Monday, February 25, 2008

എന്റെ പാസ്പോര്‍ട്ടിന്റെ കഥ

(ഒരു ഫ്ലാഷ് ബാക്ക്)
ഞാനും എന്റെ കെട്ട്യോനും, രണ്ടു കുട്ട്യോളും കൂടി “നാമൊന്ന് നമുക്ക് രണ്ട്” എന്ന് പറഞ്ഞ് സന്തോഷത്തോടെ കഴിയുന്ന കാലം. അപ്പോഴാണ് ഒരു ദിവസം എന്റെ പ്രിയതമന് ബോധോദയം ഉണ്ടാകുന്നത് “എന്റെ സേവനം ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശത്തും ലഭ്യമാക്കണമെന്ന്”.

ഞാന്‍ അപ്പോഴെ വാണിങ്ങ് കൊടുത്തു ‘വെറുതെ പുലിവാല്‍ പിടിക്കാനായി വേണ്ടാത്ത ആശയൊന്നും വേണ്ടാ, ഇവിടെ മറാഠികളന്നെ ഇന്ത്യക്കാരായ ബീഹാറികളെയും മല്ലൂസിനെയുമൊക്കെ അവരുടെ നാട്ടില്‍ക്ക് പായ്ക്ക് ചെയ്യാനുള്ള പ്ലാനിലാ, അപ്പൊഴാ നാടും കണട്രിയും വിട്ട് ദുബായില്‍ക്ക് പോണെ. മാത്രമല്ല ഏതു നേരവും ചെവിട്ടില്‍ മൂട്ട പോയ പോലെ ഒരു സ്വൈര്യവും കൊടുക്കാത്ത എന്നെയും, എപ്പളും മെക്കട്ട് കേറി മറിയണ കുട്ട്യോളെയും വിട്ട് പോയാല്‍ നേരം പോവാണ്ട് ബോറടിച്ച് ഒരു വഴിക്കാവുമെന്ന്.“ എന്നാലും ആളുടെ മനസമാധാനത്തിന് വേണ്ടി ഒരു ബയോഡാറ്റ അയച്ചിട്ടു, അതിത്ര വലിയ പാരയാകുമെന്ന് വിചാരിച്ചില്ല.

ചുള്ളന്റെ ബയോഡാറ്റയാകുന്ന പ്രണയലേഘനം കിട്ടിയതും സുന്ദരികമ്പനി “ഇങ്ങട് വാടാ കുട്ടാ” എന്ന് പറഞ്ഞു വിളിക്കുകയും, സുന്ദരികമ്പനിയുടെ മോഹന ഓഫറുകള് എന്റെ കെട്ട്യോനെ ആകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ചിന്താവിഷ്ട്ടയായ ശ്യാമള സ്റ്റൈലിലുള്ള “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നും പറഞ്ഞുള്ള ഞങ്ങടെ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാത്തതിനാല്‍ ആശാന്‍ കണ്ണുമടച്ച് ദുബായിലേക്ക് പോയി. പോവാന്‍ നേരത്ത് എന്റെ കരച്ചില്‍ മാറ്റാനായി ഒരു കൊടകരപുരാണം പുസ്ത്കം സമ്മാനിച്ചു. (അപ്പെ തുടങ്ങിയ ചിരിയാ, പിന്നിതുവരെ നിര്‍ത്തിയിട്ടില്ല – വട്ടാവാഞ്ഞത് എന്റെ കെട്ട്യോന്റെ ഭാഗ്യം)

ഒരു മാസം പുള്ളിക്കാരന്‍ ഏതാണ്ട് സര്ക്കസ് കൂടാരത്തില്‍ നിന്ന് ഒളിച്ചോടി രക്ഷപ്പെട്ട സിംഹത്തിന്റെ പോലെ, ചെവിട്ടിലെ മൂട്ടയും, നല്ല ഒറക്കം വരണ നേരത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് താരാട്ട് പാട്ട് പാടി വരണ കൊതുകുകുഞ്ഞുങ്ങളും ഒഴിഞ്ഞുപോയ സന്തോഷത്തില്‍, ദുബായില്‍ ബാച്ചിലേഴ്സ് ലൈഫും ദുബായിലെ ക്ലീന്‍ലിനെസ്സും അടിച്ചുപൊളിച്ച് ആസ്വദിച്ചുകഴിഞ്ഞു. ആ കാലമത്രയും ഞാനിവിടെ പുള്ളിക്കാരന്റെ ഫോട്ടോയും, ഷര്‍ട്ടും പാന്റും, ഷൂസും എല്ലാം നോക്കി “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു” എന്ന പാട്ടും പാടി നടന്നു. കുട്ട്യോളാവട്ടെ ആകാശത്ത് പോണ ഒരൊറ്റ വിമാനത്തെയും വെറുതെ വിടാതെ “ഏറോപ്ലെയിന്‍ ഏറോപ്ലെയിന്‍ അപ്പ് ഇന്‍ ദി ആകാശം, പ്ലീസ് കം താഴെ ആന്ഡ് റ്റെയിക്ക് അസ് റ്റു ഡാഡി ഇന്‍ ദുബായ്” എന്നും പാടിക്കൊണ്ടിരുന്നു.

കോടികള്‍ മുടക്കി എടുക്കുന്ന ഹിന്ദി സിനിമ ഒന്നു പോലും പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുള്ള എന്റെ മൂത്ത ചേച്ചി, എന്നെ ഈ വിഷമത്തില്‍ നിന്നും കര കയറ്റാനായി ഞങ്ങളെയും കൊണ്ട് “സല്മാന്‍-ഗോവിന്ദ” ടീമിന്റെ പാര്‍ട്ട്നര്‍ എന്ന കോമഡി സിനിമ കാണിക്കാന്‍ കൊണ്ടു പോയി. ആ കോമഡി സിനിമ കണ്ട് ഞാന്‍ തിയറ്ററിലിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോ ചേച്ചി എന്നെയും കൊണ്ട് “ചക് ദേ ഇന്ത്യ” കാണിക്കാന്‍ കൊണ്ടു പോയി. അതു കണ്ടപ്പോ ഞാന്‍ എന്റെ റിയല്‍ ലൈഫിലെ മീശയുള്ള ഷാറുഖ് ഖാനെ ഓര്‍മ്മിച്ച് വീണ്ടും സെന്റിമെന്റലായി. അങ്ങനെ ഞങ്ങള്‍ “ഓം ശാന്തി ഓം” കാണാന്‍ പോയി, ഇപ്രാവശ്യം ചേച്ചി രക്ഷപ്പെട്ടു, ഒരു സിനിമയുടെ കാശിന് ഹിന്ദി സിനിമാ ലോകത്തെ എല്ലാ താരങ്ങളെയും കണ്ട് ഞാനിത്തിരി ഹാപ്പിയായി. പിന്നെ “താരേ സമീന്‍ പറ്” കൂടി കണ്ടതോടെ ഞാനും കുട്ടികളും ശരിക്കും നോര്‍മ്മലായി.

