Monday, February 9, 2009

ആട് തോമാ

ഒരു മനുഷ്യസ്നേഹി എന്നതിലുപരി ഒരു മികച്ച ജന്തു സ്നേഹിയാണ് എന്റെ സ്വന്തം ഭര്‍ത്താവ്. പുള്ളിക്കാരന് ഏറ്റവും ഇഷ്ടം പശുവിനെയാണ്, എനിക്ക് കൊരങ്ങനെയും. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്ത് എവിടെ പശുവിനെ കണ്ടാലും പുള്ളിക്കാരന്‍ ഒന്നു നില്‍ക്കും, പശുവിന്റെ നിറം നോക്കി അതിന്റെ കുലമഹിമയും ജാതിയും ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും ആണോ പെണ്ണോ എന്നു വരെ പറയും. പിന്നെ ചെറുപ്പത്തില്‍ അവരുടെ വീട്ടിലുണ്ടായിരുന്ന പശുവിന്റെ കുടുംബമഹിമയും അതിനെ തീറ്റാന്‍ കൊണ്ടു പോയ കഥയുമൊക്കെ പറയും, അവസാനം ഒരു പശുവിനെ വേടിച്ചാല്‍ പാക്കറ്റ് പാല്‍ നിര്‍ത്തി നല്ല ഫ്രെഷ് പാല്‍ കറന്നെടുത്ത് കുടിക്കാമായിരുന്നു എന്നു പറഞ്ഞു നിര്‍ത്തും.

ഞാനാണെങ്കില്‍ “പശു പാല്‍ തരും’ എന്ന് സ്ക്കുളില്‍ പഠിച്ചിട്ടുണ്ടെന്നല്ലാതെ പശൂനെ വളര്‍ത്തി പരിചയമോ, പശൂന്റെ ഫാനോ ഒന്നുമല്ലാ. എങ്കിലും പുള്ളിക്കാരന്റെ പശുസ്നേഹം കാരണം ഞങ്ങടെ 2 ബെഡ് റൂം ഫ്ലാറ്റ് വിറ്റിട്ട് ഒരു 3 ബെഡ് റൂം ഫ്ലാറ്റെടുത്ത്, ഒരു പശുവിനെ വേടിച്ച് ഒരു ബെഡ് റൂം പശൂന് വേണ്ടി ഡെഡിക്കേറ്റ് ചെയ്താലോന്ന് വരെ ഞാന്‍ ആലോചിച്ചതാണ്. പക്ഷേ സാങ്കേതിക തടസ്സങ്ങളാല്‍ സംഗതി നടന്നില്ലാ. അതുകൊണ്ട് തല്ക്കാലം പശുമോഹം മാറ്റിവച്ച് പുള്ളിക്കാരന്‍ ഞങ്ങടെ ബില്‍ഡിങ്ങിന്റെ അടുത്തായി തുറന്ന പുതിയ ഷോപ്പില്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടികളെ വില്ക്കാന്‍ വച്ചിരിക്കുന്നത് കണ്ട് പട്ടിക്കുട്ടിയെ വാങ്ങിക്കാനായി പുറപ്പെട്ടു, പട്ടിക്കുട്ടിയെ വാങ്ങിക്കാന്‍ പോയ ആള്‍ പട്ടിക്കുട്ടിയുടെ വില കേട്ടപ്പോള്‍ പോയേക്കാളും സ്പീഡില്‍ വളിച്ച ചിരിയുമായി തിരിച്ചു വന്നു എന്നിട്ട് എന്നോട് ഒരു ഡയലോഗും, പട്ടിക്കുട്ടിയെ വേടിച്ചാലൊക്കെ ഭയങ്കര ബുദ്ധിമുട്ടാ എന്നും അതിനെ അപ്പിടീപ്പിക്കാന്‍ കൊണ്ടു പോണം, തിന്നാന്‍ ഇറച്ചി വാങ്ങിക്കണം എന്നൊക്കെ.

