Tuesday, November 11, 2008

മിസ് ജാനകി – ഒരു പ്രേതം

“കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാംഗോയുടെ ഒറ്റ പേരേ ഓര്‍മ്മയുള്ളൂ – ഫ്രൂട്ടി“ എന്നു പറയണ പോലെ കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാ‍വര്‍ക്കും പ്രേതം എന്നു കേട്ടാല്‍ ഒറ്റ പേരേ ഓര്‍മ്മ വരികയുള്ളൂ – ജാനകി.

ജാനകി ഞങ്ങളുടെ നാട്ടിലെ ഫെയ്മസ് പ്രേതമാണ്. മിസ് ജാനകിയെ പറ്റി പറയുകയാണെങ്കില്‍ സുന്ദരിയും സുമുഖിയും സുശീലയുമായ ഒരു ഹിന്ദു നായര്‍ യുവതി : ജാനകി, ഞാന്‍ ജനിക്കുന്നതിനു മുമ്പേ ജീവിച്ചു മരിച്ചവള്‍ : ജാനകി, പ്രേതങ്ങളുടെ ഇടയില്‍ ഒരു സൌന്ദര്യമത്സരം നടത്തിയാല്‍ മിസ് യൂണീവേഴ്സ് ആയില്ലെങ്കിലും മിസ് കേരളയാവാന്‍ എന്തു കൊണ്ടും യോഗ്യതയുള്ളവള്‍ ജാനകി. ജീവിതത്തിലെന്തോ വിഷമം വന്നപ്പോള്‍ വിഷമം മാറ്റാനായി സ്വന്തം വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി നോക്കിയതാണ് ജാനകി, പിന്നെ പൊങ്ങുന്നത് ജാനകി പ്രേതമായിട്ടാണ്. എനിക്കിതുവരെ ജാനകിയെ നേരില്‍ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ലാ, രാത്രി സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരാണ് ജാനകിയുടെ സ്ഥിരം പ്രേക്ഷകര്‍. ഒരു ജാതി സാധാരണ പ്രേതങ്ങളുടെ പോലെ ആള്‍ക്കാരെ വെറുതെ പേടിപ്പിക്കുന്ന പണിയൊന്നുമില്ലാ നമ്മുടെ ജാനകിക്ക്, വെള്ള സാരിയുടുത്ത് നിലം വരെ മുട്ടുന്ന മുടി അഴിച്ചിട്ട് റോഡിന്റെ സൈഡിലുള്ള മുനിസിപ്പാ‍ലിറ്റി വക പൊതുപൈപ്പീന്ന് ഒരു കുടത്തില്‍ വെള്ളം പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരെ എതിരേല്‍ക്കുകയാണ് മിസ് ജാനകിയുടെ മെയിന്‍ ഹോബി, സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവര്‍ക്ക് ജാനകി അവരോട് സിനിമാകഥയും സിനിമയിലെ ഹീറോയും ഹീറോയിനും ആരൊക്കെയാ എന്നു ചോദിക്കുന്നത് വരെയുള്ള കാര്യങ്ങളേ ഓര്‍മ്മയുള്ളൂ, അപ്പോഴേക്കും അവരൊക്കെ ബോധം കെട്ടു റോഡില്‍ തന്നെ കിടന്നുറങ്ങും. പിന്നെ നേരം വെളുക്കുമ്പോ ജാനകിയെ കുറിച്ചുള്ള കുറെ പുതിയ കഥകള്‍ റിലീസാവും.

ജാനകിയെ കുറിച്ചുള്ള കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ട് ഞാനൊക്കെ രാത്രി ഏഴുമണി കഴിഞ്ഞാല്‍ പരസഹായമില്ലാതെ ഒരു റൂമില്‍ നിന്ന് മറ്റൊരു റൂമിലേക്ക് പോകാറില്ലാ, പേടിച്ചിട്ടൊന്നുമല്ലാ, ഒരു ധൈര്യക്കുറവ്. മിസ് ജാനകി രാത്രിസഞ്ചാരം തുടങ്ങുന്നതിന്നു മുമ്പ് ചില ക്ലൂസ്സൊക്കെ തരും, അകലെ നിന്നും പട്ടിയുടെ ഓലിയിടല്‍ ശബ്ദം, പാലപൂവിന്റെ മണം, പോരാത്തതിന് പാദസരത്തിന്റെ ശബ്ദവും. അന്നാണെങ്കില്‍ പാദസരം ഫാഷനായി നില്‍ക്കുന്ന കാലം, ഞങ്ങള്‍ നാലെണ്ണവും ഒരു കാലിലെങ്കിലും പാദസരം ഇട്ടു നടക്കുന്ന സമയം, ഒരു പാദസരം കളിക്കാന്‍ പോകുമ്പോ പറമ്പിലോ കുളത്തിലോ കളഞ്ഞുപോയിട്ടുണ്ടാവും. രാത്രി ഉറക്കത്തില്‍ ചേച്ചിമാര്‍ അങ്കടുമിങ്കടും തിരിഞ്ഞു കിടക്കുമ്പോ പാദസരം കിലുങ്ങി ശബ്ദമുണ്ടാക്കാന്‍ തുടങ്ങും, അതോടെ മനുഷ്യന്റെ ഉറക്കം പോവും, പിന്നെ പട്ടി കുരക്കാതെ തന്നെ ഞാന്‍ പട്ടിയുടെ ഓലിയിടല്‍ ശബ്ദം കേക്കാന്‍ തുടങ്ങും, അധികം വൈകാതെ പാലപൂവിന്റെ മണവും പരക്കാന്‍ തുടങ്ങും. അപ്പോ ഞാന്‍ ഒന്നൂടെ കുരിശു വരച്ച് പ്രാര്‍ത്ഥന എത്തിച്ച് അമ്മച്ചിയെ കെട്ടിപിടിച്ച് അമ്മച്ചീടെ മേത്ത് കാലും കേറ്റി വച്ച് സുഖമായി ഉറങ്ങാന്‍ തുടങ്ങും.

പിന്നീട് ഇത്തിരി വലുതായി ഡ്രാക്കുളയുടെ പോലത്തെ ഇംഗ്ലീഷ് ഹൊറര്‍ മൂവികള്‍ കണ്ടു തുടങ്ങിയതോടെ എനിക്ക് ജാനകി പ്രേതത്തെ ഒരു മൈന്‍ഡില്ലാതെയായി, പേടി പോയിട്ട് ജാനകി പ്രേതത്തെ നേരില്‍ കണ്ടാല്‍ വരെ ‘ഹലോ, ഹായ്, ഹൌ ഡു യു ഡു’ എന്നൊക്കെ ചോദിക്കാന്‍ മാത്രം ധൈര്യമായി. അക്കാലത്ത് പവര്‍കട്ടിന്റെ സമയത്ത് ഞങ്ങളുടെ വീടിന്റെ ചുറ്റുപ്രദേശത്തുള്ള വീടുകളിലെ അമ്മച്ചിമാര്‍ കറന്റ് പോയാലുടനെ ഞങ്ങളുടെ വീടിന്റെ മതിലിന്റെ അവിടെ വന്നിരുന്ന് ഞങ്ങടെ വീട്ടിലെ എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ കൂട്ടം കുടിയിരുന്ന് അന്നു വച്ച കൂട്ടാന്റെ വിശേഷങ്ങളും പലചരക്ക് സാധനങ്ങളുടെ വിലയും അത്യാവശ്യം പരദൂഷണവും പറഞ്ഞിരിക്കും. കുട്ടികളെല്ലാവരും കൂടി കളിക്കും, അങ്ങനെ ഇരുട്ടത്ത് ഓടികളിച്ച് ഒരു കുട്ടി വീണപ്പോള്‍ ഞങ്ങള്‍ കളി നിര്‍ത്തി പവര്‍കട്ടിന്റെ നേരത്ത് കഥ പറച്ചില്‍ തുടങ്ങി, കുട്ടികളുടെ കൂട്ടത്തില്‍ മൂത്ത കുട്ടിയായ എനിക്കാണ് കഥ പറയണ ഡ്യൂട്ടി, ഞാനങ്ങനെ എന്റെ ഭാവനയിലും സങ്കല്പത്തിലും നൂറ് നൂറ് പ്രേതങ്ങളെ സൃഷ്ടിച്ച് ഓരോ ദിവസവും ഓരോ പ്രേതകഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു, അതൊക്കെ അവര്‍ ശ്വാസം പിടിച്ചിരുന്ന് കേക്കും. കറന്റ് വന്നാല്‍ എല്ലാരും അവരവരുടെ വീടുകളില്‍ പോയി കുടുംബപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങും, അന്നുവരെ പ്രാര്‍ത്ഥനയുടെ സമയത്ത് ഉറക്കം തൂങ്ങിയും കളിച്ചും ഇരുന്നിരുന്ന കുട്ടികള്‍, എന്റെ കഥ പറച്ചില്‍ തുടങ്ങിയ അന്നു തൊട്ട് ഉറങ്ങാതെ കളിക്കാതെ ആത്മാര്‍ത്ഥമായി കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ഉറങ്ങുന്നതിനു മുമ്പ് വീണ്ടും 3-4 പ്രാവശ്യം പ്രാര്‍ത്ഥിക്കാനും തുടങ്ങി. അതോടെ ആ കുട്ടികളുടെ അമ്മച്ചിമാര്‍ക്ക് എന്നെ പറ്റി ഭയങ്കര ഇമ്പ്രഷനായി, പറഞ്ഞതനുസരിക്കാതെ പ്രാര്‍ത്ഥിക്കാതെ നടന്നിരുന്ന അവരുടെ കുട്ടികള്‍ ഞാന്‍ കാരണം ഭക്തി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു.

നന്ദിയില്ലാത്ത പ്രേതങ്ങള്‍! പാല്‍ തന്ന കൈക്ക് തന്നെ കൊത്തി, ഞാന്‍ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത പ്രേതങ്ങള്‍ പിന്നീട് രാത്രികാലങ്ങളില്‍ അവരുടെ സൃഷ്ടികര്‍ത്താവായ എന്നെ വന്ന് പേടിപ്പിക്കാന്‍ തുടങ്ങി. കല്ല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും ഒറ്റക്ക് താമസിക്കുന്ന കാലം, ചേട്ടായിക്ക് ന്യൂസ് പേപ്പര്‍ പ്രിന്റിങ്ങ് ഫീല്‍ഡില്‍ ജോലി ആയതുകൊണ്ട് ഇടക്ക് നൈറ്റ് ഷിഫ്റ്റില്‍ പോകേണ്ടി വരും, അങ്ങനെ ഞാന്‍ രാത്രി ഒറ്റക്ക് വീട്ടിലിരിക്കുന്ന താപ്പ് നോക്കി ഞാന്‍ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത പ്രേതകഥകളിലെ നായികമാര്‍ എഴുന്നള്ളും. അതോടെ ഞാന്‍ വേഗം ബൈബിളും, കുരിശ്ശും കട്ടിലിന്റെ ഒരു സൈഡിലും, ഒരു കൊന്ത മേത്തും, ഒരു വടി കട്ടിലിന്റെ മറ്റേ സൈഡിലും വെച്ച് കിടക്കും. എനിക്ക് പേടിയായിട്ടല്ലാ, എന്നെ പേടിപ്പിക്കാന്‍ വരുന്ന പ്രേതത്തെ പേടിപ്പിക്കാനാ‍യിട്ട്. അപ്പോ ഞാന്‍ പറഞ്ഞുവന്നത് കുട്ടികളെ വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കരുത്.

ഒരു സന്തോഷവാര്‍ത്ത – ദീപാവലി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ അപ്പറത്തെ വീട്ടിലെ ചേച്ചി എനിക്ക് ഒരു പാത്രം നിറച്ച് ഹൈദ്രബാദി ദം ബിരിയാണി തന്നു. കാത്തിരുന്നതിന് ഫലമുണ്ടായി, അത്രക്കും സൂപ്പര്‍ ടേസ്റ്റായിരുന്നു. ചേച്ചിയെ ഞാന്‍ വാനോളം പുകഴ്ത്തി, ഇനിയെപ്പോ ചേച്ചി ബിരിയാണി ഉണ്ടാക്കിയാലും എനിക്കുള്ള പാഴ്സല്‍ ഓട്ടോമാറ്റിക്കായി വീട്ടിലെത്തും. എന്റെ ‘ഹൈദ്രബാദി ദം ബിരിയാണി’ പോസ്റ്റില്‍ പറഞ്ഞ പോലെ ‘ഒടുക്കത്തെ ബുദ്ധിമാന്‍ അവാര്‍ഡ്‘ ജേതാവായി ചന്ദ്രകാന്തം ചേച്ചിയെ പ്രഖ്യാപിച്ചിരിക്കുന്നു. ചന്ദ്രകാന്തം ചേച്ചി പറഞ്ഞ പോലെ ക്ഷമയോടെ കാത്തിരുന്നു സാധനം കിട്ടി. ചേച്ചിയെ നേരില്‍ കാണുമ്പോള്‍ ഞാന്‍ കപ്പലണ്ടി മുഠായി നല്‍കി ആദരിക്കുന്നതായിരിക്കും.

Monday, October 6, 2008

കലാലയസ്മരണകള്‍

സ്മരണകള്‍ പ്രൈമറി ക്ലാസ്സ് തൊട്ട് തന്നെ തുടങ്ങികളയാം. പ്രൈമറി ക്ലാസ്സിലെ ഏറ്റവും വലിയ ഓര്‍മ്മ എനിക്ക് സ്ലേറ്റില്‍ കൂട്ടറൈറ്റ് കിട്ടിയതാണ്. ക്ലാസ്സില്‍ ടീച്ചറ് ഡിക്റ്റേഷന്‍ എടുത്ത് പത്തില്‍ പത്തും റൈറ്റ് കിട്ടുമ്പോ ടീച്ചറ് സ്ലേറ്റില്‍ കൂട്ടറൈറ്റ് ഇട്ടു തരും, കൂട്ടറൈറ്റ് കിട്ടുന്ന ദിവസങ്ങളില്‍ സ്ലേറ്റ് സ്ക്കൂള്‍ ബാഗില്‍ (സോറി ബാഗല്ലാ, ഒരു കുഞ്ഞ്യ അലുമിനിയം പെട്ടി) വക്കാറില്ലാ, വീട്ടില്‍ ചെന്ന ഉടനെ അമ്മച്ചിക്ക് കാണിച്ചു കൊടുക്കാന്‍ സ്ലേറ്റ് കയ്യില്‍ പൊക്കി പിടിച്ചു പോകും. വഴിയില്‍കൂടെ നടന്നു പോകുന്ന എല്ലാ പരിചയകാര്‍ക്കും എന്റെ സ്ലേറ്റിലെ കൂട്ടറൈറ്റ് കാണാനുള്ള സുവര്‍ണ്ണാവസരം നല്‍കാറുണ്ട്. പിന്നെ ഓര്‍മ്മയുള്ളത് എന്റെ അപ്പച്ചന്‍ ഫോറീനീന്നു കൊടുത്തയച്ച രണ്ടു ഭാഗത്തൂന്നും തുറക്കാന്‍ പറ്റുന്ന കാന്തം വച്ചിട്ടുള്ള പെന്‍സില്‍ ബോക്സും പിന്നെ ഒരു സ്ലേറ്റ് പെന്‍സിലുമാണ്, ആ പെന്‍സിലില്‍ പല തരം കളറുകളുണ്ടായിരുന്നു, ഒരു പെന്‍സിലുപയോഗിച്ച് പല കളറുകളില്‍ അമ്മ, ആന, തറ, പറ, പത എന്നൊക്കെയെഴുതാം. ക്ലാസ്സില്‍ എന്റെ കയ്യില്‍ മാത്രമേ അങ്ങനത്തെ പെന്‍സില്‍ ഉണ്ടായിരുന്നുള്ളൂ, എന്റെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ ഞാനാ പെന്‍സിലിന്റെ ഓരോ കഷണങ്ങള്‍ പൊട്ടിച്ച് കൊടുക്കും, പിന്നെ ഒരു വലിയ കഷണം പെന്‍സില്‍ ക്ലാസ്സ് ലീഡര്‍ക്ക് സമ്മാനിക്കും വിത്ത് വണ്‍ കണ്ടീഷന്‍ ‘ക്ലാസ്സില്‍ വര്‍ത്താനം പറഞ്ഞ കുട്ട്യോളുടെ പേരെഴുതുമ്പോ എന്റെ പേര്‍ എഴുതാന്‍ പാടില്ലാ‘ എന്നൊരു കണ്ടീഷന്‍. എന്താണാവോ ഞാനും എന്റെ കൂട്ടുകാരും ക്ലാസ് ലീഡറല്ലാത്ത സമയത്തൊക്കെ ക്ലാസില്‍ വര്‍ത്താനം പറഞ്ഞ കുട്ടികളുടെ പേരിന്റെ ലിസ്റ്റില്‍ എന്റെ പേരുമുണ്ടാവും. വല്ല കുട്ടികളും എന്നോട് പിണങ്ങിയാലപ്പോ ഞാനാ പെന്‍സില്‍ തിരിച്ച് ചോദിക്കും, തിരിച്ചു തരാന്‍ വലിപ്പത്തില് പെന്‍സില്‍ അവശേഷിക്കാത്ത കാരണം ആരും എന്നോട് പങ്കു വെട്ടാ‍റില്ലാ.

സ്കൂളില്‍ ഇന്റ്രവെല്ലിന്റെ സമയത്ത് ഗ്രൌണ്ടിലേക്ക് ഒരോട്ടമാണ്, എന്നട്ട് മണ്ണില്‍ കാല്‍ കൊണ്ട് വരയും റൌണ്ടും വരക്കും, നാലുമൂല കളിക്കാന്‍, പിന്നെയൊരു തൂപ്പിട്ടു കളി ആന്‍ഡ് ഓടി തൊട്ടു കളി, അതു കഴിഞ്ഞാല്‍ സ്കൂളിന്റെ കോര്‍ണറില്‍ മഠത്തിന്റെ അവിടെയുള്ള പ്ലിയൂര്‍ മാവില്‍, ചില പൊട്ട കുട്ടികള്‍ ‘മൊട്ടച്ചികള്‍’‘ എന്നു കളിയാക്കി വിളിക്കണ സിസ്റ്റര്‍മാര്‍ കാണാണ്ട് കല്ലെറിയല്‍ പരിപാടിയാണ്, പ്ലിയൂര്‍ മാങ്ങ എന്റെയൊരു വീക്ക്നെസ്സായിരുന്നു. പക്ഷേ നൊയമ്പ് കാലമായാല്‍ പ്ലിയൂര്‍ മാങ്ങ കഴിക്കില്ലാ, അതിന്റെയുള്ളില്‍ എന്റെ നൊയമ്പ് മുടക്കാന്‍ പാകത്തിന്‍ നോണ്‍-വെജ് ഐറ്റംസായ പുഴു ഒളിച്ചിരിക്കുന്നുണ്ടാവും, അത്രക്ക് കടുത്ത നൊയമ്പു നോറ്റിരുന്നു ഞാന്‍. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ബഞ്ചിലിരുന്ന് തിക്ക് കൂടലായിരുന്നു വേറൊരു ഹോബി. പിന്നെ ഓര്‍മ്മിക്കാന്‍ ഏറ്റവും ഇഷ്ടമുള്ളത് ഞങ്ങളെല്ലാ കൂട്ടുകാരികളും കൂടി ചോറുപാത്രം തുറന്നു വച്ച് ചോറ്റുപാത്രത്തിന്റെ മൂടിയില്‍ കൂട്ടാനിട്ട് എല്ലാരുടെ കൂട്ടാനും പങ്കു വച്ച് ചോറുണ്ണുന്നതാണ്. കൂട്ടാനൊക്കെ ഒലിച്ചു പോവാണ്ടിരിക്കാന്‍ നല്ലോണം മുറുക്കി അടച്ച ചോറ്റുപാത്രം ബഞ്ചിന്റെ മൂലക്ക് ഇടിച്ചിടിച്ച് തുറക്കുന്നതു തന്നെ ഒരു കലാപരിപാടിയായിരുന്നു. മുട്ട കൊതിച്ചിയായ എനിക്ക് എന്റെ അമ്മച്ചി എന്നും ഓരോ പുഴുങ്ങിയ മുട്ട ചോറ്റുപാത്രത്തില്‍ വച്ചു തരും, അത് മാത്രം ഷെയറ് ചെയ്യാനിഷ്ട്മില്ലാത്ത ഞാന്‍ മുട്ട ചോറിന്റെ അടിയില്‍ ഒളിപ്പിച്ചു വക്കും, ഒരു ദിവസം കൂട്ടുകാരികള്‍ പുഴുങ്ങിയ മുട്ട ചോറിന്റെ അടിയില്‍ നിന്ന് പൊങ്ങി വന്ന് എന്റെ വായിലേക്ക് പോകുന്നത് കണ്ടുപിടിക്കുകയും എനിക്ക് നല്ലോരു പേര് സമ്മാനിക്കുകയും ചെയ്തു. ചോറുണ്ടു കഴിഞ്ഞാല്‍ പിന്നെ കൈ കഴുകാന്‍ സ്ക്കൂളിലെ പൈപ്പിന്റെ അവിടെ ഒരു ഉന്തും തള്ളലുമുണ്ട്, അതും നല്ല രസമുള്ള പരിപാടിയായിരുന്നു, ശക്തി തെളിയിക്കാനും ഉണ്ടതു ദഹിക്കാനും ഒരു അവസരം.

മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട സെഗ്മന്റ് ചേരുമ്പടി ചേര്‍ക്കലും പിന്നെ വാക്യത്തില്‍ പ്രയോഗിക്കലുമായിരുന്നു. ‘ജിഞ്ജാസ, ഉത്ക്കണ്ഠ‘ എന്നൊക്കെയുള്ള കടിച്ചാപൊട്ടാത്ത വാക്കുകളൊക്കെ വാക്യത്തില്‍ പ്രയോഗിക്കാന്‍ വരുമ്പോ ഉത്ക്കണ്ഠ എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍, മീനിങ്ങ് അറിയാത്ത വാക്കുകള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ വരുമ്പോ സ്ഥിരമായി ഇങ്ങനെ വാക്യത്തില്‍ പ്രയോഗിക്കാറുണ്ട് “ടീച്ചറ് ക്ലാസ്സില്‍ ഉത്ക്കണ്ഠ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചു, ആര്‍ക്കും കിട്ടിയില്ലാ, എനിക്കു മാത്രം കിട്ടി” എന്ന്. എന്റെ ഇത്തരത്തിലുള്ള വാക്യത്തില്‍ പ്രയോഗിക്കല്‍ ടീച്ചറ് ക്ലാസ്സില്‍ ഉത്തരപേപ്പറ് തരുമ്പോ ഉറക്കെ വായിച്ച് ആത്മസംതൃപ്തിയടയാറുണ്ട്. പിന്നെ എനിക്കിഷ്ടം പര്യായം പഠിക്കലായിരുന്നു, അന്ന് പര്യായം വച്ച് പര്യായം പഠിക്കാത്ത കുട്ടികളെ കളിയാക്കാറുണ്ടായിരുന്നു “ഇന്ന് ദിവാകരന്‍ നിന്നെ നോക്കി സൈറ്റടിച്ചില്ലേ, ഇന്ന് അനിലന്‍ നിന്റെ പാവാട പൊക്കിയില്ലേ‘ എന്നൊക്കെ പറയുമ്പോ ദിവാകരന്‍ എന്നത് സൂര്യന്റെ പര്യായമാണെന്നും അനിലന്‍ എന്നത് കാറ്റിന്റെ പര്യായമാണെന്നും പഠിക്കാത്ത കുട്ടികള്‍ “ഡീ ക്ടാവേ വെറുതെ ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കിയാലുണ്ടല്ലോ” എന്നൊക്കെ പറഞ്ഞ് മോന്ത വീര്‍പ്പിക്കും.

സ്കൂള്‍ കഴിഞ്ഞ് കോളേജിലെത്തിയപ്പോ കാന്റീനായിരുന്നു ഫസ്റ്റ് അട്രാക്ഷന്‍. അവിടെ കാന്റീനില്‍ സെല്ഫ് സെര്‍വീസായിരുന്നു, അതറിയാണ്ട് ഞങ്ങള്‍ മസാലദോശക്ക് ഓര്‍ഡര്‍ കൊടുത്ത് ടേബിളിന്റെ ചുറ്റും മസാലദോശ കൊണ്ടു വരുന്നതും നോക്കിയിരിക്കുമ്പോ സീനിയറ് ചേച്ചിമാര്‍ സുഖമായി ഞങ്ങടെ മസാലദോശയും തിന്നു പോകും, പിന്നെ ഞങ്ങളും സീനിയേഴ്സായി. കോളേജില് പോവാന്‍ ത്രിശ്ശൂര്‍ സ്വപ്ന തിയറ്ററിന്റെ അവിടെ ബസ്സിറങ്ങിയാല്‍ ഞങ്ങടെ അയല്‍വാസികളായ സെന്റ് തോമസ് കോളേജിലെ ചേട്ടന്മാര്‍ ഞങ്ങള്‍ക്ക് എസ്കോര്‍ട്ട് വരാന്‍ റെഡിയായി നില്‍ക്കുന്നുണ്ടാവും. ഞങ്ങളെ സുരക്ഷിതമായി സെന്റ് മേരീസ് കോളേജിലെത്തിച്ച് അവര്‍ വീണ്ടും അടുത്ത ബസ്സില്‍ വരുന്ന ബാച്ചിന് എസ്കോര്‍ട്ട് കൊടുക്കാനായി പോകും. കോളേജ് കാലമെന്നു പറഞ്ഞാല്‍ കമന്റ്ടികളുടെ പൂക്കാലമായിരുന്നു. നല്ല സുന്ദരി കുട്ടികള്‍ കൂട്ടുകാരികളായിരുന്നതു കൊണ്ട് കമന്റടി കേക്കുന്നതിന് ഒരു ക്ഷാമവുമുണ്ടായിട്ടില്ലാ. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്ന നല്ല നര്‍മ്മം കലര്‍ത്തിയ കമന്റുകളെ ഞങ്ങള്‍ രണ്ടു കയ്യും കാലും നീട്ടി സ്വീകരിക്കാറുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പിന്നാലെ എന്നും ‘ധ്വനി‘ ഫിലിമിലെ ഹിറ്റ് പാട്ടായ ‘കലാകാരന്‍ പ്രിയെ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം’ എന്ന പാട്ടും പാടി ഒരു അവശകലാകാരന്‍ നടന്നിരുന്നു, അവന്റെ സ്വരമാധുരി അത്യപാരമായിരുന്നതുകൊണ്ട് ആ കൊലാകാരനെ കാണുമ്പോഴേക്കും എന്റെ കൂട്ടുകാരി അവളുടെ മത്തക്കണ്ണ് ഒന്നൂടെ ഉരുട്ടി നോക്കി ദഹിപ്പിക്കും. എന്റെ വേറൊരു കൂട്ടുകാരിക്ക് കേട്ട കമന്റാണ് എനിക്കൊരിക്കലും മറക്കാന് പറ്റാത്തത്, അവള്‍ കാണാന്‍ നല്ല സുന്ദരിയായിരുന്നെങ്കിലും അവളുടെ നടത്തം മഹാബോറായിരുന്നു, ആകപ്പാടെ ആടികുലുങ്ങിയുള്ളൊരു നടപ്പ്. അവളുടെ നടത്തം കണ്ട് ഒരു ദിവസം ഞങ്ങളുടെ ബാക്കില്‍ വന്ന സെന്റ്തോമസിലെ ഒരു ചേട്ടന്‍ പറഞ്ഞു, “ഇപ്പോ ഇട്ടാല്‍ ഒരു കിലോ ഉഴുന്നും അരിയും ആട്ടികിട്ടൂല്ലോ എന്ന്”, “കൊണ്ടുവാടാ നിന്റെ അരിയും ഉഴുന്നും, ആട്ടി തരാമെടാ, കൊണ്ടുപോയി ഇഡ്ഡലി ഉണ്ടാക്കി തിന്നെടാ” എന്ന് അവരോടു തിരിച്ചുപറയാമായിരുന്നല്ലേ എന്ന് അവള്‍ ഞങ്ങള്‍ കോളേജിന്റെ ഗേറ്റിനുള്ളില്‍ കടന്നതിന്‍ ശേഷം എന്നോട് ചോദിച്ചു. “അടുത്ത പ്രാവശ്യമാവട്ടെ” എന്ന് ഞാനവളെ സമാധാനിപ്പിച്ചു. പിന്നെയുള്ള രസമുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി NSSല്‍ ചേര്‍ന്ന് കാണിച്ചുകൂട്ടിയ വീരസാഹസികകൃത്യങ്ങളും രാമദാസില്‍ തേന്മാവിന്‍ കൊമ്പത്തും, മണിച്ചിത്രത്താഴും കാണാ‍ന്‍ പോയതും പിന്നെ കോളേജീന്ന് കോലഴിയില്‍ പോയി അബദ്ധത്തില്‍ ഒരു ദൈവവിളി ധ്യാനം കൂടാന്‍ പോയി മിണ്ടാന്‍ പറ്റാതെയായതുമാണ്.

അയ്യോ! ഇത്ര എഴുതിയപ്പോഴേക്കും ഞാന്‍ വീണ്ടും പ്രായം കുറഞ്ഞ് ആ പഴയ സ്ക്കൂള്‍ കുട്ടിയുടെ പോലെയായി കാണാന്‍, ഇനി എന്റെ കെട്ട്യോന്‍ എന്നെ കണ്ടാല്‍ തിരിച്ചറിയുമോ ആവോ കര്‍ത്താവേ.

