Monday, March 16, 2009

വഴിപ്രാര്‍ത്ഥന

ഓഫീസ് ജോലി കഴിഞ്ഞ് നടന്നു വരുന്ന വഴിക്ക് ഒരു മുസ്ലീം പള്ളിയില്‍ നിന്ന് പുറത്തേക്ക് ഒഴുകി പരന്ന സുഗന്ധം, എന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടു പോയി. കുന്തിരിക്കത്തിന്റെയും, ചന്ദനത്തിരിയുടെയും മെഴുകുതിരിയുടെയും സുഗന്ധം നിറഞ്ഞ സ്ക്കൂള്‍ പൂട്ടി കഴിഞ്ഞുള്ള വേനലവധിക്കാലത്തെ വഴിപ്രാര്‍ത്ഥനകളുടെ ഓര്‍മ്മകളിലേക്ക്.

ക്രിസ്ത്യാനികള്‍ തിങ്ങിപാര്‍ക്കുന്ന ഞങ്ങടെ അങ്ങാടിയില് അവധിക്കാലത്താണ് വഴിപ്രാര്‍ത്ഥനകള്‍ നടത്താറ്, കൂടുതല്‍ കുട്ടികളും കുറച്ച് മുതിര്‍ന്നവരുമാണ് വഴിപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറ്, അങ്ങാടിയിലെ ഒരറ്റത്തു നിന്നുള്ള വീട്ടില്‍ നിന്ന് പ്രാര്‍ത്ഥന ആരംഭിച്ച് അവിടെയുള്ള എല്ലാ ഇടവഴികളും ഊടു വഴികളും മെയിന്‍ റോഡിലുമൊക്കെ വരി വരിയായി നടന്ന് പ്രാര്‍ത്ഥന എത്തിച്ച് അവസാനം പ്രാര്‍ത്ഥന തുടങ്ങിയ വീട്ടില്‍ കേറി പ്രാര്‍ത്ഥന അവസാനിപ്പിക്കും. പിന്നെയാണ് വഴിപ്രാര്‍ത്ഥനയുടെ മെയിന്‍ അട്രാക്ഷന്‍ അഥവാ ക്ലൈമാക്സ്. പ്രാര്‍ത്ഥന നടത്തിയ വീട്ടുകാര്‍ വഴിപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നേര്‍ച്ച കൊടുക്കും. ലഡു, ജിലേബി, ബിസ്ക്കറ്റ്, നാരങ്ങാമിഠായി, ഓറഞ്ച് എന്നിങ്ങനെ പ്രാര്‍ത്ഥന നടത്തുന്ന വീട്ടുകാരുടെ നല്ല മനസ്സ്, സാമ്പത്തിക സ്ഥിതി, പിശുക്കത്തരം എന്നിങ്ങനെ ഒരു പാടു നിഗൂഡതകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നത് അവര്‍ തരുന്ന നേര്‍ച്ചയാണ്. അതുകൊണ്ടു തന്നെ നല്ല നല്ല ബേക്കറി പലഹാരങ്ങള്‍ നേര്‍ച്ചയായി തരാന്‍ എല്ലാ വീട്ടുകാരും ഉത്സാഹിക്കാറുണ്ട്, ചില പേരു കേട്ട പിശുക്കന്മാരൊഴിച്ച്. സ്ഥിരമായി എല്ലാ കൊല്ലവും ഐസ്പ്പ്രൂട്ട് നേര്‍ച്ചയായി തരുന്ന വീട്ടുകാര്‍ക്ക് ഞങ്ങള്‍ സ്വര്‍ഗ്ഗം വീട് എന്നാണ് പേരിട്ടിരുന്നത്. അവരും പിന്നെ ലഡു നേര്‍ച്ചയായി തരുന്ന വീട്ടുകാരും പ്രാര്‍ത്ഥന നടത്തുന്ന അന്ന് വഴിപ്രാര്‍ത്ഥനയുടെ വരിക്ക് ഭയങ്കര നീളം കുടും, കുട്ടികളൊക്കെ മാക്സിമം വോളിയത്തില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എത്തിക്കും. പിന്നെ ഓരോ പുണ്യാളന്മാരുടെ പേരു പറയുമ്പോഴും ‘ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ’ എന്നു നീട്ടി‍ ചൊല്ലും, അല്ലാത്ത ദിവസം പുണ്യാളന്മാരുടെ പേര് പറയുമ്പോ ‘ഞാക്കു വേണ്ടി ക്ഷേണ്മെ’ എന്നു ഷോര്‍ട്ട് ഫോമില്‍ ചൊല്ലും.