ഞങ്ങള്‍ നോര്‍മ്മലായപ്പോഴേക്കും കെട്ട്യോന്‍ ഇത്തിരി നോര്‍മ്മലല്ലാണ്ടായി, പുള്ളിക്കാരന് ഭയങ്കരമായി മൂട്ടയെയും, കൊതുകിനെയും മിസ്സ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം ആളുടെ ചെവിയിലും, തലയിലും, മനസ്സിലും ഹാര്‍ട്ടിലുമൊക്കെ ഞങ്ങടെ “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നു പറഞ്ഞുള്ള കരച്ചില്‍ ഫുള്‍ വോളിയത്തില്‍ മുഴങ്ങാന്‍ തുടങ്ങുന്നത്. അപ്പൊ തന്നെ പുള്ളിക്കാരന്‍ എന്നെ വിളിച്ച് പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാനും സ്ക്കൂള്‍ പൂട്ടിയാല്‍ ദുബായില്‍ക്ക് വരാന്‍ റെഡിയായിക്കോളാനും പറഞ്ഞു. അങ്ങനെ ഞാന്‍ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തു.

മുകളില്‍ പറഞ്ഞത് ഞാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുണ്ടായ സാഹചര്യമാണ്. പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

ഇനി ഒരു ഷോര്‍ട്ട് ബ്രെയിക്ക് – വായിച്ചു ക്ഷീണിച്ചവര്‍ക്ക് സോഡ കുടിച്ച് കപ്പലണ്ടിയൊക്കെ തിന്ന് തിരിച്ചുവരാം, വായിച്ചു ബോറടിച്ചവര്‍ക്ക് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം.

എന്റെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഞാന് ആദ്യമായി പൊലീസ് സ്റ്റേഷന്റെ പടി ചവിട്ടുന്നത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചതുമുതല്‍ പൊലീസ് വീട്ടില്‍ വരും, വെരിഫിക്കേഷന് വേണ്ടി എന്നെ സ്റ്റേഷനിലേക്ക് ക്ഷണിക്കും, എന്ന് കരുതി ഞാന്‍ പൊലീസ് വരുന്നതും കാത്തിരുന്നു. ഒരു മാസമായിട്ടും ഒരു പൊലീസും ആ വഴിക്ക് വന്നില്ല, അപ്പോഴാണ് എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി പറഞ്ഞത് പൊലീസ് വീട്ടില്‍ വന്നിരുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ്, ലേറ്റസ്റ്റ് ഫാഷനനുസരിച്ച് നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പോയി നമ്മുടെ ഫയല്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന്.

എന്റെ 30+ വയസ്സുവരെയുള്ള ഈ ചെറുപ്രായത്തിനിടക്ക് ഞാന്‍ ഒരു പൊലീസിനെയും നേരിട്ട് പരിചയപെട്ടിട്ടില്ല, സ്റ്റേഷനിലും കയറിയിട്ടില്ല. എങ്കിലും സിനിമകളിലും ന്യൂസിലും ഇഷ്ട്ടം പോലെ പല റ്റൈയ്പിലുള്ള പൊലീസുകാരെ കണ്ടുള്ള പരിചയം വച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കേറാന്‍ തന്നെ തീരുമാനിച്ചു.

എനിക്ക് കൂട്ട് വരാമെന്നു പറഞ്ഞ ചേച്ചിയെ കുറേ നേരം കാത്തുനിന്നിട്ടും കാണാഞ്ഞതിനാല്‍ ഞാന്‍ ഒറ്റക്ക് വിറക്കുന്ന പാദങ്ങളോടെ മുഖത്ത് ധൈര്യം വരുത്തി ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറി. ഞാന്‍ വിചാരിച്ചത് പൊലീസ് കള്ളനെ ഇടിക്കുന്നതും പാവം കള്ളന്‍ “അയ്യോ എന്നെ തല്ലല്ലേ ഏമാനെ“ എന്ന് മറാഠിയില്‍ പറഞ്ഞ് നിലവിളിക്കുന്നതും കാണേണ്ടി വരുമെന്നാണ്. പക്ഷെ അകത്തുകയറിയപ്പോ എന്റെ അതു വരെയുള്ള ധാരണകളൊക്കെ തകിടം മറിഞ്ഞു. ഇതു വളരെ ഡീസന്റായ സ്ഥലം, ശാന്തരായ പൊലീസുക്കാര്‍, ഞാന്‍ ചുറ്റും നോക്കി, കുറച്ച് പൊലീസ്ക്കാര്‍ തേരാ പാരാ നടക്കുന്നു. ഒരു വനിതാപൊലീസിനെ കണ്ടതും എനിക്ക് ജീവന്‍ വച്ചു, ഓടി പോയി പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു ആരെയാ കാണണ്ടെതെന്ന് അന്വേഷിച്ചു. അങ്ങനെ ഒന്നാം നിലയില്‍ പോയി പാസ്പോര്‍ട്ടിന്റെ ഡ്യൂട്ടിയുള്ള പൊലീസിനെ കണ്ടു, എന്റെ കയ്യിലുള്ള പേപ്പറ് വേടിച്ചുനോക്കീട്ട് ഫയല്‍ വന്നിട്ടില്ല ഒരാഴ്ച കഴിഞ്ഞുവന്ന് അന്വേഷിക്കാന്‍ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ചവിട്ടി. ഇപ്രാവശ്യം എന്റെ പാവം തോന്നിക്കുന്ന മുഖഭാവം കണ്ടിട്ടാവണം, ഫയല്‍ വന്നിട്ടുണ്ട് നാളെ എല്ലാ ഡോക്യുമെന്റ്സും പിടിച്ച് ബില്‍ഡിങ്ങില്‍ നിന്ന് രണ്ട് പരിചയക്കാരെയും കൂട്ടി വെരിഫിക്കേഷന് വരാന്‍ പറഞ്ഞു.

മുന്‍പുള്ള പരിചയം വച്ച് ഞാന്‍ മൂന്നാം പ്രാവശ്യം പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ആഞ്ഞു ചവിട്ടി. എന്റെ രണ്ട് പരിചയക്കാരെയും, പൊലീസ് “എത്ര നാളായി ഈ കൂട്ടിന്യെ അറിയാം” എന്നൊക്കെ ചോദിച്ച് ക്രോസ് വിസ്താരം ചെയ്തു, എന്നിട്ട് അവരോട് പൊക്കോള്ളാനും എന്നോട് നിക്കാനും പറഞ്ഞു. പോവുന്ന പോക്കില്‍ ആ ചേച്ചി പറഞ്ഞു പൊലീസിന്‍ കുറച്ച് കാശ് കൊടുത്താലെ പാസ്പോര്‍ട്ട് വേഗം കിട്ടുള്ളൂ, എല്ലാം എഴുതിയെടുത്ത് കഴിഞ്ഞാല്‍ പൊലീസ് മുഖത്തേക്ക് ഒന്നു നോക്കും അപ്പൊ കൊടുക്കണംന്ന്. എങ്ങനെ കൊടുക്കണം, എത്ര കൊടുക്കണം എന്നൊട്ട് പറഞ്ഞുമില്ല.