Monday, September 22, 2008

ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

എനിക്ക് ജോലി കിട്ടി, അറബികളുടെ നാട്ടില്‍ ഒരു യൂറോപ്പ്യന്‍ കമ്പനിയില്‍. ഒരു ബാഗില്‍ ഒരു കുപ്പി മിനറല്‍ വാട്ടറും ഓരോ പാക്കറ്റ് ഹൈഡ് ആന്‍ഡ് സീക്ക് ബിസ്ക്കറ്റും ക്രീം ബിസ്ക്കറ്റും കപ്പലണ്ടി മിഠാ‍യിയും വച്ച് നല്ലൊരു ദിവസം നോക്കി ഞാന്‍ ഇന്റര്‍വ്യൂന്‍ പോയി. ബിന്‍ലാദന്റെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു അറബിക്കുട്ടനാണ് ചോദ്യോത്തര പംക്തി നടത്തിയത്, അതിനിടെ ഞാന്‍ വെള്ളം കുപ്പിയും ബിസ്കറ്റു പാക്കറ്റും വച്ച എന്റെ മടിയില്‍ വച്ചിരുന്ന ബാഗ് താഴത്തിട്ട് രണ്ടു പ്രാവശ്യം അറബിക്കുട്ടനെ ഞെട്ടിച്ചു. സാമാന്യം നല്ല സൌണ്ടുണ്ടാക്കി എന്റെ ബാഗ് രണ്ടാം പ്രാവശ്യവും താഴത്ത് വീണപ്പോ, അറബ്ബിക്കുട്ടന്‍ എന്നോട് വേഗം “യൂ ആര്‍ സെലക്റ്റഡ്‘ എന്നു പറഞ്ഞു. പാവം സൌണ്ട് കേട്ടിട്ട് പേടിച്ചു പോയി, ഇന്ത്യയില്‍ പൊട്ടാതെ കിടന്ന ബോംബും ബാഗിലിട്ടാണ് എന്റെ നടപ്പ് എന്ന് കരുതിയിട്ടുണ്ടാവും.

ഏതൊരു മലയാളിയുടെയും പോലെ എനിക്കും ജോലിയെ പറ്റി വളരെ കുറച്ച് ഡിമാന്ഡ്സേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയില്‍ രണ്ടു ദിവസം മുടക്ക്, ജോലി ചെയ്തില്ലെങ്കിലും കൃത്യമായ ശമ്പളം, സഞ്ചരിക്കാന്‍ കമ്പനി കാറ് വിത്ത് പെട്രോള്‍ ആന്ഡ് ഡ്രൈവറ്, പിന്നൊരു അക്കമോഡേഷനും. ഓഫീസിന് വെള്ളി, ശനി മുടക്കായതു കാരണം അത് ചോദിക്കേണ്ടി വന്നില്ലാ, പിന്നെ ശമ്പളം, അറബ്ബിമാനേജര്‍ എന്നോട് എക്സ്പെക്റ്റഡ് സാലറി ചോദിച്ചു, ഞാന്‍ എന്റെ ചേട്ടായി ചോദിക്കാന്‍ പറഞ്ഞ ശമ്പളത്തിനെക്കാളും ആയിരം ദിര്‍ഹം കൂട്ടി ചോദിച്ചു. അപ്പോ അയാള്‍ക്ക് നിര്‍ബന്ധം യു.എ.ഇ. എക്സ്പീരിയന്‍സില്ലാത്തതുകൊണ്ട് ഞാന്‍‍ ചോദിച്ചതിനെക്കാളും ആയിരം കുറച്ചെ തരുള്ളൂന്ന്. ഞാനധികം വാശി പിടിക്കാനൊന്നും നിന്നില്ലാ, വേഗം നെഗോഷ്യേറ്റ് ചെയ്തു, , എനിക്കറിയാമായിരുന്നു ഇവന്മാരൊക്കെ ചോദിച്ചതിനെക്കാളും കൂറച്ചെ തരൂന്ന് അതുകൊണ്ട് നമ്മളാദ്യമേ കൂട്ടി ചോദിച്ചതുകൊണ്ട് വിചാരിച്ച ശമ്പളം കിട്ടി, ഞാനാരാ മോള് . പിന്നെ കമ്പനി കാറ് ഞാന്‍ ചോദിച്ചില്ലാ, ചേട്ടായി പറയണത് നടന്നു പോവാനുള്ള ദൂരമേയുള്ളൂ, എന്നും നടന്നു പോയാല്‍ ഞാനും ഫിലിപ്പിനി പെണ്‍കുട്ടികളുടെ പോലെ സ്ലിം ആവൂത്രെ, പോരാത്തതിന് ഗവണ്മെന്റ് വക എ.സി. ബസ്സിലും ചൂടുകാലം കഴിയണവരെ പോകാം. അറബികള്‍ ഭയങ്കര ബുന്ധിമാന്മാരും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ വളരെ മിടുക്കന്മാരും ചൂടന്മാരുമാണെന്ന് എന്റെ കസിന്‍ബ്രദറ് വാണിങ്ങ് തന്നിരുന്നു, സൂപ്പര്‍മാര്‍ക്കറ്റില്‍ ഓയില്‍ വാങ്ങിക്കാന്‍ വന്ന ഒരു അറബി ഓയില്‍ബോട്ടില്‍മെ ‘കൊള‍സ്റ്റ്രോള്‍ ഫ്രീ’ എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് ഫ്രീ‘യുള്ള സാധനം ചോദിച്ച് വഴക്കുണ്ടാക്കിയതിനും, ഫ്രീ ഒന്നുമില്ല എന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സെയിത്സ്മാന്‍ പറഞ്ഞപ്പോള്‍ ‘കൊളസ്റ്റ്രോള്‍ ഫ്രീ‘ എന്നെഴുതിയിട്ടുണ്ടല്ലോ, “കൊളസ്റ്റ്രോള്‍“ ഫ്രീ ആയി കിട്ടാതെ പോവില്ലാന്നു പറഞ്ഞതിനും ദൃക്‌സാക്ഷിയാണ് കസിന്‍ബ്രദറ്. അതുകൊണ്ട് അക്കമൊഡേഷന്റെ കാര്യം ഞാന്‍ മിണ്ടാനെ പോയില്ലാ.

പിന്നീട് അയാള്‍ ഞാന്‍ ചെയ്യേണ്ട ജോലിയെ പറ്റി എക്സ്പ്ലെയിന്‍ ചെയ്തു. ഭയങ്കര ഉത്തരവാദിത്തമുള്ള ജോലിയാണത്രേ, എന്റെ ജോലിയില്‍ ഒരു ചെറിയ തെറ്റ് പറ്റിയാല്‍ കമ്പനിക്ക് പെനാല്‍റ്റി അടക്കേണ്ടി വരുമത്രേ. അപ്പോ ഞാന്‍ ഇന്നസെന്റ് സ്റ്റൈലില്‍ ഒന്നു ചിരിച്ചിട്ട് ഇങ്ങനെ ചിന്തിച്ചു ‘ചെറിയ തെറ്റ് ചെയ്താലല്ലേ പ്രശ്നമുള്ളൂ, നമ്മള് ചെറുതായിട്ടൊന്നും ചെയ്യില്ലാ, ചെയ്യുമ്പോ നല്ല വണ്ടന്‍ മിസ്റ്റേക്കേ ചെയ്യൂള്ളൂ, അപ്പോ പിന്നെ പ്രശ്നമില്ലല്ലോ, അതു മാത്രമല്ലാ, കമ്പനിയല്ലെ പെനാല്‍റ്റി അടക്കണത്, നമ്മടെ ശമ്പളത്തീന്നൊന്നുമല്ലല്ലോ. അറബിക്കുട്ടന് ബുന്ധിയുണ്ട്, ഞാന്‍ മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കിയിട്ടെന്ന പോലെ അയാള്‍ പറഞ്ഞു മിസ്റ്റേക്ക് റിപീറ്റ് ചെയ്താല്‍ പെനാല്‍റ്റീടെ കുറച്ച് ശതമാനം നമ്മടെ സാലറീന്നു കട്ട് ചെയ്യുംന്ന്. അത് അയാള്‍ തമാശക്ക് എന്നെ പേടിപ്പിക്കാന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, ഞാനേതായാലും പേടിച്ച പോലെ കാണിച്ചു. ഞാന്‍ പത്ത് കൊല്ലമായി ചെയ്തുകൊണ്ടിരുന്ന പണിയല്ല ഈ കമ്പനിയില്‍, ‘കട്ടവനെ കിട്ടിയിലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്നു പറഞ്ഞ പോലെ ഞാന്‍ അപ്ലെ ചെയ്ത ജോലിക്ക് അവിടെ വാക്കന്‍സി ഫില്ലായി, അപ്പോ വാക്കന്‍സിയുള്ള ജോലിക്ക് എന്നെ സെലക്റ്റ് ചെയ്തു, എന്തായാലും ഞാന്‍ ലൈനൊന്നു മാറ്റി പിടിക്കാന്‍ തീരുമാനിച്ചു. കുറെ ദിവസം വര്‍ക്ക് പെര്‍മിറ്റ് കിട്ടണതും നോക്കിയിരുന്ന് ഈ മാസം തൊട്ട് ഞാന്‍ വലതുകാല്‍ വച്ച് ജോലിക്ക് കയറി, ഇനിയങ്കട് ആ കമ്പനിക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും, അങ്ങനെയല്ലേ ടാറ്റയും ബിര്‍ളയുമൊക്കെ ഇവിടം വരെയെത്തിയത്.

എനിക്ക് ജോലി കിട്ടിയപ്പോ എന്റെ കെട്ട്യോനാണ് കൂടുതല്‍ ടെന്‍ഷന്‍, ഞാന്‍ ജോലിയില്‍ വല്ല കുണ്ടാമണ്ടിയുമൊപ്പിച്ച് പുള്ളിക്കാരന്റെ ശമ്പളത്തീന്നെടുത്ത് പെനാല്‍റ്റി അടക്കേണ്ടി വരുമോന്നാണ് ഒന്നാമത്തെ ടെന്‍ഷന്‍. ചേട്ടായി ഓഫീസീന്ന് നേരം വൈകി വരുന്ന ദിവസങ്ങളില്‍, ചൂടുചായയും പഴമ്പൊരിയുമുണ്ടാക്കി “പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടരത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ’ മോഡലില്‍ റെഡിയായി നിക്കുന്ന ഞാന്‍ പുള്ളിക്കാരന്‍ വീട്ടിലെത്താന്‍ നേരം വൈകി ചൂടുചായ തണുക്കുന്തോറും ഞാന്‍ ചൂടായി വരികയും എന്നിലെ പൂത്തിങ്കള്‍ ഭാര്യ ഒരു മാതിരി വിസിലടിക്കാന്‍ മുട്ടി നില്‍ക്കുന്ന പ്രഷര്‍കുക്കറിന്റെ അവസ്ഥയിലേക്കെത്തി ചേരുകയും, പൂള്ളിക്കാരന്‍ വീട്ടിലെത്തിയാലുടനെ മിനിമം 3-4 വിസില്‍ ഒരുമിച്ചടിക്കുകയും ചെയ്യാറുണ്ട്, അതൊക്കെ മിസ്സ് ചെയ്യുമോന്നാണ് പുള്ളിക്കാരന്റെ രണ്ടാമത്തെ ടെന്‍ഷന്‍. ഞാന്‍ ജോലിക്കു പോണ പത്രാസില്‍ വീട്ടുജോലികളൊക്കെ ഭാഗം വച്ചപ്പോള്‍ തനിക്ക് ഭാഗംവപ്പില്‍ കിട്ടിയ ജോലികളൊക്കെ എങ്ങനെ ചെയ്തുതീര്‍ക്കുമെന്നാണ് പുള്ളിക്കാരന്റെ മൂന്നാമത്തെ ടെന്‍ഷന്‍. എനിക്കാണെങ്കില്‍ ഓണത്തിന്റെ പരിപാടികള്‍ ടി.വിയില്‍ വരുന്നതൊന്നും കാണാന്‍ പറ്റില്ലല്ലോന്നായിരുന്നു ടെന്‍ഷന്‍.

ചുരുക്കി പറഞ്ഞാല്‍ എന്നും രാവിലെ എണീറ്റ്, ഭര്‍ത്താവ് ഓഫീസിലേക്കും കുട്ട്യോള്‍ സ്ക്കൂളില്‍ക്കും പോയി കഴിഞ്ഞാല്‍ ബ്ലോഗ് തുറന്ന് പോസ്റ്റുകള്‍ നോക്കിയിരുന്നിരുന്ന ഞാന്‍ ഇപ്പോ ഫയലുകളും നോക്കി ദിര്‍ഹത്തില്‍ ശമ്പളം കിട്ടുന്നതും നോക്കിയിരിപ്പാണ്. അപ്പോ എല്ലാരും മിഠായി എടുക്കൂ, ആഘോഷിക്കൂ.

Wednesday, August 27, 2008

ഈസി ഫ്രൈഡ് റൈസ്

“ഓസില് കിട്ട്യാല്‍ ആസിഡും കുടിക്കും (ഓസില്‍ മീന്‍സ് ഫ്രീയായി)” എന്ന ഒരു സാധാരണ ശരാശരി മലയാളിയുടെ മനോഭാവത്തോടെ ഇന്റര്‍നെറ്റിലെ ബൂലോകത്തില്‍ ഫ്രീയായി സ്ഥലം കിട്ടാനുണ്ടെന്ന് അറിഞ്ഞപ്പോ എന്നാ എന്റെ പേരിലും ഇരിക്കട്ടെ ഒരു പത്തു സെന്റ് എന്ന് വിചാരിച്ചിട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ബ്ലോഗില്‍ ഞാനിതു വരെ കഥ, കവിട്ട, ഓര്‍മ്മക്കുറിപ്പ്, അനുഭവക്കുറിപ്പ് ഒക്കെ ട്രൈ ചെയ്തു, ഇനിയെന്തൂട്ട് അക്രമമാ ചെയ്യാന്ന് ആലോചിച്ചപ്പോഴാണ് ഒരു പാചകകുറിപ്പായാലോ എന്നു തോന്നിയത്. ഈ പാചകകുറിപ്പ് ഞാന്‍ പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തു, അവര്‍ക്കൊന്നും ഇത് പ്രസിദ്ധീകരിക്കാനുളള ‘ഒരു ഇത്‘ ഇല്ല്യാ, അതുകൊണ്ട് ഞാനീ പാചകനിധി ധൈര്യപൂര്‍വ്വം എന്റെ സ്വന്തം ബ്ലോഗില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ആദ്യത്തെ പ്രാവശ്യം ഈ വിശിഷ്ട വിഭവം തയ്യാറാക്കുമ്പോള്‍ കുറച്ചു മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം കൂടെ താമസിക്കുന്നവര്‍ തിന്ന് സഹകരിച്ചില്ലെങ്കില്‍ ഒറ്റക്കു തിന്നു തീര്‍ക്കേണ്ടി വരും.

തയ്യാറാക്കേണ്ടവര്‍

കല്ല്യാണം കഴിക്കാത്തവരും ഭാര്യ അടുത്തില്ലാത്തവരുമായ ബാച്ചിലേഴ്സിനും, ഭര്‍ത്താവ് വിദേശത്ത് പോവുമ്പോള്‍ കിച്ചണില്‍ അധികം ടൈം സ്പെന്‍ഡ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത വീട്ടമ്മമാര്‍ക്കും, ടി.വി. പ്രോഗ്രാം, ബ്ലോഗ് റീഡിങ്ങ് എന്നിവയില്‍ ബിസിയായി ഭക്ഷണം പാകം ചെയ്യാ‍ന്‍ മറന്നവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ, കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യപ്രദമായ വിഭവം.

വാറണ്ടി കം ഗ്യാരണ്ടി

Lazy ആയവര്‍ക്ക് Easy ആയി പാചകം ചെയ്യാന്‍ Easy ഫ്രൈഡ് റൈസ്. ഒരു പ്രാവശ്യം വച്ചാല്‍ എപ്പോഴും വച്ചു കഴിക്കാന്‍ തോന്നും ഈസി ഫ്രൈഡ് റൈസ്.

സ്റ്റാറ്റ്യൂട്ടറി വാണിങ്ങ്

അമ്മായിയപ്പനും അമ്മായിയമ്മയും കൂടെ താമസിക്കുമ്പോള്‍ ഇത് ഉണ്ടാക്കിയാല്‍ ചിലപ്പോ അവര്‍ക്ക് ദഹിച്ചൂന്ന് വരില്ലാ, അതുകൊണ്ട് ആലോചിച്ചും കണ്ടും ചെയ്യുക.

പോഷകഗുണങ്ങള്‍

A – Z

അപ്പോ റെഡിയല്ലേ, ഈസി ഫ്രൈഡ് റൈസിനു വേണ്ട ചേരുവകള്‍

1. സവാള - 2 (കണ്ണീന്ന് വെള്ളം വരാത്ത പോലെ ചെറുതായി അരിഞ്ഞത്)

2. തക്കാളി - 2 (കൈ മുറിക്കാതെ തക്കാളിയെ വേദനിപ്പിക്കാതെ ചെറുതാക്കി അരിഞ്ഞത് )

3. മുട്ട - 2 (താഴെ വീണാല്‍ പൊട്ടാത്തത് - ടേസ്റ്റ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)

4. പച്ചമുളക് - 3 (എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ ചേര്‍ക്കാം)

5. മഞ്ഞള്‍പൊടി - ഒരു നുള്ള്

6. ഗരം മസാല പൊടി - ഒരു സ്പൂണ്‍

7. നെയ്യ് - ഒരു വലിയ ടേബിള്‍ സ്പൂണ്‍

8. ഉപ്പ് - ആവശ്യത്തിന്

9. ചോറ് – അത്യാവശ്യത്തിന്, (ലീവില്‍ നാട്ടില് പോകാറാകുമ്പോ ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണ പച്ചക്കറി എന്തു ചെയ്യുംന്ന് ആലോചിച്ച് ടെന്‍ഷനടിക്കുന്നവര്‍ക്കു മാത്രം ചേര്‍ക്കാ‍നുള്ളത് - ഇന്നലത്തെയും മിനിഞ്ഞാന്നത്തെയും കൂട്ടാന്റെ ബാക്കിയും, ബാലന്‍സ് വന്ന പച്ചക്കറികളും - ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണത് അപ്പടി – നിര്‍ബന്ധമില്ലാ).

10. കൈപുണ്യം - കയ്യിലുള്ളതും പാരമ്പര്യമായി കിട്ടിയതും അപ്പടി

തയ്യാറാക്കേണ്ട വിധം

വീട്ടിലുള്ള ചട്ടി എടുത്ത് ഗ്യാസ് സ്റ്റൌവിന്റെ മേലേ വക്കുക, സ്റ്റൌ ഓണാക്കുക, ചട്ടി ചൂടാവുമ്പോ നെയ്യ് ഒഴിക്കുക, അരിഞ്ഞു വച്ച സവാള ആദ്യം വഴറ്റുക, ഇതിലേക്ക് പച്ചമുളക്, മഞ്ഞള്‍, മസാല പൊടി തക്കാളി യഥാക്രമം ചേര്‍ത്തു വഴറ്റുക, അതിനു ശേഷം മുട്ട നന്നായി പതപ്പിച്ച് ഒഴിക്കുക, അത് ഫ്രൈയായി വരുമ്പോ ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അപ്പൊ ഈസി ഫ്രൈഡ് റൈസ് തയ്യാര്‍. ഇതിന്റെ കൂടെ നാരങ്ങാ അച്ചാറും തൈര് സാലഡും കൂട്ടി കഴിക്കാം. പത്താമത്തെ ചേരുവ എത്രത്തോളം കയ്യില്‍ സ്റ്റോക്കുണ്ടോ, അതിനനുസരിച്ച് ഫ്രൈഡ് റൈസിന്റെ സ്വാദും കൂടും. ഞാനിതെപ്പോ ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റാ. ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ.

തയ്യാറാക്കിയത്

പാചകറാണി 2008

Monday, August 18, 2008

ഒളിമ്പിക്സ് സ്മരണകള്‍

ഞാനും ഒരു ഓട്ടക്കാരിയാ. പക്ഷേ ഒളിമ്പിക്സില്‍ ഓടാന്‍ ഇതു വരെ പറ്റിയിട്ടില്ലാ. എന്റെ ഓട്ടം മുഴുവന്‍ പ്രൈവറ്റ് ബസുകളുടെ പിന്നാലെയായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോ 10 പൈസ 25 പൈസ നിരക്കില്‍ കണ്ടക്ടറിന് ധര്‍മ്മം കൊടുത്ത് യാത്ര ചെയ്യുമ്പോ ഓടാണ്ട് പറ്റോ. ബസ്സിന്റെ പിന്നാലെ കുറെ ദൂരം ഓടി എന്റെ ഓട്ടത്തിന്റെ സ്പീഡ് ദിവസോം കൂട്ടാറുണ്ടെങ്കിലും ബസ്സിലേക്ക് ചാടിക്കയറാനുള്ള ഒരു വിവരക്കേട് ഞാനൊരിക്കലും കാണിച്ചിരുന്നില്ലാ. എന്റെ ഓട്ടം കണ്ട് പാവം തോന്നി ഡ്രൈവറ് വണ്ടി നിര്‍ത്തിയാല്‍ ഞാനങ്കട് കേറും, ചാടി കേറി കാലൊടിച്ച് ന്യൂസ്സ്പേപ്പറില്‍ ന്യൂസ് വിത്ത് ഫോട്ടോ വരണതൊന്നും എനിക്കിഷ്ടമല്ലാ, അല്ലാണ്ട് ധൈര്യമില്ലാണ്ടൊന്നുമല്ലാ. അങ്ങനെ ഓടി ഓടി തളര്‍ന്നപ്പൊ ഞാനൊരു സൂത്രം കണ്ടെത്തി. ഞങ്ങളുടെ ബസ് സ്റ്റോപ്പിനടുത്ത് ഒരു കുരിശുപള്ളിയുണ്ട്, അതിന്റെ ഉള്ളില്‍ കയറി ഞാനും കൂട്ടുകാരും ഒളിച്ചിരിക്കും. ഞങ്ങള്‍ നീല വെള്ള യുണിഫോമുകാരുടെ പൊടി പോലുമില്ലാ കണ്ടുപിടിക്കാന്‍ എന്നു കാണുമ്പോ ഡ്രൈവറ് രണ്ടും കല്പിച്ച് ബസ്സ് കുരിശുപള്ളിയുടെ മുന്നില്‍ തന്നെ സ്റ്റോപ്പ് ചെയ്യും, അപ്പോ ഞങ്ങള്‍ തേനീച്ചക്കൂട്ടം പോലെ കിളിയെ അറ്റാക്ക് ചെയ്ത് ബസ്സിനുള്ളില്‍ കേറി കൂടും. കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ റൂട്ടിലെ ബസ്സ് ഓണേഴ്സ് കം ഡ്രൈവേഴ്സ് കം കിളീസ് അസോസിയേഷന്‍ ഞങ്ങളുടെ ഈ സൂത്രം മനസ്സിലാക്കുകയും അവരെല്ലാം കൂടി ചര്‍ച്ച ചെയ്ത് ബുദ്ധിപരമായി ഞങ്ങളെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഞങ്ങളുടെ ബസ്സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ ബസ്സ് സ്റ്റോപ്പും കുരിശുപള്ളിയും ശരിക്കുള്ള പള്ളിയും കഴിഞ്ഞ് അടുത്ത സ്റ്റോപ്പിന്റെ കുറച്ച് മുമ്പിലായി ഇറക്കി വിടുകയും സ്ക്കൂള്‍ ടൈമില്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഞങ്ങളുടെ നാട്ടിലെ ഫുള്‍ടിക്കറ്റുകളെയും അവര്‍ നിഷ്ക്കരുണം ഉപേക്ഷിക്കുകയും ചെയ്തു. ആകപ്പാടെ പച്ച നിറത്തിലുള്ള ഒരു കെ.കെ. മേനോന്‍ ബസ്സ് മാത്രമാണ് ഞങ്ങള്‍ കുട്ടികളോട് ഇത്തിരി ഡീസന്റായി പെരുമാറിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ബസ്സിന്റെ പിന്നാലെ ഓടി ബസ്സ് കിട്ടാണ്ട് തിരിച്ചു വരണ ഞങ്ങളെ നോക്കി കുറച്ച് ചെക്കന്മാര്‍ കമന്റടിക്കണത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നല്ലേ പ്രമാണം. അതുകൊണ്ട് നേരെ അവന്മാരുടെ അടുത്തേക്ക് ചെന്ന് “നിങ്ങളൊക്കെ എന്തൂട്ട് നാട്ടുക്കാരാ, നാണമില്ലേ പെങ്ങന്മാര്‍ ബസ്സ് കിട്ടാണ്ട് കഷ്ടപ്പെടുമ്പോ ഇങ്ങനെ കളിയാക്കാന്‍” എന്നൊരു ഡയലോഗങ്ങ് കാച്ചി. അതേതായാലും ഏറ്റു. അവിടെയുള്ള പീടികക്കാരെല്ലാം ഇറങ്ങിവന്നു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി, കമന്റടിച്ച ആങ്ങളമാര് തന്നെ ദിവസോം ഓരോ ബസ്സും നിര്‍ത്തിച്ച് ഒരു ബസ്സില്‍ 2-3 സ്ക്കുള്‍കുട്ടികളെ വീതം കേറ്റി വിടാന്‍ തുടങ്ങി.

ഓരോ പ്രാവശ്യം നാട്ടില്‍ പോവുമ്പോഴും കുട്ടികള്‍ക്ക് പേടിയാണെങ്കിലും ബസ്സ് യാത്ര ഒഴിവാക്കാറില്ലാ, കൂടെ പഠിച്ച ഏതെങ്കിലും കൂട്ടുകാരികളെ കാണാന്‍ കഴിഞ്ഞാലോ എന്ന്‍ വിചാരിച്ചിട്ട്, അത് മാത്രമല്ലാട്ട കാരണം സ്വന്തമായി കാറോ, ബസ്സോ, ഓട്ടോറിക്ഷയൊ ഇല്ലാ, പിന്നെ അപ്പന്റെ സൈക്കിളോടിച്ച് ത്രീശ്ശൂര്‍ വരെ പോവാന്‍ പറ്റില്ലാ, ടയറ് പഞ്ചറാവും. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ത്രിശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തു നിക്കുമ്പോ ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി, പണ്ട് ബസ്സിന്റെ പിന്നാലെ ഓടിയിരുന്ന ആ കാലത്തെയോര്‍ത്ത്. ബസ്സില്‍ കേറിയപ്പോ എനിക്ക് ഇരിക്കാന്‍ കിട്ടിയത് ഡ്രൈവറിന്റെ ഓപ്പോസിറ്റുള്ള ബഞ്ചില് ഏറ്റവും മുന്നിലെ ഒന്നാം സ്ഥാനത്ത്. ആദ്യമൊക്കെ ബസ്സിന്റെ പുറത്ത് നോക്കി ഓരോ പുതിയ വീടുകളുടെ ഭംഗിയും പരിചയക്കാര്‍ വല്ലോരും ബസ്സില്‍ കേറുന്നുണ്ടോന്നും നോക്കിയിരുന്ന ഞാന്‍, പിന്നെ ഡ്രൈവറ് വണ്ടിയുടെ സ്പീഡ് കൂട്ടി ബസ്സ് കത്തിച്ചു വിടാന്‍ തുടങ്ങിയപ്പോ ഡ്രൈവറുടെ മുഖത്തേക്ക് ദയനീയമായി നോക്കി, പണ്ടത്തെ സ്ക്കൂള്‍കുട്ടിയുടെ ബസ്സില് എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തു നിന്നിരുന്ന ധൈര്യമൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. ഡ്രൈവറിനാവട്ടെ ഒരു കൂസലുമില്ലാ, പാട്ടും വച്ച് ആസ്വദിച്ച് തോന്നിയ പോലെ ചെറിയ ഇടവഴികളുടെ മാത്രം വലിപ്പത്തിലുള്ള കുണ്ടും കുഴിയും വളവും ഉള്ള റോഡീക്കുടെ ഒരു ജാതി സ്പീഡില്‍ മറ്റു വണ്ടികളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറുകയാണ്. ഹോണടിക്കാതെ, മുന്നിലെ വളവില്‍ കൂടി വേറെ വണ്ടി വരുന്നുണ്ടോന്ന് നോക്കാതെയുള്ള ഡ്രൈവറുടെ പോക്ക് കണ്ടപ്പോ, ഞാന്‍ മുന്നിലെ സീറ്റിലിരുന്ന് മനസമാധാനമില്ലാതെ ഓരോ വളവ് വരുമ്പോഴും ഓപ്പോസിറ്റ് സൈഡീന്ന് വണ്ടി വരുന്നുണ്ടോന്ന് ഇടിക്കാന്‍ ചാന്‍സുണ്ടോന്ന് ഒക്കെ എത്തിച്ചു നോക്കാന്‍ തുടങ്ങി. എന്റെ ആ എത്തിനോട്ടം ഡ്രൈവറിന് തീരെ പിടിച്ചില്ലാ, എന്നെ നോക്കി “ഞാന്‍ വണ്ടി ഓടിക്കണത് പിടിച്ചിലെങ്കി നീ കേറി ഓടിക്ക്” എന്നു പറയണ ഒരു ലുക്ക്. അതോടെ ഞാന്‍ കണ്ണടച്ച് ഉറങ്ങണ പോലെയിരുന്ന് “കര്‍ത്താവെ വീടെത്തിക്കണേ” എന്ന് പ്രാര്‍ത്ഥിക്കാനും സ്റ്റോപ്പ് എത്തണ വരെ പലവിചാരമില്ലാണ്ട് കൊന്ത എത്തിക്കുകയും ചെയ്തു. അവസാനം എന്നെ ബസ്സില്‍ക്ക് വിളിച്ചു കേറ്റിയിട്ട് ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങണ നേരത്ത് ആ കൊരങ്ങന്‍ കിളിയുടെ വക ഒരു ഡയലോഗ് “ഈ ചേച്ചിക്ക് കേറാന്‍ ഒരു മണിക്കൂറ്, ഇറങ്ങാന്‍ രണ്ടു മണിക്കൂറ്, ഇതൊക്കെ എവടന്നു വരണാവോ” എന്ന്. വണ്ടി എവടെയും ഇടിക്കാണ്ട് സ്റ്റോപ്പെത്തിയ ആശ്വാസത്തില്‍ ഞാനാ ഡയലോഗ്ഗിനെ ചിരിച്ചു കൊണ്ട് വരവേറ്റു.