അവസാനം ഞങ്ങള്‍ പശൂനും പട്ടിക്കും പകരം തത്തമ്മയെയും, ലവ്ബേര്‍ഡ്സിനെയും വാങ്ങിച്ച് അഡ്ജസ്റ്റ് ചെയ്തു. പോരാത്തതിന് ഒരു ഫിഷ് ടാങ്ക് നിറയെ ഗോള്‍ഡന്‍ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ്, മോളി, സക്കറ് ഫിഷ്, കിസ്സിങ്ങ് ഗൌരാമി എന്നീ ഐറ്റം നമ്പറുകളെ വാങ്ങി പരിപാലിച്ചു പോന്നു. ആ ഫിഷ് കുട്ട്യോള്‍ക്ക് എന്റെ ചേട്ടായീന്നു പറഞ്ഞാലൊരു ഭ്രാന്താ, എല്ലാരും ആശാന്റെ ഭയങ്കര ഫാന്‍സ്. ചേട്ടായീടെ മോന്ത കാണുമ്പോഴേക്കും ഒക്കെ ഗ്ലാസ്സിന്റെ മുമ്പില്‍ വന്നു നില്‍ക്കും, എന്നിട്ട് കിസ്സിങ്ങ് ഗൌരാമിയുടെ വക ഒരു കിസ്സും, ഗോള്‍ഡന്‍ ഫിഷിന്റെ സൈറ്റടിയും. പണ്ടത്തെ കാലത്ത് അപ്പന്മാര്‍ ജോലി കഴിഞ്ഞു വരുമ്പോ കൊണ്ടുവരുന്ന പലഹാരപൊതി തട്ടിപറിക്കാന്‍ വരുന്ന കുട്ട്യോളുടെ പോലെ, ചേട്ടായി ഓഫീസീന്നു വരുമ്പോഴേക്കും എല്ലാ ഫിഷോളും അറ്റന്‍ഷനായി മുമ്പില്‍ വന്നു നില്ക്കും, ഓഫീസീന്നു വന്നാല്‍ അവര്‍ക്ക് തീറ്റ ഇട്ടു കൊടുത്ത് ഇത്തിരി കിന്നാരമൊക്കെ പറഞ്ഞു കഴിഞ്ഞിട്ടേ ഞങ്ങളെ പോലും പുള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യൂ. അതു കാണുമ്പോ എനിക്ക് ദേഷ്യം വരും, ഇഷ്ട്ട്ടനെ മേനകാഗാന്ധിയെ കൊണ്ടോ പുള്ളിക്കാരത്തീടെ അനിയത്തിമാരെയോ കൊണ്ടോ കെട്ടിക്കണ്ടതായിരിന്നൂന്ന് തോന്നും.