വഴിപ്രാര്‍ത്ഥനയുടെ ക്ലിയറ് പിക്ചര്‍ എന്താന്നു വച്ചാല്‍ രണ്ടു വരി നിറയെ കുട്ടികള്‍, വരിയുടെ മുന്നില്‍ രണ്ടു ആണ്‍കുട്ടികള്‍ T shapeലുള്ള ഒരു വിളക്കുകാല്‍, അതില്‍ പത്ത് ഓട്ട, ഓട്ടകളുടെ ഉള്ളില്‍ മണ്ണെണ്ണ വിളക്ക് ഇറക്കി വച്ചിരിക്കും, ഇതിനെ ‘പന്തക്കുഴ‘ എന്നു പറയുമെന്നാണ് എന്റെ ഓര്‍മ്മ (വയസ്സായിട്ടിലെങ്കിലും എന്റെ ഓര്‍മ്മശക്തിയെ അംനേഷ്യമോ ജിംനേഷ്യമോ ചെറിയ തോതില്‍ ബാധിച്ചിരിക്കുന്നു), പന്തക്കുഴ പിടിച്ചു നടക്കാനുള്ള കുടികിടപ്പവകാശം ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിന്നു, ആ പന്തക്കുഴ പിടിച്ചു നടക്കാനുള്ള കൊതി കൊണ്ട് ഒരു ആണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ചെറുപ്പത്തില്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പന്തക്കുഴ പിടിച്ചു നടക്കുന്ന കുട്ടിപിശാശുക്കളുടെ നടുക്കിലായിട്ട് വേറൊരു കുട്ടിപിശ്ശാശ് കുന്തിരിക്കം നിറച്ച പാത്രം ലെഫ്റ്റ് റൈറ്റ് വീശികൊണ്ടിരിക്കും, ആ വീശലും ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. അവരുടെ പിന്നില്‍ വരിയുടെ നടുവിലായി കര്‍ത്താവിന്റെ രൂപം പിടിച്ച് ഒരു പെണ്‍കുട്ടി, ആ പെണ്‍കുട്ടിയുടെ രണ്ടു ഭാഗത്തായി മെഴുകുതിരി പിടിച്ച് ഒരു പെണ്‍കുട്ടിയും, പ്രാര്‍ത്ഥനാപുസ്തകം പിടിച്ച് പ്രാര്‍ത്ഥന എത്തിക്കുന്ന രണ്ടു മാലാഖകുട്ടികളും. കര്‍ത്താവിന്റെ രൂപം പിടിക്കാനുള്ള അവകാശം പ്രാര്‍ത്ഥന നടത്തുന്ന വീട്ടുകാരുടെ വീട്ടിലെ കുട്ടിക്കും അപ്പറത്തും ഇപ്പറത്തും നിക്കുന്നത് ആ കുട്ടിയുടെ കൂട്ടുകാരികളുമായിരിക്കും. ഞാന്‍ മിക്കവാറും പ്രാര്‍ത്ഥന സ്പോണ്‍സര്‍ ചെയ്യുന്ന വീട്ടിലെ കുട്ടിയെ കണ്ട് ഈ ചാന്‍സ് അടിച്ചെടുക്കാറുണ്ട്, കൂട്ടത്തില്‍ അവരെന്തുട്ടാ നേര്‍ച്ച കൊടുക്കുന്നത് എന്ന് രഹസ്യമായി ചോര്‍ത്തി വലുതായി എന്നു പറഞ്ഞു പ്രാര്‍ത്ഥനക്ക് വരാണ്ട് വീട്ടിലിരിക്കുന്ന മുതിര്‍ന്ന ചേച്ചിമാരെ കൂടി പ്രാര്‍ത്ഥനയിലേക്ക് അട്രാക്റ്റ് ചെയ്ത് വരിയുടെ നീളം കൂട്ടും. ഒരു വരിയില്‍ ആണ്‍കുട്ടികളും മറ്റേ വരിയില് പെണ്‍കുട്ടികളും ചിരട്ടയില് മെഴുകുതിരി കത്തിച്ച് നിര്‍ത്തി പ്രാര്‍ത്ഥന ഏറ്റുചൊല്ലി നടക്കും, വരികളുടെ അപ്പറത്തും ഇപ്പറത്തും പിന്നിലുമൊക്കെയായി കുറച്ച് കാരണവന്മാര്‍ പ്രാര്‍ത്ഥനയുടെ ഇടക്ക് വര്‍ത്താനം പറയുന്ന കുട്ട്യോളെ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കി സൂപ്പര്‍വൈസര്‍മാരായി നടക്കും. അതിനിടക്ക് ചില കുട്ട്യോള്‍ മെഴുകുതിരി ഒറ്റ് കയ്യില് വീഴ്ത്തി ചില അപശബ്ദങ്ങളൊക്കെ പുറപ്പെടുവിക്കും. ഞാന്‍ ഒറ്റ ദിവസവും വഴിപ്രാരത്ഥന മുടക്കാറില്ലെങ്കിലും പന്തക്കുഴ പിടിച്ചുനടക്കാനുള്ള ആഗ്രഹം ഇപ്പോഴും ബാക്കി.