ദുബായിലെത്തിയിട്ടും ഞാ‍ന്‍ ഓട്ടം നിര്‍ത്തിയിട്ടില്ലാ, ഇവിടെയെത്തി ഒരാഴ്ചക്കുള്ളില്‍ കുടുംബസമേതം ഒരു കൂട്ട ഓട്ടം തന്നെ നടത്തി. ഒരു വെള്ളിയാഴ്ച ആദ്യമായി ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ 6 മണിയുടെ കുര്‍ബാന കാണാനിറങ്ങിയതാണ് ഞങ്ങള്‍. ബസ് സ്റ്റോപ്പിലെത്താന്‍ കുറച്ച് ദൂരം കൂടി നടക്കണം, അപ്പോഴാണ് ഒരു ബസ്സ് വരുന്നത് എന്റെ ചേട്ടായീടെ കണ്ണില്‍ പെടുന്നതും, ഉടനെ മോനെയുമെടുത്ത് “ഓടിക്കോ, ഈ ബസ്സ് പള്ളീടവിടക്ക് പോണതാണ്, ഇതു പോയാല്‍ പിന്നെ എപ്പഴാ കിട്ടാന്ന് പറയാന്‍ പറ്റില്ലാ” എന്നും പറഞ്ഞ് ഒരു ഓട്ടം. ഡാഡി ഓടുന്നത് കണ്ടപ്പൊ മോളും പിന്നാലെ വച്ചു പിടിച്ചു. ആയം പാടി തെക്ക് വടക്ക് നോക്കി നടന്നിരുന്ന ഞാന്‍ ഇവരുടെ ഓട്ടം കണ്ടപ്പോ പട്ടി പിന്നാലെ ഓടിച്ചിട്ട് കടിക്കാന്‍ വരുമ്പോ ഓടണ പോലെ ഒരു ഉഗ്രന്‍ ഓട്ടം വച്ചു കൊടുത്തു. ഞങ്ങളെല്ലാവരും ഫിനിഷിങ്ങ് പോയിന്റിലെത്തിയപ്പൊ ഞങ്ങളുടെ തിരുമോന്ത കണ്ടതും ആ ബസിന്റെ ഗ്ലാസ്സ് ഡോറ് ഞങ്ങള്‍ക്കു മുന്നിലായി ആട്ടോമാറ്റിക്കായി ക്ലോസ്സാവുകയും, അതിനുള്ളിലിരുന്ന് ആ ഡ്രൈവറ് ഞങ്ങളെ നോക്കി ഒരു സോറി സ്മൈല്‍ പാസാക്കുകയും അതിനെ തുടര്‍ന്ന് എന്റെ ചേട്ടായി മോനെ നിലത്തു വച്ച് കിതച്ചു കൊണ്ട് “കൊരങ്ങന്‍, ആ ഡ്രൈവറ് മലയാളിയാന്നാ തോന്നണേ” എന്നുറക്കെ ആത്മഗതം നടത്തുകയും ചെയ്തു. എന്തായാലും ടാക്സി പിടിച്ച് പിന്നെ ഞങ്ങള്‍ പള്ളിയിലെത്തുമ്പോഴേക്കും കുര്‍ബാ‍നയും അവസാനത്തെ പാട്ടും കഴിഞ്ഞ് എല്ലാരും പോയ കാരണം, സ്വസ്ഥമായി പള്ളിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ കുര്‍ബാനക്കു വന്ന ആള്‍ക്കാരെയും അവരുടെ ഡ്രസ്സും ഫാഷനുമൊക്കെ നോക്കി നിന്ന് കുര്‍ബാന കാണണ്ടി വന്നേനേ (പ്രത്യേക ശ്രദ്ധക്ക് - ആദ്യമായി പോകുന്ന പള്ളിയില്‍ ആദ്യമായി പ്രാര്‍ത്ഥിക്കുന്ന 3 കാര്യങ്ങള്‍ നടന്നു കിട്ടും. ഓണ്‍ലി വണ്‍ കണ്ടീഷന്‍ എന്നെ പോലെ നല്ല മനസ്സോടെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം).

അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഞാനീ ബസ്സിന്റെയൊക്കെ പിന്നാലെ ഓടിയ ഓട്ടമെല്ലാം ഒരുമിച്ച് കൂട്ടി ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യക്ക് എന്റെ വക ഒരു സ്വര്‍ണ്ണ മെഡല്‍ നേടി കൊടുക്കാമായിരുന്നു. എന്തു ചെയ്യാനാ, ഇതിനെയാണ് കാരണവന്മാര്‍ ഒക്കേത്തിനും ഓരോ യോഗമുണ്ടെന്ന് പറയുന്നത്, എനിക്ക് ബസ്സിന്റെ പിന്നാലെ ഓടാനായിരുന്നു യോഗം.

Monday, August 4, 2008

എന്റെ‌ ശൈശവക്കാലസ്മരണകള്‍

ചെറുപ്പത്തില്‍ അമ്മച്ചി പഠിക്കാന്‍ പറയുമ്പോഴ് കയ്യില്‍ കിട്ടിയ ബുക്കെടുത്ത് ഉമ്മറത്തെ ഓപ്പണ്‍ വരാ‍ന്തയിലിരുന്ന് ഊഞ്ഞാലയിലാടണ പോലെ ബോഡി ഫ്രന്റ് ബാക്ക് പൊസീഷനിലാട്ടി, മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങളെയും അതിന്‍ താഴെയായി എന്റെ രണ്ടാമത്തെ ചേച്ചിയുടെ മേല്‍നോട്ടത്തില്‍ ഞങ്ങള്‍ നാലാളും കൂടി വച്ചു പിടിപ്പിച്ച കാശിത്തുമ്പ, ജമന്തി, നാലു മണി പൂവ്, എല്ലാ കളറിലും ഉള്ള ചെമ്പരത്തി, വെള്ള ചോപ്പ് മുസാന്റ, പടക്കവാഴ, കുറ്റിമുല്ല, ഉണ്ടമല്ലി, മാങ്ങനാറി ഒക്കെ ഉള്ള തോട്ടത്തിലേക്ക് നോക്കി, ഒറക്കെ ഒരു വായനയാണ്. അപ്പോഴായിരിക്കും ഞങ്ങടെ അപ്പറത്തെ വീട്ടിലെ പൂച്ചയും, ഇപ്പറത്തെ വീട്ടിലെ കോഴികളും, മോണിങ്ങ് വാക്കിന് ഞങ്ങളുടെ ജോഗേഴ്സ്പറമ്പിലേക്ക് വരുന്നത്. അപ്പറത്തെ വീട്ടിലെ കോഴികള്‍ക്ക് ഒടുക്കത്തെ ബുദ്ധി അഥവാ സാമര്‍ത്ഥ്യമായിരുന്നു. മുട്ടയിടാന്‍ കൃത്യമായി അവരുടെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പോകുന്ന കോഴി, ഓരോന്ന് കൊത്തി പെറുക്കി തിന്നാനും ഒന്നിനും രണ്ടിനും പോവാനും ഞങ്ങളുടെ പറമ്പിലേക്ക് വരും. അത് കാണണ്ട താമസം ഞാന്‍ കയ്യില് കിട്ടിയ കല്ലെടുത്ത് വീക്കി അതിന്റെ പിറകെ ഓടി പത്തു വീടപ്പറമുള്ള പറമ്പിലേക്ക് ഓടിക്കും. തിരിച്ചു വന്ന് മനസമാധാനത്തോടെ വായന തുടങ്ങും, ഞങ്ങടെ തോട്ടത്തിലെ ചെടികളൊക്കെ ഞാന്‍ പഠിക്കുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടു നിക്കും, അവര്‍ എന്റെ സ്റ്റുഡന്റ്സും ഞാനവരുടെ ടീച്ചറുമാവും. കോഴിയോടും പൂച്ചയോടുമൊക്കെ ഞാന്‍ ക്വസ്റ്റ്യന്‍ ചോദിക്കും, എന്റെ ആ സ്റ്റുഡന്റ്സിനൊക്കെ എക്സാം എഴുതാന്‍ ഒരു ചാന്‍സ് കൊടുത്തിരുന്നെങ്കില്‍ അവരൊക്കെ ഇപ്പൊ എവിടെ എത്തിയേനേ!. അങ്ങനെ എന്റെ സ്പെഷ്യല്‍ക്ലാസ്സ് കേട്ട് ബോറടിക്കുമ്പോ അവര്‍ ക്ലാസ്സ് കട്ട് ചെയ്ത് വേറേ വഴിക്കു പോകും.

ഒരു ദിവസം പഠിപ്പൊക്കെ കഴിഞ്ഞ് ഇനി എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങടെ അപ്പറത്തെ വീട്ടിലെ മഹാവികൃതിയായ അപ്പുക്കുട്ടന്‍ വീട്ടില്‍ വന്നത്. അപ്പോ ഞാന് അവനോട് വെറുതെ ചോദിച്ചു ‘എന്താടാ നിന്റെ രണ്ടു ചെവിയിലും ഓട്ട“ എന്ന് (ഓട്ട മീന്‍സ് ഹോള്‍). എന്റെ ചോദ്യം കേക്കണ്ട താമസം അവന്‍ ഒന്നും പറയാതെ അവന്റെ വീട്ടിലേക്ക് വാണം വിട്ട പോലെ ഓടി. ആ ഓട്ടം കണ്ടപ്പോഴെ ഞാന്‍ വിചാരിച്ചു ഇവന്റെ ഓട്ടം അത്ര പന്തിയല്ലാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ബൂമറാങ്ങായി തിരിച്ചു വരുമെന്ന്. എന്റെ ഊഹം തെറ്റിയില്ല, അവന്‍ പോയി 5-10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും അപ്പുക്കുട്ടന്റെ അമ്മ ഞങ്ങടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ കണ്ടു, ആ വരവു കണ്ടതും ഞാന്‍ ബുക്കെടുത്ത് പഠിക്കാന്‍ പോയി. അപ്പോ ആ ചേച്ചി എന്റെ അമ്മച്ചിയോട് വന്നു ചോദിച്ചു അല്ഫോന്‍സക്കുട്ടിയെവിടെ എന്നു, ഞാനപ്പോ ഭയങ്കര പഠിപ്പായിരുന്നു, പഠിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അപ്പുക്കുട്ടന്റെ അമ്മ ചോദിച്ചു ‘നീ അപ്പുവിനോട് ഇവിടെ വന്നപ്പോ വല്ലതും പറഞ്ഞോ’ എന്നു. ഞാന്‍ പറഞ്ഞു ‘ഞാനെന്തൂട്ടാണ്ട് പറഞ്ഞു, അതു കേട്ടതും അവന്‍ ഇറങ്ങിയോടി എന്ന്’. എന്റെ ചോദ്യം കേട്ട് ഓടി പോയ അവന്‍ അവന്റെ വീട്ടിലെത്തി ആദ്യം ചെയ്ത പണി അവന്റെ രണ്ടു ചെവിയുടെയും ഓട്ട, പഞ്ഞി, കടലാസു കഷണം, തുണി എന്നിവ വച്ച് അടക്കലായിരുന്നു. എന്റെ ഭാഗ്യത്തിന് അവന് ചെവി സിമന്റ് ഇട്ട് ഓട്ടയടക്കാനുള്ള ബുദ്ധിയൊന്നും തോന്നിയില്ലാ. എന്താ നിന്റെ മൂക്കിന്‍ രണ്ട് ഓട്ട എന്നെനിക്ക് ചോദിക്കാന്‍ തോന്നാഞ്ഞതും ഭാഗ്യം, അല്ലെങ്കിലവന്‍ മൂക്കില് പഞ്ഞീം വച്ച് കിടന്നേനേ. എന്തായാലും അപ്പുക്കുട്ടന്റെ അമ്മക്ക് എന്നോടുള്ള പ്രത്യേക വാത്സല്യത്തിന്റെ പേരില്‍ അന്നു ചീത്തയൊന്നും കേള്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു.

ഇതിനു മുമ്പും ഞാന്‍ അപ്പുക്കുട്ടന്റെ ബുദ്ധി പല തവണ പരീക്ഷിച്ചിട്ടുണ്ട്. അവനോടു മുകളിലോട്ടു നോക്കി തുപ്പാന്‍ പറഞ്ഞാലൊക്കെ ഭയങ്കര അനുസരണയാ, അപ്പോ അതു പോലെ ചെയ്യും, അന്നിട്ട് തുപ്പലം അവന്റെ മുഖത്തു തന്നെ വന്നു വീഴുമ്പോ കരഞ്ഞിട്ട് അവന്റെ അമ്മേടേ അടുത്തേക്ക് കമ്പ്ലയിന്റ് ചെയ്യാനോടും. എന്നിട്ടും അവന്റെ അമ്മക്ക് എന്നോട് ഭയങ്കര ഇഷ്ട്മായിരുന്നു, കാരണം ആ ചേച്ചിക്ക് ഒരു സമാധാനവും കൊടുക്കാത്ത അവരുടെ അപ്പു കുഞ്ഞാടിനെ കൂടുതല്‍ നേരവും ആട്ടി തെളിച്ച് നടന്നിരുന്നത് ഈ ആട്ടിടത്തിയായിരുന്നു.

പൂരത്തിന്റെ എക്സിബിഷന്‍ കാണാന്‍ ഞങ്ങളും അപ്പുക്കുട്ടന്റെ വീട്ടുകാരും ഒരുമിച്ചാണ് പോയിരുന്നത്. എക്സിബിഷന് 100 സ്റ്റാളുകള്‍ ഉണ്ടെങ്കില്‍ അതില്‍ 75 സ്റ്റാളില്‍ കേറുമ്പോഴും അപ്പുക്കുട്ടന്‍ ഓരോന്ന് വാങ്ങിക്കാന്‍ വേണ്ടി വാശി പിടിക്കും, ഫസ്റ്റ് സ്റ്റെപ്പായി മാന്യമായി അമ്മയോട് അവന് ആവശ്യമുള്ളത് വാങ്ങിച്ചു തരോന്ന് ചോദിക്കും, ഇല്ലാ എന്നുത്തരമെങ്കില്‍ ഒന്ന് കരഞ്ഞ് നോക്കും, അന്നിട്ടും കേട്ടിലെങ്കില്‍ വോളിയം കൂട്ടി ശിങ്കാരി മേളത്തിന്റെ ചാടി കൊട്ടല്‍ പോലെ തുള്ളിചാടി കരഞ്ഞു പറഞ്ഞു നോക്കും, ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്റ്റെപ്പ് സ്റ്റാളില്‍ നിലത്ത് കിടന്നുരുണ്ട് ജനശ്രദ്ധയൊക്കെ പിടിച്ചു പറ്റി നെലോളിയോടെ ആവശ്ശ്യമവതരിപ്പിക്കലാണ്. എനിക്കും കൂടി ഗുണമുള്ള കാര്യത്തിനാണ് അവന്‍ കരയുന്നതെങ്കില്‍, അതായത് ഐസ്ക്രീമും അതു പോലെയുള്ള നല്ല തീറ്റ സാധനങ്ങള്‍ക്കു വേണ്ടിയാണ് കരയുന്നതെങ്കില്‍, അവന് വാങ്ങിക്കണ കൂട്ടത്തില്‍ എനിക്കും കിട്ടാന്‍ ചാന്‍സുണ്ടെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ എസ്.എം.എസ് അയച്ച് പ്രോത്സാഹിപ്പിക്കും. അവന് മാത്രം ഗുണമുള്ള കാര്യത്തിനാണെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ ഡിസ്കറേജ് ചെയ്യും, അല്ലെങ്കില്‍ അവന്റെ അമ്മയുടെ കയ്യീന്ന് അവന് തല്ലു കിട്ടണതും നോക്കി നിക്കും.

ഓണക്കാലത്ത് ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ എല്ലാരുടെ വീട്ടീന്നും പൂ പറിച്ചു കൊണ്ടു വന്നിരുന്നത് അപ്പുക്കുട്ടനാണ്. പകരം അവന്റെ വീടിന്റെ മുറ്റത്ത് ഞാന്‍ പൂക്കളം ഇട്ടു കൊടുക്കണം. രണ്ടു വീട്ടിലും പൂക്കളമിട്ടു കഴിഞ്ഞാല്‍ അപ്പുക്കുട്ടന്‍ CBI ഡയറികുറിപ്പ് ഫിലിമില്‍ മമ്മൂട്ടി നടന്നു വരണ പോലെ വന്നട്ട് രണ്ടു വീട്ടിലെയും പൂക്കളങ്ങളുടെ ഭംഗി നോക്കും, അന്നട്ട് ഞങ്ങടെ വീട്ടിലെ പൂക്കളമാണ് ഭംഗിയെന്നു തോന്നിയാല്‍ അത് തട്ടിതെറിപ്പിച്ച് ഒറ്റ ഓട്ടമാണ്, പിന്നാലെ ഞാനും ഓടും, പിന്നെ അവന്റെ ഓളിയിട്ടുള്ള കരച്ചില്‍ അവടെ മുഴുവന്‍ മുഴങ്ങി കേള്‍ക്കും.

ഉണ്ണിക്കുട്ടനായിരുന്നു ഞങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു വികൃതി. ഞങ്ങളുടെ വീട്ടിലേക്ക് എപ്പോ വിരുന്നുകാര് വന്നാലും ഗൈഡിന്റെ പോലെ ഉണ്ണിക്കുട്ടനും ഒപ്പം വരും. വിരുന്നുകാര്‍ക്ക് തിന്നാന്‍ അമ്മച്ചി ബേക്കറി പലഹാരങ്ങള്‍ മേശപുറത്ത് കൊണ്ടു വച്ചാല്‍ ഉണ്ണിക്കുട്ടന്റെ ഡ്യൂട്ടി തുടങ്ങുകയായി. 40-60 സ്പീഡില്‍ തിന്നാന്‍ തുടങ്ങി ഞാ‍ന്‍ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കുമ്പോ 120 സ്പീഡിലെത്തി പ്ലേറ്റിലെ പലഹാരങ്ങളൊക്കെ അവസാനിപ്പിക്കും. പോരാത്തതിന് വിരുന്നുകാരുടെ വക അവനെ സ്പെഷല്‍ പ്രോത്സാഹിപ്പിക്കലും ‘ചെറിയ കുട്ടിയല്ലേ, അവനെടുത്തു തിന്നോട്ടെ’ എന്ന്. എനിക്കതു കേക്കുമ്പോ ദേഷ്യം വരും, വിരുന്നുകാര്‍ പോയിട്ട് വേണം എനിക്ക് പ്ലേറ്റില്‍ ബാക്കി വരണത് തിന്നാന്‍, അപ്പൊഴാണ് അയലത്തെ വീട്ടിലെ കുട്ടിയായ അവന്റെ കടന്നാക്രമണം. അന്നത്തെ വീട്ടിലെ നിയമമനുസരിച്ച് ബേക്കറി പലഹാരങ്ങള്‍ വിരുന്നുകാര്‍ക്ക് തിന്നാനുള്ളതാണ്, വീട്ടിലെ കുട്ടികളായ ഞങ്ങള്‍ക്ക് തിന്നാന്‍ ലോക്കല്‍ ഐറ്റംസായ അച്ചപ്പം, കൊഴലപ്പം, അവലോസുണ്ടാ, അവല്‍ നനച്ചതൊക്കെ തിന്നാനെ അവകാശമുള്ളൂ. പിന്നെ ഒരു ആശ്വാ‍സ അലവന്‍സായി വിരുന്നുകാരന്‍ കൊണ്ടു വന്ന് വീട്ടിലെ ഇളയ കുട്ടിയായ എന്റെ കയ്യില്‍ സുരക്ഷിതമായി ഏല്പിച്ച പലഹാരത്തീന്ന് (മിക്കവാറും അലുവ, ക്രീം ബിസ്ക്കറ്റ്, ലഡു, ജിലേബി, കേക്ക്) ഓരോ കഷണം ടേസ്റ്റ് നോക്കാന്‍ തരും, അന്നട്ട് അതും അടുത്ത വിരുന്നുകാരന്‍ വരുമ്പോ കൊടുക്കാന്‍ വേണ്ടി എടുത്തു വക്കും. പോരാത്തതിന് എന്റെ മൂത്ത ചേച്ചി ഉണ്ടാക്കിയ നിയമമനുസരിച്ച് “ആദ്യം തിന്നു കഴിഞ്ഞവര്‍ക്ക് തിന്നുകഴിയാത്തവരുടെ തട്ടി പറിച്ചു തിന്നാം.” അങ്ങനെ അവസാനം മുതലുമില്ലാ, പലിശയുമില്ലാ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിഷമഘട്ടങ്ങളെ, ആണവക്കരാറിനെക്കാള്‍ വലിയ ഗുരുതര പ്രതിസന്ധികളെ പല തവണ എനിക്ക് ചെറുപ്രായത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞാന്‍ സ്റ്റാമിനയൊക്കെ വീണ്ടെടുത്ത് വിജയിക്കാന്‍ തുടങ്ങിയപ്പോ പലപ്പോഴും ബലിയാടാകേണ്ടി വന്നത് എന്റെ മൂന്നാമത്തെ ചേച്ചിയായിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിന്റെ ഇടയില് ബോംബെയില്‍ വച്ച് പേടിച്ച് പേടിച്ച് ജനിച്ചതുകൊണ്ട് അവള്‍ക്ക് എപ്പളും പേടിയായിരുന്നു, കോളിങ്ങ് ബെല്ലിന്റെ സൌണ്ട് കേട്ടാലും ഞെട്ടി വിറക്കും. അവളുടെ പലഹാര ഷെയറിന്റെ പകുതി പലപ്പോഴും മുകളില്‍ പറഞ്ഞ നിയമമനുസരിച്ച് എന്റെ വായിലാവും. അധികം തല്ലുകൂടാന്‍ കഴിവില്ലാത്ത കാരണം അവള്‍ എന്നെ അടിക്കാനും പിച്ചാനും വരുന്നതിനു പകരം മിക്കവാറും എന്നെ നോക്കി പോടി ‘ജന്തു, അസത്ത്, പട്ടി, ശവി‘ എന്ന് നാലും കൂട്ടി മുറുക്കി ഒരുമിച്ചൊരു വിളിയാണ്, അതോടെ അവള്‍ക്ക് യുദ്ധത്തില്‍ ജയിച്ച പോലത്തെ ആത്മസംതൃപ്തിയും സന്തോഷവും കിട്ടാറുണ്ട്.

ഞങ്ങളുടെ ചില കസിന്‍ ബ്രദേഴ്സിന് മമ്മുട്ടി മോഹന്‍ലാല്‍ സിനിമ റിലീസായാല്‍ ഫിലിം റിലീസായ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോന് ഫസ്റ്റ് ടിക്കറ്റെടുത്ത് ഫസ്റ്റ് സീറ്റിലിരുന്ന് ഫസ്റ്റ് ഫിലിം കണ്ട് ഫസ്റ്റ് ഞങ്ങള്‍ക്ക് ഫിലിമിന്റെ കഥ പറഞ്ഞു തരണമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. അതു പോലെ തന്നെ ഉണ്ണിക്കുട്ടന് ഞങ്ങളുടെ വീട്ടിലുണ്ടാവുന്ന ചാമ്പക്ക, പേരക്ക, പുളിനെല്ലി ഇവയൊക്കെ ഞങ്ങളെക്കാളും ഫസ്റ്റ് തിന്നണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവന്‍ ഞങ്ങടെ ചാമ്പക്ക മരത്തില്‍ കയറി പുളിയുറുമ്പിന്റെ കടിയൊക്കെ കൊണ്ട് ചാമ്പക്ക പറിച്ചു വരുമ്പോഴേക്കും ഞാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പോലെ വീടിന്റെ ഗേറ്റ് കുറ്റിയിട്ട് അവനെ കാത്തുനില്‍ക്കും, അന്നട്ട് തൊണ്ടി മുതലില്‍ നിന്ന് 50% അവന്‍ എന്നോട് പറയാണ്ട് പൊട്ടിച്ചതിന് പണിഷ്മെന്റായി വാങ്ങിച്ചു വക്കും, ബാക്കി 50% അവന്‍ കഷ്ടപ്പെട്ട് മരത്തില്‍ കയറി പറിച്ചു തന്നതിന്റെ ഉപകാര സ്മരണക്കായി അവന് തിന്നാന്‍ കൊടുത്തയക്കും. ഉണ്ണിക്കുട്ടന് വേറൊരു ദുശ്ശീലം കൂടിയുണ്ടായിരുന്നു. ഞാനവനെ ഒന്ന് അടിച്ചാലോ പിച്ചിയാലോ അവനപ്പോ കരയില്ലാ, മര്യാദക്ക് കരയാണ്ട് ഡീസന്റായി അവന്റെ വീട് വരെ പോണ ഉണ്ണിക്കുട്ടന്‍ അവന്റെ വീടിന്റെ ഗേറ്റ് കടന്നാലുടനെ ‘അമ്മച്ചീ എന്നെ ചേച്ചി മൂക്കില് പിച്ചി, കണ്ണില് മാന്തി’ എന്നൊക്കെ ഉണ്ടാക്കി പറഞ്ഞ് അലറിപൊളിച്ചൊരു കരച്ചിലാണ്. അതു കേട്ടാലുടനെ ഞാന്‍ വീണ്ടും ബുക്കുമെടുത്ത് പഠിക്കാന്‍ പോകും. ഉണ്ണിക്കുട്ടന്റെ അമ്മക്ക് പിന്നെ മകനെ ആരു തല്ലിയാലും, വഴീക്കൂടെ പോണ ആള്‍ തല്ലിയിട്ട് പോയാലും യാതൊരു വിധ പരാതിയുമില്ലാ.

തോമാസേട്ടനും ആലീസേച്ചിയും അവരുടെ കുഞ്ഞുമോന്‍ ബിനുവുമാണ് ഞങ്ങളുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന മറ്റൊരു സന്തുഷ്ടകുടുംബം. കാലത്തെ കാപ്പി കുടി കഴിഞ്ഞാലുടനെ ആലീസേച്ചി കുഞ്ഞുമോനെ പഠിപ്പിക്കാനിരുത്തും. പഠിപ്പിക്കാനിരുത്തി അര മണിക്കുറിനുള്ളില്‍ സിനിമാനടി കല്പനയുടെ പോലെയിരിക്കുന്ന ചേച്ചി മണിച്ചിത്രത്താഴിലെ ശോഭനയുടെ പോലെ നാഗവല്ലിയായി മാറും. ‘വിടമാട്ടെ’ ഡയലോഗ് പറയണ പോലെ ‘എത്ര പറഞ്ഞാലും എന്താടാ നിന്റെ തലയിലൊന്നും കയറാത്തെ’ എന്നു ചോദിച്ച് അവനിട്ട് രണ്ടു പൊട്ടിക്കും. മോനെ അടിക്കുന്നതു കാണുമ്പോ തോമാസേട്ടന്റെ കണ്ട്രോള്‍ പോവും ‘ഇങ്ങനാണോടീ കുട്ട്യോളെ പഠിപ്പിക്കാ, ക്ഷമ വേണടീ ക്ഷമ’എന്ന ഡയലോഗും കാച്ചി തോമാസേട്ടന്‍ ബിനോയിനെ പഠിപ്പിക്കാനിരുത്തും, അപ്പോ ഞാന്‍ മുറ്റത്തിറങ്ങി നില്‍ക്കും, ക്ഷമാശീലന്‍ പഠിപ്പിക്കാന് തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ആദ്യം ബിനുവിന്റെ കരച്ചില്‍ കേള്‍ക്കും, പിന്നാലെ തോമാസേട്ടന്‍ അവനെ പഠിപ്പിക്കാനെടുത്ത ബുക്കും സ്ലേറ്റും പറക്കും തളിക പോലെ പറന്നു വന്ന് മുറ്റത്ത് ലാന്‍ഡ് ചെയ്യും. പിന്നെ ‘മതി പഠിച്ചത്, എണീറ്റു പോടാ’ എന്നൊരു ഡയലോഗും. അതോടെ ബിനുവിന്റെ അന്നത്തെ പഠിപ്പ് കഴിയും.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഓര്‍ക്കൂട്ടിലൂടെ അപ്പുക്കുട്ടനെയും ഉണ്ണിക്കുട്ടനെയും കണ്ടുമുട്ടി. അപ്പുക്കുട്ടന്‍ ഇപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയറും ഉണ്ണിക്കുട്ടന്‍ വല്ല്യ ബിസിനസ്സ്മാനുമാണ്. അപ്പുക്കുട്ടന്‍ എന്നോട് അവനു പറ്റിയ വല്ല പെണ്ണുങ്ങളും ബോംബെയിലുണ്ടെങ്കില്‍ കല്ല്യാണമാലോചിക്കാന്‍ പറഞ്ഞു. അപ്പോ ഞാന്‍ അവന് വല്ല ഡിമാന്‍ഡ്സുമുണ്ടോന്ന് ചോദിച്ചു. അവന് വളരെ ചെറിയ ഡിമാന്‍ഡേ ഉള്ളൂ 101 പവനും 25 ലക്ഷവും ലേറ്റസ്റ്റ് മോഡല്‍ കാറും പിന്നെ ഒരു പെണ്ണും. അവനോട് ഞാന്‍ ഇത്തിരി ഡിസ്കൌണ്ട് ചെയ്യാന്‍ പറഞ്ഞപ്പോ അവന്‍ വലിയ ഡിസ്കൌണ്ട് തന്നെ ചെയ്തു, പെണ്ണു വേണമെന്ന് നിര്‍ബദ്ധമില്ലാത്രെ. എന്തായാലും ‘ചെറുപ്പത്തില്‍ കുറുമ്പ് കാണിക്കുന്നവര്‍ വലുതാവുമ്പോ പാവങ്ങളാകും’ എന്നു പറയുന്നത് 100% ശരിയാണ്. ഞങ്ങളൊക്കെ ഇപ്പോ എത്ര ഡീസന്റായി.

Thursday, July 24, 2008

ആരും തല്ലരുത് പ്ലീസ്

ആരും തല്ലരുത് പ്ലീസ്. ബ്ലോഗിലെ ഓരോ കവിതകള്‍ വായിച്ച് എന്റെ ഉള്ളിലെ കവയിത്രി ഞെട്ടി ഉണര്‍ന്നു, ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്നു പറയണ പോലെ, നാല് ഇരട്ട കവിട്ടകള്‍ക്ക് ജന്മം നല്‍കി (വിതയുമല്ലാ, പാട്ടുമല്ലാ, അതോണ്ടാ കവിട്ട എന്നു പേരിട്ടത്, അപ്പോ പിന്നെ നോ ഇഷ്യൂ), അപ്പോഴെക്കും ഞാന്‍ കവയിത്രിയെ അനസ്തേഷ്യാ കൊടുത്തു മയക്കി ഉറക്കത്തിലേക്ക് തിരിച്ചയച്ചു, ഫലമോ കവിട്ടകള്‍ അനാഥരായി അമ്മതൊട്ടിലില്‍ താഴെ കിടക്കുന്നു. ഇവരെ പോലെയുള്ളവര്‍ പിറന്നാലെ നിങ്ങളുടെ കവിതകള്‍ എത്ര മനോഹരവും കാവ്യഭംഗിയുമുള്ളതാണെന്ന് ജനം അറിയൂ. അതിനു വേണ്ടിയാണ് എന്നെ പോലെയുള്ളവര്‍ കവിട്ട എഴുതുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്കും ഉണ്ടാവില്ലേ കവിത എഴുതാനൊക്കെ ഒരു ആഗ്രഹം, അതുകൊണ്ട് ആരും തല്ലരുത് പ്ലീസ്.