ലവ്ബേര്‍ഡ്സിന്റെ കാര്യം പറയാണെങ്കില്‍ പുള്ളിക്കാരന്‍ ഇടക്കിടക്ക് അവരെ ലൈനടിച്ച് വായ് നോക്കി നിന്നാലും അവര്‍ തീറ്റ കഴിഞ്ഞാല്‍ അവരുടെ ബെറ്ററ് ഹാഫിന്റെ കൂടെ ലവ്വടിച്ചു നിക്കും, പുള്ളിക്കാരനെ മൈന്‍ഡ് ചെയ്യില്ലാ. അന്നാലും ചേട്ടായി നാണമില്ലാണ്ട് അവര്‍ ലൈനടിക്കുന്നതു നോക്കി നില്‍ക്കും. തത്തമ്മ ആള്‍ ഭയങ്കര സ്മാര്‍ട്ടായിരുന്നു. ഒരു ദിവസം ഞാന്‍ കുട്ടികള്‍ ബാക്കി വച്ച പാല്‍ എടുത്ത് തത്തമ്മക്ക് കുടിക്കാന്‍ കൊടുത്തു. പിറ്റേ ദിവസം പാലു കൊടുത്തപ്പോ തത്തമ്മ കുടിക്കണില്ല്യാ, ഒരു തുണ്ട് പാല്‍ കുടിച്ചിട്ട് ബാക്കി കുടിക്കാണ്ട് പിണങ്ങിയിരിക്കും. പിന്നെയാണ് സംഗതി പിടി കിട്ടിയത്. തലേന്ന് തത്തമ്മക്ക് കൊടുത്ത, കുട്ടികള്‍ ബാക്കി വച്ച പാല്‍ നല്ലോണം പഞ്ചാരയും ഹോര്‍ലിക്സുമൊക്കെ ഇട്ട് കലക്കിയതായിരുന്നു, അതിന്റെ ടേസ്റ്റ് മനസ്സിലായതില്‍ പിന്നെ പ്ലെയിന്‍ പാല്‍ കൊടുത്താല്‍ തത്തമ്മ അത് കുടിക്കാണ്ട് നിരാഹാര സമരമിരിക്കും, അപ്പെ ഞങ്ങള്‍ ഹോര്‍ലിക്സും കോമ്പ്ലാനും ബൂസ്റ്റും പഞ്ചസാരയുമൊക്കെയിട്ട പാല്‍ കൊടുത്ത് സമരമവസാനിപ്പിക്കും. ദുബായില്‍ക്ക് പോന്നപ്പോ ഫിഷോള്‍നെയൊക്കെ ബന്ധുക്കളെ ഏല്‍പ്പിച്ചു, കിളികളൊക്കെ അവരുടെ പാട്ടിന് പറന്നും പോയി.

ഇപ്രാവശ്യം ക്രിസ്മസ്സിന് നാട്ടില്‍ പോകുന്നതിനു മുമ്പായി പുള്ളിക്കാരന്‍ അമ്മയോട് പറഞ്ഞ് നാട്ടിലത്തെ വീട്ടില്‍ ഒരു ആടിനെ വാങ്ങിപ്പിച്ചു. വെക്കേഷന് പോയപ്പോ ഫുള്‍ ടൈം ആടിന്റെ കൂടെയായിരുന്നു ചുറ്റിക്കളി. അതിന്റെ ഒരു വീഡിയോ താഴെ കാണാം, മുടിഞ്ഞ കാശാണ് പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ ഈ ആല്‍ബം എന്റെ ബ്ലോഗില്‍ പബ്ബിഷ് ചെയ്യുന്നതിന് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒരു അടിക്കുറിപ്പ് മത്സരത്തിന് എല്ലാ സ്കോപ്പുമുള്ള ഈ ആല്‍ബത്തിലെ ഹീറോ എന്റെ സ്വന്തം ആട് തോമായും ഹീറോയിന്‍ ‘പാത്തുമ്മയുടെ ആടിന്റെ’ വംശപരമ്പരയില്‍ പെട്ട മണിക്കുട്ടിയും, പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എന്റെ ബോബനും മോളിയുമാണ്.

തേങ്ങേടേ മൂട്. എത്ര ട്രൈ ചെയ്തിട്ടും വീഡിയോ upload ‍ആവണില്ല്യാ, അതോണ്ട് തല്‍ക്കാലം പുള്ളിക്കാരന്റെയും പുള്ളിക്കാരത്തീടെയും ഒരു ഫോട്ടോ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്നു.


ദുബായിലെ സാമ്പത്തികമാന്ദ്യം കാരണം ചേട്ടായി ഭാവിപരിപാടികളൊക്കെ പ്ലാന്‍ ചെയ്തു തുടങ്ങി. ഇപ്പോഴത്തെ പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം ദുബായ് വിട്ട് നാട്ടില് സെറ്റിലാവുമ്പോള്‍ അഞ്ചാറ് പശുക്കളെയൊക്കെ വാങ്ങി സുഖമായി കഴിയാന്നുള്ളതാണ്, നാടോടിക്കാറ്റിലെ ദാസപ്പനെയും വിജയനെയും പോലെ പുള്ളിക്കാരനും സ്വപ്നം കാണുകയാണ് പശൂന്റെ “ഭേ ബേ“ ന്നുള്ള കര്‍ണ്ണമധുരമായ അലാറം കേട്ട് കാലത്തെണീറ്റ് ചുള്ളന്‍ പശൂനെ കറക്കുന്നതും, ലിറ്ററ് കണക്കിന്‍ പാല്‍ അളന്നെടുക്കുന്നതും, ഞാന്‍ ചാണം (ചാണകം) വാരുന്നതും.

