Thursday, March 6, 2008

പൂളതാങ്ങികളുടെ നാട്

പൂളതാങ്ങികളുടെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്ന സുന്ദരമായ ഗ്രാമത്തിലാണ് ഞാനെന്റെ ബാല്യത്തിന്റെ അവസാനനാളുകളില്‍ താമസത്തിനെത്തുന്നത് (എന്റെ ബാല്യക്കാലം എന്നു പറഞ്ഞാല്‍ ‘കപീഷിനെയും, മായാവിയെയും, ശിക്കാരിശംഭുവിനെയും, ബേക്കറി പലഹാരങ്ങളെയും വളരെ സിന്‍സിയറായി അന്തം വിട്ട് സ്നേഹിച്ചിരുന്ന കാലം, പഠിക്കാനിരിക്കുന്നതിനു മുമ്പ് “ഈശോ മറിയം ഔസേപ്പേ, ചെറുപ്പത്തിലെന്നെ കെട്ടിക്കണെ, പഠിക്കാണ്ട് കഴിഞ്ഞല്ലോ കര്‍ത്താ‍വേ” എന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചിരുന്ന കാലം, ഐസ്പ്രൂട്ട് കാരന്റെ വണ്ടിയുടെ ‘പോം പോം‘ ഹോണടി കേട്ടാല്‍ 2-3 പത്തുപൈസയും പിടിച്ച് വെട്ടോഴിയില്‍ ഇറങ്ങി നിക്കണ കാലം).

ആ നാട്ടില്‍ കുറേ പൂളമരങ്ങളും അതിനിടക്ക് കുറച്ചു മനുഷ്യരുമാണ് ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നത്. അവിടത്തെ ആള്‍ക്കാരുടെ പ്രധാന ഹോബി പൂളമരം വെട്ടലായിരുന്നു, കുറച്ചാള്‍ക്കാര് പൂളമരം വെട്ടാനും ബാക്കിയുള്ളവര് പൂളമരം താങ്ങാനും. പൂളമരം വീഴാന്‍ പോണ ഉദ്ദേശസ്ഥലം കണക്കാക്കീ, താങ്ങാനുള്ളവര് അവിടെ വന്ന് ഷോള്‍ഡറൊക്കെ കറക്റ്റ് പൊസീഷനില്‍ സെറ്റ് ചെയ്ത് നില്‍ക്കും, ‘സാധനം‘ താങ്ങാത്തതിന്റെ പേരില്‍ താഴെ വീണ് പൂളയൊക്കെ കേടായാലോന്ന് വിചാരിച്ച്. ആപ്പിളിന് പകരം പൂളമരം തലയില്‍ വീണത് കാരണം ഐസക് ന്യൂട്ടനാവണ്ട ആള്‍ക്കാര്‍ ന്യൂട്ടനാവുന്നതിന് പകരം ആറടി മണ്ണിന്റെ അവകാശികളായി.