തല്ലുകൊള്ളി

തന്തയും തള്ളയും തല്ലിയില്ലാ
ചേട്ടനും ചേച്ചിയും തല്ലിയില്ലാ
നാട്ടുകാരാരും തല്ലിയില്ലാ
തല്ലു കൊള്ളാത്തൊരു കുട്ടിയാ ഞാന്‍
തല്ലിപൊളിയാമൊരു കുട്ടിയാ ഞാന്‍!

(തെറ്റിന്ധരിക്കരുത്, ഇത് എന്നെ പറ്റിയല്ലാ)

തേങ്ങേടെ മുണ്ട്

ടി.വി. ഓഫാക്കി പോയിരുന്നു പഠിക്കെടാ നാലക്ഷരം
ചൊല്ലി ഞാനെന്റെ നാലു വയസ്സുകാരനാം പുത്രനോട്
ടി.വി. ഓഫാക്കി സത്പുത്രന്‍ എന്നെ നോക്കി റിപ്ലൈ ചെയ്തു
തേങ്ങേടെ മുണ്ട്
അന്തം വിട്ട എന്നെ നോക്കി അവന്‍ വീണ്ടും മൊഴിഞ്ഞു
മമ്മിച്ച് ദേഷ്യം വരുമ്പോ പറയാമെങ്കില്‍ എനിച്ചും പറയാം.
തേങ്ങേടെ മുണ്ട്
ചിരിച്ചു കൊണ്ട് ഞാനവന്റെ തെറ്റു തിരുത്തി കൊടുത്തു
തേങ്ങേടെ മുണ്ട് അല്ലാ മകനെ, തേങ്ങേടെ മൂട്
മലയാളിയാം അവനെ ശുന്ധമലയാളം പഠിപ്പിക്കേണ്ടത്
അവന്റ്മ്മയാം എന്റെ കടമയല്ലേ!


ഫാമിലി

കെട്ട്യോനും ഉണ്ട്
കുട്ട്യോള്‍ക്കും ഉണ്ട്
കെട്ട്യോള്‍ക്ക് മാത്രം ഇല്ലാ
എന്താത്? വിവരം

മുട്ട

കോഴി തന്നില്ലാ എനിക്കൊരു കോഴിമുട്ട
താറാവ് തന്നില്ലാ എനിക്കൊരു താറാമുട്ട
ആന തന്നില്ലാ എനിക്കൊരു ആനമുട്ട
എന്റെ ടീച്ചറ് മാത്രം തന്നു എനിക്ക്
ഓരോ വിഷയത്തിനും ഓരോ മുട്ട


പുതപ്പ്

തണുക്കുന്നു തണുക്കുന്നു,
തണുത്തു ഞാന്‍ വിറക്കുന്നു
പുതപ്പെവിടെ, പുതപ്പെവിടെ
പുതക്കാനായി പുതപ്പെവിടെ
തണുപ്പുമില്ലാ, പുതപ്പുമില്ലാ
എല്ലാം എന്റെ തോന്നല്‍ മാത്രം


ദുബായ്

എല്ലാ നിറത്തിലും, സൈസിലും, ഷെയ്പിലുമുള്ള
ആളുകളും, കാറുകളും, കെട്ടിടങ്ങളും
തിങ്ങി നിറഞ്ഞൊരു മഹാനഗരം
അതാണെനിക്കിന്ന് ദുബായ്
ചുട്ടു പൊള്ളും മനസ്സുമായ് ജീവിക്കും പ്രവാസി തന്‍
ചൂട് നെഞ്ചിലേറ്റു വാങ്ങിയ നഗരമാണെനിക്കിന്ന് ദുബായ്
ഹീറ്ററ് ഓണാക്കാതെ തന്നെ നാലു നേരവുമെനിക്ക്
ചൂടു വെള്ളം തരുന്നൊരു നഗരമാണെനിക്കിന്ന് ദുബായ്


ഐസ് ക്രീം

ക്രീം ക്രീം ഐസ് ക്രീം
വായിലും തേക്കാം
മുഖത്തും തേക്കാം
ക്രീം ക്രീം ഐസ് ക്രീം
വായില്‍ തേച്ചാല്‍ എന്തു രസം
മുഖത്തു തേച്ചാല്‍ എന്തു ഭംഗി
ക്രീം ക്രീം ഐസ് ക്രീം

ഈശ്വരന്‍

ഞാന്‍ അവന്റെ മാത്രമാണ്
അവനോ എല്ലാരുടേതും
ആരാണ് ആ അവന്‍
അവനാണ് ഈശ്വരന്‍.


ഇത് വായിക്കുന്നവര്‍ വല്ലോരും ബോധം കെട്ടു വീഴുമോന്നറിയാന്‍ ഞാന്‍ ഇതെന്റെ പ്രിയതമനെ കൊണ്ടു തന്നെ ആദ്യം വായിപ്പിച്ചു നോക്കി. ഭാഗ്യം! പുള്ളിക്കാരന്‍ ബോധം കെട്ടില്ലാ, ഒന്നും പറഞ്ഞുമില്ലാ, പകരം എന്നെ നോക്കി മനോഹരമായ ഒരു ചിരി ചിരിച്ചു, പക്ഷേ മുഖത്ത് നവരസങ്ങളിലൊന്നും പെടാത്ത ഒരു ഭാവം. എന്തായിരിക്കും ആ ചിരിയുടെ, ആ ദശരസത്തിന്റെ അര്‍ത്ഥം.???????

Monday, July 21, 2008

ഹൈദ്രബാദി ദം ബിരിയാണി

ദുബായിലെ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇവിടത്തെ ചൂടൊന്നുമല്ലാ, പിന്നെയോ ഹൈദ്രബാദി ദം ബിരിയാണിയാണ്. ഞങ്ങള്‍ താമസിക്കുന്ന ഷെയറിങ്ങ് ഫ്ലാറ്റില്‍ ഞങ്ങടെ തൊട്ടടുത്ത റൂമില്‍ താമസിക്കുന്നത് ആന്ധ്രപ്രദേശിലെ ഹൈദ്രബാദില് നിന്നുള്ള ഒരു തെലുങ്ക് ഫാമിലിയാണ്. ഒരു ചേട്ടനും ചേച്ചിയും 10 വയസ്സുള്ള ഒരു മോളും. ആ ചേച്ചിക്ക് ഒരു പണിയുമില്ലാ, വെറുതെ ഇടക്കിടക്ക് മോളില്‍ പറഞ്ഞ ബിരിയാണി ഉണ്ടാക്കി കൊണ്ടിരിക്കും, മനുഷ്യനെ കൊതി പിടിപ്പിക്കാന്‍. ഞങ്ങളുടേത് കോമണ്‍ കിച്ചണാണ്, പോരാത്തതിന് കിച്ചണിന്റെ നേരെ ഓപോസിറ്റാണ് ഞങ്ങളുടെ റൂം. ചേച്ചി ബിരിയാണി ഉണ്ടാക്കി തുടങ്ങുമ്പോഴേക്കും ഫ്ലാറ്റിലാകെ അതിന്റെ കൊതിപ്പിക്കുന്ന മണം പരക്കും. ആ മണം കേട്ടാല്‍ പിന്നെ എനിക്ക് ഇരിക്കപൊറുതിയുണ്ടാവില്ല. (വായില്‍ വെള്ളം നിറഞ്ഞിട്ട് അന്നത്തെ ദിവസം വെള്ളം വരെ കുടിക്കണ്ടി വരില്ല). ഞാനുടനെ കിച്ചണിലേക്ക് പ്രവേശിച്ച് ചേച്ചിയുമായി കുശലപ്രശ്നങ്ങള്‍ തുടങ്ങും “ഇന്ന് ബിരിയാണിയാ സ്പെഷല്‍, ചേച്ചി നല്ല എക്സ്പെര്‍ട്ടാണല്ലോ ബിരിയാണി ഉണ്ടാക്കാന്‍, ചേച്ചി ബിരിയാണി ഉണ്ടാക്കണ സ്മെല്ല് കേട്ടാല്‍ കൊതിയാവും, എനിക്ക് ബിരിയാണി ഭയങ്കര ഇഷ്ട്മാണ് പക്ഷേ എനിക്ക് ശരിക്ക് ബിരിയാണി ഉണ്ടാക്കാ‍നറിയില്ലാ“. ഇതൊക്കെ കേട്ടാല്‍ ആ ചേച്ചി ഒരു വലിയ പാത്രം എടുത്ത് കഴുകി തുടച്ച് അതില് ഫുള്ള് ബിരിയാണി നിറച്ച് ‘ഇന്നാ അല്ഫോന്‍സക്കുട്ടീ, എന്റെ ബിരിയാണി കഴിച്ചു നോക്ക്, നിനക്ക് ബിരിയാണി നല്ല ഇഷ്ടമാണെന്നല്ലേ പറഞ്ഞത്“” എന്നു പറഞ്ഞ് എനിക്ക് തരേണ്ടതല്ലെ? അതല്ലേ അതിന്റെ ശരി, നിങ്ങളു തന്നെ പറ.

പക്ഷെ ഈ ചേച്ചിക്ക് നോ മാനേഴ്സ് . ഞാനിത്രക്കും ക്ലൂ കൊടുക്കുമ്പോ ഏതു പൊട്ടനും മനസ്സിലാവും ഇവളീ പറയണതൊക്കെ ബിരിയാണി കിട്ടാനാണെന്ന്. പക്ഷേ ഈ ചേച്ചി ഭയങ്കര നിഷ്കളങ്കയായി പോയി, മനുഷ്യമനസ്സുകളെ മനസ്സിലാക്കാനുള്ള സാമാന്യ മനശാസ്ത്രമോ, സൈക്കോളജിയോ ഒന്നും വശമില്ലാതെ പോയി. ഞങ്ങടെ ബോംബെയിലുള്ള വീട്ടില്‍ അപ്പറത്തു താമസിക്കുന്ന പഞ്ചാബി ചേച്ചിയോട് ‘ഇന്ന് പാവ് ബാജിയാണോ ഉണ്ടാക്കിയത്, നല്ല മണം വരുന്നുണ്ടല്ലോ‘ എന്നൊരു വാക്കു പറഞ്ഞാല് മതി അഞ്ചു മിനുട്ടില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും തിന്നാനുള്ള പാവ് ബാജി ചേച്ചി വീട്ടില്‍ കൊണ്ടു വന്നു തരും. ഈ ചേച്ചി ബിരിയാണി ഉണ്ടാക്കി കഴിഞ്ഞ് അതും കൊണ്ട് ചേച്ചിയുടെ റൂമിലേക്ക് ഒറ്റ പോക്കാണ്. അപ്പോ എനിക്ക് സങ്കടം വരും എന്റെ അമ്മച്ചി ഉണ്ടാക്കണ ബിരിയാണി ഓര്‍മ്മ വരും. ഉടനെ ഞാന്‍ ഫോണെടുത്ത് എന്റെ ചേട്ടായിക്ക് ഓഫീസ് വിട്ടു വരുമ്പോ വാങ്ങിച്ചു കൊണ്ടു വരാനായി ഒരു ബിരിയാണി പാഴ്സലിന് ഓര്‍ഡറ് കൊടുക്കും. അന്നട്ടും സമാധാനം കിട്ടിയില്ലെങ്കില്‍ ഞങ്ങടെ താഴെയുള്ള ബേറൂട്ട് റെസ്റ്റോറന്റ്റില്‍‍ പോയി ഒരു ചിക്കന്‍ ഷവര്‍മ വാങ്ങിച്ചു തിന്നും.

എന്നാലും ഈ ചേച്ചിയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, അങ്ങനെയാണ് ഞാന്‍ വേറൊരു ഐഡിയ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ചേച്ചി ബിരിയാണി ഉണ്ടാക്കുന്ന ദിവസം ഞാനെന്തെങ്കിലും ഉണ്ടാക്കി ചേച്ചിക്ക് കൊടുത്തയക്കുക, അപ്പോ ചേച്ചി പാത്രം തിരിച്ചു തരുമ്പോ അതില്‍ ബിരിയാണി ഇട്ടു തരും. എപ്പടി എന്റെ ഐഡിയ! പക്ഷേ ഏറ്റില്ലാ. ഞാന്‍ റവ ലഡു ഉണ്ടാക്കി കൊടുത്തയച്ച് ബിരിയാണിക്കായി കാത്തിരുന്നു. ചേച്ചി ബിരിയാണിയൊക്കെ തിന്നു കഴിഞ്ഞ് പിറ്റേ ദിവസം ആ പാത്രത്തില്‍ നാട്ടിലത്തെ ബന്ധു വന്നപ്പോ കൊണ്ടു വന്നതാണെന്ന് പറഞ്ഞ് എന്റെ പാത്രത്തില്‍ അരി മുറുക്ക് തന്നു, എനിക്ക് തീരെ ഇഷ്ടമ്മില്ലാത്ത സാധനം. അടുത്ത പ്രാവശ്യം ഞാന്‍ നാട്ടില്‍ ചക്ക വരട്ടണതുപോലെ ദുബായിലെ ചക്കയായ ഈന്തപഴം വരട്ടി അലുവ പോലെയാക്കി അതിന്റെ മോളില്‍ അണ്ടിപരിപ്പും ബദാമും വച്ച് അലങ്കരിച്ച് കൊടുത്തയച്ചു. പകരം കിട്ടിയത് മാമ്പഴം, ചേച്ചിയുടെ ആങ്ങള ദുബായ് മാര്‍ക്കറ്റിലാണത്രേ. അങ്ങനെ അതും പൊളിഞ്ഞു.

അപ്പോ എന്റെ കെട്ട്യോന്‍‍ എന്നോടു ചോദിച്ചു നിനക്ക് ആ ചേച്ചിയോട് ബിരിയാണിയുടെ റെസിപ്പി ചോദിച്ച് അതു പോലെ ഉണ്ടാക്കികൂടെ എന്ന്. കാര്യം ശരിയാണ് അങ്ങനെ ചെയ്താല്‍ മതി, പക്ഷേ വല്ലോരും വച്ചുണ്ടാക്കി സ്നേഹത്തോടെ തരുന്നത് കഴിക്കുമ്പോഴുള്ള സുഖം, തന്നെ വച്ചുണ്ടാക്കി കഴിക്കുമ്പോ കിട്ടില്ലാ. മാത്രമല്ലാ ഞാനുണ്ടാക്കിയാല്‍ ബിരിയാണിക്ക് ആ ടേസ്റ്റ് കിട്ടുമെന്ന് യാതൊരു ഗാരണ്ടിയുമില്ലാ. എന്റെ പാചകത്തിന്റെ കാര്യം പറയാണെങ്കില് പാചകറാണിയായ എന്നെ നോക്കി എന്റെ ചേട്ടായി പറയും നിന്റെ സാമ്പാര്‍ കഴിച്ച് ഞാന്‍ ഒറിജിനല്‍ സാമ്പാറിന്റെ ടേസ്റ്റ് തന്നെ മറന്നു പോയി എന്നു. ഓരോ പ്രാവശ്യം വക്കുമ്പോഴും എന്റെ സാമ്പാറിന് ഓരോ ടേസ്റ്റാവും. അത് ശരിക്കുമൊരു വലിയ കഴിവല്ലേ?, ഒരേ ചേരുവകള്‍ ഉപയോഗിച്ച് ഓരോ പ്രാവശ്യം വ്യത്യസ്ത രീതിയില്‍ സാമ്പാറ് തയ്യാറാക്കുന്നത്, എപ്പഴും ഒരേ സാമ്പാറ് കഴിച്ചാല്‍ മടുക്കില്ലേ, പക്ഷേ ചുള്ളനത് മനസ്സിലാവില്ലാ. ചിലപ്പോ പുള്ളിക്കാരന്‍ എന്നോട് ചോദിക്കും ഇത് സാമ്പാറാണോന്ന്, അപ്പോ ഞാന്‍ സാമ്പാറിന്റെ പേര് മാറ്റി ഇത് ‘മിക്സഡ് വെജിറ്റബിള്‍ കറി വിത്ത് പുളി‘ ആണെന്ന് പറയും, അപ്പോ മൂപ്പര്‍ക്ക് ഇത്തിരി സമാധാനം കിട്ടും. ഒരു പ്രാ‍വശ്യം ഞാന്‍ സാമ്പാറുണ്ടാക്കിയപ്പോ പുള്ളിക്കാരന്‍ പറയാ നിന്റെ അവിയല്‍ കൂട്ടാന്‍ നന്നായിട്ടുണ്ടെന്ന്, അതു കേക്കുമ്പോ എന്റെ മുഖം ഇഡ്ഡ്ലിക്കരച്ച മാവു പോലെയും വട്ടേപ്പത്തിനു കലക്കി വച്ച മാവു പോലെയും വീര്‍ത്തു വീര്‍ത്തു വരും. അതിനു ശേഷം ഇന്ന് ഏതു കൂട്ടാനാ ഉണ്ടാക്കിയതെന്ന് ചോദിച്ചിട്ടേ പുള്ളിക്കാരന്‍ നന്നായിട്ടുണ്ടെന്ന് പറയാറുള്ളൂ. സാമ്പാറിന്റെ കാര്യത്തില്‍ മാത്രമേ പ്രശ്നമുള്ളൂ, നോണ്‍-വെജൊക്കെ ഞാന്‍ അസ്സലായി വക്കും, ബിരിയാണി ഒഴിച്ച്!.

ഞാനുണ്ടാക്കുന്ന സാധനങ്ങളില്‍ ചേച്ചിക്ക് ആകെ ഇത്തിരി ഇഷ്ടം തോന്നിയിട്ടുള്ളത് നമ്മുടെ പൂട്ടിനോടാണ്. അതു മാത്രം ചേച്ചി മുമ്പ് തിന്നിട്ടില്ലാന്ന് തോന്നണു. ഞാന്‍ പൂട്ടും കുറ്റിയും പിടിച്ച് നിക്കുമ്പോ ചേച്ചിയുടെ വിചാരം ഞാനെന്തോ റോക്കറ്റ് വിക്ഷേപിക്കാന്‍ പോവാണെന്നാണ്. ഇനി അടുത്ത പ്രാവശ്ശ്യം ചേച്ചി ബിരിയാണി ഉണ്ടാക്കുമ്പോ പൂട്ടുണ്ടാക്കി കൊടുത്തയച്ചാലോന്ന് വിചാരിച്ചു. പക്ഷേ ഒരു പ്രശ്നം പൂട്ട് കൊടുത്തയക്കുമ്പോ അതിന്റെ കൂടെ കടല കറി ഉണ്ടാക്കി കൊടുത്തയക്കണം, പിന്നെ പൂട്ടും കടലയും കൂട്ടി തിരുമ്മി എങ്ങനെയാ തിന്നാന്ന് പഠിപ്പിക്കണം. അതൊക്കെ വലിയ പാടാണ്. അതുകൊണ്ട് വളരെയധികം ചിന്തിച്ചതിനു ശേഷം ഞാനൊരു തീരുമാനത്തിലെത്തി. ഞാനീ സുവര്‍ണ്ണാവസരം നിങ്ങള്‍ക്കു വിട്ടു തരുന്നു. നിങ്ങളുടെ ബുന്ധി ഉപയോഗിച്ച് “ചേച്ചി ഇത്തിരി ബിരിയാണി തരോ” എന്ന് ഡയറക്റ്റായി ചോദിക്കാതെ തന്നെ ചേച്ചിയുടെ കയ്യീന്ന് ബിരിയാണി കിട്ടാനുള്ള സൂത്രം എഴുതി എനിക്കയച്ചു തരിക. ഏറ്റവും നല്ല ഐഡിയ അയക്കുന്ന ആള്‍ക്ക് സമ്മാനമായി ‘ഒടുക്കത്തെ ബുന്ധിമാന്‍ അവാര്‍ഡും ശിലാഫലകവും‘ അയച്ചു തരുന്നതാണ്, മാത്രമല്ലാ ഞാനെപ്പോ ബിരിയാണി തിന്നുമ്പോഴും ആ ഭാഗ്യവാനെ സ്നേഹത്തോടെ സ്മരിക്കുന്നതാണ്. യു നോ, ഏന്‍ ഐഡിയാ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്, സോ ബി ഹറി, ഡോണ്ട് വേസ്റ്റ് ടൈം, യൂസ് യുവര്‍ കുരുട്ട് ബുന്ധി.

ഇതൊക്കെയാണെങ്കിലും ആ ചേച്ചിയോട് എനിക്കും ആ ചേച്ചിക്ക് എന്നോടും ഭയങ്കര ഇഷ്ടമാണ്. ചോറും പാലുമൊക്കെ അടുപ്പത്തു വച്ച് റൂമില്‍ വന്നിരുന്ന് ടി.വി. കാണുന്ന എന്നെ വാതിലില്‍ മുട്ടി പാല്‍ തിളക്കാറായെന്ന് ഓര്‍മ്മപ്പെടുത്തുന്നതും അരി തിളച്ചു പോവുമ്പോ എന്റെ ഗ്യാസ്സ്സ്റ്റൌ ഓഫാക്കുന്നതും ആ ചേച്ചിയാണ്. ഷെയറിങ്ങ് ഫ്ലാറ്റിനെ അതിന്റെ ശരിയായ മീനിങ്ങില്‍ എനിക്ക് മനസ്സിലാക്കി തന്നത് ചേച്ചിയാണ്. ചേച്ചിയുടെ ഫെയറി (ഡിഷ് വാഷിങ്ങ് ലിക്വിഡ്) കഴിയുമ്പോ ചേച്ചി കൂളായിട്ട് അപ്പറത്തെ വീട്ടുകാരുടെ ഫെയറി എടുത്തുപയോഗിക്കും. ഒരു ദിവസം ചേച്ചിയുടെ ഗ്യാസ് കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടുകാരുടെ ഗ്യാസ് സ്റ്റൌവില്‍ ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കി. ആ വീട്ടുകാരാണെങ്കില്‍ വനാന്തരത്തില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം ഔഷധചെടി എന്നൊക്കെ പറയണ പോലെ വല്ലപ്പോഴും ഒരു വെള്ളിയാഴ്ചയേ കിച്ചണിലേക്ക് വരികയുള്ളൂ. എന്നാലും അന്യന്റെ മൊതല്‍ ഒരു ഒന്നര രണ്ടു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കില്ലാ എന്ന് ചേച്ചിക്ക് നിര്‍ബന്ധമുണ്ട്. പഞ്ചസാരയോ പച്ചമുളകോ കഴിഞ്ഞിരിക്കണ നേരത്ത് പെട്ടെന്ന് ആവശ്യം വന്നാല്‍ ഉടനെ വെയിലത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വേടിക്കണ്ട ആവശ്ശ്യമില്ലാന്ന് ചേച്ചി എന്നോട് ഈ സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഷെയറിങ്ങ് ഫ്ലാറ്റിലെ ജീവിതം കൊണ്ട് എനിക്ക് വേറെയും ഗുണങ്ങളുണ്ടായി. എന്റെ ചേട്ടായി ഇപ്പോ എന്നെ ശബ്ദം കുറച്ചെ ചീത്ത പറയാറുള്ളൂ, അതും ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം. എനിക്ക് ഇടക്കൊക്കെ പുള്ളിക്കാരന്റേന്ന് ഓരോ ഡോസ് കിട്ടിയിലെങ്കി ഭയങ്കര മനപ്രയാസമാണ്. പണ്ടൊക്കെ ഏതെങ്കിലും ടി.വി. പ്രോഗ്രാം കണ്ട് എനിക്ക് വട്ടിളകി ഞാന്‍ ഡാന്‍സും പാട്ടുമൊക്കെ തുടങ്ങുമ്പോ കാണാന്‍ പ്രേക്ഷകരുണ്ടാവില്ല, ചേട്ടായീം പിള്ളേരുമൊക്കെ ‘ദേ തൊടങ്ങി’ എന്നു പറഞ്ഞ് വേറെ മുറിയിലേക്ക് എണീറ്റ് പോകുകയാണ് പതിവ്. ഇപ്പോ ഞാനെന്റെ റിയാലിറ്റി ഷോ തുടങ്ങിയാല്‍, റൂം കുറെ വലിപ്പമുണ്ടെങ്കിലും ഒറ്റ റൂമായ കാരണം പോവാന്‍ സ്ഥലമില്ലാ, അവിടെയിരുന്ന് എന്റെ കഴുതരാഗം ആസ്വദിക്കുകയേ നിവ്രുത്തിയുള്ളൂ. പിന്നെയൂള്ള ഒരു ഗുണം നമ്മുടെ മേല്പറഞ്ഞ ചേച്ചി ഉണ്ടാക്കുന്ന ഓരോ കൂട്ടാന്റെ മണം കേട്ടാല്‍ നമ്മക്ക് കൂട്ടാനുണ്ടക്കണ്ട ആവശ്യമില്ലാ, ആ മണവും മൂക്കില്‍ വലിച്ചു കേറ്റി പച്ച ചോറ് വാരിവലിച്ചുണ്ണാം, വേണങ്കി ഒരു മുട്ട പൊരിച്ചതും ഇത്തിരി മോരും ആവാം.

ഷെയറിങ്ങ് ഫ്ലാറ്റാണെങ്കിലും ഇവിടെ വാടകക്ക് വലിയ കുറവൊന്നുമില്ലാന്നു മാത്രമല്ലാ വളരെ കൂടുതലുമാണ്, റൂമിന്റെ വാടകയുടെ കാര്യം പറയുമ്പോള്‍ ചേട്ടായീടെ മിഴികള്‍ ഈറനണിയും, തൊണ്ട അടയും, ശബ്ദം ഇടറും. അപ്പോ ഞാന്‍ ചേട്ടനെ എന്റെ മനോഹരമായ കുയില്‍ നാദത്തില്‍ ‘അപ്പഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ‘ എന്ന പാട്ടു പാടി ആശ്വസിപ്പിക്കും. ആ കഥ അടുത്ത ലക്കം.

Monday, July 14, 2008

അല്ഫോന്‍സക്കുട്ടി ഇന് ദുബായ്

അസ്ലാമു അലൈക്കും. ഗഫൂര്‍ക്കാ പഠിപ്പിച്ചു തന്ന അറബിയും കയ്യി‍ല് പിടിച്ച് ദുബായില്‍ ലാന്‍ഡ് ചെയ്തിട്ട് മാസം രണ്ടായി. ഞാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോ എന്റെ ചേട്ടന്‍ സിനിമാ നടന്‍ ജയനെ പോലെ ചോന്ന ഷര്‍ട്ടും വെള്ള പാന്റും ഇട്ട് കയ്യും വിരിച്ച് പിടിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ നോക്കി പാട്ടു പാടുകയാണ് “മാടപ്രാവെ വാ, ഒരു കൂടു കൂട്ടാന്‍ വാ, ഈ ദുബായ് നഗരവും ഉഷ്ണക്കാലവും, ഷെയറിങ്ങ് ഫ്ലാറ്റും ജീവിതചെലവും കാത്തിരിക്കുന്നു നിന്നെ”. ഞാന്‍ സീമ ചേച്ചിയുടെ പോലെ 32 പല്ലും പുറത്തു കാട്ടി ചിരിച്ചു കൊണ്ട് സ്ലോ മോഷനില്‍ എന്റെ ചേട്ടന്റെ അടുത്തേക്ക് ഓടി ചെന്നു. എയര്‍പോര്‍ട്ടില്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു………………. ഭാഗ്യം! പ്ലെയിനിലിരുന്ന് ഉറങ്ങിയപ്പോ ഞാന്‍ സ്വപ്നം കണ്ടതാണ്. എന്റെ ചേട്ടനങ്ങനെ ശരിക്കും പാട്ടു പാടിയിരുന്നെങ്കില്, ഞങ്ങള്‍ക്ക് കുടുംബമടക്കം വന്ന ഫ്ലൈറ്റില് തന്നെ ഇന്ത്യയിലേക്ക് തിരിച്ചു പോരണ്ടി വന്നേനേ. കല്ല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലമായിട്ടും മൂപ്പര് ഒരു പാട്ട് പാടണത് ഞാന്‍ ഇതു വരെ കേട്ടിട്ടില്ലാ, കുടുംബപ്രാര്‍ത്ഥനയുടെ അവസാനം പാടണ ഒരു പ്രാര്‍ത്ഥനാ ഗാനമൊഴിച്ച്, ആ പാട്ടു തന്നെ കര്‍ത്താവായിട്ട് സഹിക്കണതാണ്.

ഹിന്ദി സിനിമകളൊക്കെ കണ്ടിട്ട് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നായിക ലഗേജ് വച്ച ട്രോളിയൊക്കെ ഉന്തി കയ്യ് വീശി കാണിച്ച് തന്നെ കാത്തു നില്‍ക്കുന്ന ഹീറോയെ നോക്കി ചിരിച്ചു കൊണ്ടു ഓടി ചെല്ലുന്ന പോലെ എനിക്കും ചേട്ടായീടെ അടുത്തേക്ക് അതു പോലെ സ്റ്റൈലില്‍ ചെല്ലണമെന്ന്, കുട്ട്യോള്‍ക്കാണെങ്കില് അവരുടെ ഡാഡി അവരുടെ പേരും എഴുതിയ ബോര്‍ഡ് പിടിച്ച് അവരെ കാത്തു നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞങ്ങളവിടെ എത്തിയപ്പോ “പൊടി പോലുമില്ല കണ്ടുപിടിക്കാന്‍” എന്നു പറഞ്ഞ പോലെ ആ പരിസരത്തൊന്നും ആളെ കണ്ടെത്തിയില്ല. അങ്ങനെ എന്റെ ആ സ്വപ്നം തകര്‍ന്നു തരിപ്പണമായി. പുള്ളിക്കാരന്‍ ഞങ്ങളെ കാത്തു കാത്തു നിന്ന് ഫ്ലൈറ്റ് ഡിലേ ആയപ്പൊ സങ്കടം സഹിക്കാണ്ട് കോഫി കുടിക്കാന്‍ പോയതാണ്. പിന്നെ ആറേഴു മാസക്കാലം ഞാന്‍ കൂടെയില്ലാണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെ ആഘോഷിച്ചു നടന്ന ദിവസങ്ങള്‍ അവസാനിക്കാന്‍ പോവാണല്ലോ എന്നോര്‍ത്തപ്പോള്‍ പുള്ളിക്കാരന് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നേരത്തന്നെ കോഫി കുടിക്കാന്‍ മുട്ടി.