പിന്നെ പൊലീസ് എന്റെ ജനിച്ചപ്പോ തൊട്ട് എവിടെയൊക്കെ താമസ്സിച്ചോ ആ അഡ്രസ്സെല്ലാം എഴുതിയെടുത്തു, (ഏതായാലും കാശ് കൊടുക്കണതല്ലേന്ന് വിചാരിച്ച് ഞാനാ പഹയനെ കൊണ്ട് ഞാന്‍ ചെറുപ്പത്തില്‍ വിരുന്നിന് പോയ ബന്ധുക്കളുടെ അഡ്രസ്സ് വരെ വീട്ടുപേരടക്കം എഴുതിച്ചു) അവസാനം പൊലീസ് എന്റെ മുഖത്തൊന്നു നോക്കി. ഞാന്‍ വിചാരിച്ചു ഇതാണാ അശുഭമുഹൂര്‍ത്തം, ഉടനെ എന്റെ കയ്യിലുള്ള കാശെടുത്ത് നീട്ടി. പക്ഷെ ഒരു കണ്‍ഫ്യൂഷന്‍ - എത്ര കൊടുക്കണം, കൊറഞ്ഞുപോയാല് പാസ്പോര്‍ട്ട് കിട്ടാന്‍ നേരം വൈകിയാലോ. അതുകൊണ്ട് ഞാന്‍ ക്ലിയറായി, ഫിലിം സ്റ്റാറ് ഇന്നസെന്റിനെക്കാള്‍ ഇന്നസ്സെന്റായി പൊലീസിനോട് ചോദിച്ചു “സാറിന്റേലാണോ തരണ്ടത്, എത്രയാ തരണ്ടതെന്ന്” എന്റെ ചോദ്യം ഇത്തിരി ഉച്ചത്തിലായി പോയോന്ന് ഒരു സംശയം, പൊലീസെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി, ഞാന്‍ പേടിച്ച പോലെയങ്ങനെ ഇരുന്നപ്പോ ഞാന്‍ പോലുമറിയാതെ എന്റെ കയ്യിലെ നീട്ടിപിടിച്ച കാശ് വേടിച്ച് മേശവലിപ്പിലേക്കിട്ടു. ഞാന്‍ പിന്നെ അവിടെ ഇരുന്നില്ല, ഉടനെ സ്ഥലം കാലിയാക്കി. എന്റെ നിഷ്കളങ്കമായ ചോദ്യത്തിന്റെ അനന്തരഫലമാണോ എന്തോ എന്റെ പാസ്പോര്‍ട്ട് ഇതുവരെയും വന്നില്ല, ഞാനിപ്പോ പോസ്റ്റ്മാന്‍ വരുന്നതും നോക്കിയിരിപ്പാണ്. (ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, പാസ്പോര്‍ട്ടേ എന്റെ പാസ്പോര്‍ട്ടേ എപ്പ വരും നീയെപ്പ വരും – എന്നെ പോലെ പാടാന്‍ അറിയുന്നവര്‍ മാത്രം പാടിയാല്‍ മതി)

പിന്നെയും എനിക്ക് ഒരക്കിടി പറ്റി, ഞാന്‍ കാശ് കൊടുത്ത ആള്‍ സീനിയറല്ലാത്രേ, അതുകൊണ്ട് സീനിയറിനും ആളുടെ ഒരു ലെവലനുസരിച്ച് കൊടുക്കേണ്ടി വന്നു. ഞാന്‍ കൈക്കുലിക്ക് ഭയങ്കര എതിരാണ്, പക്ഷെ എന്തു ചെയ്യാന്‍ പൊലീസുകാര്‍ക്ക് നോട്ടിലെ ഗാന്ധിജിയോട് ഭയങ്കര ഇഷ്ട്ടവും ബഹുമാനവുമാണത്രേ.
വാല്‍ക്കഷണം – പ്രിയ വായനക്കാരെ നിങ്ങളെല്ലാവരും എന്റെ പാസ്പോര്‍ട്ട് വേഗം കിട്ടാനായി നേര്‍ച്ചകള്‍ നേരണം. എനിക്കെന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്താന്‍ കൊതിയായി, ഒന്ന് തല്ലുകൂടിയിട്ട് മാസങ്ങളായി.

Friday, February 22, 2008

ആരും പറയാത്ത കഥ

പണ്ട് പണ്ട്, വളരെ പണ്ട് കൊടകരയെന്നൊരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ആ ഗ്രാമത്തിലാണ് നമ്മുടെ കഥാനായകനായ കുമാരന്‍ ചാത്തന്‍ കോഴിയും സുന്ദരി പെടകോഴിയും താമസിച്ചിരുന്നത്. ഒരു ദിവസം ഉച്ച തിരിഞ്ഞ സമയം, കുമാരനും സുന്ദരിയും കൂടി ഐ.ആര്‍.എട്ടിന്റെ നെല്‍മണിയും കൊത്തിപെറുക്കി കൊച്ചുവര്‍ത്താനവും പറഞ്ഞ് തേരാ പാരാ നടക്കുന്ന സമയത്താണ് അതുവഴി ഗജകേസരിയായ കുട്ടികൊമ്പന്‍ കേശവന്റെ വരവ്. കേശവനാകട്ടെ ബന്ധുക്കളോടൊപ്പം ത്രിശ്ശൂര്‍ പൂരത്തിന് പോകുന്ന വഴിക്ക് കൂട്ടം തെറ്റി കൊടകരയിലെത്തിയതാണ്.


കേശവന്‍ അതീവ സുന്ദരിയായ സുന്ദരി കോഴിയെ ഓട്ടകണ്ണിട്ടു നോക്കി, കുമാരന്‍ ചാത്തനോട് ത്രിശ്ശൂര്‍ക്ക് പോവാനുള്ള വഴി ചോദിച്ചു. ഐ.ആര്‍.എട്ടിന്റെ നെല്‍മണിയുടെ ഗുണനിലവാരം പരിശോധിക്കുന്ന തിരക്കിലായിരുന്ന കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയോട് പറഞ്ഞു “നീയാ കൊമ്പനെ നാലരക്കുള്ള ത്രിശ്ശൂര്‍ക്ക് പോണ ആനവണ്ടിയില്‍ കേറ്റിയിരുത്തിയിട്ട് വാ, ആനവണ്ടി വരണ വരെ അവിടെ നിന്നോ, പാവം ഇനിയും വഴി തെറ്റണ്ട.” അങ്ങനെ സുന്ദരി കോഴിയും കേശവന്‍ കുട്ടിയും ആനവണ്ടി പിടിക്കാനായി യാത്രയായി.