അവധിക്കാലത്ത് എല്ലാരും തറവാട്ടില്‍ ഒന്നിച്ചു കൂടുമ്പോഴത്തെ കുടുംബപ്രാര്‍ത്ഥനയും നല്ല നല്ല ഓര്‍മ്മകളാണ്. ഓരോരുത്തരും പല പല സ്പീഡിലാണ് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’ നന്മ നിറഞ്ഞ മറിയവും’ എത്തിക്കുക, നാട്ടിലെ പ്രൈവറ്റ് ബസുകളുടെ സ്പീഡും തോറ്റു പോകും കസിന്‍ബ്രദേഴ്സ് പ്രാര്‍ത്ഥന ചൊല്ലുമ്പോ, ഭക്തി കൂടിയ അമ്മായിമാരും വല്ല്യാമ്മായികളും ആനവണ്ടിയുടെ സ്പീഡില്‍ നിര്‍ത്തി നിര്‍ത്തി ചൊല്ലി കര്‍ത്താവിന്റെ പോലും ക്ഷമ പരീക്ഷിക്കും, പിന്നെ ഒരറ്റത്തിരുന്ന് ഒരാള്‍ കോട്ടുവായിട്ടാല്‍ അത് കാട്ടുത്തീ പോലെ പടര്‍ന്നു പിടിച്ച് ഓരോരുത്തരായി മാറി മാറി പല വെറൈറ്റിയിലുള്ള കോട്ടുവായകള്‍ വിത്ത് സൌണ്ട് ആന്റ് വിത്തൌട്ട് സൌണ്ട് ആന്റ് ആക്ഷനൊക്കെ കാണാം. അതിനിടക്ക് ചില സീനിയര്‍ മെമ്പേഴ്സ് ‘കോഴിക്കൂടടച്ചോ, അടുപ്പ് ഓഫാക്കിയിട്ടില്ലേ, ഗേറ്റ് വല്ലോരും തുറക്കണ സൌണ്ട് കേട്ടോ, നന്മ നിറഞ്ഞ മറിയം പത്തെണ്ണമെത്തിച്ചോ’ എന്നിങ്ങനെയുള്ള സംശയരോഗത്തിനടിമകളാകും.