ദുബായില്‍ വന്ന് അന്നു തന്നെ ഞങ്ങള്‍ താമസസ്ഥലത്തിന് അടുത്തുള്ള നടന്നു പോവാന്‍ പറ്റണ സ്ഥലങ്ങളിലേക്ക് ചെറുതായൊന്ന് കറങ്ങാന്‍ പോയി. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ ദുബായിലെ ക്ലീന്‍ ക്ലീന്‍ റോഡുകളിലൂടെ ഞങ്ങള്‍ കെട്ട്യോനും കെട്ട്യോളും കുട്ട്യോളും കൂടി “സ്വര്‍ഗ്ഗത്തിലോ, നമ്മള്‍ സ്വപ്നത്തിലോ” എന്ന പാട്ടും പാടി നടന്നു. കുറച്ചു കഴിഞ്ഞപ്പോ എനിക്കൊരാഗ്രഹം, ഞാന്‍ ചേട്ടനോട് പറഞ്ഞു “ചേട്ടാ എനിക്കൊരു സാധനം വേടിച്ചു തരുമോ” വലിയ സാധനമൊന്നുമല്ല, ഒരു ചെറിയ കുട. നല്ല വെയിലും, നല്ല ചൂടും. എനിക്കാണെങ്കില് വാളു വെക്കണമെങ്കില് അഥവാ ഷര്‍ദ്ദിക്കണമെങ്കില്, ഒരു മാതിരി ആണുങ്ങളുടെ പോലെ കയ്യിലുള്ള കാശും കൊടുത്ത് ആവശ്യമില്ലാത്ത സാധനവും വേടിച്ചു കുടിച്ച് വാളു വെക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല, കുറച്ചധികം നേരം വെയില്‍ കൊണ്ടാല്‍ മതി ആദ്യം തലവേദനയില്‍ തുടങ്ങി വാളു വെപ്പില്‍ അവസാനിപ്പിക്കും ഞാന്‍. ഞാന്‍ വന്നതു കൊണ്ടാണത്രേ ദുബായില്‍ ഇപ്രാവശ്യം ചൂട് വളരെ കുറവാണെന്നാണ് എല്ലാരും പറയണത് (യു.എ.ഇ. യില്‍ താമസിക്കുന്നവര്‍ ഈ വാചകം വായിക്കാന്‍ പാടില്ലാ).

ഇവിടെ വന്ന് മൊബൈല്‍ ഫോണില്‍ പുതിയ കാര്‍ഡിട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്കൊരു ഫോണ്‍ കോള്‍. ഞാന്‍ ഫോണെടുത്ത് മര്യാദക്ക് ‘ഹലോ’ പറഞ്ഞപ്പോള്‍, അവിടന്ന് ഒരാള്‍ ‘അസ്ലാമു അലൈക്കും‘ എന്നു പറഞ്ഞു. എത്ര ആലോചിച്ചിട്ടും തിരിച്ച് പറയണ്ടതെന്താന്ന് ഓര്‍മ്മ വരണില്ലാ, തനി നാടന്‍ സ്റ്റൈലില്‍ ‘നമസ്ക്കാരണ്ട്’ എന്നു പറയണോ അതോ ‘ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ’ എന്നു പറയണോ എന്നാലോചിച്ച് അവസാനം രണ്ടും കല്പിച്ച് ‘അലൈക്കും അലൈക്കും’ എന്നു രണ്ടു പ്രാവശ്യം പറഞ്ഞു. പിന്നെ കൂടുതലൊന്നും പറയണ്ടി വന്നില്ലാ, അപ്പോഴേക്കും ഫോണ്‍ വിളിച്ച ആള്‍ റോങ്ങ് നമ്പറാണെന്ന് സ്വയം മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ കട്ടായതും എന്റെ ട്യൂബ്ബ് ലൈറ്റ് കത്തി ‘വാലെയ്ക്കും അസ്ലാം‘ അതോ ഉസ്ലാം’ എന്നാണ് തിരിച്ചു പറയണ്ടത്.

ദുബായില്‍ വന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ ഞാനിവിടെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എനിക്ക് ദിവസവും മുടങ്ങാതെ ഫോണ്‍ ചെയ്തിരുന്ന ബോംബെയിലുള്ള എന്റെ രണ്ടു ചേച്ചിമാരും ഫാമിലിയും, പിന്നെ എന്റെ ഇഷ്ട് വാഹനമായ ഓട്ടോറിക്ഷയും, നമ്മുടെ ദേശീയ പക്ഷിയായ കൊതുകിനെയുമാണ്, ദുബായില്‍ പാറ്റയാണ് താരം.

എന്റെ ദുബായ് വിശേഷങ്ങളറിഞ്ഞ് എനിക്ക് പിന്നാലെ ദുബായിലേക്ക് വരാന്‍ പാസ്പോര്‍ട്ടിനും അപ്ലൈ ചെയ്ത് കെട്ടും കെട്ടി റെഡിയായിരിക്കുന്ന ചേച്ചിമാരെ “എന്തൂട്ട് ഇന്ത്യാ, ത്രിശ്ശൂരിന്റെ ഒരു മൂലക്കുണ്ടോ?“ എന്ന് ത്രിശ്ശുക്കാര് പറയണ പോലെയാണ് ഇവടത്തെ അവസ്ഥ. ദുബായില്‍ ഷോപ്പിങ്ങ് മാളുകള്‍ ഇഷ്ട്ടം പോലെയുണ്ടെങ്കിലും ബോംബെയിലെ ഷോപ്പിങ്ങിന്റെ സുഖമൊന്നും ഇവിടെയില്ലാ. ബോംബെയില് 600 രൂപ വില പറഞ്ഞ ചുരിദാറ് 250 രുപക്ക് ചോദിച്ച് അവരുടെ വായിലിരിക്കണതും കേട്ട് 350 രൂപക്ക് നമ്മള്‍ ഡ്രസ്സ് വാങ്ങിച്ചു കൊണ്ടു വരുന്ന സുഖമൊന്നും ഇവിടെയില്ല, ഇവിടെ ഏതു സാധനമെടുത്താലും അതുമെ എഴുതി വച്ച വില കൊടുത്തു വാങ്ങിക്കണം. പിന്നെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടത് ഇവിടെ ഓരോ കോഴി മുട്ടയില്‍ വരെ ചുവന്ന ലിപികളില്‍ എക്സ്പെയറി ഡേറ്റ് എഴുതി വച്ചിട്ടുണ്ടാവും. 2010 ആവുമ്പോഴേക്കും ഓരോ കോഴി മുട്ടയിലും ആ മുട്ടയിട്ട കോഴിയുടെ പേര് വരെ സുവര്‍ണ്ണലിപികളില്‍ എഴുതും എന്നാണ് കേട്ടത്.

ടൈപ്പ് ചെയ്ത് മതിയായി, അപ്പോ ബാക്കി വിശേഷങ്ങള്‍ പിന്നെ.

Saturday, April 5, 2008

പെണ്ണു കാണാന് പോകും മുമ്പ്

ഒരു പ്രത്യേക അറിയിപ്പ് – പോസ്റ്റിന്റെ മുമ്പില്‍ നില്‍ക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, ഞാന്‍ എന്നെ കൊണ്ടു പറ്റുന്ന പോലെ എഡിറ്റിങ്ങും കട്ടിങ്ങും ഷേവിങ്ങും ചെയ്തിട്ടും ഈ പോസ്റ്റ് കുട്ടിക്കും ഹൈറ്റും വെയ്റ്റും കൂടി പോയി, ഇനിയുള്ള കട്ടിങ്ങും ഷേവിങ്ങും നിങ്ങളുടെ ഇഷ്ടത്തിന് വിട്ടുതന്നിരിക്കുന്നു. അപ്പോ നാടകം, അല്ല, പോസ്റ്റ് ആരംഭിക്കാന്‍ പോകുന്നു ‘അല്ഫോന്‍സക്കുട്ടിയുടെ അച്ചായന്‍.’

പണ്ട് പണ്ട്, വളരെ പണ്ട്, ക്രിത്യമായി പറഞ്ഞാല്‍ ഒരു പത്ത് പതിനൊന്ന് വര്‍ഷം മുമ്പ് ഈ അല്ഫോന്‍സക്കുട്ടിയെ ആദ്യമായി ഒരു ചെക്കന്‍ പെണ്ണു കാണാന്‍ വന്നു, ഇപ്പോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനാ ചെക്കനെ ‘ചെക്കന്‍ കാണാന്‍ പോകുന്നു‘, അതും പ്ലെയിന്‍ കേറി ദുബാ‍യില്‍ പോയിട്ട്. തെറ്റിദ്ധരിക്കണ്ട, ആ ചെക്കനാണ് എന്നെ പത്തു വര്‍ഷം മുമ്പ് കല്ല്യാണം കഴിച്ച് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗാര്‍ത്ഥം ദുബായില്‍ പോയിട്ട്, എന്നെ ‘ചെക്കന്‍ കാണല്‍ ചടങ്ങിന്‘ ക്ഷണിച്ചിരിക്കുന്നത്. കുറച്ചു മാസത്തെ വിരഹദുഖം അനുഭവിച്ചതിനു ശേഷം വീണ്ടും കാന്തന്റെ അടുത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ എന്റെ ആദ്യത്തെ ആ പെണ്ണുകാണലാണ് ഓര്‍മ്മ വരുന്നത്. സംഭവബഹുലമായ ആ കഥ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു നിങ്ങളുടെ, സോറി, ആ ചെക്കന്റെ സ്വന്തം അല്ഫോന്‍സക്കുട്ടി.

അന്ന് എനിക്ക് പ്രായം രണ്ട് രണ്ട്, മുംബൈയില്‍ ടെല്‍കോ കമ്പനിയില്‍ ജോലി. ആദ്യമായി ജോലി കിട്ടി ശമ്പളം വാങ്ങിച്ച് കൂട്ടുകാരൊടൊത്ത് അടിച്ചുപൊളിച്ചു വടപാവും ബേല്പുരിയും തിന്ന് സന്തോഷമായി നടക്കുന്ന കാലം. അപ്പോഴാണ് കേരളാ ലോട്ടറിയുടെ പരസ്യവാചകം പോലെയുള്ള ‘നാളെയാണ് നാളെയാണ് നാളെയാണ് എന്നെ പെണ്ണു കാണാന്‍ വരുന്നത്‘ എന്നുള്ള ആ അറിയിപ്പ് എനിക്ക് കിട്ടിയത് ‘. ചെറുക്കന്‍ എന്റെ മൂത്ത ചേച്ചിയെ കെട്ടിയ പുണ്യാളന്റെ (വിശുദ്ധന്റെ പേരുള്ള ചേട്ടന്‍ എന്നേ ഉദ്ദേശിച്ചുള്ളൂ) അകന്ന ബന്ധത്തിലുള്ള സുമുഖനും സുന്ദരനും സത്സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്‍.

രാത്രി പന്ത്രണ്ടു മണി. ചുറ്റും കുറ്റാകൂറ്റിരുട്ട്, എങ്ങും തികഞ്ഞ നിശബ്ദ്ധത, ക്ലോക്കിന്റെ ടിക് ടിക് ശബ്ദവും, ചീവിടുകളൂടെ കീ കീ ശബ്ദവും മാത്രം. മണിക്കൂറുകള്‍ ഓരോന്നായി കടന്നു പോയി. അതാ ആരോ വരുന്നു. ആരാണ് ഈ ഇരുട്ടത്ത് ടോര്‍ച്ചും തെളിച്ച് വരുന്നത്. ഞാന്‍ കഷ്ടപ്പെട്ട് കണ്ണ് പൊത്തിപിടിച്ചിരുന്ന് വിരലിന്റെ ഇടയിലുള്ള ഗ്യാപ്പില്‍ കൂടി നോക്കി കണ്ടിട്ടുള്ള ഹൊറര്‍ സിനിമകളിലെ ഡ്രാക്കുളയോ, യക്ഷിയോ, പ്രേതമോ വല്ലതുമാണോ. അല്ലാ, അത് അവനാണ്, നമ്മുടെ സ്വന്തം സൂര്യഭഗവാന്‍. അങ്ങനെ എന്നെ ആദ്യമായി പെണ്ണു കാണാന്‍ വരുന്ന ആ ദിവസം നേരം പുലര്‍ന്നു.

എനിക്ക് ഉണ്ണിക്കുട്ടിയായ എന്നെ ഇത്ര വേഗം കെട്ടിച്ചയക്കാന്‍ ഇഷ്ട്മില്ലാത്തത് കൊണ്ടും, കുറച്ചു കൊല്ലങ്ങള്‍ കൂടി കളിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടും, ഞാന്‍ ചെക്കന് എന്നെ ഇഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടു കൂടി എന്റെ വസ്ത്രങ്ങളുടെ സ്റ്റോക്കില്‍ നിന്ന് (ദൈവം സഹായിച്ച് 3 ചേച്ചിമാരുള്ളതു കൊണ്ട് അവരുടെ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ആയ ഡ്രസ്സുകളാണ് ജനിച്ചപ്പൊ തൊട്ടുള്ള എന്റെ മികച്ച വമ്പിച്ച വസ്ത്രശേഖരം) ഏറ്റവും പഴയ, ചെക്കന് ഡെയ്ഞ്ചര്‍ സിഗ്നല്‍ കൊടുക്കുന്ന, റെഡ് കളറുള്ള ചുരിദാറിട്ട്, പൌഡറിടാതെ, പൊട്ടു തൊടാതെ, മുടി കെട്ടാതെ കന്മദം ഫിലിമിലെ മഞ്ജു വാര്യര്‍ സ്റ്റൈലില്‍ പെണ്ണു കാണല്‍ ചടങ്ങിന് റെഡിയായി നിന്നു. അപ്പോഴതാ കോളിങ്ങ് ബെല്ല് ‘കി കി കി‘ എന്നു ചിലക്കുന്നു. അമ്മച്ചിയും ചേച്ചിയും പോയി വാതില്‍ തുറന്നു. ഞാന്‍ കിച്ചണില്‍ പെണ്ണു കാണാന്‍ വന്നവര്‍ക്ക് കൊടുക്കാന്‍ തയ്യാ‍റാക്കി വച്ചിരിക്കുന്ന കിണ്ണത്തപ്പവും കേക്കും കായ വറുത്തതുമൊക്കെ ടേസ്റ്റില്ലേയെന്നൊക്കെ ടെസ്റ്റ് ചെയ്ത് എന്നെ വിളിക്കുന്നതും കാത്ത് വെയ്റ്റ് ചെയ്തു. ഞാന്‍ ചെക്കന്റെ തലയിലെങ്ങാന്‍ ചായയെടുത്ത് ഒഴിച്ചാലോ എന്നു പേടിച്ചിട്ടാവണം അമ്മച്ചിയും ചേച്ചിയും കൂടിയാണ് ചെക്കനും കൂട്ടര്‍ക്കും ചായയും പലഹാരങ്ങളും കൊടുത്തത്. എന്റെ രംഗപ്രവേശത്തിന്റെ ടൈമായപ്പോള്‍ അമ്മച്ചി എന്നെ എന്റെ പേരിന്റെ കൂടെ ഒരു സ്പെഷ്യല്‍ ‘മോളേ’ എന്നു ചേര്‍ത്ത് നീട്ടി വിളിച്ചു. ഞാന് അവിടെ പോയി ചുമരും ചാരി നിന്ന് എല്ലാരെയും വിശദമായി നോക്കി.

ആവശ്യത്തിന് കട്ടി മീശയുള്ള, താമര പൂ പോലെ വിടര്‍ന്ന കണ്ണുകളുള്ള, കോളേജ് കുമാരനെ പോലെ തോന്നുന്ന, ഇരുനിറത്തിലുള്ള (ഗോതമ്പിന്റെ നിറമാന്ന് മൂപ്പരും പാലിന്റെ നിറമാണെന്ന് മൂപ്പരുടെ അമ്മയും പറയണ നിറം, ചിലപ്പോ ഹോര്‍ലിക്സ് കലക്കിയ പാലിന്റെ കാര്യമാവും പറഞ്ഞത്) ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരന്‍. കൂടെ വ്യാകുലമാതാവിന്റെ ഫെയ്സ് കട്ടുള്ള അമ്മയും, എലിപ്പത്തായം സിനിമയിലെ ഹീറോന്റെ പോലത്തെ അപ്പനും, വട്ടമുഖമുള്ള പെങ്ങളും, പെങ്ങളിന്റെ ഉറങ്ങുന്ന കൊച്ചു കുഞ്ഞും. കുഞ്ഞൊഴിച്ച് എല്ലാരുടെയും നോട്ടപുള്ളിയായി ഞാന്‍. അപ്പോ അമ്മയും അപ്പനും കൂടി ചെക്കനെ ഒരു നോട്ടം ‘നിനക്ക് പെണ്ണിനോട് വല്ലതും ചോദിക്കാനുണ്ടെങ്കി ചോദിച്ചോടാ’ എന്ന്. അങ്ങനെ ചോദ്യോത്തര പംക്തി തുടങ്ങി.

എലിവാണം വിട്ട പോലെ ആളുടെ ഫസ്റ്റ് ചോദ്യം‍ ‘ഡിഗ്രിക്ക് ഏതായിരുന്നു മെയിന്‍’. ബെസ്റ്റ് ചോദ്യം, അതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു തരിപ്പണമായി, വേറേ ഏതൊക്കെ നല്ല ചോദ്യങ്ങള്‍ കിടക്കുന്നു ചോദിക്കാന്‍ ‘കുട്ടിക്ക് സിനിമ കാണാന്‍ ഇഷ്ട്മാണോ, ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണോ, കുട്ടീക്ക് എന്നെ ഇഷ്ട്മായോ‘ അങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നിന്ന എന്നോട് ഒരു മാതിരി സ്റ്റാന്‍ഡേര്‍ഡില്ലാത്ത ഈ ചോദ്യം. എന്തായാലും ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്ന് ഉത്തരം പറഞ്ഞു. അപ്പോ ദേ വരണു അടുത്ത റോക്കറ്റ് ‘എത്ര % മാര്‍ക്കുണ്ടായിരുന്നു ഡിഗ്രിക്ക്‘. ഇയാളെന്താ കാമ്പസ് ഇന്റര്‍വ്യൂന് വന്നതാണോന്ന് ചോദിക്കണംന്നൂണ്ടായിരുന്നു, പക്ഷേ അതിനു പറ്റിയ സിറ്റുവേഷന്‍ ഇല്ലാതിരുന്നതു കൊണ്ട് 61% എന്ന് ഉത്തരം പറഞ്ഞു (നാലാ‍ള് വായിക്കണതല്ലെ എന്നു കരുതി മാര്‍ക്ക് കൂട്ടി പറഞ്ഞിട്ടൊന്നുമില്ല കേട്ടോ, ശരിക്കും അത്രക്ക് കിട്ടി, അതെങ്ങനെയാണെന്ന് എനിക്കിന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്). മൂപ്പരുടെ മേല്പറഞ്ഞ രണ്ട് ക്ണാപ്പ് ക്വസ്റ്റ്യന്‍സ് കേട്ടതോടെ, ഹ്യൂമര്‍ സെന്‍സും റൊമാന്റിക് സെന്‍സും തൊട്ടു തീണ്ടിയില്ലാത്ത ഒരു ഐറ്റം നമ്പറാണ് കക്ഷിയെന്ന് എനിക്ക് ഒരു ഡൌട്ട് ഫീല്‍ ചെയ്തു. വിദ്യാഭ്യാസത്തെ കുറിച്ച് മാത്രം ചോദിക്കാന്‍ ഇവനാരടെ വിദ്യാഭ്യാസമന്ത്രിയുടെ മോനോ എന്ന് ഞാനാലോചിച്ചു നിക്കുമ്പോ അതാ പുള്ളിക്കാരന്റെ അമ്മയുടെ വക അടുത്ത മിസൈല്‍ ‘മോള്‍ക്ക് കുക്കിങ്ങൊക്കെ അറിയോ‘ എന്ന്. ആദ്യമായി കാണുന്ന അമ്മയോട് ‘എനിക്ക് അത്യാവശ്യം കുക്കിങ്ങൊക്കെ അറിയാം’ എന്ന് നുണ പറയണോന്ന് ആലോചിക്കുമ്പോഴാണ് പെങ്ങളുടെ മോന്‍ കരയാന്‍ തുടങ്ങിയതും, ഞാന്‍ കരയുന്ന കൊച്ചിനെ എടുത്ത് കളിപ്പിക്കണ ആക്ഷനൊക്കെ കാട്ടി ബെഡ്റൂമിലേക്ക് സൂപ്പറായി നുണ പറയാതെ രക്ഷപ്പെട്ടതും. ഏതായാലും ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടാണ് ‘കടല വെള്ളമൊഴിക്കാതെയും വെണ്ടക്ക ഒരു ബക്കറ്റ് വെള്ളമൊഴിച്ചും വേവിക്കുന്ന പാചകറാണിയാണ് തന്റെ മരുമകളെന്ന‘ അമ്മയുടെ ചോദ്യത്തിനുള്ള ഞെട്ടിക്കുന്ന ഉത്തരം അമ്മ ഞാന്‍ പറയാതെ തന്നെ കണ്ടെത്തിയത്. എന്തായാലും അന്നത്തെ ചോദ്യാത്തര പംക്തി കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞിറങ്ങി.

അന്ന് എനിക്കാണെങ്കില്‍ കല്ല്യാണപ്രായമാവാത്ത കാരണം ചെക്കനെ പറ്റി വലിയ സങ്കല്പങ്ങളൊന്നുമില്ലാ, എന്നാലും എന്റെ സങ്കല്പ്ത്തിലെ ചെക്കനു വേണ്ട മാക്സിമം യോഗ്യതകളായ ഇരുനിറം, കട്ടിമീശ, കുടിയും സിഗരറ്റ് വലിയുമില്ലാത്ത സത്സ്വഭാവം, പാകത്തിന് പക്വത ഇതൊക്കെ ഈ ചെക്കനു വേണ്ടുവോളമുണ്ട് (ചേട്ടന്റെ ബന്ധുക്കളെത്തിച്ച ന്യൂസ് പ്രകാരം), ഒരു ഹ്യൂമര്‍ സെന്‍സിന്റെ കുറവൊഴിച്ച്. ഞാനാലോചിച്ചപ്പോ എന്റെ മുന്നൂ ചേച്ചിമാരെയും കെട്ടിയിരിക്കുന്നത് വിശുദ്ധന്മാരുടെ പേരുള്ള പുണ്യാളന്മാരാണ്, അവരൊക്കെ എന്റെ ചേച്ചിമാരുടെക്കാളും വെളുത്തിട്ടാണ്, ഈ ചെക്കനാണെങ്കില്‍ പുണ്യാളന്റെ പേരുമില്ല്യാ എന്നെക്കാളും നിറവുമില്ല്യാ. അതുകൊണ്ട് എന്നെ പുണ്യാളന്‍ കെട്ടണോ റപ്പായേല്‍ മാലാഖ കെട്ടണോന്നൊക്കെ കര്‍ത്താവ് തീരുമാനിച്ചോട്ടേന്ന് വിചാരിച്ച് ഞാന്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ പോയി. (കര്‍‌‌ത്താവിനല്ലേ അറിയൂ എന്നെ ആരുടെ വാരിയെല്ല് ഊരിയെടുത്തിട്ടാ ഉണ്ടാക്കിയതെന്ന്)

പിറ്റേ ദിവസം ഉറങ്ങിയെണിറ്റപ്പോ അമ്മച്ചിക്ക് എന്നെ അവര് വന്ന് പെണ്ണു കണ്ടു പോയതിന്റെ ഹാങ്ങോവറ്, എന്നോട് ചപ്പാത്തി പരത്തി പഠിക്കാന്‍, അല്ലെങ്കില്‍ അമ്മായിയമ്മ ശരിയാക്കും പോലും (അമ്മച്ചിക്ക് കരിനാവില്ലെങ്കിലും ആ പ്രവചനം ഫലിച്ചു). എന്തായാലും ഞാന്‍ ഇന്ത്യയുടെ ഷേപ്പിലും, കേരളത്തിന്റെ ഷേപ്പിലും, അതിന്റപ്പുറത്ത് കിടക്കുന്ന തമിഴ് നാട്ടിന്റെ ഷേപ്പിലും കനത്തിലും മൂന്ന് ചപ്പാത്തി പരത്തിയപ്പോഴേക്കും അമ്മച്ചി എന്നോട് ഓഫീസില്‍ക്ക് പോവാന്‍ റെഡിയാവടി എന്നു പറഞ്ഞു. അതു വരെ, വിരുന്നുകാരു വരുമ്പോ കൊടുക്കാന്‍ വാങ്ങി വച്ചിരിക്കുന്ന പലഹാരങ്ങള്‍ കാണാണ്ടാവുന്നൂന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ എനിക്ക് കിച്ചണില്‍ പ്രവേശനം നിഷേധിച്ച അമ്മച്ചി ഒരു സുപ്രഭാതത്തില്‍ എന്നോട് ചപ്പാത്തി പരത്തി കൂട്ടാനുണ്ടാക്കാന്‍ പറഞ്ഞാല്‍ ഞാനെങ്ങനെ ഇതിലും നന്നായി പെര്‍ഫോം ചെയ്യും?!

അന്ന് ഉച്ചക്ക് ഓഫീസില്‍ ഒരു സംഭവമുണ്ടായി, രണ്ടര മണി നേരത്ത് എനിക്ക് ഓഫീസില്‍ ഒരു വിസിറ്റര്‍. ഇതാരാപ്പാ എന്നെ ഓഫീസില്‍ വന്ന് വിസിറ്റ് ചെയ്യാന്‍ എന്ന് വിചാരിച്ച് റിസപ്ഷനില്‍ ചെന്നു നോക്കിയപ്പോ, ദേ ഇന്നലെ പെണ്ണു കാണാന്‍ വന്ന ചെക്കന്‍ ഇന്നു രണ്ടാമതും ഓഫീസില്‍ ഔദ്യോഗികമായി പെണ്ണു കാണാന്‍ വന്നിരിക്കുന്നു. ഞാനാണെങ്കില് അന്ന് ഇത്തിരി സ്റ്റൈലില്‍ ശങ്കരാടി മോഡേണ്‍ വേഷം ചെയ്യുന്ന സിനിമയിലിടണ വള്ളി ട്രൌസറ് പോലത്തെ ഫാഷനിലുള്ള വെള്ളയില്‍ നീല വരകളുള്ള ഒരു ഫ്രോക്ക് ഇട്ടിട്ടാണ് ഓഫീസില്‍ പോയിരുന്നത്. എന്നെ ആ വേഷത്തില്‍ കണ്ടതും പുള്ളിക്കാരന്‍ ഹാപ്പിയായി, ഇതൊരു ടൂ ഇന്‍ വണ്‍ (നാടന്‍ കം മോഡേണ്‍) ഗേളിയാണല്ലോന്നോര്‍ത്ത്. അപ്പോഴേക്കും എന്നെ മോളെ പോലെ കരുതുന്ന എന്റെ ബോസുമാരായ പാട്ടീല്‍ സാറും മൂര്‍ത്തി സാറും മലയാളി സെക്യൂരിറ്റി ചേട്ടനും റിസപ്ഷനില്‍ ഹാജരായി, അതു കണ്ടതോടെ പുള്ളിക്കാരന്‍ ‘എനിക്ക് ഈ ഭാഗത്ത് വരണ്ട ഒരാവശ്യമുണ്ടായിരുന്നു അതുകൊണ്ട് കേറിയതാ‘ എന്നു പറഞ്ഞ് വേഗം സ്ഥലം കാലിയാക്കി. അങ്ങനെ ഞാന്‍ അഞ്ചര മണിക്ക് ഓഫീസ് വിട്ട് കൂട്ടുകാരിയോട് പെണ്ണുക്കാണല്‍ വിശേഷങ്ങളൊക്കെ പറഞ്ഞ് ആര്‍മി നേവി ബില്‍ഡിങ്ങിന്റെ പടികളിറങ്ങി വരുമ്പോള്‍ ദേ നിക്കണു പുള്ളിക്കാരന്‍ മൂന്നാമത് പെണ്ണു കാണാന്‍ റെഡിയായിട്ട്, അപ്പോ എനിക്ക് നേരത്തെ ഡൌട്ട് ഫീല്‍ ചെയ്ത റൊമാന്റിക് സെന്‍സിന്റെ കുറവില്ലെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. വുമണ്‍സ് ഓണ്‍ലി കോളേജുകളില് മാത്രം പഠിച്ച എനിക്കാണെങ്കില്‍ കൂട്ടുകാരികള്‍ കൂടെയുണ്ടെങ്കില്‍ വായിനോക്കികളെ തുറുപ്പിച്ചു നോക്കി പേടിപ്പിക്കാന്‍ ട്രൈ ചെയ്ത് പരിചയമുണ്ടെന്നല്ലാതെ, ഒറ്റക്ക് ഒരാണിന്റെ കൂടെ ഇങ്ങനെ വര്‍ത്താനം പറഞ്ഞ് നടന്ന് പരിചയമില്ലാത്തതു കൊണ്ട്, എന്റെ കയ്യും കാലും വര്‍ത്താനം പറയാന്‍ നോക്കിയപ്പോ നാവും വിറക്കാന്‍ തുടങ്ങി. എന്റെ വിറയല്‍ കണ്ടപ്പോ പുള്ളിക്കും മനസ്സിലായി എനിക്കങ്ങനെ ചെക്കന്മാരോട് വര്‍ത്താനം പറഞ്ഞ് നല്ല പരിചയമില്ലാന്ന്, അപ്പോ പുള്ളിക്കാരന്‍ ഡബിള്‍ ഹാപ്പിയായി.

അന്ന് രാത്രി ചെക്കന്റെ വീട്ടുകാരുടെ ഫോണ്‍ വന്നു നമുക്ക് ഈ ആലോചനയങ്കട് ഉറപ്പിക്കാം സമ്മതം ബോംബെയില്‍ വച്ചും കല്ല്യാണം ആറുമാസം കഴിഞ്ഞ് മെയ് മാസത്തില്‍ നാട്ടില്‍ വച്ചു നടത്താമെന്ന് പറഞ്ഞ്. പിറ്റെ ദിവസം ഞാനോഫീസില്‍ പോയ നേരത്ത് പുള്ളിക്കാരന്‍ വീട്ടില്‍ വന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കാനാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വാങ്ങിച്ചു, അതും നോക്കി റോഡില്‍ കൂടി നടക്കുമ്പോ ഒരു നല്ല കാറ്റ് വീശി, നിറം സിനിമയില്‍ “പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി” എന്നുള്ള പാട്ടുസീനില്‍ പാട്ടെഴുതിയ പേപ്പറ് പറന്നു പോയ പോലെ, പുള്ളിക്കാരന്റെ കയ്യില്‍ നിന്ന് എന്റെ ഫോട്ടോ പറന്നു പോയി ഒരു ഗട്ടറില്‍ ലാന്റായി, ചെളിയില്‍ വിരിഞ്ഞ ചെന്താമര പോലെ ഡ്രൈയായ ഗട്ടറില്‍ കിടക്കുന്ന എന്റെ ഫോട്ടോയെടുത്ത് വേഗം പോക്കറ്റില്‍ തിരുകി ട്രെയിന്‍ പിടിച്ച് ക്രിത്യ സമയത്ത് ആരമി നേവി ബില്‍ഡിങ്ങിന്റെ താഴെ അന്നും എന്നെ പെണ്ണു കാണാന്‍ റെഡിയായി വന്നു നിന്നു.