33 comments:

അല്ഫോന്‍സക്കുട്ടി said...

നാടോടിക്കാറ്റിലെ ദാസപ്പനെയും വിജയനെയും പോലെ പുള്ളിക്കാരനും സ്വപ്നം കാണുകയാണ് പശൂന്റെ “ഭേ ബേ“ ന്നുള്ള കര്‍ണ്ണമധുരമായ അലാറം കേട്ട് കാലത്തെണീറ്റ് ചുള്ളന്‍ പശൂനെ കറക്കുന്നതും, ലിറ്ററ് കണക്കിന്‍ പാല്‍ അളന്നെടുക്കുന്നതും, ഞാന്‍ ചാണം (ചാണകം) വാരുന്നതും.

..:: അച്ചായന്‍ ::.. said...

{{{{{{ ഠോ }}}}}


തേങ്ങ അടിച്ചതാ :D

സ്വന്തം കണവന് ഇട്ടു തന്നെ പണി കൊടുത്തു അല്ലെ , എനിക്ക് വയ്യ പുള്ളിയുടെ യോഗം ഒരു ഒന്നു ഒന്നര യോഗം ആണ് :D .. എന്തായാലും കറുത്ത മുട്ടനാടിനെ ഒന്നും വാങ്ങി കൊടുക്കണ്ട ചിലപ്പോ ചങ്കിലെ ചോര കുടിക്കണം എന്ന് തോന്നിയാലോ .. അഥവാ അടു ചോര കൊടുത്തില്ലേ ബ്ലോഗിലെ ഒരു പുലിയെ നഷ്ട്ടപെട്ടലോ .. :D

--xh-- said...

paavam kettiyon.. :)

പൊറാടത്ത് said...

"പുള്ളിക്കാരന് ഏറ്റവും ഇഷ്ടം പശുവിനെയാണ്, എനിക്ക് കൊരങ്ങനെയും"

സ്വന്തം ഭർത്താവിനെ ചുളുവിൽ കൊരങ്ങൻ എന്ന് വിളിച്ചു. സ്വയം പശു എന്ന പാവവും ആയി അല്ല്യോ അല്പൂ.

“ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും ആണോ പെണ്ണോ എന്നു വരെ പറയും“ ആള് മോശല്ല്യല്ലോ..

എന്തായാലും പോസ്റ്റ് കസറി. വീഡിയോ വേഗം കാണിയ്ക്ക്, ആളെ പറ്റിയ്ക്കാണ്ട്..

ശ്രീ said...

ശ്ശെടാ... ചേട്ടന് ബുദ്ധിയുണ്ട് എന്ന് സമ്മതിയ്ക്കാനെന്താ ഇത്ര മടി!


ഓ.ടോ.
“പശുവിന്റെ നിറം നോക്കി അതിന്റെ കുലമഹിമയും ജാതിയും ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും ആണോ പെണ്ണോ എന്നു വരെ പറയും”

പെണ്ണായതു കൊണ്ടാണല്ലോ അതിനെ “പശു” എന്ന് വിളിയ്ക്കുന്നത്. ആണാണെങ്കില്‍ കാള /മൂരി അല്ലേ?

തോമാച്ചന്‍™|thomachan™ said...

അല്പൂ ... കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തി അല്ലെ...സങ്ങതി കൊള്ളാട്ടോ...

പകല്‍കിനാവന്‍ | daYdreaMer said...

എന്തായാലും രാവിലെയും വൈകിട്ടും ഓരോ ലിറ്റര്‍ പാല്‍ വീട്ടില്‍ കൊടുത്തേക്കണേ...!
:)

പ്രയാസി said...

പരിഭവിക്കാതെ അല്‍ഫുക്കുട്ടീ..