കുടുംബപ്രാര്‍ത്ഥന വല്ലാണ്ട് സീരിയസ്സാവണൂന്നു തോന്നിയാല്‍ ചില കുരുത്തം കെട്ട കസിന്‍സ് മനപ്പൂര്‍വ്വമോ അല്ലാതെയോ ‘പ്ര്ര്ര്ര്ര്’‘ എന്നൊരു സൌണ്ടുണ്ടാക്കും, അതോടെ മാലപടക്കത്തിനു തീ കൊടുത്ത പോലെ കുട്ടികളും ആന്റിമാരുമൊക്കെ ചിരിതുടങ്ങും, അപ്പാപ്പനമ്മാമ്മമാര്‍ തുറുപ്പിച്ചു നോക്കുമ്പോ ചിരിയൊക്കെ ആന്റിമാരുമങ്കിള്‍മാരും ഒരുവിധം കണ്ട്രോള്‍ ചെയ്യാന്‍ തുടങ്ങുമ്പോ ഏതെങ്കിലുമൊരു കുട്ടികസിന്‍ ചിരിക്കാന്‍ മുട്ടീട്ട് ഒതുക്കി പിടിക്കുമ്പോ അറിയാണ്ട് അന്തരാത്മാവില്‍ നിന്ന് ചിരി പൊട്ടി പുറപ്പെടുമ്പോഴുള്ള ഒരു ശബ്ദം പുറപ്പെടുവിക്കും, അതോടെ നിന്നു പോയ ചിരി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയും അതോടെ തല മൂത്ത കാരണവന്മാര്‍ പാട്ട് പാടി പ്രാര്‍ത്ഥന അവസാനിപ്പിക്കുകയും ചെയ്യും. അതിന് ശേഷം ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ല്യപ്പച്ചന്മാര്‍ പ്രാര്‍ത്ഥനയെ പറ്റി ഫ്രീയായി സ്റ്റഡി ക്ലാസ്സ് നടത്തും. അങ്ങനെ ഞങ്ങളൊക്കെ നല്ല കുട്ടികളാവും ഒരാഴ്ചക്ക്.

പിന്നൊരിക്കല്‍ പ്രദക്ഷിണത്തിന് വരി വരിയായി നടക്കുമ്പോഴാണ് കുട്ടികളുടെ പിന്നിലായി വരിയില്‍ നില്‍ക്കുന്ന യുവജനങ്ങളുടെ ഭാഗത്തു നിന്ന് റീമിക്സ് ചെയ്ത ഭക്തിഗാനം കേട്ടത്, പ്രദക്ഷിണത്തിന് ദൈവത്തിനെ സ്തുതിച്ചു കൊണ്ടുള്ള ഭക്തിഗാനം അവര്‍ പാടിയിരുന്നത് ഇപ്രകാരമാണ് “കാറ്റേ കടലേ വാ, ദൈവത്തെ സ്തുതിപ്പിന്‍, മഴയെ മേഘമേ വാ ദൈവത്തെ സ്തുതിപ്പിന്‍, ജോണ്സാ ഷീലേ ദൈവത്തെ സ്തുതിപ്പിന്‍, പീറ്ററും ഗ്രേസിയും ദൈവത്തെ സ്തുതിപ്പിന്‍” അപ്പോ ജോണ്‍സണ്‍ ഷീലയേയും പീറ്ററ് ഗ്രേസിയെയും നോക്കി ഒരു കോളിനോസ് സ്മൈല്‍ പാസ്സാക്കും.