ചുരുക്കി പറഞ്ഞാല്‍ കല്ല്യാണത്തിന് രണ്ടാഴ്ച മുമ്പ് നാട്ടില്‍ക്ക് പോകുന്ന വരെ ആറു മാസത്തേക്ക് ചുള്ളനെന്നെ സ്ഥിരമായി പെണ്ണു കാണാന്‍ വന്നു. സ്റ്റേഷനിലിറങ്ങി എന്റെ വീടിന്റെ ഭാഗത്തേക്കു പോകുന്ന ബസ്സ് പിടിച്ച് എനിക്കുള്ള ടിക്കറ്റുമെടുത്ത് എന്നോടൊപ്പം ബസ്സിലിരുന്ന് യാത്ര ചെയ്ത് എന്നെ എന്റെ ബില്‍ഡിങ്ങിന്റെ താഴെയുള്ള ബസ് സ്റ്റോപിലിറക്കി വന്ന ബസ്സില്‍ തന്നെ തിരിച്ചു പോകുകയും ചെയ്തു. അന്ന് ബസ്സിലിരിക്കുമ്പോ എന്റെ മനസ്സിലിരുപ്പ് ആറുമാസത്തേക്കുള്ള ബസ്സുക്കൂലി ലാഭമടിച്ചു എന്നും, എന്റെ കെട്ട്യോന്റെ അന്നത്തെ ചിന്താവിഷയം ‘ഈ ബോംബെയിലത്തെ ബസ്സുകളൊക്കെ എന്തു നല്ലതാ ആണിനും പെണ്ണിനും ഒരേ സീറ്റിലിരിക്കാം, പക്ഷേ ഈ റോഡുകളൊക്കെ നാട്ടിലത്തെ പോലെ കുണ്ടും കുഴിയും വളവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്നുമായിരുന്നു. ഈ ആറുമാസക്കാലത്തിനിടക്ക് പുള്ളിക്കാരന്‍ എനിക്കൊരു സമ്മാനവും തന്നു, ഒരു വില കൂടിയ പേന, ഞാനാണെങ്കില് പരീക്ഷ എഴുതാന്‍ മാത്രമല്ലാതെ ഒന്നിനും പേന ഉപയോഗിക്കാറില്ല, ഇക്കാലത്തിനിടക്ക് നോട്ടുബുക്കിന്റെ ഒരു പേജില്‍ പോലും ഒരു കഥയോ കവിതയോ ഒന്നും തന്നെ എഴുതിയിട്ടില്ലാ, ഇനി എന്നെ കൊണ്ട് കല്ല്യാണത്തിന് മുമ്പ് വല്ല പരീക്ഷ എഴുതിക്കാനും പഹയന് പ്ലാനുണ്ടോന്ന് പോലും ഞാന്‍ സംശയിച്ചു പോയി, എന്തായാലും ആ വില കൂടിയ പേന ഞാന്‍ എന്റെ വില കൂടിയ സൈന്‍ (ഒപ്പ്) ഇടാന്‍ മാത്രം ഉപയോഗിച്ചു. എന്നാലും എനിക്കൊരു ചുവന്ന റോസാ പൂവോ, ചെമ്പരത്തി പൂവോ, ചുരിദാറോ സമ്മാനമായി തരുന്നതിന് പകരം ഈ പേന സമ്മാനമായി തന്നതിന് പിന്നിലെ ദുരുഹത കണ്ടുപിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയാണ് ഞാനാ ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞത്, ബാ‍ലരമയിലും പൂമ്പാറ്റയിലുമൊക്കെ രണ്ടു ചിത്രങ്ങള്‍ കൊടുത്തിട്ട് “പത്തു വ്യത്യാസങ്ങള്‍ കണ്ടു പിടിക്കുക“, എന്നുള്ള കളി പോലെ ഞങ്ങടെ ഫാമിലികള്‍ തമ്മില്‍ അതായത് വളര്‍ന്ന സാഹചര്യങ്ങള്‍ തമ്മില്‍ 10 വ്യത്യാസം. സ്ഥല പരിമിതി മൂലം ഒന്നു രണ്ടു മെയിന്‍ വ്യത്യാസങ്ങള്‍ മാത്രം പറയാം. ഞാന്‍ ജനിച്ചപ്പോ തൊട്ട് ഒരു ഫുള്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ വളര്‍ന്നതാ, അതായത് ചിരിയും കരച്ചിലും ആക്ഷനും കോമഡിയും സെന്റിമെന്റ്സും പാട്ടും ഡാന്‍സും എല്ലാം ചേര്‍ന്ന ഒരു ലൊക്കേഷന്‍. പുള്ളിക്കാരനാകട്ടെ തനി അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ വളര്‍ന്നതും. ഞങ്ങള്‍ അയല്പക്കകാരടക്കം ജോസിലോ രാ‍ഗത്തിലോ രാമദാസ് തിയറ്ററിലോ മാസത്തിലൊരിക്കല്‍ നേര്‍ച്ചയിട്ട് സിനിമ കഴിഞ്ഞ് പത്തന്‍സ് ഹോട്ടലില്‍ ഒരു മസാലദോശയും കഴിച്ച് ഫാഷന്‍സോ ചാക്കോളാസ് ഫാബ്രിക്സിലോ കേറി പണിയില്ലാണ്ട് നിക്കണ സെയിത്സ് മാന്‍ ചേട്ടന്മാര്‍ക്ക് പണി കൊടുത്ത് 10-20 ഡ്രസ്സുകളൊക്കെ നോക്കി ഒന്നും വാങ്ങിക്കാണ്ട് വരുന്ന നല്ല കുട്ടികള്. അവരുടെ വീട്ടിലാകട്ടെ കൊല്ലത്തിലൊരിക്കല്‍ അതും ചില കൊല്ലങ്ങളില്‍ മാത്രം അടൂരിന്റെ ഒരു അവാര്‍ഡ് സിനിമ മാത്രം, ഹോട്ടലില്‍ കേറി ഭക്ഷണം കഴിക്കുന്നതൊക്കെ ചീത്ത സ്വഭാവമാണെന്നു കരുതുന്ന വളരെ ബെസ്റ്റ് കുട്ടികള്‍. ഞങ്ങള്‍ കളിയും തീറ്റയും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില് പഠിക്കുമ്പോ, അവര്‍ പഠിപ്പും റിവിഷനും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍. അതായിരുന്നു ആ പേന സമ്മാനിച്ചതിന്റെയും ഹ്യൂമര്‍ സെന്‍സ് കുറഞ്ഞു പോയതിന്റെയും പിന്നിലെ ഗുട്ടന്‍സ്.

എന്തായാലും കല്ല്യാണത്തിനു മുമ്പുള്ള ആ ആറുമാസക്കാലം പുള്ളിക്കാരന്‍ ഇങ്ങോട്ട് തമാശയൊന്നും പറഞ്ഞില്ലെങ്കിലും ഞാനങ്ങോട്ട് പറയുന്ന വളിപ്പ് കേട്ട് ചിരിക്കാനുള്ള ഒരു വലിയ മനസ്സ് കാണിച്ചിരുന്നു. കല്ല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോ പുള്ളിക്കാരന് ഞാനൊരു തമാശ പറഞ്ഞാലും ചിരിക്കാനൊക്കെ ഭയങ്കര ഡിമാന്റ്, ഞാനൊരു തമാശ കാലത്ത് പറഞ്ഞാല്‍ ആശാന്‍ ഡിക്ഷണറിയൊക്കെ എടുത്ത് അതിന്റെ മീനിങ്ങൊക്കെ കണ്ടുപിടിച്ച് ചിരിച്ചു വരുമ്പോഴേക്കും നേരം രാത്രിയാവും. ആ നേരം കൊണ്ട് നമുക്ക് കൂലിക്ക് ആളെ വിളിച്ച് ചിരിപ്പിക്കാം. എന്തിനധികം പറയണു, ഞാനൊന്ന് പാട്ടു പാടിയാല്‍ തലവേദനയെടുക്കണൂന്ന് പറഞ്ഞ് എന്നെ തുറിപ്പിച്ച് നോക്കും (കല്ല്യാണം കഴിയുമ്പോ ചെക്കന്മാര്‍ക്ക് വരണ ഓരോരോ മാറ്റങ്ങളേ!), ഞാനാണെങ്കില് സന്തോയം വന്നാലും സന്താപം വന്നാ‍ലും ടെന്‍ഷന്‍ വന്നാലും പരിസരം മറന്ന് എന്റെ ശബ്ദ്മാധുര്യത്തെ പറ്റി ആലോചിക്കാതെ പാടണ ടൈപ്പും. പാവം എന്റെ പ്രിയപ്പെട്ട കെട്ട്യോനെ കുറ്റം പറയാന്‍ പറ്റില്ല, എന്റെ പാട്ട് സഹിക്കുന്നതിനും ക്ഷമിക്കുന്നതിനുമൊക്കെ ഒരു ലിമിറ്റില്ലേ. പണ്ടു തൊട്ടേ എന്റെ സ്ഥിതിയിതാ, ഞാനൊരു പാട്ടു പാടിയാല്‍ രണ്ടു വീടപ്പുറം താമസിക്കുന്ന ചേച്ചി വരെ വിളിച്ചു പറയും അല്ഫോന്‍സക്കുട്ടിയെ പട്ടി കുരക്കാന്‍ തുടങ്ങിയെന്ന്, അതായത് ശബ്ദ്മലിനീകരണം ഉണ്ടാക്കി അവറ്റയെ ദേഷ്യം പിടിപ്പിച്ചാല്‍ ഞാന്‍ 21 ഇഞ്ചക്ഷനെടുക്കണ്ടി വരുമെന്ന്. അങ്ങനെ അവനാന്റെ വീട്ടില്‍ പോലും ഒരു പാട്ടു പാടാന്‍ സ്വതന്ത്യം നിഷേധിക്കപ്പെട്ട ഒരു പാവമാണ് ഞാന്‍. ചുരുക്കത്തില്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ കഴിഞ്ഞിരുന്ന ഞാന്‍ കല്ല്യാണത്തോടെ അവാര്‍ഡ് ഫിലിമിലെ നായികയായി, അവാര്‍ഡുകള്‍ വാരിക്കൂട്ടി.

പത്തുകൊല്ലം കൊണ്ടുണ്ടായ മാറ്റങ്ങള്‍ - എന്റെ ഭര്‍ത്താവ് കമെഴ്സ്യല്‍ ഫിലിം ഹീറോയായി, അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ കഴിഞ്ഞവര് കമേഴ്സ്യല്‍ ഫിലിം ഇഷ്ടപ്പെടാനും റിമി ടോമിയുടെ ആക്ഷന്‍ സോങ്ങ് വരെ ആസ്വദിക്കാനും തുടങ്ങി, പാചകറാണിയായില്ലെങ്കിലും ഞാന്‍ ചപ്പാത്തി വട്ടത്തില്‍ പരത്താനും കൂട്ടാന്‍ വക്കാനും പഠിച്ചു, എന്നെ പാചകറാണിയാക്കാന്‍ എന്റെ കൂടെ 7-8 കൊല്ലം നിന്ന് ട്രെയിനിങ്ങ് തന്ന അമ്മ ഇവളെ ഇതില്‍ കൂടുതല്‍ ശരിയാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി വയസ്സാന്‍ കാലത്തെങ്കിലും ഞാനെന്റെ കയ്യോണ്ട് വായക്കു രുചിയായി എന്തെങ്കിലും വച്ചു കഴിക്കട്ടേന്ന് തീരുമാനിച്ച് നാട്ടിലേക്കു തന്നെ മടങ്ങി പോയി.

ഈ പോസ്റ്റിട്ടു കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം ഇതൊക്കെ എഴുതിയ കമ്പ്യൂട്ടര്‍ പാര്‍ട്ടു പാര്‍ട്ടായി ബന്ധുക്കള്‍ക്ക് ഏല്പിച്ചു കൊടുത്ത് ഞാന്‍ നേത്രാവതിയില്‍ കേറിയിരുന്ന് ത്രിശ്ശുര്‍ പൂരത്തിന് പോവും, പൂരത്തിന് ഒരു ആനയുടെ കുറവുണ്ടത്രെ. പൂരത്തിന്റെ നാട്ടില്‍, കമ്പ്യൂട്ടറില്ലാത്ത, ഒരു ജോഡി ലാപ് ടോപ്പുകള്‍ മാത്രമുള്ള എന്റെ കെട്ട്യോന്റെ വീട്ടില്‍ കുറച്ചു ദിവസം ചിലവഴിച്ച് ഞാന്‍ ദുബായില്‍ക്ക് എന്റെ പ്രിയപ്പെട്ടവന്റെ അടുത്തേക്ക് വണ്ടി കേറും. പൂരത്തിന്റെ ടൈമായതു കൊണ്ട് പൂരം മിസ്സ് ചെയ്യുന്ന ത്രിശ്ശൂര്‍ പ്രവാസികള്‍ക്കും ബാക്കി കേരളീയര്‍ക്കും എന്റെ വക നല്ല വിവരമുള്ളവര്‍ എഴുതിയ ഞാനെടക്കിടക്ക് സംഗതിയില്ലാതെ പാടണ ഒരു പൂര പാട്ടിതാ.

(നീട്ടി പാടിയാലെ ഒരു ഗുമ്മുണ്ടാവള്ളൊ)

കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരത്തിനാളെ കാണണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
വെടിക്കെട്ടെനിക്കൊന്നു കാണണം കാന്താ
എനിക്കും ഒരു വെടി വെക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
കൊടിമരം എനിക്കും കാണണം കാന്താ
എനിക്കും ഒരു കൊടി കേറ്റണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
ആനയെ എനിക്കൊന്നു കാണണം കാന്താ
എനിക്കും ആനപുറത്തിരിക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരപറമ്പെനിക്കൊന്നു കാണണം കാന്താ
ആന പിണ്ടത്തിലൊന്നു ചവിട്ടണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
എക്സിബിഷന്‍ സ്റ്റാളില്‍ കേറണം കാന്താ
മാലയും വളയും വാങ്ങണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)

ഈ പാട്ടിലെ ചില വരികള് നിങ്ങള്‍ക്കു ബോറായി തോന്നിയേക്കാം, കാരണം എന്റെ ഉള്ളിലുറങ്ങികിടന്നിരുന്ന കവയിത്രി എണീറ്റ് ഈ പാട്ടിനെ ഒന്നു മെയ്ക്കപ്പ് ചെയ്തു നോക്കിയതാ.

മുകളില്‍ കൊടുത്തിരിക്കുന്ന പാ‍ട്ടില്‍ കാന്താ എന്നുള്ള വാക്കിന്റെ ‘കാ’ എന്നുള്ള അക്ഷരം ഞാന്‍ വെറുതെ ഒരു തമാശക്ക് ‘കോ’ എന്നു തെറ്റിച്ചു പാടി എന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ കഴിഞ്ഞ കൊല്ലം പൂരത്തിന്റെ ടൈമില്‍ നാട്ടിലുണ്ടായിട്ടും എന്നെ പൂരം കാണിക്കാതെ, എക്സിബിഷന്‍ സ്റ്റാളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിച്ച് ഒരു കരിമ്പിന്‍ ജ്യൂസ് മാത്രം വാങ്ങിച്ചു തന്ന എന്റെ എല്ലാമെല്ലാമായ കാന്തനും, അധികമൊന്നും പുറത്തു കാണിക്കാറില്ലെങ്കിലും ഞാനേറെ സ്നേഹിക്കുന്ന അപ്പനുമമ്മക്കും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു.

ഇതു മിക്കവാറും എന്റെ ലാസ്റ്റ് പോസ്റ്റാവാനുള്ള എല്ലാ ചാന്‍സുമുണ്ട്. വേണ്ടാ, അധികം ആരും സന്തോഷിക്കണ്ടാ, എന്റെ കാന്തന്‍ ഞാന്‍ അങ്ങേരേ ഈ പോസ്റ്റില്‍ ബ്യൂട്ടിഫുള്ളായി അവതരിപ്പിച്ചിരിക്കുന്നതു കണ്ട് എന്റെ ബ്ലോഗെഴുത്തില്‍ ഇമ്പ്രസ്സ്ഡ് ആയി ‘നീ ഇനിയും എഴുതിക്കോടീ ക്ടാവെ‘ എന്നു പറയുകയാണെങ്കില്, കല്ല്യാണം കഴിക്കാന്‍ പോകുന്ന സിനിമാ നടികള്‍ വിവാഹശേഷം ഞാനഭിനയിക്കുകയില്ല എന്ന് പറഞ്ഞിട്ട് ഒരു മാസത്തിനുള്ളില്‍ തിരിച്ചു വരണ പോലെ, ചിലപ്പോ ഞാനും പോയ സ്പീഡില്‍ തന്നെ തിരിച്ചു വരാനുള്ള സാധ്യതയുമുണ്ട്. അപ്പോ ആരും കളിയാക്കരുത്, പ്ലീസ്.

Tuesday, April 1, 2008

എന്റെ ലാസ്റ്റ് പോസ്റ്റ്

ഇത് എന്റെ ലാസ്റ്റ് പോസ്റ്റാണ്.

ഭര്‍ത്താവ് ദുബായില്‍ പോയതിന്റെ വിഷമവും, പോലീസുകാര് എന്റെ പാസ്പോര്‍ട്ട് വൈകിച്ചതിന്റെ പേരിലുണ്ടായ ടെന്‍ഷനും മാറ്റുവാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ് റീഡിങ്ങിലേക്കു തിരിഞ്ഞതും, പിന്നീട് ബ്ലോഗ് റൈറ്റിങ്ങില്‍ കൈ വക്കാന്‍ തീരുമാനിച്ചതും. ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തീരുമാനിച്ച വിവരം എന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോ ‘ഞാന്‍ ദുബായില്‍ക്ക് പോന്നപ്പോ നിനക്കെന്താ തലക്കു വട്ടായോ ക്ടാവേ’ എന്നു ചോദിക്കുകയും ‘ഇപ്പോ ഇത്തിരി വട്ടേ ഉള്ളൂ (ഒരു സ്ക്രൂ കാണാണ്ടായി) അത് മുഴുവട്ടാവാതിരിക്കാനാണ്‘ എന്നുള്ള എന്റെ മറുപടി കേട്ടിട്ട് ‘എന്നാ എന്തൂട്ടേങ്കിലുമൊക്കെ ചെയ്യ്‘ എന്നു പറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും, വല്ലോരെയും പറ്റി എഴുതി അടി വാങ്ങിക്കാന്‍ നിക്കാണ്ട് നമ്മുടെ കാര്യം മാത്രം എഴുതിയാല്‍ മതിയെന്ന് ഫ്രീയായിട്ട് ഒരു ഉപദേശവും തന്ന ധൈര്യത്തിന്റെ പേരിലാണ് ഞാനും സ്വന്തമായി ഒരു ബ്ലോഗ്ഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോ എനിക്കു പാസ്പോര്‍ട്ടും കിട്ടി, വിസയും കിട്ടി, ടെന്‍ഷന്‍ ലീവിലും പോയി.

ലാസ്റ്റ് പോസ്റ്റിട്ടു തിരിച്ചു പോകുന്ന ഈ അവസരത്തില്‍ എന്റെ ബ്ലോഗ്ഗ് ഗുരുവിന്റെ പേര് അനൌണ്‍സ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും, എന്റെയീ ബ്ലോഗ് വാര്‍ഷികമെത്താത്തതു കൊണ്ടും, അധികമൊന്നും പച്ച പിടിക്കാ‍ത്തതുകൊണ്ടും, രണ്ടുമാസം ബ്ലോഗിലെഴുതിയതിന്റെ പേരില്‍ എന്റെ എല്ലാ വിരലുകളും മുറിച്ച് ഫിങ്കര്‍ ചിപ്സുണ്ടാക്കാന്‍ വേണ്ടി ഗുരുദക്ഷിണ കൊടുക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടും, മാത്രമല്ലാ ഗുരുവിന്റെ പേര് പറഞ്ഞാല്‍ ഗുരു തന്നെ നേരിട്ട് വന്ന് ‘എനിക്ക് കൂടുതല്‍ ചീത്തപേരുണ്ടാക്കാണ്ട് ബ്ലോഗെഴുത്ത് നിര്‍ത്തി വീട്ടി പോടീ‘ എന്നു ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ടും ഞാന്‍ ഗുരുവിന്റെ പേര് ഒരു കാലത്തും പറയുന്നതല്ലാ.

ഒരു പാടു സന്തോഷിച്ചല്ലേ, എന്റെ ലാസ്റ്റ് പോസ്റ്റാകുമെന്നു കരുതീട്ട്. ഒരു പാടു മോഹിച്ചല്ലേ, ഇതെന്റെ ലാസ്റ്റ് പോസ്റ്റായിരുന്നെങ്കിലെന്ന്. ഏപ്രില്‍ ഫൂളാക്കീതാ കേട്ടോ.

ഞാനെങ്ങും പോണില്ലാ, ഞാനിവിടെയൊക്കെ തന്നെ കാണും, നിങ്ങളുടെയൊക്കെ സഹനശക്തിയും ക്ഷമയും പരീക്ഷിക്കാനായിട്ട്. അപ്പോ ഹാപ്പി ഏപ്രില്‍ ഫൂള്‍സ് ഡേ.

Monday, March 24, 2008

ബോബനും മോളിയും

വാല്‍ക്കഷണം – പ്രെയിസ് ദി ലോര്‍ഡ്. കൂട്ടുകാരെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെയും എന്റെ നിരന്തരമായ പോലീസ് സ്റ്റേഷന്‍, പാസ്പോര്‍ട്ട് ഓഫീസ് കേറിയിറങ്ങലിന്റെയും ഫലമായി എനിക്കെന്റെ പാസ്പോര്‍ട്ട് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. സന്തോഷസൂചകമായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഡു വിതരണം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നു. ഇന്ത്യയിലുള്ളവര്‍ മുംബൈ വി.ടി. സ്റ്റേഷനില്‍ വന്നിറങ്ങി ഏതെങ്കിലും ശിവസേനക്കാരനോട് ‘അല്ഫോന്‍സാക്കുട്ടീ കാ ഗര്‍ കിദര്‍ ഹേ, ഹോ, ഹും?‘ എന്ന് ചോദിച്ചാല്‍ മതി, ബാക്കി ഹെല്‍പ്പ് അവര് ചെയ്തോളും. ദുബായ്, ഷാര്‍ജ, അബുദാബി ഭാഗങ്ങളില്‍ താമസിക്കുന്നവര് തിരക്ക് പിടിക്കണ്ട, ഞാന്‍ ഏപ്രിലില്‍ ദുബായില്‍ എത്തിയതിനു ശേഷം കുടുംബസമേതം നിങ്ങളുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ച് നിങ്ങള്‍ തരുന്ന വിഭവസമ്രുന്ധമായ സദ്യയൊക്കെ കഴിച്ച് ഒരു ലഡു തന്ന് തിരിച്ചു പോരാം (ഒരു ചെയിഞ്ചായിക്കോട്ടേന്ന് കരുതിയിട്ടാ വാല്‍ക്കഷണം മോളില്‍ കേറ്റി ഇട്ടത്, പാവം വാല്‍ക്കഷണത്തിനും ഒരാഗ്രഹമൊക്കെ കാണില്ലേ ഏറ്റവും മോളില്‍ കേറി ഇരിക്കാന്‍. അതു മാത്രമല്ലാ, നിങ്ങളീ പോസ്റ്റ് അവസാനം വരെ വായിക്കുംന്ന് എനിക്കൊരു ഉറപ്പുമില്ലാ (ക്വാളിറ്റി കുറവും ക്വാണ്ടിറ്റി കൂടുതലും), അപ്പോ പിന്നെ എന്റെ ലഡുവൊക്കെ വേസ്റ്റാവും).

ബോബനും മോളിയും

എന്റെ മോളിക്കുട്ടിക്ക് ഭയങ്കര പരാതി, ഞാനെപ്പോഴും എന്റെ ബാല്യക്കാലവും എന്റെ വീട്ടുകാരെ പറ്റിയുമാണ് എഴുതുന്നത്, സ്വന്തം മക്കളായ അവരെ പറ്റി ഇതു വരെ ഒന്നും എഴുതിയില്ലാന്ന് പറഞ്ഞ്. അവരുടെ വിചാരം ഞാന്‍ എന്തോ വലിയ എഴുത്തുക്കാരിയായി, അടുത്തു തന്നെ അവാര്‍ഡ് കിട്ടും, പേപ്പറിലും ടി.വി.യിലും ഇന്റര്‍വ്യൂ വരും, പുറത്തിറങ്ങുമ്പോഴേക്കും ആള്‍ക്കാര് ഓടി വന്ന് എന്റെയും അവരുടെയും ഫോട്ടോ എടുക്കും, ഓട്ടോഗ്രാഫ് വാങ്ങിക്കും (നോ മേടിക്കല്‍ ആന്ഡ് വേടിക്കല്‍ ഓണ്‍ലി വാങ്ങിക്കല്‍, തല്‍ക്കാലം രണ്ടു കൂട്ടരുടെയും തല്ല് കൊള്ളാനുള്ള ആരോഗ്യം എനിക്കില്ലാ), ലോകം മുഴുവന്‍ എന്നെ അറിയും എന്നൊക്കെയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ, ഞാന്‍ അവരോട് അങ്ങനെയാണ് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്, വെറുതെ ഒരു തമാശക്ക്. അതുകൊണ്ട് നഴ്സറിയില്‍ പഠിക്കുന്ന ബോബന് വരെ ബ്ലോഗിനെ പറ്റിയും പ്രത്യേകിച്ച് എന്റെ എല്ലാ പോസ്റ്റിനെ പറ്റിയും വളരെ നല്ല അഭിപ്രായമാണ്.

പാവം കുട്ടികള്‍ക്കറിയോ അവരുടെ അമ്മ ഈ ബൂലോകത്തില്‍ കുറേ ഒന്നാം റാങ്കുകാരുടെ ഇടയില്‍ ശ്വാസം മുട്ടുന്ന, വെറും പാസ്സ് മാര്‍ക്ക് വാങ്ങിച്ച് പാസ്സായ ഒരു ടെസ്റ്റ് ബ്ലോഗ് ശിശുവാണെന്ന്.

ദേ വരണു ട്രോഫിയും പിടിച്ച് വിശാലമായി ചിരിച്ച് ആദ്യത്തെ ഒന്നാം റാങ്കുകാരന്‍ ശ്രീമാന്‍ വിശാലമനസ്ക്കന്‍. കൊടകരയിലെ ഒരു തുമ്പിയെ പോലും വെറുതെ വിടില്ലാ കൊടകരയുടെ ഈ അഭിമാനഭാജനം. ഒരു തുമ്പിയെയും പിടിച്ച് അതിനെ അടിക്കാന്‍ ഒരു വടിയുമെടുത്ത് രണ്ടെണ്ണത്തിനെയും പോസ്റ്റില്‍ കേറ്റിയിട്ട് എത്ര പേരുടെ ചിരിയും കയ്യടിയുമാണ് ഇദ്ദേഹം നേടിയെടുത്തത്. ഈ റാങ്കുകാരന്റെ പോസ്റ്റില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ശ്രീ ആന്റപ്പനാണ്, ഞാനും പുള്ളിക്കാരനും ഒരേ പോലെയായതു കൊണ്ടാവാം, രണ്ടു പേര്‍ക്കും ഒരു 10 പൈസ കുറവാണ്. ആന്റപ്പന്‍ ചേട്ടനെ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍, ഒരു സെയിം പിഞ്ജ് കൊടുക്കാന്‍. അദ്ദേഹത്തിന്റെ ഉഗ്രപ്രതാപി കെ.കരുണാകരനെ പോലെ ‘ഇത് എന്റെ കലുങ്കാണ്, ഞാനിവിടുന്ന് എണീറ്റ് പോവില്ലാ‘ എന്നും പറഞ്ഞ് ഇന്റര്‍നെറ്റ് കലുങ്കിന്‍ മേല്‍ കാലാട്ടി ഇരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി, അദ്ദേഹത്തെ സൈഡിലോട്ട് മാറ്റിയിരുത്തി അവിടെ കെ.മുരളീധരനെ പ്രതിഷ്ഠിക്കാനായി വിശാല മനസ്സുണ്ടാവണമെന്ന് ഞാനീയവസരത്തില്‍ എല്ലാ വായനക്കാര്‍ക്കു വേണ്ടിയും വിനീതമായി കല്പിക്കുന്നു.

ട്രോഫിയും പിടിച്ച് പുഞ്ചിരി തൂകി രണ്ടാമത്തെ ഒന്നാം റാങ്കുകാരനായ ബ്രിജ് വിഹാരം ജി. മനു മാഷ് വേദിയിലെത്തി, അദ്ദേഹം ഇപ്പോഴും വട്ടമുഖക്കാരിയായ മീരയെ നോക്കണോ, പൊട്ടു തൊട്ട മഞ്ജുളാനായരെ നോക്കണോ, കുട്ടിയുടുപ്പിട്ട മീനയെ നോക്കണോ അതോ തന്നെ കണ്ണൂരുട്ടി തുറിപ്പിച്ചു നോക്കുന്ന ഭൈമിയെ നോക്കണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ്. ഉപ്പിലിട്ട മാങ്ങയെ പോലെ കൊറേ കൊല്ലങ്ങളായിട്ട് പഞ്ചസാര പാനിയില്‍ ഇട്ടു വച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഹാര്‍ട്ടും മനസ്സും ചങ്കും കരളുമൊക്കെ എന്നു തോന്നുന്നു, അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ പഞ്ചസാരയില്‍ വിളയിച്ചെടുത്ത പലഹാരങ്ങളെ പോലെ മധുരമുള്ളതാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ച് മിക്സഡ് കോളേജില്‍ പഠിക്കാന്‍ പൂതിയായി ഞാനിവടത്തെ ഒരു മിക്സഡ് കോളേജില്‍ അഡ്മിഷന്‍ ചോദിച്ചു ചെന്നു, അപ്പോ അവര് എന്നോടു പറഞ്ഞു ‘മോള് വളരെ ചെറിയ കുട്ടിയാണല്ലോ, ഈ പ്രായത്തില്‍ കോളേജില്‍ ചേര്‍ക്കില്ലാ, കുറച്ച് കൊല്ലം കൂടി വെയ്റ്റ് ചെയ്യാന്‍ (അടുത്ത ജന്മത്തില്‍ വരാനാവും ഉദ്ദേശിച്ചത്)‘.