ഞാനും പുള്ളിക്കാരന്റെ പക്ഷത്താ..

സ്വപ്നം കാണാറുണ്ട്, ആടും മാടും കോഴീം താറാവും മീനുമൊക്കെ, ഫ്രൈ ആണേല്‍ പറയുകയും വേണ്ട്!

നല്ല പോസ്റ്റ്, ലവ്ബേര്‍ഡ്സും മീനുമൊക്കെ പഠിക്കുന്ന സമയത്ത് എന്റെ സൈഡ് ബിസിനസായിരുന്നു

ഓടോ: ഫാമിലി ഫോട്ടൊ പെരുത്തിഷ്ടായി..;)

ബിന്ദു കെ പി said...

‘പശു’വിന്റെ നിറം നോക്കി അത് ആണോ പെണ്ണോ എന്നു വരെ പറയുന്ന ചേട്ടായിയുടെ കഴിവിനെ ഇങ്ങനെ കളിയാക്കിയാലോ എന്റെ അൽഫൂ..

ഏതായാലും ആടുതോമയുടേയും മണിക്കുട്ടിയുടേയും ലൗസീൻ കലക്കി :)

Anonymous said...

അടികുറിപ്പ്:അല്ഫുവും അല്ഫുന്‍റെ അച്ചായനും!!!
ഹി ഹി ഹി ......

പോസ്റ്റ് വീണ്ടും ഗിടിലന്‍......

തേങ്ങേടേ മൂട്. (എത്ര ട്രൈ ചെയ്തിട്ടും) വീഡിയോ upload ചെയ്യാണ്ടിരുന്നത് മോശമായി...

@പൊറാടത്ത് & ശ്രീ -പോസ്റ്റില്‍ ചോദ്യം ഇല്ല!

ljn

Anil cheleri kumaran said...

കൊള്ലം നല്ല എഴുത്ത്

Sands | കരിങ്കല്ല് said...

:)

എന്തിനാ പശു മാത്രം ആക്കണേ...
എരുമകളും ആയിക്കോട്ടെ.. എരുമപ്പാലിനൊക്കെ നല്ല ഡിമാന്ഡല്ലേ :)

നിങ്ങടെ പാല്‍ ഫാം തൊടങ്ങിയിട്ടു വേണം ബൂലോകത്തുള്ളവര്ക്ക് മില്മയോടെ ഗൂഡ് ബൈ പറയാന്.

ഉപാസന || Upasana said...

പെണ്ണായതു കൊണ്ടാണല്ലോ അതിനെ “പശു” എന്ന് വിളിയ്ക്കുന്നത്. ആണാണെങ്കില്‍ കാള /മൂരി അല്ലേ?

ശോഭിന്റെ സംശയം കണ്ട് ചിരിച്ചു.
:-)
ഉപാസന

കാപ്പിലാന്‍ said...

:)

Kollaam

Bindhu Unny said...

“എവിടെ പശുവിനെ കണ്ടാലും പുള്ളിക്കാരന്‍ ഒന്നു നില്‍ക്കും, പശുവിന്റെ നിറം നോക്കി അതിന്റെ കുലമഹിമയും ജാതിയും ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും...” - ഏതോ സിനിമയില്‍ ലാലു അലക്സ് ഇങ്ങനെ പറയുമായിരുന്നു. സിനിമേടെ പേര് മറന്നു പോയി.
ഉഗ്രന്‍ പോസ്റ്റ്, അല്പൂ. :-)

ആഗ്നേയ said...

പശു ആണാ പെണ്ണാന്ന് വരെ കണ്ടുപിടിക്കും ല്ലെ?;)
ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ഔട്ട്ഫിറ്റില്‍ അല്‍ഫൂന് ഒടുക്കത്തെ ഗ്ലാമര്‍.

മുസാഫിര്‍ said...

പാവം എല്ലാം എങ്ങനെ സഹിക്കുന്നു ?അച്ചാ‍യന്റെ കാര്യമാ പറഞ്ഞെ . അല്പൂന്റെ വാ‍ചക മേളവും ബാക്കിയുള്ള കോലാഹലങ്ങളും.

annamma said...