യാത്രക്കിടക്ക് സുന്ദരികോഴിക്ക് കേശവന്റെ വീരശൂരപരാക്രമകഥകള്‍ കേട്ട് കേശവനോട് ഒരു ബഹുമാനം തോന്നുകയും, കേശവനാകട്ടെ സുന്ദരിയുടെ ഭംഗിയും മധുരമായ സംസാരവും കേട്ട് സുന്ദരിയോട് ഒരു ഇത് തോന്നുകയും ചെയ്തു. അപ്പോഴാണ് അതു സംഭവിച്ചത്. ഏതോ പെയിന്റ് കമ്പനിയുടെ പരസ്യത്തില്‍ കവി പാടിയ പോലെ “കാലം മാറി, കഥ മാറി, കാലാവസ്ഥ ആകെ മാറി”, പെട്ടെന്ന് മാനം കറുത്തു, നല്ല ഇടിവെട്ടും മഴയും തുടങ്ങി. മഴയില്‍ നിന്ന് രക്ഷപ്പെടാനായി, സുന്ദരിയും കേശവനും കൂടി ഓടി അടുത്തുള്ള ഒഴിഞ്ഞുകിടന്നിരുന്ന സ്കൂള്‍വരാന്തയിലേക്ക് കേറി നിന്നു. നനഞ്ഞുവിറച്ച സുന്ദരി കോഴി തന്റെ ദാവണി ഊരി പിഴിഞ്ഞു. പിന്നെ കുറച്ചുനേരത്തേക്ക് കേശവനും സുന്ദരിയും “ഒരു നോക്കു കാണാന്‍” സിനിമയിലെ മമ്മുട്ടിയും അംബികയുമായി മാറി, ജയനും ജയഭാരതിയുമായി മാറി.

നേരം ഇരുട്ടിയിട്ടും തന്റെ സുന്ദരിപെണ്ണിനെ കാണാതെ കുമാരന്‍ ചാത്തന്‍ വഴിയിലേക്ക് കണ്ണും നട്ടു നിന്നു. കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് കയറി വന്ന സുന്ദരിയോട് കുമാരന്‍ ചോദിച്ചു “എന്താ ഇത്ര വൈകിയെ വരാന്‍” അതിന് സുന്ദരി ഇങ്ങനെ മറുപടി പറഞ്ഞു “വന്ന് വന്ന് കൊടകരയിലിപ്പോ ദുബായീല്‍ത്തെക്കാളും ട്രാഫിക്ക് ജാമാ, അതിന്റിടക്ക് നശിച്ചൊരു മഴയും, പിന്നെങ്ങനെയാ നേരം വൈകാണ്ടിരിക്കാ”. ആ മറുപടി കേട്ട് കുമാരന്‍ നാവടക്കി ഒറങ്ങാന്‍ പോയി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഒരു 3 മാസം കഴിഞ്ഞപ്പോള്‍ സുന്ദരികോഴി ഐ.ആര്‍.എട്ടിന്റെ നെല്‍മണി കണ്ടാലും ഷര്‍ദ്ദിക്കാനും, ഓക്കാനിക്കാനും തുടങ്ങി. സന്തോഷവാനായ കുമാരന്‍ ചാത്തന്‍ പതിവിലും നേരത്തെ എണിറ്റ് “കൊക്കരക്കോ കൊക്കരക്കോ” എന്ന് എക്സിട്രാ കൂവലും കൂവി താനൊരു അപ്പനാകാന്‍ പോകുന്ന വിവരം സന്തോഷത്തോടെ ഗ്രാമത്തെ മുഴുവന്‍ അറിയിച്ചു. പിന്നെ കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയും ചേര്‍ന്ന് “ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം, അവളമ്മയെ പോലെയിരിക്കണം” എന്ന് ഡ്യുയറ്റ് ഗാനം ആലപിച്ചു. അങ്ങനെ 9 മാസങ്ങള്‍ കടന്നു പോയി.


അവസാനം ആ ശുഭ മുഹൂര്‍ത്തം വന്നെത്തി. സുന്ദരികോഴി ഒരു കുഞ്ഞിന് ജന്മം നല്‍കി. ചിന്നംവിളി പോലുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കുമാരന്‍ ചാത്തന്‍ ഒന്നു ഞെട്ടിയെങ്കിലും, തന്റെ കടിഞ്ഞൂല്‍ പുത്രനെ കാണാന്‍ സുന്ദരിയുടെ അടുത്തേക്ക് ഓടി വന്നു. കുഞ്ഞിനെ കണ്ടതും കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയെ നോക്കി ഇങ്ങനെ അലറി വിളിച്ചു.

Edi vanjakkiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii





“ഹരിക്രിഷ്ണന്‍സ്” സിനിമയിലെ പോലെ ഈ കഥക്കും ഒന്നില്‍ കൂടുതല്‍ ക്ലൈമാക്സ് ഉണ്ട്. വായനക്കാരുടെ മനോധര്‍മ്മം അനുസരിച്ച് ക്ലൈമാക്സ് തെരഞ്ഞെടുക്കാം.

1. കോപം മൂത്ത കുമാരന്‍ ചാത്തന്‍. സുന്ദരികോഴിയെ കൊന്ന് കെട്ടിതൂങ്ങി ആത്മ്ഹത്യ ചെയ്തു.
2. ലോലഹാര്‍ട്ടിനുടമയായ കുമാരന്‍ ചാത്തന്‍, സുന്ദരികോഴിയുടെ കരച്ചിലും ക്ഷമാപണ പ്രാര്‍ത്ഥനയിലും മനസ്സലിഞ്ഞ് സുന്ദരിക്ക് മാപ്പു കൊടുത്തു, ബാക്കിയുള്ള കാലം സുഖമായി ജീവിച്ചു.
3. കുമാരന്‍ ചാത്തന്‍ സുന്ദരി കോഴിയെയും കുഞ്ഞിനെയും കേശവന് ഏല്പിച്ചുകൊടുത്തു വനവാസത്തിനു പോയി.
4. കുമാരന്‍ ചാത്തന്‍ വേറേ പെണ്ണു കെട്ടി, ആ വിഷമം സഹിക്കാനാവാതെ സുന്ദരി കോഴി കുഞ്ഞിനെ അമ്മതൊട്ടിലിലുപേക്ഷിച്ച് സാറാമ്മചേട്ടത്തിയുടെ വീട്ടിലെ അതിഥികള്‍ക്കുള്ള വിഭവമായി.
5. ഈ ക്ലൈമാക്സുകളൊന്നും പിടിക്കാത്തവര്‍ സ്വന്തമായി എഴുതി ചേര്‍ക്കുക, എനിക്ക് പോയിട്ട് വേറെ പണിയുണ്ട്.