പിന്നെ ആ നാട്ടിനെ പറ്റി പ്രചാരത്തിലുള്ള മറ്റൊരു കഥ, കിണറ്റില്‍ ഉപ്പുമാങ്ങ ഇട്ടതിനെ പറ്റിയാണ്. ഏതോ ഒരു പരോപകാരി വിദ്വാന്‍ കിണറ്റില്‍ 10-20 ചാക്ക് മാങ്ങയും, മാങ്ങയില്‍ ഉപ്പ് പിടിക്കാനായി 20-30 ചാക്ക് ഉപ്പും കിണറ്റിലിട്ടത്രേ. നാട്ടുകാര്‍ക്ക് ഉപ്പുമാങ്ങ തിന്നാന്‍ തോന്നുമ്പോഴൊക്കെ കയറും പാളയുമുപയോഗിച്ച് ഉപ്പുമാങ്ങ കോരി തിന്നാം. വാട്ട് ഏന്‍ ഐഡിയാ. ഇനിയും കുറേ കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും, സാങ്കേതികകാരണങ്ങളാലും, അടി പാഴ്സലായി വരുമെന്നുറപ്പുള്ളതുകൊണ്ടും ബാക്കി കഥകള്‍ പറയണില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ആ ഇടവകയിലേക്ക് ട്രാന്‍സ്ഫറായി വന്ന വികാരിയച്ചന്‍ ഈ നാടിന്റെ മുഖച്ചാ‍യ മാറ്റിയെടുക്കുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തത്. അതിന്റെ ഭാഗമായി അദ്ദേഹം നാനാസ്ഥലങ്ങളില്‍ പോയി നാനാജാതിമതസ്ഥരുടെ കയ്യില്‍ നിന്ന് കാശ്ശ് പിരിച്ച് ആ നാട്ടിലൊരു വലിയ പള്ളി സ്ഥാപിച്ചു. സാധാരണ പള്ളിയൊന്നുമല്ലാ, ഒരു കപ്പല്‍ പള്ളി. പുറത്തു നിന്നു നോക്കിയാല്‍ അതിവിശാലമായ ഒരു കപ്പല്‍, അകത്തു കേറിയാല്‍ അത്രക്കൊന്നും വിശാലമല്ലാത്ത ഒരു പള്ളി വിത്ത് ബാല്‍ക്കണി വിത്ത് അണ്ടര്‍ഗ്രൌണ്ട് സിമസ്ത്തേരി. കപ്പലല്ലെ, ചുറ്റും വെള്ളമില്ലാണ്ട് കപ്പലിന് എന്ത് ഗെറ്റപ്പ്, അതുകൊണ്ട് പള്ളിക്ക് നാല് ചുറ്റും വെള്ളവും, വെള്ളത്തിലപ്പിടി മീനും. അങ്ങനെ സംഗതി അച്ചന്‍ വിചാരിച്ചതിനെക്കാളും ഗംഭീരമായി. പള്ളി കാണാനായി വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ടൂറിസ്റ്റ് ബസുകളില്‍ വരവായി. അങ്ങനെ പൂളതാങ്ങികളുടെ നാട്, കപ്പല് പള്ളി സ്റ്റോപ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

പക്ഷേ പ്രശ്നങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. പള്ളി കാണാന്‍ വണ്ടി നിറച്ച് ആള്‍ക്കാര്‍ വരുമെങ്കിലും, അച്ചന്റെ കുര്‍ബാന കാണാന്‍ പള്ളിയില്‍ നാലും അഞ്ജും ഒമ്പത് ആള്‍ക്കാര്‍ മാത്രം. അതിനാല്‍ അച്ചന്‍ ആ നാട്ടിലേക്ക് കുറച്ച് നല്ല ക്രിസ്ത്യാനി കുടുംബങ്ങളെ കൂടി ഇറക്കുമതി ചെയ്യാനായി പ്ലാനിട്ടു. അതിന്റെ മുന്നോടിയായി അച്ചന്‍ പള്ളിക്ക് കുറച്ച് പിന്നിലായി കുറേ സ്ഥലം വേടിക്കുകയും അവിടെ ‘നല്ല നല്ല’ ടെറസ് വീടുകള്‍ പണിയുകയും, വീട് നല്ല പരിഷ്ക്കാരി ക്രിസ്ത്യാനികള്‍ക്ക് മാത്രമേ വിക്കുവാന്‍ പാടുള്ളെന്ന് തീരുമാനിക്കുകയും ചെയ്തു.