അടുത്തതായി ട്രോഫിയും പിടിച്ച് വരുന്നത് മൂന്നാമത്തെ ഒന്നാം റാങ്കുകാരനായ ശ്രീമാന് അരവിന്ദന്‍ അവര്‍കളാണ്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥ്മാക്കി കൊണ്ട് ബ്രഡ്ഡിന്റെ കൂടെ നാരങ്ങാ അച്ചാറും കഴിച്ച് (എന്താ ഒരു കോമ്പിനേഷന്‍, ഇതൊക്കെ എങ്ങനെ സാധിക്കണു!) ഫിലോസഫിക്കലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ഹാരഡ് വെയര്‍ ജീവിതം വളരെ രസകരമായി അവതരിപ്പിക്കുന്ന ബൂലോക പുലി. ഇതു പോലെയുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ കൊണ്ട് 2-3 കൊല്ലം ഈ കമ്പനിയില്‍ ജോലിയെടുപ്പിച്ചോളാം എന്നു ഡെപ്യൂട്ടേഷന്‍ അഗ്രിമെന്റ് സൈന്‍ ചെയ്യിച്ച്, അവര് ബഞ്ചിലിരുന്ന് എല്ലാ ട്രെയിനിങ്ങും കഴിഞ്ഞ് കുട്ടപ്പന്മാരായി വലിയ ശമ്പളത്തില്‍ വേറേ കമ്പനിയിലേക്ക് ചാടുമ്പോ, അവരെ അഗ്രിമെന്റ് കാണിച്ച് ഡിമാന്റ് നോട്ടീസും സമണ്‍സും വാറന്റും അയച്ച് പിപ്പിടി കാണിച്ച്, ഒറ്റയടിക്ക് ആ പാവങ്ങളുടെ കയ്യില്‍ നിന്ന് 2-3 ലക്ഷം വരെ കമ്പനിക്ക് വേടിച്ച് കൊടുക്കുന്ന പണിയാണ് ഞാനും എന്റെ ബോസും കൂടി അക്കൌണ്ട്സ് കം ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റില് കൊല്ലങ്ങളായി ചെയ്തിരുന്നത്. ആ പാവങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളുടെ ഐ.ടി കമ്പനി കുത്തുപാളയെടുക്കാന്‍ തുടങ്ങിയതും ബാംഗ്ലുരിലുള്ള ഒരു ഐ.ടി കമ്പനിയുമായി ശരിയല്ലാത്ത ഒരു ബന്ധം (മെര്‍ജിങ്ങേ) തുടങ്ങാന്‍ തീരുമാനിച്ചതും, അതിന്റെ ഫലമായി എനിക്ക് ബാഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ തരാമെന്ന് പറഞ്ഞതും ‘ബാംഗ്ലുരിലേക്ക് എന്റെ പട്ടി പോവും‘ എന്നു പറഞ്ഞ് എന്റെ ബോസിനെ ബാംഗ്ലുരിലേക്ക് അയച്ച് ഞാന്‍ സുഖമായി വീട്ടിലിരിക്കാനും തുടങ്ങിയത്.

ശ്രീമാന്‍ കുറുമാ‍ന്‍ സാറിന് ഞാന്‍ മനപൂര്‍വ്വം രണ്ടാം റാങ്ക് കൊടുക്കുകയാണ്. വേറൊന്നും കൊണ്ടല്ലാ, അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലെ മെയിന്‍ കഥാപാത്രമായ ‘തീര്‍ത്ഥം’ എനിക്ക് കണ്ണിനു നേരെ കണ്ടുകൂടാ. ആ തീര്‍ത്ഥമാണ് പാവം കുറുമാന് സാറിനെ പോലീസ് സ്റ്റേഷനില്‍ കേറ്റിയതും, മനു മാഷിനെ കൊണ്ട് ഷീബ ചേച്ചിയുടെ മുടിനാര് ചോദിപ്പിച്ച് ഷീബ ചേച്ചിക്ക് ഒരു മുടിനാര് നഷ്ടപ്പെട്ടതും, കൊച്ചുത്രേസ്യാകൊച്ചിന് ഡെല്‍ഹി ട്രെയിന്‍ യാത്രക്കിടെ സ്വന്തം സീറ്റ് നഷ്ടപ്പെടുത്തി എണിറ്റ് പോവേണ്ടി വന്നതും, വിത്സേട്ടന്റെ ഓമനേച്ചിക്ക് വേറേ ചില പേരുകള്‍ കേള്‍ക്കേണ്ടി വന്നതും, ചിലരൊക്കെ വീട്ടിലെത്താണ്ട് വഴിയില്‍ കിടന്നുറങ്ങേണ്ടി വന്നതും, പോരാത്തതിന് ഞാന്‍ ബാല്യക്കാലത്തിലേ കുടി നിര്‍ത്തിയ ആളും, അതുകൊണ്ട് കുറുമാന്‍ സാറിന് ട്രോഫിക്കു പകരം ഒരു കപ്പ് (സര്‍ട്ടിഫിക്കറ്റും) .

ലേഡീസില്‍, കുമാരി കൊച്ചുത്രേസ്യാകൊച്ചാണ് ഒന്നാം റാങ്കുകാരി. ആ കൊച്ചിനെ എന്താണാവോ എനിക്ക് ഭയങ്കര ഇഷ്ട്മാണ്. ഒരു പെണ്‍കുട്ടി വേറൊരു പെണ്‍കുട്ടിയെ കുറേ പുകഴ്ത്തിയാല്‍ ശരിയാവില്ലാ, അതു കൊണ്ട് കൊച്ചിനെ കുറിച്ച് കൂടുതലൊന്നും പറയണില്ല. കൊച്ച് ആറളം ഫാമിനെ പറ്റി പോസ്റ്റിട്ട് കുറച്ചു ദിവസങ്ങളക്കകം മനോരമ ന്യൂസ് പേപ്പറില്‍ ലേഡീസ് ഫിങ്കറ് അക്ഷരത്തില്‍ ‘ആറളം ഫാമില്‍ തീ പിടുത്തം’ എന്ന് ഒരു വാ‍ര്‍ത്ത വന്നു, കൊച്ചിന്റെ പോസ്റ്റ് വായിച്ച് ആറളം ഫാമിന് വായനക്കാരുടെ കണ്ണു പറ്റിയതാണോന്ന് എനിക്കൊരു സംശയമുണ്ട്.

റാങ്കുകാരുടെ ലിസ്റ്റില്‍ വല്ലോരെയും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ പോസ്റ്റുകള്‍ ഉടനെ റിവാല്യുവേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്പോ പറഞ്ഞുവന്നത് ഈ റാങ്കുകാരൊക്കെ ട്രോഫിയും കപ്പും പിടിച്ച് പോവുമ്പൊ, പണ്ട് സ്ക്കൂളില്‍ കാശു കൊടുത്ത് പഠിക്കാന്‍ പറ്റിയ എല്ലാ ന്രുത്തങ്ങളും പഠിച്ച വലിയ വലിയ നര്‍ത്തകികള്‍ക്കിടയില്‍, അരണാട്ടുകര പെരുന്നാള്‍ പ്രദക്ഷിണത്തിന്റെ മുന്നില് നടക്കണ ഡാന്‍സ് നോക്കി പഠിച്ച് ഞാന്‍ ഡപ്പാംകൂത്ത് സ്റ്റൈല്‍ ഡാന്‍സ് അവതരിപ്പിച്ച് മൂന്നാം സ്ഥാനം നേടി കിട്ടിയ സമ്മാനം പോലെ, ഒരു സോപ്പും പാത്രം (സോപ്പില്ല്യാ) മാത്രം ഇപ്പോഴും സമ്മാനമായി കിട്ടിയ ബൂലോക വാ‍സിയാണ് ഞാനെന്ന കാര്യം എന്റെ കുട്ടികള്‍ ഇതു വരെയും അറിഞ്ഞിട്ടില്ല, ഞാനായിട്ട് അറിയിക്കാനും പോണില്ലാ.

ഇന്റര്‍വെല്‍ – ഇനി വല്ലതും കഴിച്ചിട്ട് വരാം.

ദേ കുട്ടികള്‍ എന്നെ തല്ലാന്‍ വരണു, അവര്‍ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പോസ്റ്റില്‍ ഞാന്‍ വേറേ വല്ല്യ മൂത്താപ്പമാരെയൊക്കെ പറ്റി എഴുതിയെന്ന് പറഞ്ഞ്, എന്റെ ട്രെയിന് ട്രാക്ക് തെറ്റി ഓടുന്നൂത്രേ. അപ്പോ ഇനി ഞാന്‍ അവരെ പറ്റി എഴുതട്ടെ.

സാധാരണ കുറുമ്പന്‍ കുട്ടികളുടെ അമ്മമാരോട് ‘മോന്റെ കുറുമ്പൊക്കെ കുറഞ്ഞോ‘ എന്നു ചോദിച്ചാല്‍ ‘അവന്‍ ഉറങ്ങുമ്പോ മാത്രം ഭയങ്കര പാവമാണെന്ന്‘ പറയും. എന്റെ മോന്റെ കാര്യത്തില്‍ അവന്‍ ഉറങ്ങുമ്പോഴും നമ്മളിത്തിരി പേടിക്കണം, എപ്പഴാ ഇരുട്ടടി കിട്ടാന്ന് പറയാന്‍ പറ്റില്ല. ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങുമ്പോ ഭര്‍ത്താവിന്റെ ‘അയ്യോ’ എന്നുള്ള വിളി കേട്ടിട്ടാണ് ഞാന്‍ എണീറ്റത്. നോക്കുമ്പൊ, ഭര്‍‌ത്താവ് എണീറ്റിരുന്ന് പുറം ഉഴിയുന്നുണ്ട്. എന്താ സംഭവിച്ചതെന്നു വച്ചാല്‍ മോന്‍ ഒരു സ്വപ്നം കണ്ടതാണ് ‘സ്വപ്നത്തില്‍ അവന്റെ ഡാഡി അവനെ കൊണ്ടുപോവാണ്ട് ഒറ്റക്ക് അസ്മിത സൂപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് വാങ്ങിക്കാന്‍ ‍പോയി”, അവനിത് സഹിക്കാന്‍ പറ്റണ കാര്യമാണോ, അതുകൊണ്ട് അവന്‍ അപ്പൊ തന്നെ അടുത്തു കിടന്നുറങ്ങുന്ന ഡാഡിയുടെ നടും പുറത്ത് ‘എന്താ എന്നെ കൊണ്ടുപോവാഞ്ഞെ മാര്‍ക്കറ്റില്‍ക്ക്’ എന്നു ചോദിച്ച് ഒരു ഉഗ്രനടി കൊടുത്തിട്ട് ഉറങ്ങാന്‍ കിടന്നു. നഴ്സറിക്കാരനാണെങ്കിലും അവന്റെ അടിക്കൊക്കെ നല്ല ചൂടാ എന്നു പറഞ്ഞ് പുറം തിരുമ്മുന്ന ഭര്‍ത്താവിനെ നോക്കി ഞാന്‍ നല്ലോരു ചിരി പാസ്സാക്കി, അപ്പൊ ദേഷ്യം വന്ന പുള്ളിക്കാരന്‍ എന്നോട് പറഞ്ഞു ‘നിനക്കും കിട്ടിക്കോളും, അധികം ഇളിക്കണ്ട‘ എന്ന്’. ആ കരിനാവ് അതു പോലെ ഫലിച്ചു, കുറച്ചു നാള്‍ കഴിഞ്ഞപ്പോ എനിക്കും കിട്ടി നല്ല ചൂടുള്ള ഒരു അടി. ഞാന്‍ കാലത്ത് അവനെ ഇഞ്ചക്ഷന്‍ എടുക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയിരുന്നു, ഇപ്രാവശ്യം സ്വപ്നത്തില്‍ അവന്‍ അതിന്റെ റി-പ്ലേ കണ്ടിട്ടാണ് ‘എന്തിനാ എനിക്ക് ഇഞ്ചക്ഷന്‍ തന്നെ’ എന്നു ചോദിച്ച് എനിക്കിട്ട് ഇരുട്ടടി തന്നത്. അതില്‍ പിന്നെയാണ് മോന്‍ ഉറക്കത്തില്‍ സ്വപ്നമൊന്നും കാണല്ലേയെന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്.

ഒരു ദിവസം മോന്‍ ആരോടോ ‘കം ബേബി, കം ആന്‍ഡ് സിറ്റ് ഹിയര്‍, ഐ വില്‍ നോട്ട് ബീറ്റ് യു’ എന്നു പറയണത് ഞാന്‍ കിച്ചണിലിരുന്ന് കേട്ടത്. അവനാരോടാണ് ഇത്രയും സ്നേഹത്തില്‍ വര്‍ത്താനം പറയണെ, ഞാനറിയാണ്ട് മൂന്നാമതൊരു ബേബി എങ്ങനെ വീട്ടില്‍ വന്നു എന്നറിയാന്‍ ഞാന്‍ ചെന്നു നോക്കിയപ്പോള്‍, അവനെ നിഷ്ക്കരുണം കുത്തിയിട്ട് പറന്നു പോയ കൊതുകിനോടാണ് അവന്റെയീ ഡയലോഗ്. ‘പിള്ള മനസ്സില്‍ കള്ളമില്ല’ എന്ന പഴഞ്ചൊല്ല് ഓര്‍ത്തിട്ടോ എന്തോ, കൊതുക് അവന്റെ സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അവന്‍ പറഞ്ഞിടത്തു വന്നിരുന്നു. കൊതുകിനൊക്കെ എന്നെക്കാള്‍ അനുസരണയോ എന്ന് അതിശയിച്ച് അവന്‍ പണ്ടത്തെ സിനിമയിലെ ‘കണ്ണും കണ്ണും തമ്മില്‍ തമ്മില്‍’ എന്ന പാട്ടുസീനില്‍ ജയനും സീമയും സ്ലോ മോഷനില്‍ ഓടി വരണ പോലെ സ്ലോ മോഷനില്‍ കൊതുകിന്റെ അടുത്തെത്തി, അവനെ തന്നെ കണ്ണെടുക്കാണ്ട് നോക്കിയിരുന്ന കൊതുക് അവന്റെ കുഞ്ഞിക്കൈകള്‍ പൊങ്ങുന്നതു കണ്ടതും ‘ഇവനാളത്ര ഡീസന്റല്ല, പറഞ്ഞ വാക്ക് തെറ്റിക്കും’ എന്ന് മനസ്സിലാക്കി അവനെ നോക്കി ഒരു തെറിയും പറഞ്ഞ് ജീവനും കയ്യില്‍ പിടിച്ച് പറന്ന് രക്ഷപ്പെട്ടു. അതു കണ്ടതും മോന്‍ ഒരു ചമ്മിയ ചിരിയും ചിരിച്ച് എന്റടുത്ത് വന്നു (ഇന്‍ ഹരിഹര്‍ നഗര്‍ ഫിലിമില്‍ ജഗദീഷ് മുഖത്തെ കാക്കകാഷ്ഠം തുടക്കുമ്പോഴുള്ള അതേ മുഖഭാവം!).

അവനാദ്യമായി ‘1-ഒന്ന് ‘എന്ന് എഴുതിയത് ബുക്കിലോ, സ്ലേറ്റിലോ ആയിരുന്നില്ല, അതൊരു വെറൈറ്റി എഴുത്തായിരുന്നു. ഞാനെപ്പോ വണ്‍, ടു, ത്രീ, എ, ബി സി ഡി ഒക്കെ എഴുതി പഠിപ്പിക്കാന്‍ വിളിച്ചാലും ‘ഇതാണ് മമ്മീടെ പ്രോബ്ലം’ എന്ന് പറഞ്ഞ് അവന്‍ കുറേ കറ കുറ വരച്ചു വച്ച് എണീറ്റു പോകുകയാണ് പതിവ്. ഒരു ദിവസം പ്രക്രുതിയുടെ വിളി കേട്ട് ടോയലറ്റില്‍ പോയ അവന്‍ ‘മമ്മീ, ഞാന്‍ നമ്പര്‍ വണ്‍ എഴുതിയതു കാണണോ’ എന്ന് വിളിച്ചു ചോദിച്ചു. ഇവന്‍ SSLC examന് കുട്ടികള്‍ പഠിക്കണ പോലെ ടോയ് ലറ്റില്‍ക്കും സ്ലേറ്റും പെന്‍സിലും കൊണ്ടു പഠിക്കാന്‍ പോയാവോന്ന് വിചാരിച്ച് ഞാന്‍ അവിടെ ചെന്നു നോക്കിയപ്പോ അവന്‍ കക്കൂസില്‍ അവൈലബിള്‍ ആയ വൈറ്റ് ബോര്‍ഡില്‍ (ക്ലോസറ്റിലേ) നമ്പര്‍ 2 ഉപയോഗിച്ച് നമ്പര്‍ വണ്‍ (1) എന്നെഴുതിയിരിക്കുന്നു, ഞാനുടനെ തന്നെ വെള്ളമാകുന്ന റബറെടുത്ത് അത് മായ്ച്ച് കളഞ്ഞു, ഇനി തൊട്ട് അവിടെയിരുന്ന് എഴുതി പഠിച്ച് റാങ്ക് വാങ്ങിക്കാന്‍ നോക്കിയാല്‍ അടി കിട്ടുമെന്നും പറഞ്ഞു. അല്ലെങ്കില്‍ അവന്‍ A-Z വരെ അവിടിരുന്ന് എഴുതി ഗിന്നസ്സ് ബുക്കില്‍ കേറി പറ്റും.

മോന്‍ വീട്ടില്‍ വലിയ വിക്രുതിയാണെങ്കിലും പുറത്തിറങ്ങിയാല്‍ ആള്‍ വളരെ ഡീസന്റാണ്. അവന്റെ ടീച്ചറ് പറഞ്ഞത് അവനാണ് ക്ലാസ്സിലെ മിടുക്കന്‍ കുട്ടിയെന്ന്, എല്ലാ സബ്ജക്റ്റിലും എ ഗ്രേഡ് വിത്ത് ത്രീ സ്റ്റാര്‍സ്. ഒരു കമ്പ്ലയിന്റ് മാത്രമേ ടീച്ചറ് അവനെ പറ്റി പറഞ്ഞുള്ളൂ, അവന്‍ ബോയ്ഫ്രണ്ട്സിനെക്കാള്‍ കുടുതല്‍ ഗേള്‍ഫ്രണ്ട്സ് ആണത്രെ (അതു പിന്നെ ശ്രീക്രിഷ്ണന്റെ നാളായ രോഹിണി നാളിലാണ് അവന്റെയും ജനനം). ഒരു ദിവസത്തില്‍ 3 പ്രാവശ്യം ടീച്ചറിന് അവനെ ഗേള്‍സിന്റെ ഇടയില്‍ നിന്നും എടുത്തു കൊണ്ടുപോയി ബോയ്സിന്റെ അടുത്ത് കൊണ്ടിരുത്തണ്ടി വരുമത്രെ. അതുകൊണ്ട് ഞാന്‍ അവനോട് ഇതിനെ പറ്റി ചോദിച്ചു, അപ്പോ അവന്‍ പറഞ്ഞത് ‘മമ്മീ ബോയ്സ് ആര്‍ വെരി നോട്ടി, ബട്ട് ഗേള്‍സ് ആര്‍ വെരി നൈസ്” എന്നാണ്. ഇത്ര ചെറുപ്പത്തിലെ അവനിത്ര വലിയ ലോകസത്യം കണ്ടുപിടിച്ചതില്‍ സന്തോഷിച്ച് ഞാനവന്റെ പുറത്ത് തട്ടി ‘വെല്‍ ഡണ്‍ മൈ ബോയ്’ എന്ന് അഭിനന്ദിച്ചു. ഒരു പ്രാവശ്യം മാത്രമെ അവന് ടീച്ചറിന്റെ കയ്യില്‍ നിന്ന് അടി കിട്ടിയിട്ടുള്ളൂ, അതും അവന്‍ കുറുമ്പൊന്നും കാണിക്കാണ്ട്, അസംബ്ലിയുടെ നേരത്ത് എല്ലാവരും പ്രാര്‍ത്ഥന എത്തിക്കാന്‍ കണ്ണുകളടച്ച് കൈ കൂപ്പി പിടിച്ചു നിന്നപ്പോള്‍ എന്റെ മോന്‍ മാത്രം കയ്യുകള്‍ വീശി ലെഫ്റ്റ് റൈറ്റ് മാര്‍ച്ച് ഫാസ്റ്റ് പ്രാക്ടീസ് ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞാലുടനെ എല്ലാവരും ലെഫ്റ്റ് റൈറ്റ് ചെയ്ത് ക്ലാസിലേക്ക് പോകേണ്ടതാണ്, അവനതിത്തിരി നേരത്തെ റിഹേഴ്സല്‍ ചെയ്തതാണ് പ്രശ്നമായത്. അവന്‍ സ്ക്കൂളില്‍ നിന്ന് ഏറ്റവും സന്തോഷത്തോടെ വന്നതും അന്നാണ്, കാരണം അവന്റെ ടീച്ചറ് ചെയറില്‍ നിന്നും വീണൂത്രേ, അവന്‍ ആ സംഭവത്തെ പറ്റി ഇങ്ങനെയാണ് കമന്ററി പറഞ്ഞത് ‘റ്റുഡേ ടീച്ചര്‍ ഫെല്‍ ഡൌണ്‍ ഫ്രം ദി ചെയര്‍, വെരി ഫണ്ണി!, ആള്‍ ദി ചില്‍ഡ്രന്‍സ് ആര്‍ ലാഫിങ്ങ് ആന്ഡ് ലാഫിങ്ങ്, ടീച്ചര്‍ ഗോട്ട് അപ്പ് ആന്ഡ് ടോള്‍ഡ് ‘ഷട്ട് അപ്പ്, കീപ്പ് ക്വയിറ്റ്’, വെരി ഫണ്ണി’.

മോളികുട്ടിക്ക് പിന്നെ അവളുടെ ഡാഡിയുടെ സ്വഭാവമാണ് (നല്ല തങ്കപ്പെട്ട സ്വഭാവം) കിട്ടിയിരിക്കുന്നത്. മോള്‍ക്ക് വലിയ കുറുമ്പൊന്നുമില്ലാ, കൊച്ചു കൊച്ചു സംശയങ്ങളും മോഹങ്ങളും മാത്രം. 2008ലെ അവളുടെ ഏറ്റവും ചെറിയ മോഹം സ്ക്കൂള്‍ പൂട്ടുമ്പോ ദുബായില്‍ക്ക് പോകുന്നതിന് മുമ്പായി മൂണില്‍ (സാക്ഷാല്‍ ചന്ദ്രന്‍) പോകണമെന്നാണ്, മൂണില്‍ നിന്ന് വരുന്ന വഴിക്ക് സുനിത വില്ല്യംസിനെ പോലെ സാറ്റലൈറ്റ്സിലും, സ്റ്റാറിലുമൊക്കെ കേറി ലാസ്റ്റില്‍ ദുബായില്‍ ചെന്നിറങ്ങാമത്രെ. അപ്പൊ ഞാനവളോട് പറഞ്ഞു മമ്മിക്ക് മൂണില്‍ പോയി വലിയ പരിചയമില്ലാ, വഴി ചോദിച്ച് ചോദിച്ച് പോകണ്ടി വരും, അതു കൊണ്ട് ദുബ്ബായില്‍ പോയി ഡാഡിയെയും കൂട്ടി പോവാം, ഡാഡി കൂടെയുള്ളപ്പൊ പിന്നെ വഴി ചോദിക്കണ പ്രശ്നമില്ലാ, മുന്നില്‍ കാണുന്ന വഴിയില്‍ കൂടെ നേരെയങ്ങു നടക്കാം വഴി തെറ്റും വരെ, ദുബായീന്നാവുമ്പൊ മൂണില്‍ക്ക് ഇത്തിരി ദൂരവും കുറയും. അങ്ങനെ ക്ടാവിപ്പോ സ്ക്കൂള്‍ പൂട്ടുന്നതും കാത്തിരിക്കുകയാണ് മൂണില്‍ പോവാന്‍.

ചെറുപ്പത്തില്‍ അവളുടെ മെയിന്‍ സംശയം ഈ പട്ടികളെന്താ സ്ക്കൂളില്‍ക്ക് പോവാത്തെ, ക്രോ (കാക്ക) എന്താ ചെരുപ്പിടാത്തെ എന്നൊക്കെയായിരുന്നു. ഇപ്പൊ വലുതായപ്പോ ഹിസ്റ്ററി പഠിക്കുമ്പൊ അവളുടെ സംശയം ഈ ശിവാജിയെന്തിനാ ഒരാവശ്ശ്യമില്ലാണ്ട് യുന്ധത്തിന് പോയെ, ആ യുന്ധം നടന്ന കൊല്ലവും ഡീറ്റയില്‍സും ഇപ്പൊ പഠിച്ചിട്ടെന്തു കിട്ടാനാ എന്നൊക്കെയാണ്. അപ്പൊ ഞാനവളോട് പറയും ഇതൊക്കെ പഠിച്ചാല്‍ പരീക്ഷക്ക് 2 മാര്‍ക്ക് കിട്ടും, ഇല്ലെങ്കില്‍ മമ്മീടെ കയ്യീന്ന് രണ്ടടി കിട്ടും ഏതാ വേണ്ടേന്ന് നീ തീരുമാനിച്ചോന്ന്. സയന്‍സ് പഠിക്കാന്‍ പറഞ്ഞാല്‍ അപ്പൊ അവള്‍ എക്സ്പിരിമെന്റ് തുടങ്ങും ഒരു ഗ്ലാസ്സ് വെള്ളവുമെടുത്ത് അതില്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമിട്ട് ‘വാ‍ട്ടറില്‍ ഷുഗറ് ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് ഒരു പരീക്ഷണം, അപ്പൊ ഞാനവള്‍ക്ക് ഒരു ചെറുനാരങ്ങാ മുറിച്ചുകൊടുത്ത് ‘ലൈം ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് നോക്കാന്‍ പറയും, അങ്ങനെ ഞങ്ങള്‍ നല്ല സ്വാദിഷ്ട്മായ ചെറുനാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലാണ് അവള്‍ എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിക്കുക, ഒരു ചോറുരുള വായില്‍ വച്ച് അവള്‍ ഒരു മണിക്കുറ് ഇരിക്കും, ക്ടാവിന്റെ വിചാരം ‘ഞാനീ ചോറുരുള ഇറക്കിയ ഉടനെ ഭക്ഷ്യക്ഷാമമെങ്ങാനും വന്നാല്‍ ഞാന്‍ പിന്നെ എന്തോ തിന്നും‘ ആണെന്ന് തോന്നും. മോന് പിന്നെ ചോറൊഴിച്ച് എന്ത് കൊടുത്താലും അവന്റെ കയ്യ് ഉടനെ ഒരു തുലാസായി മാറും, ക്രിത്യം വെയിറ്റൊക്കെ നോക്കി കുടുതലുള്ളത് അവന്‍ എടുക്കും.

ഇപ്പോ ചേച്ചിയും അനിയനും കൂടി പുതിയൊരു ഗവേഷണത്തിലാണ്, റിമോട്ട് കണ്ട്രോള്‍ വച്ച് ടി.വി.യിലെ ചാനല്‍ ചെയിഞ്ച് ചെയ്യണ പോലെ റിമോട്ട് കണ്ട്രോളിലെ ബട്ടണ്‍ ഞെക്കി അവരെ അടിക്കാന്‍ വരുന്ന മമ്മിയെ ചെയിഞ്ച് ചെയ്യാന്‍ പറ്റുമോന്ന് ഒരു പരീക്ഷണം. അവര് രണ്ടാളും കൂടി ‘ടോം ആന്ഡ് ജെറി’ കളിക്കുമ്പോ ഞാന്‍ അടിക്കാന്‍ ചെന്നാല്‍ മോന്‍ ഓടി പോയി റിമോട്ട് എടുത്തു ഞെക്കിയിട്ട് പറയും ‘കമോണ്‍ റിമോട്ട്, ചെയിഞ്ച് മൈ മമ്മി‘.

പോസ്റ്റിന് നീളം വല്ലാണ്ട് കൂടിയോ? ഇല്ല്യാല്ലേ, അഭിലാഷങ്ങളുടെ കമന്റിന് ഇതിലും നീളം കാണും. എന്നാലും ഇനിയും എഴുതിയാല്‍ നീളം കൂടി കൂടി ഞാന്‍ പലരുടെയും റെക്കോര്‍ഡും, ക്ഷമയുടെ നെല്ലിപടിയും തകര്‍ക്കും, തല്‍ക്കാലം അത്തരമൊരു പേരുദോഷം വരുത്തുന്നില്ല. വായിച്ചു ക്ഷീണിച്ചവര് മുകളില്‍ പറഞ്ഞ എക്സ്പിരിമെന്റ് ചെയ്യൂ, നല്ല നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കൂ, വേണമെങ്കില്‍ ഇത്തിരി ഉപ്പും കൂടി ചേര്‍ക്കാം, ക്ഷീണവും തളര്‍ച്ചയും പമ്പ കടക്കും.

Thursday, March 13, 2008

എന്റെ ബാല്യക്കാലസ്മരണകള്

അ അമ്മ ആന, തറ പറ പത

ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,

മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്‍നുര പോലെ വെളുത്താട്, പഞ്ഞികണക്കു മിനുത്താട്,

കുഞ്ജ്ജിയമ്മക്ക് 5 മക്കളാണേ, 5ആമാനോമന കുഞ്ഞ്ജ്ജുവാണേ, ഇഞ്ജി കടിച്ച് രസിച്ചു കുഞ്ജു,

റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു

എന്താ എന്റെ ഒരു ഓര്‍മ്മശക്തി. നഴ്സറി തൊട്ട് ഡിഗ്രി വരെയും ഡിഗ്രിക്ക് കൂട്ടായി വേറേ കോഴ്സുകള്‍ ചെയ്തിട്ടും, എന്റെ ഓര്‍മ്മശക്തിയില്‍ ഒളിമങ്ങാതെ തെളിഞ്ഞ് വിളങ്ങി നില്‍ക്കുന്ന പാഠഭാഗങ്ങളാണ് മുകളില്‍ പറഞ്ഞത്. അതിനുമേലോട്ട് പഠിച്ചതൊക്കെ തന്മാത്ര സിനിമയില്‍ മോഹന്‍ലാലിന് വന്ന രോഗം ബാധിച്ച് വടിയാ‍യി.