ഇതൊക്കെയാണെങ്കിലും പ്രാര്‍ത്ഥനയാണ് നമ്മുടെയെല്ലാവരുടെയും ജീവിതത്തിലെ ധൈര്യവും ആശ്വാസവും ശക്തികേന്ദ്രവും. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് പ്രാര്‍ത്ഥന പൂര്‍ണ്ണമാവുന്നത്. അതുകൊണ്ട് കുറെ പേരുടെ ജോലി പോവുകയും സാമ്പത്തികമാന്ദ്യവുമെല്ലാം കാരണം വിഷമിക്കുന്ന എല്ലാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം “ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ”

31 comments:

അല്ഫോന്‍സക്കുട്ടി said...

കുന്തിരിക്കത്തിന്റെയും, ചന്ദനത്തിരിയുടെയും മെഴുകുതിരിയുടെയും സുഗന്ധം നിറഞ്ഞ സ്ക്കൂള്‍ പൂട്ടി കഴിഞ്ഞുള്ള വേനലവധിക്കാലത്തെ വഴിപ്രാര്‍ത്ഥനകളുടെ ഓര്‍മ്മകളിലേക്ക് ഒരു യാത്ര.

വല്യമ്മായി said...

ദൈവമെ കാത്തുകൊള്ളണമെ :)

G.MANU said...

:)

--xh-- said...

അതെ - നമുക്കു പ്രാര്‍ത്ഥിക്കാം... എന്തായാലും, പ്രാര്‍ഥനാ മാഹാത്മ്യം കലക്കി :)

Anonymous said...

ആമേന്‍...

ljn

Unknown said...

പണ്ട് വസുരി രോഗം വന്നാല്‍ മാറാനും, രോഗം പടരാതിരിക്കാനും ഇങ്ങനെ വഴിപ്രാര്‍ത്ഥന നടത്തുമായിരുന്നു... ഞങ്ങടെ നാട്ടില്‍ വേറെ എന്തോ പേരിലാണ് അറിയപ്പെട്ടിരുന്നത് .
ഇപ്പം അതൊന്നും കേള്‍ക്കാനെ ഇല്ല !

Rare Rose said...

അല്ഫുണ്ണീ..,പ്രാര്‍ത്ഥനാ‍വിശേഷങ്ങള്‍ കേള്‍ക്കാന്‍ നല്ല രസാരുന്നു ട്ടോ...:)
പിന്നെ ഇതു വായിച്ചപ്പോള്‍ “മനസ്സിനക്കരെ“യിലെ പള്ളിയിലെ പ്രാര്‍ത്ഥനക്കിടയില്‍ വിശേഷം പറയുന്ന ഷീലയും കെ.പി.ഏ.സി.ലളിതയും തമ്മിലുള്ള രംഗം ഓര്‍ത്തു പോയി...

നരിക്കുന്നൻ said...

ഈ പ്രാർത്ഥനാ വിശേഷങ്ങൾ രസമായി.

“ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ”

അയ്യേ !!! said...

ഹും !!!

konchals said...

“ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ‘


പണ്ട് വീടിന്റെ മുന്നിലൂടെ പോകുമ്പൊള്‍ ഞാനും ഗൈയ്റ്റിന്റെ അവിടെ നിന്നിട്ടുണ്ട് കാണാന്‍...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....

Sherlock said...

എല്ലാ കൊല്ലവും ഐസ്പ്പ്രൂട്ട് നേര്‍ച്ചയായി തരുന്ന വീട്ടുകാര്‍ക്ക് ഞങ്ങള്‍ സ്വര്‍ഗ്ഗം വീട് എന്നാണ് പേരിട്ടിരുന്നത്.. :)

പാവപ്പെട്ടവൻ said...

വേനലവധിക്കാലത്തെ വഴിപ്രാര്‍ത്ഥനകളുടെ ഓര്‍മ്മകളിലേക്ക് ഒരു യാത്ര.
സുഗന്ധം നിറഞ്ഞ തുളുമ്പുന്ന ഓര്‍മകള്‍
ആശംസകള്‍

ശ്രീ said...