ഏതാണ്ട് അതേ സമയത്താണ് എന്റെ പാരന്റ്സിന് “സ്വന്തമായി ഒരു ടെറസ് വീട്” എന്ന ആശയം തലയിലുദിക്കുന്നത്. അങ്ങനെയാണ് “അച്ചന്‍ പണിയിച്ച വീടല്ലേ ഉറപ്പും കൂടും, ക്രിസ്ത്യാനിയായതിന്റെ പേരില്‍ വിലയിലിത്തിരി ഡിസ്ക്കൌണ്ടും കിട്ടും” എന്ന് എന്റെ ശുന്ധഗതിക്കാരിയായ അമ്മച്ചി വിചാരിച്ചതും, ആ വീടുകളിലൊരെണ്ണം വേടിച്ചതും. അങ്ങനെ ഞങ്ങള്‍ ത്രിശ്ശൂരിലെ നഗരപട്ടണത്തിലുള്ള ഓട് വീട്ടില് നിന്നും പൂളതാങ്ങികളുടെ നാട്ടിലുള്ള “പിന്നിലുള്ള ഓട് മറച്ച് കൊണ്ട്, മുമ്പിലെ ടെറസിന് മാത്രം ലുക്ക് കിട്ടുന്ന ടൈപ്പില് പണിത” ടെറസ് വീട്ടില്‍ താമസിക്കാനെത്തുന്നത്. (ദോഷം പറയരുതല്ലോ, ആ വീടുകളില്‍ താമസിക്കുന്നവര് എന്നെന്നും അച്ചനെ “സ്നേഹത്തോടെ” ഓര്‍മ്മിക്കും, അത്രക്ക് ഉറപ്പായിരുന്നു ആ വീടുകള്‍ക്ക് – ഏറ്റവും കുറച്ച് മെറ്റലും, ഇഷ്ടികയും, കമ്പിയും, സിമന്റും ഉപയോഗിച്ചുള്ള പുതിയ അതിനൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച വീടുകള്‍). ഞങ്ങളുടെ മുന്‍ഗാമികളായും പിന്‍ഗാമികളായും 15ഓളം ക്രിസ്ത്യാനി കുടുംബങ്ങള്‍ ആ കോളനിയില്‍ താമസത്തിനെത്തി.

അങ്ങനെ അച്ചന്റെ കുര്‍ബാന കാണാനുള്ള ആള്‍ക്കാരും റെഡിയായി. അച്ചന്റെ പാട്ടുകുര്‍ബാനയും പ്രസംഗവും കേട്ട് ബോറടിക്കുന്നവര്‍, കപ്പല്‍പള്ളിക്കു ചുറ്റുമുള്ള വെള്ളത്തിലെ മീനിന്റെ ഭംഗി ആസ്വദിച്ചിരിക്കുകയും, കുട്ടികള്‍ പള്ളിക്ക് പുറത്ത് ആള്‍ക്കാര്‍ ഊരി വച്ചിരിക്കുന്ന ചെരിപ്പെടുത്ത് വെള്ളത്തിലിട്ട് മീനിന്‍ ചെരിപ്പ് തിന്നാനുള്ള കഴിവുണ്ടോയെന്ന് പരീക്ഷിക്കുകയും, കുര്‍ബാ‍നക്ക് നേരം വൈകി വന്നവര്‍ നേരെ പള്ളിയുടെ ബാല്‍ക്കണിയിലോട്ട് കേറി പോകുകയും “ഈ അച്ചനെന്തിനാ ഞാനെത്തുന്നതിന് മുമ്പ് കുര്‍ബാന ചൊല്ലാന്‍ തുടങ്ങിയത്, നേരത്തെ വരാന്‍ ഇവിടെയെന്താ സിനിമയാണോ നടക്കണെ, എന്നും ഈ സെയിം പല്ലവി തന്നെയല്ലേ ചൊല്ലണെ“ എന്ന് മനസ്സില്‍ ചിന്തിച്ച് അച്ചനെയും മുമ്പ് വന്നവരെയും തുറിച്ച് നോക്കുകയും ചെയ്തു. അക്കാലത്ത് കുര്‍ബാന കഴിഞ്ഞാലത്തെ പ്രധാന വിനോദം ചൂണ്ടയിട്ട്, കുട്ടികള്‍ വെള്ളത്തിലെറിഞ്ഞ സ്വന്തം ചെരിപ്പിന്റെ ബെറ്റര്‍ ഹാഫിനെ തൂക്കിയെടുക്കലായിരുന്നു. ഒരിക്കല്‍ മുങ്ങിതപ്പിയിട്ടും ബെറ്റര്‍ ഹാഫിനെ കണ്ടുകിട്ടാത്ത ഒരു ചേട്ടത്തി ക്ഷമ നശിച്ച് “കര്‍ത്താവേ ഇങ്കട് നോക്കല്ലേട്ടാ” എന്ന് റിക്വസ്റ്റ് ചെയ്ത്, തനിക്ക് ചേരുന്ന ഒരു ജോഡി നവദമ്പതി ചെരുപ്പുകളിട്ട് ഒളിച്ചോടി. ആ ദുരന്തത്തിനു ശേഷമാണ് എന്റെ അമ്മച്ചി പള്ളിയിലേക്ക് നല്ല നല്ല പട്ടുസാരിയോടൊപ്പം, പറമ്പിലിട്ട് നടക്കണ ചെരിപ്പിട്ട് പള്ളിയിലേക്ക് പോകാന്‍ തുടങ്ങിയത്. (ചെരിപ്പ് മോഷണത്തില്‍ സ്പെഷലൈസ് ചെയ്തവര്‍ വരെ ആ ചെരിപ്പ് കണ്ടാല്‍ പാവം തോന്നി അതിന്റെ ഉടമസ്ഥയെ തപ്പിപിടിച്ച് പുതിയ ചെരിപ്പ് വേടിച്ച് കൊടുത്തിട്ട് പോകും)