Friday, February 15, 2008

കുഞ്ഞുക്കള്‍ക്കിടാന് നല്ല ഓമനപേരുകള്

ജന്തു, അസത്ത്, പട്ടി, ശവി.

റെയില്‍വേ സ്റ്റേഷനിലും, ബസ്സ് സ്റ്റാന്റിലും സാധാരണ വിക്കാറുള്ള, കാശു കൂടുതലുള്ളവര്‍ കറന്റ് ബുക്ക്സ്റ്റാളിലും പോയി വേടിക്കുന്ന “കുഞ്ഞുക്കള്‍ക്കിടാന്‍ നല്ല ഓമനപേരുകള്‍“ എന്ന പുസ്തകത്തിലേക്ക് എന്റെ അമ്മച്ചിയുടെ വക സംഭാവനയാണ് മുകളില്‍ കൊടുത്തിരിക്കുന്ന നല്ല നാല് ഓമനപേരുകള്‍.

ഞങ്ങള്‍ നാലെണ്ണം പലപ്പോഴായി, മാറി മാറി ഈ പേരുകളില്‍ വീട്ടില്‍ അറിയപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് നാലു പേര്‍ക്കും പള്ളിയിലിട്ട പുണ്ണ്യാളത്തികളുടെ പേരില് ഒരു പേര്‍, സ്കൂളിലും സര്‍ട്ടിഫിക്കറ്റിലും ഒരു പേര് ഒക്കെ ഉള്ളപ്പോഴാണ് അതൊന്നും പോരാണ്ട് മുകളില്‍ കൊടുത്തിരിക്കുന്ന പേരുകളില്‍ അമ്മച്ചി വിളിച്ചിരുന്നത്.

ഇത്തിരി ശക്തിയില്‍ മഴ പെഴ്താല്‍ “ടീ കുഞ്ഞുമറിയേ ഇന്ന് കുട്ട്യോളെ സ്ക്കൂളില്‍ക്ക് വിടണ്ടടീ“ എന്നു പറയുന്ന ഞങ്ങടെ തങ്കപ്പെട്ട അമ്മാമയുടെ മകളായ അമ്മച്ചിയെ, ഞങ്ങളെ ഈ പേരുകള്‍ വിളിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അങ്ങനെ ഞാന്‍ ആ വിഷയത്തില്‍ ഒരു ഗവേഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. ഒടുവില് ഞാന്‍ ആ സത്യം കണ്ടുപിടിച്ചു. ഓരോരോ സന്ദര്‍ഭങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമാണ് അമ്മച്ചിയ്ക്കാ പേരുകള്‍ പ്രയോഗിക്കേണ്ടി വന്നത്. ഉദാഹരണത്തിന് ഒന്ന് രണ്ട് സന്ദര്‍ഭങ്ങള്‍ താഴെ പറയാം.

1. പരീക്ഷക്ക് ഞങ്ങളെ പഠിപ്പിച്ച് പഠിപ്പിച്ച്, അമ്മച്ചി പരീക്ഷ എഴുതാന്‍ പാകമായിട്ടും, ഞങ്ങള്‍ ഒന്നും തലേക്കേറാത്ത പോലെ (അമ്മച്ചിയെ പറ്റിക്കാനായി) അന്തം വിട്ട് നോക്കിയിരിക്കുന്നതാണ് സന്ദര്‍ഭം ഒന്ന്.

2. ഞങ്ങള്‍ നാലെണ്ണം കൂടി എപ്പോഴും കളിക്കുന്ന “തല്ലുകൂടല്‍ “ കളി കണ്ടും, കമന്ററി പറഞ്ഞും, അമ്മച്ചിയുടെ ക്ഷമ നെല്ലിപടിയും കടന്ന് കിലോമീറ്ററുകള്‍ നടന്ന് ക്ഷീണിക്കുന്നതാണ് രണ്ടാമത്തെ സന്ദര്‍ഭം.

3. പിന്നെ അമ്മച്ചി ഓരോ പണിക്ക് സഹായത്തിന് വിളിച്ചാല്‍ ഞങ്ങള്‍ നാലെണ്ണവും ചെവി കേക്കാത്തവരുടെ പോലെ ഇരിക്കുന്നതാണ്‍ മൂന്നാമത്തെ സന്ദര്‍ഭം.

4. ഉരുളക്കിഴങ്ങ് കൂട്ടാനിലിടാന്‍ വച്ച പുഴുങ്ങിയ മുട്ട ആവശ്യള്ള നേരത്ത് കാണാണ്ടാവുന്നതാണ് നാലാമത്തെ സന്ദര്‍ഭം.

5. മീന്‍ കൂട്ടാനിന്റെ അരപ്പിന്‍ വേണ്ടി ചെരകി വച്ചിരിക്കുന്ന തേങ്ങ, കുറഞ്ഞ് കുറഞ്ഞ് ഉപ്പേരിയില്‍ പോലും ഇടാന്‍ പറ്റാത്ത പരുവമാവുന്നതാണ് വേറൊരു സന്ദര്‍ഭം. സന്ദര്‍ഭങ്ങള്‍ക്ക് ഞങ്ങളായിട്ട് ഒരു പഞ്ഞവും വരുത്താതെ നോക്കാറുണ്ട്.

പിന്നെ ഇടക്കൊക്കെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് , ഞങ്ങടെ കയ്യിലിരുപ്പിന്റെ ക്വാളിറ്റി അനുസരിച്ച് ‘കൊരങ്ങ്, കുരുത്തം കെട്ടത്, ഇങ്ങനൊരു സാധനം, മൂശേട്ട” എന്നൊക്കെ ഒരു ചെയ്ഞ്ജിനു വേണ്ടി വിളിക്കാറുണ്ട്.

പിന്നീട് “തല്ലുകൂടല്‍ “ കളിയില്‍ കായികബലം കുറവായതിനാല്‍ എപ്പോഴും തോറ്റിരുന്ന എന്റെ മൂന്നാമത്തെ ചേച്ചി, തോറ്റതിന്റെ ദേഷ്യം തീര്‍ക്കാന്‍, എന്നെ ഈ നാലു പേരും കൂടി ഒരുമിച്ച് വിളിച്ച് ആത്മസന്തോഷമടയാറുണ്ട്.

മുകളില്‍ പറഞ്ഞ പേരുകളെല്ലാം പെണ്‍കുട്ടികള്‍ക്കാണ് കൂടൂതല്‍ മാച്ച് ചെയ്യുക. ആണ്‍കുട്ടികള്‍ക്കു വേണ്ടി അടുത്ത വീട്ടിലെ ചേച്ചിയുടെ സംഭാവനയായ ഒരു പേര് പറയാം. ആദ്യത്തെ അക്ഷരം “തെ” അവസാനത്തെ അക്ഷരം “ണ്ടി”, നടുക്ക് അക്ഷരമൊന്നുമില്ല. രണ്ടും കൂട്ടി വായിച്ചാല്‍ നല്ലൊരു പേര് കിട്ടും.

