Monday, February 9, 2009

ആട് തോമാ

ഒരു മനുഷ്യസ്നേഹി എന്നതിലുപരി ഒരു മികച്ച ജന്തു സ്നേഹിയാണ് എന്റെ സ്വന്തം ഭര്‍ത്താവ്. പുള്ളിക്കാരന് ഏറ്റവും ഇഷ്ടം പശുവിനെയാണ്, എനിക്ക് കൊരങ്ങനെയും. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്ത് എവിടെ പശുവിനെ കണ്ടാലും പുള്ളിക്കാരന്‍ ഒന്നു നില്‍ക്കും, പശുവിന്റെ നിറം നോക്കി അതിന്റെ കുലമഹിമയും ജാതിയും ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും ആണോ പെണ്ണോ എന്നു വരെ പറയും. പിന്നെ ചെറുപ്പത്തില്‍ അവരുടെ വീട്ടിലുണ്ടായിരുന്ന പശുവിന്റെ കുടുംബമഹിമയും അതിനെ തീറ്റാന്‍ കൊണ്ടു പോയ കഥയുമൊക്കെ പറയും, അവസാനം ഒരു പശുവിനെ വേടിച്ചാല്‍ പാക്കറ്റ് പാല്‍ നിര്‍ത്തി നല്ല ഫ്രെഷ് പാല്‍ കറന്നെടുത്ത് കുടിക്കാമായിരുന്നു എന്നു പറഞ്ഞു നിര്‍ത്തും.

ഞാനാണെങ്കില്‍ “പശു പാല്‍ തരും’ എന്ന് സ്ക്കുളില്‍ പഠിച്ചിട്ടുണ്ടെന്നല്ലാതെ പശൂനെ വളര്‍ത്തി പരിചയമോ, പശൂന്റെ ഫാനോ ഒന്നുമല്ലാ. എങ്കിലും പുള്ളിക്കാരന്റെ പശുസ്നേഹം കാരണം ഞങ്ങടെ 2 ബെഡ് റൂം ഫ്ലാറ്റ് വിറ്റിട്ട് ഒരു 3 ബെഡ് റൂം ഫ്ലാറ്റെടുത്ത്, ഒരു പശുവിനെ വേടിച്ച് ഒരു ബെഡ് റൂം പശൂന് വേണ്ടി ഡെഡിക്കേറ്റ് ചെയ്താലോന്ന് വരെ ഞാന്‍ ആലോചിച്ചതാണ്. പക്ഷേ സാങ്കേതിക തടസ്സങ്ങളാല്‍ സംഗതി നടന്നില്ലാ. അതുകൊണ്ട് തല്ക്കാലം പശുമോഹം മാറ്റിവച്ച് പുള്ളിക്കാരന്‍ ഞങ്ങടെ ബില്‍ഡിങ്ങിന്റെ അടുത്തായി തുറന്ന പുതിയ ഷോപ്പില്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടികളെ വില്ക്കാന്‍ വച്ചിരിക്കുന്നത് കണ്ട് പട്ടിക്കുട്ടിയെ വാങ്ങിക്കാനായി പുറപ്പെട്ടു, പട്ടിക്കുട്ടിയെ വാങ്ങിക്കാന്‍ പോയ ആള്‍ പട്ടിക്കുട്ടിയുടെ വില കേട്ടപ്പോള്‍ പോയേക്കാളും സ്പീഡില്‍ വളിച്ച ചിരിയുമായി തിരിച്ചു വന്നു എന്നിട്ട് എന്നോട് ഒരു ഡയലോഗും, പട്ടിക്കുട്ടിയെ വേടിച്ചാലൊക്കെ ഭയങ്കര ബുദ്ധിമുട്ടാ എന്നും അതിനെ അപ്പിടീപ്പിക്കാന്‍ കൊണ്ടു പോണം, തിന്നാന്‍ ഇറച്ചി വാങ്ങിക്കണം എന്നൊക്കെ.