അങ്ങനെ അച്ചന്‍ ആഗ്രഹിച്ചപോലെ പച്ചപരിഷ്ക്കാരി ക്രിസ്ത്യാനികളായ ഞങ്ങള്‍ ആ നാട്ടില്‍ മാറ്റത്തിന്റെ ഒരു ഹരിതവിപ്ലവം തന്നെ സ്രുഷ്ടിച്ചു, മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ ആ നാട്ടില്‍ എങ്ങും ആഞ്ഞടിച്ചു.

മാറ്റത്തിന്റെ കഥകള്‍ പറയാന്‍ നിന്നാല്‍ ഒരു പാട് എഴുതണ്ടി വരും. ഇപ്പോഴത്തെ ബ്ലോഗിലെ ഒരു ട്രെന്ഡനുസരിച്ച്, ബ്ലോഗ് റീഡേഴ്സിന്റെ മനശാസ്ത്രം വായിച്ച്, ഞാന്‍ കണ്ടു പിടിച്ചത് പോസ്റ്റിന്റെ നീളം കൂടുന്നതനുസരിച്ച് വായനക്കാരു പകുതിക്ക് വച്ച് വായന നിര്‍ത്തി പോകുമെന്നാണ്, എനിക്കാണെങ്കില്‍ ഞാനെഴുതുന്നതൊക്കെ നാലാള്‍ക്കാര് വായിക്കണമെന്ന് ഒരു അത്യാഗ്രഹവും ദുരാഗ്രഹവും, അതുകൊണ്ട് ഞാന്‍ ഇതിവിടെ വച്ച് നിറുത്തുന്നു. നന്ദി, നമസ്ക്കാരം. (ഞാനാര് ബ്രിജ് വിഹാരം ജി.മനു മാഷോ NH47ന്റെ നീളത്തിലുള്ള പോസ്റ്റിട്ടാലും ആള്‍ക്കാര് കുത്തിയിരുന്ന് വായിക്കാന്‍)