അയ്യേ എല്ലാരേം പറ്റിച്ചേ! ഞാനിതൊക്കെ വെറുതെ തമാശക്ക് പറഞ്ഞതാ. ഞങ്ങള്‍ നല്ല ഡീസന്റ് കുട്ടികളല്ലേ, ഞങ്ങടെ അമ്മച്ചി ഞങ്ങളെ ഈ പേരുകളൊക്കെ അങ്ങനെ വിളിക്ക്യോ, ഇല്ല്യാ.

വാല്‍ക്കഷണം – ഞാന്‍ പണ്ടത്തെ കുറച്ച് നല്ല പേരുകള്‍ സജസ്റ്റ് ചെയ്തുവെന്നേയുള്ളൂ. കാലം മാറി, കാലത്തിനനുസരിച്ച് മോഡേണായി മാറൂ, പുതിയ പേരുകള്‍ കണ്ടെത്തൂ. അല്ലെങ്കില്‍ പട്ടിയും, കൊരങ്ങുമൊക്കെ അവരുടെ പേര് നമ്മള്‍ മിസ്-യൂസ് ചെയ്തെന്ന് പറഞ്ഞ് മാനനഷ്ട്ടത്തിന് കേസ് കൊടുക്കും. പറഞ്ഞില്ലാന്ന് വേണ്ടാ.

Monday, February 11, 2008

ഇന്ന് രൊക്കം നാളെ കടം

FREE - ഏഴ് ഉപദേശങ്ങള്‍ അഥവാ ഏഴ് കൂദാശകള്‍

മുന്നറിയിപ്പ് – താഴെ കൊടുത്തിരിക്കുന്ന ഉപദേശങ്ങള്‍ തികച്ചും ഫ്രീ ആയതിനാല്‍ അവക്കൊന്നും തന്നെ ഗാരന്റിയോ വാറന്റിയോ ഇല്ല. നോ എക്സ്ചേജ്, നോ മണി ബാക്ക് ഗാരന്റി, നോ മെക്കട്ട് കേറല്‍, സ്വന്തം റിസ്ക്കില്‍ മാത്രം ഉപയോഗിക്കുക.

ഒന്ന് – ആദ്യത്തെ ഉപദേശം ദിനം പ്രതി ബോസിന്റെ കയ്യില്‍ നിന്ന് ബോണസ്സ് വാങ്ങി മാ‍നസ്സിക സമ്മര്‍ദ്ദം അഥവാ സംഘര്‍ഷം അനുഭവിക്കുന്ന വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്ന മലയാളി സുഹ്രുത്തുക്കള്‍ക്കു വേണ്ടിയാണ്.

{നിഘണ്ടു – ബോണസ്സ് എന്നു പറഞ്ഞാല്‍ ബോസിന്റെ വായില്‍ നിന്ന് നിങ്ങള്‍ക്കു കേള്‍ക്കേണ്ടി വരുന്ന പച്ച ചോപ്പ (ഒരു ചെയ്ഞ്ജായിക്കോട്ടെ) തെറി അഥവാ ചീത്ത}

ബോണസ്സ് വാങ്ങി ബോസിന്റെ കാബിനില്‍ നിന്ന് പുറത്തു കടന്ന ഉടനെ ഇരു കണ്ണുകളുമടച്ച് ബോസിനെ മനസ്സില്‍ ധ്യാനിച്ച് “പോടാ പട്ടി“ എന്ന് ഉച്ചത്തില്‍ മനസ്സില്‍ പറയുക, ബോണസ്സ് കിട്ടിയതിന്റെ അളവനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം വിളിക്കാം (അതില്‍ കൂടുതല്‍ വിളിക്കാന്‍ ഞാന്‍ പറയില്ല). ഇത് പറഞ്ഞ് കഴിഞ്ഞാല്‍ മാ‍നസ്സിക സമ്മര്‍ദ്ദം ഠപേന്ന് പറഞ്ഞ് സുനാമി തിരകള്‍ വന്ന് കൊണ്ടു പോകും . പിന്നെ ഏതോ ഒരു സിനിമയില്‍ മോഹന്‍ലാല്‍ “ഓരോരുത്തരുടെ തന്തക്ക് വിളിക്കുംബൊ എന്തു സുഖമാണു” എന്നു പറഞ്ഞ പോലെ ഒരു പ്രത്യേക സുഖം കിട്ടും. ഇനി മറുഭാഷ വേണമെന്നുള്ളവര് ഗോടാ കുത്തെ എന്നും വിളിക്കാം, അതിന് പക്ഷേ മാത്രുഭാഷ ഉപയോഗിക്കുംബോളത്തെ സുഖം കിട്ടില്ല.

പ്രത്യേക ശ്രന്ധക്ക് – മനസ്സില്‍ പറയാന്‍ പറഞ്ഞത് ഉറക്കെ പറഞ്ഞ് ബോസ് കേക്കാനിട വന്നാല്‍ ജോലി പോകാന്‍ ചാന്‍സുണ്ട്, അതിന് ഞാന്‍ ഉത്തരവാദിയല്ല.

രണ്ട് – ഓഫീസില്‍ സ്ഥിരമായി നമുക്കിട്ട് പാര പണിയുന്നവര്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണ് ഈ ഉപദേശം. ബോസ്സിന്റെ മൂഡ് “ഔട്ട് ഓഫ് ഓര്‍ഡര്‍‌“ ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പാരസുഹ്രുത്തിനെ “ബോസ്സ് നിന്നെ വിളിക്ക്ണ്ട്രാ” എന്ന് പറഞ്ഞ് ബോസ്സിന്റെ അടുക്കലേക്ക് വിടുക (ബാക്കി കാര്യം അങ്ങേര് ചെയ്തോളും). തിരിച്ചു പുറത്തിറങ്ങിയ പാരസുഹ്രുത്തിന്റെ മുഖം നോക്കി നല്ലോണം ബോണസ്സ് കിട്ടി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അടുത്ത വണ്ടിക്ക് സ്ഥലം കാലിയാക്കുക.

പ്രത്യേക ശ്രന്ധക്ക് – കുറച്ച് നാള്‍ ബോസ്സിന്റെയും പാരസുഹ്രുത്തിന്റെയും കണ്ണില് പെടാതെ ദേശാടനത്തിനു പോകുക.

മൂന്ന് – ഫുട് ബോള്‍ കളിക്കാന്‍ മാത്രം സ്ഥലം ഉണ്ടെന്ന് കേരളത്തിന്റെ സ്വന്തം കിളികള്‍ പറയുന്ന തിരക്കുള്ള നമ്മുടെ നാട്ടിലെ ബസ്സിലും, ഫ്രന്റ് ഡോറീന്ന് ഒരാള്‍ കേറിയാല്‍ ബാക്ക് ഡോറീന്ന് സിക്സ്റടിച്ച പോലെ ഔട്ടാകുന്ന്ത്ര തിരക്കുള്ള ഞങ്ങടെ ബോംബെയിലെ ലോക്കല്‍ ട്രെയിനിലും യാത്ര ചെയ്യുംബൊള്‍ ഇറങ്ങേണ്ട സ്ഥലമായിട്ടും ഇറങ്ങാന്‍ പറ്റാതെ നിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ ഉപദേശം.