"പശുവിനെയാണ്, എനിക്ക് ഏറ്റവും ഇഷ്ടം കൊരങ്ങനെയും."
oru kulathil pettavar snehathilum aikyathilum kazhiyanam. keep it up...
:D

അല്ഫോന്‍സക്കുട്ടി said...

ആട് തോമായെ പരിചയപ്പെടാന്‍ വന്ന എല്ലാര്‍ക്കും മിസിസ്സ് ആട് തോമായുടെ നന്ദി, നമസ്ക്കാരം.

നിലാവ് said...

അല്ഫൊന്സകുട്ടിയുടെ വരികള്‍ക്ക് വല്ലാത്തൊരു ആകര്ഷണീയതയാണു.
നല്ല പോസ്റ്റ്.

Thaikaden said...

Korangane ishtamaanennu paranjathu kollam. Ennalum ithra parasyamaayithanne veno. Nannayirikkunnu.

പാവത്താൻ said...

അച്ചായന്‌ അമ്മാമ്മയോട്‌ ഫയങ്കര സ്നേഹമാണെന്ന് ആദ്യത്തെ ലൈൻ വായിച്ചപ്പോൾ തന്നെ മനസ്സിലായി.:-)

മുക്കുവന്‍ said...

എന്തൂട്ട്രാ ക്ടാവേ ഈ പറേണെ? എന്റെ സഹോദരന്‍ ഒരുത്തന്‍ കൊടകരയില്‍ പശുവളര്‍ത്തി ഇപ്പോ കടയടച്ചുപൂട്ടി. ഇപ്പോള്‍ ദേ കൊടകരയില്‍ ടെസ്റ്റയില്‍ കട നടത്തുന്നു :) അപ്പോ ഒന്നൂടി ആലോചിക്കണേ പശുവളര്‍ത്തല്‍!

പാമരന്‍ said...

ha ha ha!

അല്ഫോന്‍സക്കുട്ടി said...

പാവത്താനെ, കമന്റ് കലക്കി :)

പാമരനും മുക്കുവനും സ്വാഗതം ആശംസിക്കുന്നു.

നിലാവേ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!

അച്ചായ്യന്റെ തേങ്ങക്ക് നന്ദി.

ആഗ്നേയാ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ എനിക്ക് ഒടുക്കത്തെ ഗ്ലാമറാണെന്ന്

പൊറാടത്തെ വീഡിയോണ്‍ ചുറ്റികളിക്കാണ്, അപ്ലോഡണില്ല്യാ.

ശ്രീയുടെ സംശയം വായിച്ച് ഞാന്‍ ചിരിച്ച് ചിരിച്ച് മണ്ണു തപ്പി.

മുസാഫിറേ പേടിക്കണ്ട, പുള്ളിക്കാരന് ഞാന്‍ സഹനശക്തിക്കുള്ള അവാര്‍ഡ് കൊടുത്തോളാം.

പകല്‍കിനാവാ, അങ്ങനിപ്പോ ഓസീല് പാല്‍ വേടിക്കണ്ട

തോമാച്ചാ വല്ലപ്പോഴും ഒരു ചെയ്ഞ്ചൊക്കെ വേണ്ടേ.

പ്രയാസീ, ഫ്രൈഡാണെങ്കില് എനിക്കും പെരുത്തിഷ്ട്ട്ടാ

രണ്ടു ബിന്ദൂനും താങ്ക്സ്

ഉപാസനേ സംശയം ചോദിക്കുമ്പോ ചിരിക്കരുത്, ഉത്തരം പറഞ്ഞു കൊടുക്കണം.

കരിങ്കല്ലേ, മില്‍മയെയൊക്കെ അങ്ങനെ ഉപേക്ഷിക്കാന്‍ പാടുണ്ടോ :)

അന്നാമ്മേ, വന്ന വഴി മറക്കാന്‍ പാടില്ലാ, പരിണാമശാസ്ത്രം.