വാല്‍ക്കഷണം – മാറ്റങ്ങള്‍ കാണാന്‍ അച്ചനെ ആ നാട്ടുകാര്‍ സമ്മതിച്ചില്ല. കപ്പല്‍ പള്ളിയുടെയും, ഞഞ്ഞളുടെ വീടുകളുടെയും, പണി കഴിഞ്ഞപ്പോഴേക്കും, അച്ചനും അച്ചന്റെ അകന്ന ബന്ധത്തില്‍ പെട്ടവരും വരെ വലിയ വീടും കാറും ഫോണും ബൈക്കുമെല്ലാം വേടിച്ചുവെന്ന് സി.ഐ.ഡി.യെ വച്ചു കണ്ടുപിടിച്ച നാട്ടുകാര് അലമ്പുണ്ടാക്കി, അച്ചനെ അങ്ങു ദൂരെ ദൂരെ വേറെ സ്ഥലത്ത് പള്ളി പണിയാനായി പറഞ്ഞയച്ചു. വാട്ട് ഏന്‍ ഐഡിയാ

18 comments:

G.MANU said...

ഈ “പൂള“ എന്നത് ഏത് മരമാ മാഷേ.. ഞങ്ങടെ നാട്ടില്‍ വേറേയെന്തോ ആവും പറയുന്നത്.. ഒന്നു ക്ലിയറൂ..

കത്തനാര്‍ക്കിട്ടു തന്നെ കത്തിവക്കണാരുന്നു.
പോസ്റ്റ് കസറി..

തേങ്ങാ (വെറും കൊട്ടത്തേങ്ങാ അല്ല.. ടി ഇണ്ടു ഡി) ഇതാ ഉടയ്ക്കുന്നു

“ഠേ..............ഠേ...........”

അഭിലാഷങ്ങള്‍ said...

വായിച്ചു. രസമുണ്ട്...

ങും.. ഈ നീളമൊന്നും പ്രശ്നമില്ലന്നേ..!

ഇതൊക്കെ ഒരു നീളമാണോ?

മനൂജിയെ പറ്റി പറഞ്ഞതുകൊണ്ട് പറയുകയാ.... അങ്ങേര്‍ നീളന്‍ പോസ്റ്റിടുന്നത് മനപ്പൂര്‍വ്വമല്ല ട്ടാ. ഒരു ശാപം കിട്ടിയതാ ... ഞാനീ പറയുന്നത് ആരോടും പറയരുതേ... ടോപ്പ് സീക്രട്ടാ... ഹൈലീ കോണ്‍ഫിഡന്‍ഷ്യല്‍... ബ്രിജ് വിഹാര്‍ലെ അയ്യപ്പന്റെ അമ്പലത്തില്‍ എപ്പഴും ചെരിപ്പിടാതെ പോകുന്ന പുള്ളി വരുന്ന വഴിക്ക് “അയ്യപ്പാ ഇങ്കട് നോക്കല്ലേട്ടാ!!” ന്നും പറഞ്ഞ് അടിച്ചുമാറ്റിയ ചെരുപ്പുകളുടെ വാര്‍ഷിക ഓഡിറ്റ് ചെക്ക് ചെയ്ത് അന്തം വിട്ടു പോയ അയ്യപ്പന്‍ അങ്ങേര്‍ക്ക് കൊടുത്ത ശാപമാ....

[ആദ്യ കമന്റ് ഇടാന്‍ പറ്റാത്തതിന്റെ രോഷം തീര്‍ത്തതാണ് ഞാന്‍ എന്ന് ആദ്യ കമന്റ് ഇട്ട ആള്‍ പറയാനിടയുണ്ട്... കാര്യക്കണ്ട ട്ടാ...]

:-)

അല്ഫോന്‍സക്കുട്ടി said...

മനു മാഷേ - പൂളമരം എന്നു പറഞ്ഞാല്‍ പഞ്ഞിമരം എന്നു പറയും. ടി ഇണ്ടു ഡി‘യുടെ തേങ്ങയായതു കൊണ്ടാണെന്നു തോന്നുന്നൂ ഭയങ്കര സൌണ്ട്.