ആദ്യം മുന്നില്‍ നില്‍ക്കുന്നവരോടു “അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം ഇത്തിരി സ്ഥലം തരുമോയെന്ന്“ മര്യാദക്ക് ചോദിച്ചു നോക്കുക, തന്നില്ലെങ്കില്‍ ഇറങ്ങേണ്ട സ്ഥലത്തിന് 5-10 മിനിട്ട് മുന്‍പ് ഷര്‍ദ്ദിക്കാന്‍ വരണ ആക്ഷന്‍ കാണിക്കുക. ബുള്‍ഡോസര്‍ വന്ന് തോണ്ടിയാലും, റോഡ് റോളറ് വന്ന് മുട്ടിയാലും, മാനം മര്യാദക്ക് റിക്വസ്റ്റ് ചെയ്താലും കുലുക്കമില്ലാതെ നിന്ന കക്ഷികള്‍ നിങ്ങളെ പുഷ്പം പോലെ വാതിലിന്റെ അടുത്തെത്തിക്കും. നിങ്ങളുടെ അഭിനയത്തിന്റെ ഒറിജിനാലിറ്റി അനുസരിച്ചിരിക്കും ഈ പരിപാടിയുടെ വിജയം. അഭിനയം കുളമായാല്‍ അവര് ഒരു വലിയ പ്ലാസ്റ്റിക്ക് കവര്‍ തന്നിട്ട് അതിലേക്ക് ഇഷ്ടം പോലെ ഷര്‍ദ്ദിച്ചോളൂ മകനെ എന്ന് പറയും, പിന്നെ എന്നെ കുറ്റം പറയരുത്.

പ്രത്യേക ശ്രന്ധക്ക് – ബസ്സ് സ്റ്റോപ്പില്‍ ഇറങ്ങിയതിന് ശേഷം നമ്മള്‍ ഷര്‍ദ്ദിക്കുന്നതും കാത്തിരിക്കുന്ന ബസ്സിലെ ആള്‍ക്കാരെ നിരാശരാക്കാതെ, ഷര്‍ദ്ദിച്ചില്ലെങ്കിലും റോഡിലേക്ക് നീട്ടി തുപ്പിയതിനു ശേഷം കൂളായി നടന്ന് പോകുക, അവര് വെറുതെ വിടുകയാണെങ്കില്‍.

നാല് – റെയില് വേസ്റ്റേഷനിലും സിനിമാതിയറ്ററിലും ടിക്കറ്റെടുക്കാന്‍ 5-6 വരികള്‍ കാണുംബോ ഏത് വരിയാ ചെറുത്, ഏത് ക്യുവിലാ നിക്കണ്ടെ എന്ന് കണ്‍ഫ്യുഷനുള്ളവര്‍ക്കു വേണ്ടിയാണ്‍ ഈ ഉപദേശം.

വരിയുടെ അടുത്ത് ചെന്ന് നിന്ന് ഓരോ വരിയിലും എത്ര ആളുകളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക, അന്ന്ട്ട് ഏത് വരിയിലാണോ ആള്‍ കുറവ് ആ ക്യുവിലങ്ങട് കേറി നില്‍ക്കാ, ബാക്കിയൊക്കെ നിങ്ങളുടെ ഭാഗ്യം പോലെയിരിക്കും.

പ്രത്യേക ശ്രന്ധക്ക് - കണക്കില്‍ വീക്കായവര്‍ എണ്ണം തിട്ടപ്പെടുത്തി വരുംബൊളേക്കും മാറ്റിനിക്കു പകരം ഫസ്റ്റ് ഷോ കണ്ട് സന്തോഷമായി മടങ്ങാം, പറഞ്ഞില്ലാന്നു വേണ്ട .

അഞ്ച് – അമ്മായിയമ്മ പോര് അനുഭവിക്കുന്ന മരുമക്കള്‍ക്കുവേണ്ടിയുള്ള്താണ് ഈ ഉപദേശം. രണ്ടു കയ്യും കൂട്ടിയടിച്ചാലല്ലെ ശബ്ദ്മുണ്ടാകുള്ളൂ എന്ന ബനാനചൊല്ലും കേട്ട് അമ്മായിയമ്മ പോര് സഹിച്ചു മിണ്ടാതെ കഴിയുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ് (ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ പോലെ). ഇത്തിരി മോഡേണാകണമെന്നുള്ളവര്‍ ഉണ്ണിയാര്‍ച്ചയെ പോലെ അരയും തലയും മുറുക്കി അങ്കത്തിനിറങ്ങുക.

പ്രത്യേക ശ്രന്ധക്ക് - ഒന്നുകില്‍ ആശാന്റെ നെഞ്ച്ത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത്. സൂക്ഷിച്ചു വേണം കളി, എനിക്കിതില്‍ യാതൊരു പങ്കുമില്ല.

ആറ് – മരുമകള്‍ പോര് അനുഭവിക്കുന്ന അമ്മായിയമ്മക്ക് വേണ്ടിയുള്ളതാണ് ഈ ഉപദേശം. ഒന്നല്ലെങ്കില്‍ മരുമകള്‍ എവടം വരെ പോകുമെന്ന് കാണണമല്ലോ എന്ന് വിചാരിച്ച് മിണ്ടാതിരിക്കുക, അല്ലെങ്കില്‍ അവള്‍ക്കും വരുമല്ലോ ഒരു മരുമകള്‍ അപ്പൊ അവള്‍ ശരിക്ക് അനുഭവിച്ചോളും എന്ന് കരുതി എല്ലാം സഹിച്ച് കഴിയുക.

പ്രത്യേക ശ്രന്ധക്ക് - ഞാന്‍ അമ്മായിയമ്മ ആകുന്ന കാലത്ത് ഈ ഉപദേശം തിരുത്തിയെഴുതപ്പെടും. വല്ലോര്‍ക്കും വിരോധമുണ്ടെങ്കില്‍ ഇപ്പൊ തന്നെ പറഞ്ഞോണം, മോഡിഫിക്കേഷന്‍ വരുത്താവുന്നതാണ്.

ഏഴ് – ഉപദേശത്തിനെ പറ്റിയാണ് ഈ ഉപദേശം. ഉപദേശിക്കാനൊക്കെ നല്ല എളുപ്പമാണ് മക്കളെ. ഇത് നിങ്ങളുടെ ജീവിതമാണ്, അത് നിങ്ങള്‍ക്ക് തോന്നിയ പോലെ ജീവിക്കണം. വെറുതെ എന്റെ ഉപദേശം കേട്ട് നിങ്ങളുടെ ജീവിതം കുട്ടിച്ചോറും കട്ടപുകയും ആക്കി തീര്‍ക്കരുത്.