കാപ്പിലാനേ താങ്ക്യൂട്ടാ. അനോണിക്കും കുമാരനും തൈക്കാടനും താങ്ക്യൂ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പുള്ളിക്കാരന്റെ ആ വാലന്റൈന്‍ സ്പെഷല്‍ നോട്ടം!!!! കലക്കി...

നിരക്ഷരൻ said...

ഇച്ചിരി ആടുപ്രേമം കാണിച്ചതുകാരണം ആ പാവത്തിനെപ്പറ്റി ബ്ലോഗില്‍ എഴുതി പടവും ഇട്ട് ... :) ചതി ചതി ഇത് കൊലച്ചതി :) :)

hi said...

kollaaamm..

smitha adharsh said...

പതിവുപോലെ,ഈ പോസ്റ്റും ചിരിപ്പിച്ചു അല്ഫൂ..
വന്നു വന്നു കെട്ടിയവനിട്ടും പണി കൊടുതൂല്ലേ?
ദുബായില്‍ ശരിക്കും പ്രശ്നമാ അല്ലെ?
ഇനി,ഇവടെ എന്നാണാവോ?

പിരിക്കുട്ടി said...

അല്ഫു നല്ല പോസ്റ്റ്
:)

Anonymous said...

മറ്റുള്ള ആഹാരം ദഹിയ്ക്കാത്ത പിഞ്ചു കുട്ടികള്‍ക്കു് പ്രകൃതി കൊടുത്തിരിയ്ക്കുന്ന തീറ്റയാണു്-അതാതുവര്‍ഗത്തില്‍ പ്പെട്ടസസ്തനിയുടെ പാല്‍.വളര്‍ന്നുവലുതായശേഷവും മറ്റു് ഉയിരിനങ്ങളുടെഅകിട്ടില്‍ ചപ്പുന്നതുമനുഷ്യര്‍മാത്രം.നാലു് ആമാശയങ്ങളുള്ള മൃഗത്തിന്റെ പാല്‍കുടിച്ചു മൂത്രത്തില്‍ കല്ല്,കൊളസ്റ്റ്രോള്‍,അര്‍ബുദം(Source:Research by AICR-American Institute of Cancer Research) മുതലയരോഗങ്ങള്‍വരുത്തിവെയ്ക്കുകയാണു്ജനം.ലാഭക്കൊതിയന്മാരായ ഒരു കൂട്ടം ഡോക്ടര്‍മാര്‍,ശാസ്ത്രജ്ഞര്‍,ഗവണ്മെന്റ്കള്‍,മരുന്നുകമ്പനികള്‍ - ഇവരൊന്നും ഇതു സമ്മതിയ്ക്കില്ല: എന്തുകൊന്ണ്ട്/അവര്‍ക്കും ഈ വ്യവസായത്തില്‍ ഒരു പങ്കുണ്ട്.നമുക്കു ആവശ്യത്തിലും എത്രയോഏറേപ്രൊട്ടീന്‍,വൈറ്റമിന്‍ എന്നിവ സസ്യാഹാരങ്ങളില്‍ തന്നെ അടങ്ങിയിരിയ്ക്കുന്നു. രണ്ടര വയസ്സിനു ശേഷം മനുഷ്യനു പാല്‍ ദഹിപ്പിയ്ക്കുന്ന എന്‍സൈം പരിപൂര്‍ണ്ണമായി നഷ്ടപ്പെടുന്നു.ആരോഗ്യകരമായജീവിതത്തിനു അന്യമൃഗങ്ങളുടെപാല്‍വര്‍ജ്ജിയ്ക്കുക.
-എഴുത്തച്ഛന്‍

Anonymous said...

ഇവിടെ എത്താന്‍ വൈകി. ഹണിമൂണ്‍ ഫോട്ടോ നന്നായിട്ടുണ്ട്..

Kochuthressia said...

Assal aayi,correct picturisation and good simily, ,keep writting,ou can be a great writer ,u wrote the correct picture of your habby,it is truly correct