അഭിലാഷങ്ങള്‍ - നീളമൊന്നും പ്രശ്നമില്ലെങ്കില്‍ ഞാന്‍ അടുത്ത പോസ്റ്റില്‍ മനു മാഷിനെ വെട്ടിക്കും.

Kaithamullu said...

“ഈശോ മറിയം ഔസേപ്പേ, ചെറുപ്പത്തിലെന്നെ കെട്ടിക്കണെ,
അപ്പനുമമ്മക്കും തോന്നിക്കണേ,
കെട്ടണ ചെര്‍‌ക്കനും തോന്നിക്കണേ...“
-ഇത് ഞങ്ങടെ അയലോക്കത്തെ കാനംകുടം എത്സി പാടിക്കോണ്ട് നടന്നിരുന്ന പാട്ടാ...

ഇനി ആ എത്സിയെങ്ങാനുമാണൊ ആവോ വേഷം മാറി ഈ അല്പു ആയത്? ഏയ്, അവളിപ്പൊ മുംബായിലല്ലാ, നാട്ടിലാണല്ലോ! (ഏത്സീടെ അനിയത്തീടെ പേര്‍ അല്ഫോണ്‍സാ- ഞങ്ങള്‍ അല്പു എന്നു വിളിക്കും)

ടെസ്റ്റ് കേസ് കസറീട്ടുണ്ട്, ട്ടാ!
(മരച്ചീനി, അതായത്, കൊള്ളിക്കിഴങ്ങിനേം പൂള എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്)

എന്നാലും ആ അച്ചന്റെ ഒരു കാര്യേയ്...ഒരു നല്ല കാര്യം നടത്താനാരും സമ്മതിക്കില്ലാന്ന് വച്ചാ...!

-ദുബായ്ക്കാണോ വരുന്നേ...എന്നാ വാ...!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “അല്പു” എന്നാ കിടിലം പേര്‍് ഇനി അങ്ങനയേ വിളിക്കൂ. അപ്പോള്‍ പറഞ്ഞ് വന്നത്. കത്തനാര്‍ക്കിട്ട് താങ്ങിയതിനുള്ള ശിക്ഷയാവും ഈ ഇരട്ടപ്പേര്... അല്പു കലക്കി ഇതൊരു തുടരനാക്കെന്നേ..

സ്വന്തം അമ്മേടേ ചെരിപ്പാണോ അടിച്ച് പോയത്?
“ബെറ്റര്‍ ഹാഫിനെ കണ്ടുകിട്ടാത്ത ഒരു ചേട്ടത്തി ക്ഷമ നശിച്ച് ” അപ്പോള്‍ ‘ചേട്ടത്തി‘ അടിച്ച് മാറ്റണ കണ്ട കൊച്ചെന്താ ഒന്നും മിണ്ടാതെ നോക്കിനിന്നത്. ആ ചെരുപ്പിനോട് വല്ല പൂര്‍വ്വവൈരാഗ്യോം ഉണ്ടായിരുന്നോ??

കൊച്ചുത്രേസ്യ said...

ബാല്യക്കാലം എന്നു പറഞ്ഞാല്‍ ‘കപീഷിനെയും, മായാവിയെയും, ശിക്കാരിശംഭുവിനെയും, ബേക്കറി പലഹാരങ്ങളെയും വളരെ സിന്‍സിയറായി അന്തം വിട്ട് സ്നേഹിച്ചിരുന്ന കാലം

കര്‍ത്താവേ ഈ പറഞ്ഞതു ശരിയാണെങ്കില്‍ ഞാനിപ്പോഴും ബാല്യകാലത്തിലൂടെ തന്നെ പിച്ചവച്ചു നടക്കുകയാണല്ലോ..!!

അല്‍ഫോന്‍സക്കുട്ടീ കിടിലന്‍ എഴുത്ത്‌.. നീളം കൂട്ടിയാലും കുഴപ്പമില്ല..ആരു വായിച്ചില്ലെങ്കിലും ഞാന്‍ വായിച്ചേനേ..