പ്രത്യേക ശ്രന്ധക്ക് - മുന്നറിയിപ്പ് ഒന്ന് കൂടി വായിച്ചിട്ട് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ഞാന്‍ പറയാനുള്ളത് പറഞ്ഞു, ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ട്ടം പോലെ.

വാല്‍ക്കഷണം - ഉപദേശം ഇനിയും ഇഷ്ട്ടം പോലെ (ഉളളി കേറ്റിയ ലോറി മറിഞ്ഞ പോലെ) സ്റ്റോക്കുണ്ട്. അത്യാവശ്യകാര്‍ക്ക് ആവശ്യത്തിനനുസരിച്ച് നല്‍കുന്നതായിരിക്കും. മുകളില്‍ പറഞ്ഞവയില്‍ ചിലതെല്ലാം ഞാന്‍ പരീക്ഷിച്ച് വിജയവും (1&2) ചിലതെല്ലാം വിജയത്തിന്റെ ചവിട്ടുപടിയും (3&5) രുചിച്ചറിഞ്ഞവയാണ്.

Saturday, February 9, 2008

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

എന്റെ കീബോര്‍ഡിന് നല്ല സുഖമില്ല സ്റ്റൊമക്ക് അപ്സെറ്റാ (മലയാളത്തില്‍ വയറിളക്കമെന്നും പറയും) ചിലപ്പോ സംഗതികള്‍ ക്ലിയറായി വരുകയില്ല ക്ഷമിക്കണെ.

ഞാനൊരു പാവം അല്ഫോന്‍സക്കുട്ടി. അല്ഫോന്‍സ പള്ളീലിട്ട പേരാണെ, പാവം പള്ളീലച്ചന് മാമ്മോദീസ മുക്കുംബൊ വിളിക്കാനൊരു പേര്. ആ പേരിലെന്നെ വേറേ ആരും വിളിച്ചിട്ടില്ല. വെറുതെ ഒരു പേര് വേസ്റ്റായി. കുഞ്ഞിക്കുനന്‍ സിനിമയില്‍ ദിലീപിന് വിമല്‍കുമാര്‍ എന്ന് പേരുള്ള പോലെ എനിക്കുമൊണ്ടൊരു അസ്സല്‍ പേര്‍.

ഞാനെ അപ്പനും അമ്മക്കും ആകപ്പാടെയുളള നാലാമത്തെ മോളാണ്. എനിക്കു മീതെ വേറേ മൂന്നെണ്ണമുണ്ട് മക്കള്‍, ട്ടോട്ടല്‍ നാല് പെണ്ണുങ്ങള്‍, മൊത്തത്തില്‍ നാല് മലയാളി മങ്കമാര്‍, ഞങ്ങളുടെ ഭംഗി കണ്ട് അസൂയ ഉള്ളവര് മലയാളി മങ്കിയെന്നും പറയും. ഞങ്ങളു താഴത്തെ മൂന്നെണ്ണം, ഞങ്ങടെ പാര‍ന്റ്സിന്റെ‍ ഒരു ആണ്‍ക്കുട്ടിയുണ്ടാവാനുള്ള പൂതി കൊണ്ട് പറ്റി പോയതാണ്. തോല്‍വി വിജയത്തിന്റെ ചവിട്ടുപടി എന്നാണല്ലോ. എന്തായാലും എന്റെ തല കണ്ടതോടെ രണ്ടാളും തോല്‍വി സമ്മതിച്ച് കീഴടങ്ങി.

ഇനി ഞങ്ങളുടെ അപ്പനെ പരിചയപ്പെടുത്താം. പാല്‍ പോലത്തെ മനസ്സിന്റെ ഉടമയാണ് ഞങ്ങളുടെ ഫാദറ്, അത് ചിലപ്പോഴോക്കെ പാലില്ലാത്ത കട്ടഞ്ച്ചായ പോലെയാവുമെന്ന് ഞങ്ങള്‍ വീട്ടുക്കാര്‍ക്കു മാത്രമറിയാവുന്ന രഹസ്യമാണ്. എന്തു കാര്യം പറഞ്ഞാലും ഇത്തിരി വെള്ളം ചേര്‍ത്തു പറയണമെന്നുള്ള്ത് ആളുടെ ഒരു പോളിസിയാണ്‍. ഞങ്ങളുടെ ഫാദറായതുകൊണ്ട് പറയുകയല്ലാ ഇതുപോലൊരു പരോപകാരി അയല്പക്കമായി കിട്ടാന്‍ നിങ്ങളൊക്കെ പുണ്യം ചെയ്യണം. ഞങ്ങളുടെ കയ്യോ കാലോ വളരുന്നതെന്നു നോക്കി മടുത്തിട്ടാകണം പുള്ളി ഞങ്ങള്‍ വളരുംബൊ വളരട്ടെ, അപ്പോ ഞങ്ങളെ കെട്ടിക്കാനായി സ്ത്രീധനമുണ്ടാക്കാനായി വിദേശത്തേക്കു മുങ്ങി.

ഇനി ഞങ്ങളുടെ അമ്മച്ചി, വായില്‍ കയ്യിട്ടാല്‍ പോലും കടിക്കാത്തവള് കൊച്ചുമറിയം, ചക്കരകുടത്തില്‍ കയ്യിട്ടാല്‍ പോലും നക്കി നോക്കാത്തവള്‍ കൊച്ചുമറിയം ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ നാട്ടുകാര്‍ അമ്മച്ചിക്ക് കൊടുത്തിട്ടുള്ള വിശേഷണങ്ങള്, ഇനി എന്തൊക്കെ പാടി നടക്കുന്നുണ്ട് പാണന്മാര്‍ നിങ്ങളുടെ നാട്ടില്‍ അമ്മച്ചിയെ പറ്റി. ഒന്നുമല്ലെങ്കില്‍ പാകത്തിനുള്ള രൂപക്കുട് കിട്ടിയിരുന്നെങ്കില്‍ കേറ്റിയിരുത്താന്‍ പറ്റിയ കക്ഷിയായിരുന്ന ഞങ്ങളുടെ അമ്മാമ്മയുടെ മോളല്ലെ അമ്മച്ചി, വിത്തുഗുണം പത്തു ഗുണം.

ഇനി ബാക്കി ഫാമിലി മെംബേഴ്സിനെ ഇത് വായിക്കാനാളുണ്ടെങ്കില്‍ അടുത്ത പോസ്റ്റില്‍ പരിചയപ്പെടുത്താം, അവരല്ലെ ശരിക്കുള്ള മൊതലുകള്, ഒരു നാടിന്റെ മുഴുവനഭിമാനഭാജനങ്ങള്‍.