ഓര്‍മ്മക്കുറിപ്പ് കൊള്ളാം

പകല്‍കിനാവന്‍ | daYdreaMer said...

പാവമാം എന്നെ നീ കാത്തു 'മാറാടാ'ക്കേണമേ ...!

Typist | എഴുത്തുകാരി said...

കൂട്ട പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.

ഒരു വെഷകോടന്‍ said...

ഇത്തിരി late ആയി. പ്രാര്തനാപുരാണം വായിക്കാന്‍ .

ചിരിക്കാന്‍ മുട്ടീട്ട് ഒതുക്കി പിടിക്കുമ്പോ അറിയാണ്ട് അന്തരാത്മാവില്‍ നിന്ന് ചിരി പൊട്ടി പുറപ്പെടുമ്പോഴുള്ള ഒരു ശബ്ദം പുറപ്പെടുവിക്കും. അതോര്‍ത്തിട്ടു, ചിരിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടും ചിരി അടക്കാന്‍ പറ്റിയില്ല. ആ ഓര്‍മ്മകള്‍ക്ക് നന്ദി....

നന്നായിരുന്നു.. വഴി പ്രാര്‍ഥനയും കുടുംബപ്രാര്‍ഥനയും അസ്സലായിരുന്നു...

ദൈവമേ എന്നെ മാത്രം കാത്തുകൊള്ളനെ ....

hi said...

“ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ”

Bindhu Unny said...

ഈ വഴിപ്രാര്‍ത്ഥനയെപ്പറ്റി മുന്‍പ് കേട്ടിട്ടില്ല. നല്ല രസമുള്ള സംഗതി ആണെന്ന് തോന്നുന്നു വിവരണം വായിച്ചിട്ട്. :-)

അല്ഫോന്‍സക്കുട്ടി said...

വഴിപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി, നമസ്ക്കാരം.

smitha adharsh said...

വരാന്‍ വൈകിപ്പോയി കേട്ടോ...
പ്രാര്‍ഥനാ പുരാണം ചിരിപ്പിച്ചു.
ഞാന്‍ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് ഇത്തരം പ്രാര്‍ഥനകള്‍..റോഡില്‍ കൂടി പോകുന്നത്..

thomma said...
This comment has been removed by the author.
തോമ്മ said...

ഇത്തരം പ്രാര്‍ഥനകള്‍ പുതിയ അറിവാണ്.....ഇവിടെ palayilonnum കേട്ടിട്ടില്ല ...

പിരിക്കുട്ടി said...

nannayittundu keto prarthanaa puraanam

annamma said...

വഴിപ്രാര്തഥന…..നേര്‍ച്ച്… എല്ലാം പിന്നേയും ഓര്‍ത്തു….

ബിച്ചു said...

ഞാന്‍ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയത് അല്പുവിന്റെ ബ്ലോഗില്‍ നിന്നാണ...
താങ്ക്സ്.... ഇത്രയും നല്ല ഒരു ടൈം പാസ് തന്നതിന്‍ .....
എഴ്തുക.. ചിരിക്കുക....ചിരിപ്പിക്കുക...

അയ്യേ !!! said...

ഹും !!!

ഇസാദ്‌ said...

ഞാനും പ്രാര്‍ഥനയില്‍ പങ്കു ചേരുന്നു ..

ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ ..

ഇസാദ്‌ said...

ഞാനും പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു ..

ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ ..

ജെ പി വെട്ടിയാട്ടില്‍ said...

ബിലേറ്റഡ് വിഷു ഗ്രീറ്റിങ്ങ്സ്

പാര്‍ത്ഥന്‍ said...

ശോംശ്യായ്ക്ക് സ്തുത്യായിരിക്കട്ടെ.

Kochuthressia said...

I think we both have the same type of past