അനിലൻ said...

അമ്മവീട് എറവിലാണ്, കരുവാന്‍ വളവില്‍. അച്ഛന്‍ അമ്മയെ കളിയാക്കുവാനായി പൂളതാങ്ങിക്കഥ പറയുന്നത് കേട്ടിട്ടുണ്ട്.
കപ്പല്‍ പള്ളിയുടെ പണി നടക്കുന്നകാലത്ത് അവിടന്നു മാറില്ലായിരുന്നു.

ഏനാമാവ് കെട്ട് കാണാവുന്ന പാടത്ത് പോയിരുന്ന് ആദ്യമായി കാജാബീഡി വലിച്ചത്, കൂട്ടാല അമ്പലത്തിന്റവിടെയുണ്ടായിരുന്ന പാര്‍ക്കില്‍ നെരങ്ങി ട്രൌസറിന്റെ മൂടു കീറിയത്, കുന്നത്തങ്ങാടിക്കാവടിക്കു വാങ്ങിയ ചുവന്ന കണ്ണടയും വാച്ചും, അരിമ്പൂര്‍ മരിയ ടാക്കീസിലെ സെക്കന്റ് ഷോകള്‍...
ഹോ!

അല്ഫോന്‍സക്കുട്ടി said...

കൈതമുള്ള് - ഇത് എത്സിയുടെ അനിയത്തി അല്പു അല്ലാട്ടോ. ഇത് വേറേ 3 ചേച്ചിമാരുടെ അനിയത്തിയാ. ദുബായില്‍ക്ക് വരാന്‍ പോലീസുകാര്‍ സമ്മതിക്കണില്ല, ഞാന്‍ പോയാല്‍ ഇന്ത്യക്ക് ഭയങ്കര നഷ്ടമാവൂത്രേ.

കൂട്ടിചാത്തന്‍ - ചാത്തന് ഈയിടെയായി ഭയങ്കര സംശയങ്ങളാണല്ലോ. അമ്മച്ചിയുടെ ചെരുപ്പ് ചേട്ടത്തിമാരാല്ലാണ്ട് ചേട്ടന്മാരാണോ ഇട്ടു നടക്കാ.

കൊച്ചുത്രേസ്യ - കുട്ടിക്കളി മാറിയിട്ടില്ലാല്ലെ കൊച്ചെ. പെണ്ണിനെ പിടിച്ച് കെട്ടിക്കാറായി, എന്നിട്ടാ പിച്ച വച്ച് നടക്കണെ. സന്തോഷമായി കേട്ടോ “ആരു വായിച്ചില്ലെങ്കിലും ഞാന്‍ വായിച്ചേനേ..“ എന്നു പറയാന്‍ തോന്നിയല്ലോ.

അനിലന്‍ - പൂളതാങ്ങീ, സന്തോഷമായി. അമ്മവഴിക്കായാലും നമ്മള്‍ ഒരേ നാട്ടുകാരാ.

annamma said...

പൂളമരം = പഞ്ഞിമരം
ഇങ്കട്‌ = ഇവിടെ, ഇങ്ങോട്ട്‌, ഈട
പൂളതാങ്ങികളുടെ നാട്ടിലും, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തും ജനിക്കാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്കും
വേണ്ടിയാണ്‌ മുകളിലത്തെ translation. രസമുണ്ട്‌ വായിക്കാന്‍, അല്പ്പു എന്റെ വക ചെറിയ ഒരു സഹായം ഇരിക്കട്ടെ.

പൊറാടത്ത് said...
This comment has been removed by the author.
പൊറാടത്ത് said...

രസച്ചരട് എടേല് വെച്ച് മൂറിഞ്ഞൂലോ അല്‍പോന്‍സേ..
അതങ്ങ് മുയ്‌വോനാക്കായിയിരുന്നു..

പിന്നെ, കപ്പല്‍ പള്ളിയൊക്കെ ഈയുള്ളവനും കണ്ടിട്ടുണ്ടേ..