പഠിച്ചതിനെക്കാളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് ത്രിശ്ശൂര്‍ അരണാട്ടുകരയില്‍ ഞങ്ങള്‍ നാലെണ്ണവും കൂട്ടുകാരും കൂടി കളിച്ച ഒരു കൂട്ടം കളികളാണ്. ഓട്ടപ്രാന്തി, ഒളിച്ചുപ്രാന്തി, ഞൊണ്ടി പ്രാന്തി, നാലുമൂല, സഹായ്സ്, തൂപ്പിട്ട് കളി, കണ്ണ് കെട്ടി കളി, കുളം കര കളി, “ആരെ നിങ്ങള്‍ക്കാവശ്യം, ആവശ്യമ്പടി രാവിലെ” എന്ന് പാട്ടു പാടി ഒരു കളി, വീടുവച്ച് കളി, കള്ളനും പോലീസും കളി, ഇതൊക്കെ കളിച്ച് ക്ഷീണിക്കുമ്പോ ഇരുന്നു കളിക്കാനായി കല്ലു കളി, വളപൊട്ടു കളി, കവിടി കളി, ചീട്ടുകളി, പാട്ടു മത്സരകളി, സിനിമാ പേര് പറഞ്ഞ് കളി. (ഇത് വായിക്കുന്നവരൊക്കെ തങ്ങള്‍ ചെറുപ്പത്തില്‍ കളിച്ച കളികളൊക്കെ ഓര്‍ക്കുന്നതിനും, വീണ്ടും എന്നെ പോലെ ഇന്നസെന്റ് കുട്ടികളാവുന്നതിനും വേണ്ടിയാണ് ഈ കളികളുടെ പേരൊക്കെ വാരി വലിച്ച് എഴുതിയിരിക്കുന്നത്)

കളികളൊക്കെ കഴിഞ്ഞ് തീറ്റയും കഴിഞ്ഞ്, ബാക്കി നേരമുണ്ടെങ്കില് കുറച്ച് നേരം പഠിത്തം. എന്നിട്ടും ഞങ്ങളൊക്കെ പഠിച്ച് വലിയ വലിയ നിലയിലെത്തി (ആറാമത്തെ നിലയിലാണ് ഇപ്പോ എന്റെ താമസം, ചേച്ചിമാരൊക്കെ അതിലും വലിയ നിലയിലാ). വെറുക്കെടുത്തിട്ടാണെങ്കിലും എന്റെ ടീമിനെ ജയിപ്പിക്കണമെന്ന് ഗാന്ധാരി ശപഥമെടുത്ത എന്റെ ടീമില്‍ ചേരാന്‍ എപ്പോഴും കുട്ടികളുടെ ഒരു നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു.

വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിന്റെ വിഷമം പാരന്റ്സിനെ അറിയിക്കാതെയാണ് ഞങ്ങള്‍ വളര്‍ന്നത്, നാലുപേരും ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ ചെയ്യുന്ന ജോലിയൊക്കെ ഏറ്റെടുത്ത് പരിശീലിച്ചു. അപ്പച്ചന്‍ വിദേശത്തായിരുന്നതുകൊണ്ട് മൂത്ത ചേച്ചിയാണ് ആണ്‍കുട്ടികളെ പോലെ വീട്ടിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നതും (ഉദാഹരണത്തിന് ഇന്ന് ഇറച്ചി കൂട്ടാന്‍ വക്കണോ, അതോ മീനാണോ വെക്കണ്ടത് എന്നുള്ള കാര്യങ്ങളില്‍), അമ്മച്ചിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നതും പിന്നെ അത്യാവശ്യം പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയതും. രണ്ടാമത്തെ ചേച്ചിക്ക് ആണ്‍കുട്ടികളെക്കാള്‍ ധൈര്യമായിരുന്നു, അത്യാവശ്യം വന്നാല്‍ തല്ലും വഴക്കുമൊക്കെ ഉണ്ടാക്കാനും, ചോദിക്കാനും പറയാനുമൊക്കെ ഒരാള്‍, പെരുന്നാള്‍ക്ക് ഓലപടക്കവും ഗുണ്ടും പൊട്ടിക്കല്‍ ആളുടെ ഡ്യൂട്ടിയാണ്. മൂന്നാമത്തെ ചേച്ചിക്ക് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ടുമെന്റായിരുന്നു, വീട്ടിലെ ഫ്യൂസ്സായ ബള്‍ബ് മാറ്റിയിടല്‍, വീട്ടുപകരണങ്ങളുടെ റിപ്പയറിങ്ങ് കം കേടാക്കല്‍ എക്സിട്രാ (ഈ ഒരു എക്സ്പീരിയന്‍സ് വച്ച് അവള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വരെ ജോലിക്ക് കയറി പറ്റി, പിന്നെ ഷിപ്പിന്മേല്‍ കയ്യ് വച്ചപ്പോള് അവടത്തെ ആള്‍ക്കാര് അവളോട് വീട്ടില്‍ക്ക് പൊക്കോളാന്‍ പറഞ്ഞു).

ഇളയതായ എനിക്കു മാത്രമാണ് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയിരുന്നത്. എന്റെ പണി കടയില്‍ പോയി ഉപ്പ് തൊട്ട് ഇറച്ചി വരെ എല്ലാ സാധനങ്ങളും വേടിക്കലും, പിന്നെ നാട്ടുകാരുടെയും പരിചയക്കാരുടെയും കല്ല്യാണങ്ങള്‍, മരണാനന്തര അടിയന്തരസദ്യയില്‍ പങ്കെടുക്കലുമായിരുന്നു. കടയില്‍ പോയാല്‍ ബാക്കി വരുന്ന കാശിന്റെ ചില്ലറ എന്റെ കൂലി, നോട്ട് അമ്മച്ചിക്കും (അതുകൊണ്ട് ഞാന്‍ കടക്കാരനെ മണിയടിച്ച് 5ന്റെയും 10ന്റെയും നോട്ടുകളും ചില്ലറയാക്കി വേടിക്കും, അമ്മച്ചി ഇതുവരെ അറിഞ്ഞിട്ടില്ല ഈ കാര്യം), കല്ല്യാണത്തിനു പോയാല്‍, നല്ല ഉഗ്രന്‍ സദ്യ കൂലി. മരണവീട്ടില്‍ പോയാല്‍ കുറച്ച് കരയണ്ടി വന്നാലും ഏഴാമത്തെ ദിവസം പള്ളിസ്ക്കൂളില്‍ വച്ച് നല്ല വെള്ളേപ്പവും ഇറച്ചിക്കറിയും സ്റ്റൂവും കൂട്ടി ബ്രേക്ക്ഫാസ്റ്റ്. (കര്‍ത്താവേ തമാശക്ക് എഴുതിയതാ‍ണേ, ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്റ് മി). കുറെയേറേ സദ്യകളില്‍ പങ്കെടുത്ത എന്റെ എക്സ്പീരിയന്‍സ് വച്ച് ഞാന്‍ മനസ്സിലാക്കിയത് സദ്യക്ക് വിളമ്പുന്നവരെ നമ്മള്‍ രണ്ട് പ്രാവശ്യമേ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെട്ട് ബുന്ധിമുട്ടിക്കാന്‍ പാടുള്ളൂ, മൂന്നാമത്തെ പ്രാവശ്യം നമ്മള്‍ മൈക്ക് വച്ച് വിളിച്ചാലും അവര്‍ക്ക് ചെവിയും കേള്‍ക്കില്ലാ, നമ്മള്‍ എണീറ്റ് പോവാണ്ട് ആ ഏരിയായിലേക്ക് വരും ഇല്ല. ഇതെ എന്റെ അനുഭവമല്ല കേട്ടോ, ഞാന്‍ ആ കാര്യത്തില്‍ വളരെ ഡീസന്റായിരുന്നു, ഒരു വിളമ്പുകാരനെയും 2 പ്രാവശ്യത്തില്‍ കൂടുതല്‍ ഞാന്‍ വിളിക്കാറില്ല.

അങ്ങനെയിരിക്കുമ്പോ ഒരു ശനിയാഴ്ച പോത്തിറച്ചി വേടിക്കാനായി കാശും സഞ്ജിയും പിടിച്ച് ഇറങ്ങിയ എന്നോട് അമ്മച്ചി പറഞ്ഞു “നമ്മുടെ അങ്ങാടിയില്‍ താമസിക്കുന്ന തോമാസേട്ടന്റെ കടയില്‍ നിന്ന് ഇറച്ചി വേടിച്ചാ മതി, അവന്‍ നല്ല ഇറച്ചി തരാമെന്ന് പറഞ്ഞിട്ടുണ്ട്.” മാര്‍ക്കറ്റില്‍ 5-6 ഇറച്ചികടകളുണ്ട്, അതുവരെ ഞാന്‍ മാരക്കറ്റില്‍ കടക്കുമ്പോ ഏതു കടക്കാരനാണ് എന്നെ ഏറ്റവും സ്നേഹത്തില്‍ “ഇങ്കട് വാ മോളേ” എന്നു വിളിക്കുന്നത് അവരുടെ കടയില്‍ നിന്ന് ഇറച്ചി വാങ്ങുകയാണ് പതിവ്. അന്നും ഞാന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചപ്പോള്‍ 6 കടകളില്‍ നിന്നും ക്ഷണം വന്നു. അവരെയെല്ലാം നോക്കി ചെറിയ കുട്ടിയായ ഞാന്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് ഇങ്ങനെ പറഞ്ഞു “ആരും വിളിക്കണ്ടാ, എനിക്കു വേണ്ടത് തോമാസേട്ടന്റെ ഇറച്ചിയാണ്, അമ്മച്ചി പറഞ്ഞത് തോമാസേട്ടന്റെ ഇറച്ചിയാ നല്ലത്, അത് വേടിക്കാനാണ്“. അതുകേട്ട് ഇറച്ചി വേടിക്കാന്‍ വന്നവരും, കടക്കാരും ഉറക്കെയും തോമാസേട്ടന് പതുക്കെയും ചിരിച്ചു (അപ്പറത്തെ കടക്കാരന്‍ തോമാസേട്ടനോട് ചോദിച്ചൂത്രെ നീ അപ്പോ പോത്തിറച്ചി വിക്കലൊക്കെ നിര്‍ത്തിയോന്ന്?). ഇത്ര ചെറിയക്കുട്ടിയായ ഞാന്‍ ഇത്രയും വലിയ ആള്‍ക്കാരെ ചിരിപ്പിക്കാന്‍ മാത്രം പോന്ന തമാശ പറഞ്ഞതിന്റെ ഗമയില്‍ ഞാന്‍ തോമാസേട്ടന്റെ ഇറച്ചിയും വേടിച്ച് കൂളായി വീട്ടിലേക്ക് പോയി. എന്റെ ആ ഒരു ഡയലോഗിന്റെ ബലത്തില്‍, തോമാസേട്ടന്റെ ഇറച്ചിക്ക് ആ നാട്ടില്‍ ഭയങ്കര ഡിമാന്റായി, അടൂത്ത ജില്ലയിലുള്ളവര്‍ വരെ തോമാസേട്ടന്റെ ഇറച്ചി വേടിക്കാനായി വന്നു തുടങ്ങി.

അക്കാലത്ത് നാട്ടുകാര്‍ എനിക്ക് സ്നേഹത്തോടെ നല്‍കിയ പേര്‍ ‘അങ്ങാടി മറിയം’ എന്നായിരുന്നു. അങ്ങാടിയിലെ ഏതു വീട്ടിലും ഏതു നേരത്ത് കേറി ചെന്നാലും ആ വീട്ടുകാരെനിക്ക് ഇരിക്കാന്‍ കസേര തരും തിന്നാന്‍ പലഹാരങ്ങള്‍ തരും, അതും തിന്ന് ഞാന് ആ വീട്ടുകാര്‍ക്ക് അങ്ങാടിയിലെ എല്ലാ വീട്ടിലെയും എനിക്കറിയുന്ന വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്കും. ഒരു ദിവസം വിദേശത്തുള്ള അപ്പച്ചന്‍ അമ്മച്ചിക്ക് അയച്ച എഴുത്തു വരെ ഞാനെന്റെ ക്ലാസ് സിസ്റ്ററിന് വായിക്കാന്‍ കൊടുത്തു. ആ കത്ത് പകുതി വായിച്ചതില്‍ പിന്നെ ആ സിസ്റ്ററിന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു, ഞാനത്രക്കും നിഷ്കളങ്കയായിരുന്നു.

ഞങ്ങടെ അങ്ങാടിയിലെ മാത്യകാദമ്പതികളായിരുന്നു വിത്സേട്ടനും ഓമനേച്ചിയും, സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ വിത്സേട്ടന്‍ സൂര്യനെ പോലെ മിനുങ്ങിയിട്ട് വരും, ആ സാധനം അകത്തു ചെന്നാല്‍ പിന്നെ വിത്സേട്ടന്‍ ഓമനേച്ചിയെ ‘ഓമനേ’ എന്നു വിളിക്കുന്നതിനു പകരം വേറേ ചില പേരുകള്‍ വിളിക്കാന്‍ തുടങ്ങും. വിത്സേട്ടന്റെ ആ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി അങ്ങാടിയിലെ മിടുക്കന്മാരായ കുട്ടികള്‍ ‘യൂറേക്കാ’ എന്നും പറഞ്ഞ് ഒരു പുതിയ കളി കണ്ടു പിടിച്ചു. ആ കുട്ടികള്‍ ചില വാചകങ്ങള്‍ പറയും, ആ വാചകത്തില്‍ നിന്ന് നമ്മള്‍ വിത്സേട്ടന്‍ ഓമനേച്ചിയെ വിളിക്കുന്ന പേരുകള്‍ കണ്ടു പിടിക്കണം. ഉദാഹരണത്തിന് “മൈതാനത്തില്‍ കാര്‍“, “കുപ്പിയില്‍ എണ്ണ“ എക്സിട്രാ. (ക്ലൂ തരാന്‍ ഇത്തിരി ബുന്ധിമുട്ടുണ്ട്). ഈ കളിക്ക് മാത്രം അമ്മച്ചി ഞങ്ങടെ വീട്ടില്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിത്സേട്ടന്റെ പ്രകടനം തുടങ്ങിയാല്‍ അമ്മച്ചി ഞങ്ങള്‍ അത് കേക്കാതിരിക്കാനായി, ഞങ്ങളെ കൊണ്ട് ആ നേരത്ത് മുട്ടു കുത്തി കുരിശ് വരപ്പിച്ച് പ്രാര്‍ത്ഥന എത്തിപ്പിക്കാനിരുത്തും.

ബാല്യത്തെ പറ്റി പറയുമ്പോ സ്ക്കൂളിനെ പറ്റിയും പറയണമല്ലോ. അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് കണക്കില്‍ മാത്രം ഇത്തിരി വീക്കായിരുന്ന ഞാന്‍ “ഇന്ന് കണക്ക് ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉള്‍വിളി ഉണ്ടാകുന്ന” അപൂര്‍വ്വം ദിവസങ്ങളില്‍, സ്ക്കൂളില്‍ പോകാന്‍ നേരത്ത് “കര്‍ത്താവേ ഇന്ന് കണക്ക് പീരിയഡിന് മുമ്പായി തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ സമരമുണ്ടാക്കണെ” എന്ന് സ്പെഷ്യല്‍ പ്രെയറ് എത്തിക്കാറുണ്ട്. ഞാനെന്നൊക്കെ അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അന്നൊക്കെ തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ ക്രുത്യ സമയത്ത് വളരെ ഭയഭക്തി ബഹുമാനങ്ങളോടെ സിസ്റ്റര്‍മാരിനെ “മൊട്ടച്ചികളെ മൊട്ടച്ചികളെ” എന്ന് അഭിസംബോധന ചെയ്ത് സമരത്തിനു വരാറുണ്ട്. അതു കേട്ട പാതി കേക്കാത്ത പാതി ഞങ്ങള്‍ കുട്ടികള്‍ ചോറ്റും പാത്രം ബാഗില്‍ തിരുകി, ടീച്ചര്‍മാര്‍ അതിലും സ്പീഡില്‍ ബുക്കും മടക്കി ക്ലാസിന് പുറത്ത് പോകും. അങ്ങനെ ഞാന്‍ അതിവിദഗ്ന്ധമായി തല്ലു കിട്ടാതെ രക്ഷപ്പെടാറുമുണ്ട് (ഈയവസരത്തില്‍ ഞാന്‍ തരകന്‍സിലെ കുട്ടികള്‍ക്ക് എന്റെ ബോട്ടം ഹാര്‍ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു). തരകന്‍സ് ബോയ്സ് സ്ക്കൂളിലെ കുട്ടികള്‍ സ്പെഷ്യലൈസ് ചെയ്ത് മെയിന്‍ സബ്ജക്റ്റ്, ടീച്ചര്‍മാര്‍ക്ക് ഇരട്ടപേരിടുകയാണ്, എന്നും വെള്ള സാരി എടുത്തു വരുന്ന ടീച്ചറിന്റെ പേര് ‘മാടപ്രാവ്’, വയറു ചാടിയ ടീച്ചറിന്റെ പേര് ‘നിത്യ ഗര്‍ഭിണി’ എക്സിട്രാ, അവര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച എല്ലാ പേരുകളും ഞാനിവിടെ എഴുതിയാല്‍ അത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.

സ്ക്കൂളിനെ പറ്റി പറയുമ്പോ അതിന്റെ മുന്നിലുള്ള പെണ്ണിന്റെ പീടികയെയും ഓപ്പേട്ടന്റെ പീടികയെയും പറ്റി പറഞ്ഞില്ലെങ്കില്‍ മോശമാവും. കടയില്‍ പോകുന്ന വകയില്‍ എനിക്ക് കിട്ടിയ ശമ്പളത്തിന്റെ അമ്പത് ശതമാനവും ഞാനവിടെ എനിക്കും കൂട്ടുകാരക്കും വേണ്ടി ചിലവഴിച്ചിട്ടുണ്ട് (ബാക്കി അമ്പതു ശതമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് കാശുംകുടുക്കയില് ) . അവിടെ നിന്നു വാങ്ങി തിന്ന തേന്‍നിലാവിന്റെയും, പാല്‍ഗോവയുടെയും, നാരങ്ങാമുഠായിയുടെയും, ഉപ്പിലിട്ട നെല്ലിക്കയുടെയും, ലൂവിക്കയുടെയും മധുരവും രസവും ഇപ്പോഴും നാവ് കൊതിക്കുന്നുണ്ട്. എന്റെ ഫസ്റ്റ് തിന്നുകഴിഞ്ഞാല്‍, ഞാന്‍ തിന്നുകഴിയാത്ത കുട്ടുകാരുടെ മുഖത്തു നോക്കി, എന്റെ മുഖം വീര്‍പ്പിച്ച് കവിളില്‍ കൈ ചുരുട്ടി ഒറ്റ ഇടിയാണ്. ഞാന്‍ പങ്കു വെട്ടിയെന്ന് തെറ്റിന്ധരിച്ച് അവരപ്പോ എനിക്ക് കുറച്ചുംകൂടി തിന്നാന്‍ തരും.

അരണാട്ടുകരയെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ അരണാട്ടുകര പള്ളി പെരുന്നാളിനെ പറ്റി പറയാ‍തെ നിറുത്തരുതെന്നാ പ്രമാണം. അരണാട്ടുകര പിണ്ടി പെരുന്നാള്‍ ഞങ്ങള്‍ക്ക് ത്രിശ്ശൂര്‍ പൂരത്തിനെക്കാള്‍ വലുതായിരുന്നു (പൂരം കാണാന്‍ പെണ്‍കുട്ടികള്‍ പോവാന്‍ പാടില്ലാന്നാ അമ്മച്ചി പറയാറ്, പൂരപറമ്പിലെ എക്സിബിഷന്‍ കാണാന്‍ മാത്രമേ അനുവാദമുള്ളൂ). പെരുന്നാളിനു കുറേ ദിവസം മുന്നേ അങ്ങാടിയിലെ എല്ലാ വീട്ടിന്റെ മുന്നിലും പിണ്ടി (വാഴകൊലയടക്കമുള്ള വാഴ മരം) കുത്തി കൊടിയും മാല ലൈറ്റും മണ്‍ചിരാതുകളും വച്ച് അലങ്കരിക്കും. പെരുന്നാളിന്റെ പ്രധാന അട്രാക്ഷന്‍ വെടിക്കെട്ടും, പ്രദക്ഷിണവും, ഗാനമേളയും ആയിരുന്നു (സോറി - പാട്ടുകുര്‍ബാന ഫസ്റ്റ് അട്രാക്ഷന്‍). വെടിക്കെട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ‘അമിട്ട്’ പൊട്ടി വിരിയുന്നത് കാണാനായിരുന്നു. രണ്ടു കയ്യിന്റെയും ചൂണ്ടു വിരല്‍ ചെവിയില്‍ കുത്തി കേറ്റി വച്ച് മുകളിലോട്ട് നോക്കി നിക്കുമ്പോ എന്റെ അന്നത്തെ ചിന്താവിഷയം ‘ഈ പടക്കത്തിനൊക്കെ എന്തിനാ ഇത്രയും സൌണ്ട്, വെറുതെ മനുഷ്യന്റെ കയ്യ് കഴക്കാനായിട്ട്’ എന്നതായിരുന്നു.

ഗാനമേളകള്‍ പെരുന്നാളിന്റെ ഒരു ഭാഗമായിരുന്നു, ഹിറ്റ് പാട്ടുകള്‍ മൂച്ചായി വരുമ്പോ അരണാട്ടുകരയിലെ കമലഹാസന്മാര്‍ പള്ളിയുടെ മതിലിന്മേല്‍ കയറി നിന്ന്, ഭരതനാട്യവും മോഹിനിയാട്ടവും പേടിച്ചോടി പോകുന്ന, കമലഹാസന്റെ സാഗരസംഗമത്തിലെ കിണറ്റിങ്കരയില്‍ നിന്നുള്ള ‘തകിട തകിമി‘ ഡാന്‍സിനെ വെട്ടിക്കുന്ന ടൈപ്പിലുള്ള നാടന്‍ സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ചു തുടങ്ങും, അതു കാണുമ്പോ എനിക്കും ഡാന്‍സ് കളിക്കാന്‍ മുട്ടും, അപ്പൊ ചേച്ചിമാര്‍ എന്റെ ഉടുപ്പ് പിടിച്ച് വലിച്ച് എന്നെ താഴെ ഇരുത്തും. പ്രദക്ഷിണത്തിന്റെ മുമ്പിലും ഇമ്മാതിരി ഡാന്‍സ് ചിലര്‍ നടത്താറുണ്ട്, വികാരിയച്ചന്റെ ക്ഷമ പരീക്ഷീക്കാനായിട്ട് (ഒരു നല്ല പാട്ട് കേട്ടാല്‍, ശിങ്കാരിമേളം കേട്ടാല്‍ എണീറ്റ് നിന്ന് ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഞാനടക്കമുള്ള ഇടവക ജനങ്ങളുടെ പെരുന്നാള്‍ സ്പിരിറ്റ് അച്ചനും, വിശുദ്ദനായ തോമാസ് ശ്ലീഹായുടെയും സെബാസ്ത്യാനോസ് പുണ്യാളന്റെയും തിരുസ്വരുപത്തിനോടുള്ള അച്ചന്റെ സ്പിരിറ്റ് ജനങ്ങളക്കും മനസ്സിലായില്ലാ – ജനറേഷന്‍ ഗാപ്പ് പോലൊരു സ്പിരിച്ചുവല്‍ ഗാപ്പ്). അങ്ങനെയുള്ള ഒരു പെരുന്നാളിന്റെ സദ്യക്കൊടുവിലാണ് ഞാന്‍ അപ്പച്ചനും അങ്കിള്‍മാരും ഗ്ലാസ്സില്‍ ബാക്കി വച്ച കഞ്ഞിവെള്ളം എടുത്ത് കുടിച്ചതും, പൂസായി കട്ടിലിന്റെ അടിയില്‍ കേറി കിടന്നുറങ്ങിയതും, വീട്ടുകാര്‍ എന്നെ കാണാതെ അന്വേഷിച്ചു നടന്നതും. അന്നു നിര്‍ത്തിയ കുടിയാ, പിന്നെ ഞാനാ സാധനം കയ്യോണ്ട് തൊട്ടിട്ടില്ല.
അരണാട്ടുകര കടവാരവും ബണ്ടും കുളവും കൊക്കുര്‍ണിയും, നീന്തല്‍ പഠിക്കാനായി കുളത്തില്‍ പോയിട്ട് നീന്തുന്നവരെ നോക്കി നീന്തലിന്റെ തിയറി മാത്രം പഠിച്ച് പ്രാക്ടിക്കല്‍ പിന്നത്തേക്ക് വച്ച് തിരിച്ചുവന്നതും, അരണാട്ടുകരയുടെ സ്വന്തം ജാനകി പ്രേതവും, തമ്പി തിയറ്ററിലിരുന്ന് ‘കര്‍ത്താവ്വെ പ്രേംനസീറ് ഇടിയില്‍ ജയിക്കണെ, ഉമ്മറ് തോല്‍ക്കണെ‘ എന്നു പ്രാര്‍ത്ഥിച്ചതും, ആകാശത്തൂടെ ആദ്യമായി വിമാനം പോകുന്നത് കണ്ട് നിഷ്കളങ്കരായ അങ്ങാടിക്കാ‍ര്‍ ‘ആകാശത്ത് വെള്ളിക്കുരിശ് പ്രത്യക്ഷപ്പെട്ടു‘ എന്നു പറഞ്ഞ് മുകളിലോട്ടു നോക്കി കൈ വിരിച്ച് പിടിച്ച് ‘സ്വര്‍ഗ്ഗ്സ്ഥനായ പിതാവെ’ എന്നു പ്രാര്‍ത്ഥിച്ച് അങ്ങാടിക്ക് ‘വെള്ളിക്കുരിശങ്ങാടി’ എന്ന പേര്‍ സമ്പാദിച്ചതും, കുന്തിരിക്കത്തിന്റെ മണമുള്ള വഴിപ്രാര്‍ത്ഥനകളും അങ്ങനെ അരണാട്ടുകരയിലെ ബാല്യക്കാലത്തെ പറ്റി ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ വേറേയും കുറേയുണ്ട്.

സിനിമയില്‍ ചാന്‍സ് ചോദിച്ച് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ചുറ്റും കൂടുന്ന പുതുമുഖങ്ങളെ പോലെ, ഓരോരോ ബാല്യക്കാല ഓര്‍മ്മകള്‍ എന്റെ ചുറ്റും കൂടി നില്‍ക്കുകയാണ്, എന്റെ കമ്പ്യൂട്ടര്‍ സ്കീനാകുന്ന വെള്ളിത്തിരയില്‍ കയറി പറ്റാന്‍. എല്ലാ പുതുമുഖങ്ങള്‍ക്കും ചാന്‍സ് കൊടുത്താല്‍ പാഞ്ജാലിയുടെ വസ്ത്രാക്ഷേപം സ്പെഷല്‍ ‘അഴിച്ചാലും അഴിച്ചാലും തീരാത്ത സാരി‘ പോലെയാകും എന്റെയീ പോസ്റ്റ്.

ഒരു കവിതാ പരീക്ഷണം
“എന്റെ ബാല്യക്കാലമേ, നിന്നെയാണെന്നിക്കിന്ന് ഏറേയിഷ്ടം
നീയിത്ര സുന്ദരിയാണെന്നറിയാന്‍ ഞാനെന്തേ ഇത്ര വൈകി!
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്നതു പോല്‍
ചെറുപ്പത്തില്‍ ഞാന് വേഗം വലുതാവാന്‍ മോഹിച്ചുപോയി
തെറ്റു തിരുത്തി, പൊട്ടിക്കാളിയാം ഞാന്‍, വീണ്ടും വിളിച്ചാല്‍
തിരിച്ചു വരുമോ? ബാല്യക്കാലമേ, എന്‍ പ്രിയ കുട്ടൂകാരി“.

കൊളമാക്കി

കൂട്ടുക്കാരെ മാപ്പ്, ഒരു കവിത എഴുതുക എന്ന എന്റെ അത്യാഗ്രഹത്തില്‍ നിന്നും ജന്മമെടുത്തതാണ് മുകളിലുള്ള കവിത (അതോ പാട്ടോ, അതോ രണ്ടുമല്ലേ?). സാധാരണ കവിതകളില്‍ കാണുന്ന പ്രാസവും സംഗതികളും മഷിയിട്ട് നോക്കിയാല്‍ പോലും ഈ കവിതയില്‍ കാണാന്‍ പറ്റില്ല. ഇത് എന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് കവിതയാണ്. ഇത് ഞാന്‍ എനിക്കൊരു നല്ല കുട്ടിക്കാലം നല്‍കിയ ഞാനേറ്റവും സ്നേഹിച്ചിരുന്ന എന്റെ അമ്മാമ്മക്കും, അരണാട്ടുകര നാട്ടിനും, അവിടത്തെ എന്റെ കൂട്ടുകാര്‍ക്കും, ചേച്ചിമാര്‍ക്കും, പാരന്റ്സിനും, ഇതെഴുതാന്‍ എനിക്ക് കമ്പ്യൂട്ടര്‍ വേടിച്ചു തന്ന എന്റെ സ്വന്തം ഭര്‍ത്താവിനും (അല്ലെങ്കില്‍ ആശാന്‍ പിണങ്ങും), എഴുതുന്നതിനിടയില്‍ 10 പ്രാവശ്ശ്യം കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ വന്ന എന്റെ ബോബനും മോളിക്കും, ഇതൊക്കെ വായിക്കാന്‍ സന്മന്‍സ്സ് കാണിച്ച നല്ലവരായ നിങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ഇനിയും സമര്‍പ്പിക്കുവാന്‍ കവിതകള്‍ എഴുതുമോ ഇല്ലയോ എന്നെന്നിക്കറിഞ്ഞു കൂടാ.