റ് ആക്റ്ററിനുള്ള സമ്മാനം വാങ്ങിയത് കൊണ്ട് (നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇതേ കാറ്റഗറിയില്‍ കിട്ടിയ സോപ്പുപെട്ടിയുടെ കാര്യം പ്രത്യേകം പറയുന്നില്ല..ജാഡയാന്ന് കരുതും) കോണ്‍ഫിഡന്‍സിന് നോ കുറവ്!

ബട്ട്, ടച്ച് വിട്ടതുകൊണ്ട് ആക്റ്റിങ്ങ് ചളമായല്‍ അടികിട്ടിയാല്‍ താങ്ങാനുള്ള ആരോഗ്യം ഉണ്ടാക്കേണ്ടിയിരിക്കുന്നു.(വീട്ടില്‍ കോമ്പ്ലാന്‍ ഉള്ളത് കൊണ്ട് കുഴപ്പമില്ല).

ഇനി അഥവാ ആക്റ്റിങ്ങ് വിജയിച്ചാലും ചൊറയാണപ്പാ... കുറേ ദിവസം ഒരേ സംഭവം റിപ്പീറ്റാകുമ്പോള്‍ ആളോള് പറഞ്ഞാലോ “ആ ചെക്കന്‍ പ്രഗ്‌നന്റാ....എപ്പഴും ചര്‍ദ്ദിയാ... മാറിക്കൊടുത്തേക്ക്...!!” എന്ന്. നാണക്കേടല്ലേ?

വേണ്ട..!! ഉപദേശങ്ങള്‍ ട്രൈ ചെയ്തതായി ഞാന്‍ ജസ്റ്റ് “ഇമാജിനേഷന്‍‘ ആക്കിക്കോളാം ‘നോ ഇം‌പ്ലിമെന്റേഷന്‍’..

പിന്നെ, ഉള്ളികയറ്റിയ ലോറി മറഞ്ഞത് ഞാനും നോട്ട് ചെയ്തു. :-)

ഇനിയും പോരട്ടെ.. ലോറികളും ബുള്‍ഡോസറുകളും..

:-)

NB: "PJWWQUHDF" ഇത് ഒരു 100 പേജിന്റെ ബുക്കില്‍ 1000 തവണ ഇമ്പോസിഷന്‍ തന്നിരിക്കുന്നു. അല്ലേല്‍ ആ കുന്തം (വേഡ് വേരി)മാറ്റൂ ..അല്ലേല്‍ തന്നെ ടൈമില്ല... :-)

Unknown said...

നോ മെക്കട്ട് കേറല്‍
5-10 മിനിട്ട് മുന്‍പ് ഷര്‍ദ്ദിക്കാന്‍ വരണ ആക്ഷന്‍ കാണിക്കുക
\നിങ്ങളുടെ അഭിനയത്തിന്റെ ഒറിജിനാലിറ്റി അനുസരിച്ചിരിക്കും
കണക്കില്‍ വീക്കായവര്‍ എണ്ണം തിട്ടപ്പെടുത്തി വരുംബൊളേക്കും
ഉണ്ണിയാര്‍ച്ചയെ പോലെ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങുക.

kollaam!! entammoo!! ithra rasam silverine vayikkumbol mathramaano ennoru samshayam!

baaki post koodi ayikkatte