‘പൂളതാങ്ങി‘ എന്ന് വിശേഷിപ്പിച്ചതിന് അവരുടെ ഒരു പട വരുന്നുണ്ട്.. ഒന്ന് കരുതി ഇരിയ്ക്ക്യാ..

ശ്രീവല്ലഭന്‍. said...

ഇതൊരു പകുതി കഥയെ ഉള്ളു! രസമായ്‌ വായിച്ചു വരികയായിരുന്നു. :-)

ധനേഷ് said...

പൂളമരം എന്താണെന്ന് കമന്റ് വായിച്ചപ്പോഴാണ്‌ മനസ്സിലായതു..
ഇത്രയും നീട്ടിയെഴുതി എന്നു പറഞ്ഞിട്ട് പെട്ടെന്ന് തീര്‍ന്നതു പോലെയാണല്ലൊ എനിക്കു തോന്നിയതു....
ആ വാല്‍ക്കഷണത്തിനു തൊട്ടുമുന്‍പുള്ള സെന്റന്‍സ് കൊള്ളാട്ടോ.. അതു എന്നോട് ആരെങ്കിലും നേരത്തെ ചോദിക്കേണ്ടതായിരുന്നു എന്നു തോന്നി..

അല്ഫോന്‍സക്കുട്ടി said...

അന്നാമ്മേ - താങ്ക് യു വെരി മച്ച് (ഇതൂടി മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്തോളു.

പൊറാടത്ത് - പേടിപ്പിക്കല്ലെ ചേട്ടാ, ഞാനും ആ നാട്ടുകാരിയല്ലേ, അപ്പോ അവരെന്നെ ഒന്നും ചെയ്യില്ലാല്ലേ.

ശ്രീവല്ലഭന്‍ - മുഴുവന്‍ കഥയും ഈ പോസ്റ്റില്‍ പറഞ്ഞാല്‍ ഞാന്‍ അടുത്ത പോസ്റ്റില്‍ എന്ത് പോസ്റ്റും, അതുകൊണ്ടാ പകുതി.

ധനേഷ് - താങ്ക് യൂ വെരി മച്ച്. വാല്‍ക്കഷണത്തിനു മുമ്പുള്ള വാചകം ഞാനങ്കട് ചോദിക്കുന്നു. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ.

വിന്‍സ് said...

കൊള്ളാം. ഇടക്കു വച്ചു നിര്‍ത്തണ്ടായിരുന്നു.

തോന്ന്യാസി said...

ഇതൊരുമാതിരി ഫോമായിവന്നപ്പോഴേക്കും കുപ്പികാലിയായ മാതിരിആയിപ്പോയി ഛെ... ഇനി ഇങ്ങനെ കഥ അവസാനിപ്പിക്കരുതുട്ടോ .......അല്പൂ

അല്ഫോന്‍സക്കുട്ടി said...

വിന്‍സ് - ഒത്തിരി നന്ദി

തോന്ന്യാസി - അധികം ഫോമാവാന്‍ നിന്നാലെ നാട്ടുകാര്‍ കേറി പെരുമാറും, അതുകൊണ്ടാ.

asdfasdf asfdasdf said...

പള്ളീലച്ചനിട്ടൊരു താങ്ങ് അല്ലേ. ന്തൂട്ട് തേങ്ങ്യാണെങ്കിലും അങ്ങനൊരു പള്ളി പണിത് അരിമ്പൂക്കാര്‍ക്ക് പേരുണ്ടാക്കിക്കൊടുത്തത് അച്ചനല്ലേ.. ഫുട്ബോള്‍ ഗ്രൌണ്ട് പോലത്തെ ഞങ്ങടെ പാവര്‍ട്ടിപ്പള്ളിപോല്യോന്ന്വല്ലല്ലോ..
രസായിട്ട്ണ്ട് എഴുത്ത്.