Monday, May 18, 2009

അവള്‍‍ കഥയെഴുതുകയാണ്

അന്ന് രാവിലെ ഉണര്‍ന്നെണീറ്റപ്പോഴേ കുമാരന് തോന്നി ഇന്നത്തെ ദിവസം പോക്കാണെന്ന്. പുലര്‍ച്ചെ നാലു മണിക്കേ ലാലേട്ടനെ കീരിക്കാടന്‍ ജോസ് ഇടിച്ചു പഞ്ചറാക്കുന്ന ദുസ്വപ്നം കണ്ടിട്ടാണ് കുമാരന്‍ ഞെട്ടിയുണര്‍ന്നത്, പിന്നെ നാമം ചൊല്ലി ലാലേട്ടന് ആപത്തൊന്നും വരല്ലേന്ന് പ്രാര്‍ത്ഥിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി പോയി, അപ്പോ ദേ വീണ്ടും അടുത്ത സ്വപ്നം, ഇപ്രാവശ്യം കുഞ്ഞിക്കൂനനിലെ ദിലീപിനെ സായ് കുമാറ് ഇടിച്ച് ഇഞ്ചപരുവമാക്കുന്നത് സ്വപ്നം കണ്ടിട്ടാണ് ഞെട്ടിയുണര്‍ന്നത്. അതോടെ കുമാരന്‍ ഉറക്കം മതിയാക്കി എണീറ്റു. പ്രഭാതകര്‍മ്മങ്ങളൊക്കെ ചെയ്ത് തന്റെ ഹെര്‍ക്കുലീസ് സൈക്കിളുമെടുത്ത് പ്രഭാതസവാരിക്കിറങ്ങി.

ഏലപ്പാറ എസ്റ്റേറ്റിന്റെ വിജനമായ പാതകളിലൂടെ മൂളിപ്പാട്ടും പാടി സൈക്കിളും ചവിട്ടി നടക്കുമ്പോഴാണ് കുമാരന്‍ അതു ശ്രദ്ധിച്ചത്, കുറച്ചു നേരമായി ഒരു കാറ് തന്റെ സൈക്കിളിനെ പിന്തുടരുന്നു. കുമാരന്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കി, ശരിയാണ്, ഒരു വെളുത്ത നാനോ കാറ്, ആരായിരിക്കും തന്നെ പിന്തുടരുന്നത്, കുമാരന്റെ ചിന്തകള്‍ കാടും മലയും കയറി, കുമാരന്‍ പിന്നെയും തിരിഞ്ഞു നോക്കി, രണ്ടു കുഞ്ഞുതലകള്‍ കാറിന്റെ ഗ്ലാസ്സ് ഡോറിലൂടെ പുറത്തേക്ക് നീട്ടി കൈ കൊണ്ട് എന്തോക്കേയോ കാണിക്കുന്നുണ്ട്. ആരായിരിക്കും ആ കുട്ടികള്‍. ഇനി നാല് ബി.യില് പഠിക്കുന്ന സുരേഷ് ഗോപി ബന്ധുക്കളെയും കൊണ്ട് തന്നെ തല്ലാന്‍ വരുന്നതാവുമോ?, “ഇനി തൊട്ട് ക്ലാസിലിരുന്ന് മൊബൈല്‍ ഫോണില്‍ വര്‍ത്താനം പറയില്ലാ, യു.എസ്.ബി.യും ഡി.വി.ഡി.യും ക്ലാസ്സിലേക്ക് കൊണ്ടു വരില്ലാ” എന്ന് അമ്പത്തൊന്നു പ്രാവശ്ശ്യം ഇമ്പോസിഷന്‍ എഴുതി കൊണ്ടുവരാന്‍ പറഞ്ഞിരുന്നു സുരേഷിനോട് വെള്ളിയാഴ്ച, അതെങ്ങാനും എഴുതി സുരേഷിന്റെ കയ്യൊടിഞ്ഞ് മാഷിനോട് പ്രതികാരത്തിനിറങ്ങി പുറപ്പെട്ടതാവുമോ?

കുമാരന്റെ ചിന്ത രണ്ടാം വട്ടവും കാടു കയറി. ഇപ്പോഴത്തെ കുട്ടികളുടെ കാര്യമൊന്നും പറയാന്‍ പറ്റില്ലാ, ഒരു പ്രാവശ്യം അടി കിട്ടുമ്പോഴേക്കും തല ചുറ്റി വീഴുന്ന കുട്ടികള്‍, 50 പ്രാവശ്യം ഇമ്പോസിഷനെഴുതുമ്പോഴേക്കും കയ്യൊടിയുന്ന കുട്ടികള്‍, പരീക്ഷയില്‍ ഒരു വിഷയത്തിന് മാര്‍ക്കു കുറയുമ്പോഴേക്കും ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍, താനൊക്കെ പഠിക്കുമ്പോഴ് ഡെയ് ലി ബേസിസില്‍ വെടി വര്‍ക്കി മാഷിന്റെ കയ്യീന്ന് ചൂരല്‍പഴം വേടിച്ചിട്ടും ഒരു ദിവസം പോലും തല ചുറ്റി വീണിട്ടില്ലാ, ‘ക്ലാസ്സിലിരുന്ന് വര്‍ത്താനം പറയില്ലാന്ന്’ 101 പ്രാവശ്യം ഇമ്പോസിഷനെഴുതിയിട്ടും കയ്യൊടിഞ്ഞിട്ടില്ലാ, ഒരു വിഷയത്തിലൊഴികെ എല്ലാ വിഷയത്തിലും തോറ്റിട്ടും ആത്മഹത്യാ ചെയ്തിട്ടില്ലാ. കുമാരന് ഒരു നിമിഷം തന്നെ കുറിച്ച് അഭിമാനം തോന്നി.