അവസാനം ഞങ്ങള്‍ പശൂനും പട്ടിക്കും പകരം തത്തമ്മയെയും, ലവ്ബേര്‍ഡ്സിനെയും വാങ്ങിച്ച് അഡ്ജസ്റ്റ് ചെയ്തു. പോരാത്തതിന് ഒരു ഫിഷ് ടാങ്ക് നിറയെ ഗോള്‍ഡന്‍ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ്, മോളി, സക്കറ് ഫിഷ്, കിസ്സിങ്ങ് ഗൌരാമി എന്നീ ഐറ്റം നമ്പറുകളെ വാങ്ങി പരിപാലിച്ചു പോന്നു. ആ ഫിഷ് കുട്ട്യോള്‍ക്ക് എന്റെ ചേട്ടായീന്നു പറഞ്ഞാലൊരു ഭ്രാന്താ, എല്ലാരും ആശാന്റെ ഭയങ്കര ഫാന്‍സ്. ചേട്ടായീടെ മോന്ത കാണുമ്പോഴേക്കും ഒക്കെ ഗ്ലാസ്സിന്റെ മുമ്പില്‍ വന്നു നില്‍ക്കും, എന്നിട്ട് കിസ്സിങ്ങ് ഗൌരാമിയുടെ വക ഒരു കിസ്സും, ഗോള്‍ഡന്‍ ഫിഷിന്റെ സൈറ്റടിയും. പണ്ടത്തെ കാലത്ത് അപ്പന്മാര്‍ ജോലി കഴിഞ്ഞു വരുമ്പോ കൊണ്ടുവരുന്ന പലഹാരപൊതി തട്ടിപറിക്കാന്‍ വരുന്ന കുട്ട്യോളുടെ പോലെ, ചേട്ടായി ഓഫീസീന്നു വരുമ്പോഴേക്കും എല്ലാ ഫിഷോളും അറ്റന്‍ഷനായി മുമ്പില്‍ വന്നു നില്ക്കും, ഓഫീസീന്നു വന്നാല്‍ അവര്‍ക്ക് തീറ്റ ഇട്ടു കൊടുത്ത് ഇത്തിരി കിന്നാരമൊക്കെ പറഞ്ഞു കഴിഞ്ഞിട്ടേ ഞങ്ങളെ പോലും പുള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യൂ. അതു കാണുമ്പോ എനിക്ക് ദേഷ്യം വരും, ഇഷ്ട്ട്ടനെ മേനകാഗാന്ധിയെ കൊണ്ടോ പുള്ളിക്കാരത്തീടെ അനിയത്തിമാരെയോ കൊണ്ടോ കെട്ടിക്കണ്ടതായിരിന്നൂന്ന് തോന്നും.

ലവ്ബേര്‍ഡ്സിന്റെ കാര്യം പറയാണെങ്കില്‍ പുള്ളിക്കാരന്‍ ഇടക്കിടക്ക് അവരെ ലൈനടിച്ച് വായ് നോക്കി നിന്നാലും അവര്‍ തീറ്റ കഴിഞ്ഞാല്‍ അവരുടെ ബെറ്ററ് ഹാഫിന്റെ കൂടെ ലവ്വടിച്ചു നിക്കും, പുള്ളിക്കാരനെ മൈന്‍ഡ് ചെയ്യില്ലാ. അന്നാലും ചേട്ടായി നാണമില്ലാണ്ട് അവര്‍ ലൈനടിക്കുന്നതു നോക്കി നില്‍ക്കും. തത്തമ്മ ആള്‍ ഭയങ്കര സ്മാര്‍ട്ടായിരുന്നു. ഒരു ദിവസം ഞാന്‍ കുട്ടികള്‍ ബാക്കി വച്ച പാല്‍ എടുത്ത് തത്തമ്മക്ക് കുടിക്കാന്‍ കൊടുത്തു. പിറ്റേ ദിവസം പാലു കൊടുത്തപ്പോ തത്തമ്മ കുടിക്കണില്ല്യാ, ഒരു തുണ്ട് പാല്‍ കുടിച്ചിട്ട് ബാക്കി കുടിക്കാണ്ട് പിണങ്ങിയിരിക്കും. പിന്നെയാണ് സംഗതി പിടി കിട്ടിയത്. തലേന്ന് തത്തമ്മക്ക് കൊടുത്ത, കുട്ടികള്‍ ബാക്കി വച്ച പാല്‍ നല്ലോണം പഞ്ചാരയും ഹോര്‍ലിക്സുമൊക്കെ ഇട്ട് കലക്കിയതായിരുന്നു, അതിന്റെ ടേസ്റ്റ് മനസ്സിലായതില്‍ പിന്നെ പ്ലെയിന്‍ പാല്‍ കൊടുത്താല്‍ തത്തമ്മ അത് കുടിക്കാണ്ട് നിരാഹാര സമരമിരിക്കും, അപ്പെ ഞങ്ങള്‍ ഹോര്‍ലിക്സും കോമ്പ്ലാനും ബൂസ്റ്റും പഞ്ചസാരയുമൊക്കെയിട്ട പാല്‍ കൊടുത്ത് സമരമവസാനിപ്പിക്കും. ദുബായില്‍ക്ക് പോന്നപ്പോ ഫിഷോള്‍നെയൊക്കെ ബന്ധുക്കളെ ഏല്‍പ്പിച്ചു, കിളികളൊക്കെ അവരുടെ പാട്ടിന് പറന്നും പോയി.