നാനോ കാറിന്റെ ഹോണടി കേട്ട് കുമാരന്‍ ഫ്ലാഷ് ബാക്കില് നിന്നും റിയാലിറ്റി ഷോയിലേക്ക് വന്ന് ചുറ്റും തിരിഞ്ഞു നോക്കി, ആ വഴികളിലൊന്നും ഒരൊറ്റ മനുഷ്യകുഞ്ഞു പോലുമില്ലാ, താനും തന്റെ സൈക്കിളിനെ പിന്തുടരുന്ന നാനോ കാറും അതില്‍ തന്നെ ഇടിക്കാന്‍ വരുന്ന ആള്‍ക്കാരും മാത്രം. കുമാരന്‍ പേടിച്ചു വിറച്ച് സൈക്കിള്‍ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി, കുമാരന്റെ യുവ ഹാര്‍ട്ട് ത്രിശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന് സമാനമായി കൊട്ടി കൊട്ടി കേറി വെടിക്കെട്ടിലേക്കെത്തി. കുമാരന്റെ നെറ്റിത്തടത്തില് നിന്നും അതിരമ്പിള്ളി വെള്ളച്ചാട്ടം പോലെ വിയര്‍പ്പുകണങ്ങള്‍ ഒറ്റു വീഴാന്‍ തുടങ്ങി. കുമാരന്റെ ചെവികളില്‍ ‘ശ്രീകൃഷ്ണപരുന്തിലെ’ വെള്ള സാരിയുടുത്ത പ്രേതം ‘കുമാരേട്ടാ’ എന്ന് വികാരനിര്‍ഭര‍മായി വിളിക്കുന്ന ശബ്ദം മുഴങ്ങാന്‍ തുടങ്ങി. നല്ല വെളുത്തു തുടുത്ത പ്രഭാതമായിട്ടും രാത്രി രണ്ടു മണിക്ക് കള്ളിയങ്കാട്ടു നീലിയുടെ മുമ്പില്‍ ചെന്നു പെട്ട യുവ കോമളന്റെ അവസ്ഥയായി കുമാരന്റേത്. പേടി കാരണം കുമാരന്റെ സൈക്കിള്‍ ചവിട്ടലിന്റെ സ്പീഡ് കുറഞ്ഞു കുറഞ്ഞു വന്നു, അതോടെ സൈക്കിളിനെ ഇത്ര നേരമായി പിന്തുടര്‍ന്നു വന്നിരുന്ന നാനോ കാറ് തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ കുമാരന്റെ സൈക്കിളിന്റെ തൊട്ടടുത്തെത്തി.

ഒരു നിമിഷം കുമാരന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അടുത്ത സെക്കന്റ് ഒരു പക്ഷേ തന്റെ ജീവിതത്തിന്റെ അവസാന സെക്കന്റാകാം, കുമാരന്‍ അവസാനമായി “സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു, എന്‍ സ്വദേശം കാണ്മാനായി ഞാന്‍ തനിയെ പോകുന്നു’ എന്നു മൂളിപാട്ടു പാടി. പിന്നെ ഏതു അടിയും ഇടിയും തൊഴിയും കത്തിക്കുത്തും വെടിയുണ്ടയും നേരിടാന്‍ തയ്യാറായി ധൈര്യസമേതം സൈക്കിള്‍ ഒരരിക് ചേര്‍ത്ത് നിര്‍ത്തി. ഉദ്വേഗജനകമായ നിമിഷങ്ങള്‍, എന്തും സംഭവിക്കാം.

അടുത്ത നിമിഷം അതു സംഭവിച്ചു. “അങ്കിളിന്റെ സൈക്കിളിനെ ഞങ്ങടെ നാനോ കാറ് വെട്ടിച്ചേ” എന്നു കുട്ടികള്‍ ആര്‍പ്പു വിളിച്ചു, കുമാരനെ നോക്കി കുട്ടികള്‍ കൈ വീശി റ്റാറ്റാ പറഞ്ഞു, ആ നാനോ കാറ് കുമാരന്റെ സൈക്കിളിനെ മറികടന്നു പോയി. “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന കവിതാശകലം പാടി കുമാരന്‍ താഴേക്ക് മറിഞ്ഞു വീണു.

! ശുഭം !