ഇപ്രാവശ്യം ക്രിസ്മസ്സിന് നാട്ടില്‍ പോകുന്നതിനു മുമ്പായി പുള്ളിക്കാരന്‍ അമ്മയോട് പറഞ്ഞ് നാട്ടിലത്തെ വീട്ടില്‍ ഒരു ആടിനെ വാങ്ങിപ്പിച്ചു. വെക്കേഷന് പോയപ്പോ ഫുള്‍ ടൈം ആടിന്റെ കൂടെയായിരുന്നു ചുറ്റിക്കളി. അതിന്റെ ഒരു വീഡിയോ താഴെ കാണാം, മുടിഞ്ഞ കാശാണ് പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ ഈ ആല്‍ബം എന്റെ ബ്ലോഗില്‍ പബ്ബിഷ് ചെയ്യുന്നതിന് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒരു അടിക്കുറിപ്പ് മത്സരത്തിന് എല്ലാ സ്കോപ്പുമുള്ള ഈ ആല്‍ബത്തിലെ ഹീറോ എന്റെ സ്വന്തം ആട് തോമായും ഹീറോയിന്‍ ‘പാത്തുമ്മയുടെ ആടിന്റെ’ വംശപരമ്പരയില്‍ പെട്ട മണിക്കുട്ടിയും, പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എന്റെ ബോബനും മോളിയുമാണ്.

തേങ്ങേടേ മൂട്. എത്ര ട്രൈ ചെയ്തിട്ടും വീഡിയോ upload ‍ആവണില്ല്യാ, അതോണ്ട് തല്‍ക്കാലം പുള്ളിക്കാരന്റെയും പുള്ളിക്കാരത്തീടെയും ഒരു ഫോട്ടോ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്നു.


ദുബായിലെ സാമ്പത്തികമാന്ദ്യം കാരണം ചേട്ടായി ഭാവിപരിപാടികളൊക്കെ പ്ലാന്‍ ചെയ്തു തുടങ്ങി. ഇപ്പോഴത്തെ പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം ദുബായ് വിട്ട് നാട്ടില് സെറ്റിലാവുമ്പോള്‍ അഞ്ചാറ് പശുക്കളെയൊക്കെ വാങ്ങി സുഖമായി കഴിയാന്നുള്ളതാണ്, നാടോടിക്കാറ്റിലെ ദാസപ്പനെയും വിജയനെയും പോലെ പുള്ളിക്കാരനും സ്വപ്നം കാണുകയാണ് പശൂന്റെ “ഭേ ബേ“ ന്നുള്ള കര്‍ണ്ണമധുരമായ അലാറം കേട്ട് കാലത്തെണീറ്റ് ചുള്ളന്‍ പശൂനെ കറക്കുന്നതും, ലിറ്ററ് കണക്കിന്‍ പാല്‍ അളന്നെടുക്കുന്നതും, ഞാന്‍ ചാണം (ചാണകം) വാരുന്നതും.