Thursday, March 13, 2008

എന്റെ ബാല്യക്കാലസ്മരണകള്

അ അമ്മ ആന, തറ പറ പത

ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,

മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്‍നുര പോലെ വെളുത്താട്, പഞ്ഞികണക്കു മിനുത്താട്,

കുഞ്ജ്ജിയമ്മക്ക് 5 മക്കളാണേ, 5ആമാനോമന കുഞ്ഞ്ജ്ജുവാണേ, ഇഞ്ജി കടിച്ച് രസിച്ചു കുഞ്ജു,

റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു

എന്താ എന്റെ ഒരു ഓര്‍മ്മശക്തി. നഴ്സറി തൊട്ട് ഡിഗ്രി വരെയും ഡിഗ്രിക്ക് കൂട്ടായി വേറേ കോഴ്സുകള്‍ ചെയ്തിട്ടും, എന്റെ ഓര്‍മ്മശക്തിയില്‍ ഒളിമങ്ങാതെ തെളിഞ്ഞ് വിളങ്ങി നില്‍ക്കുന്ന പാഠഭാഗങ്ങളാണ് മുകളില്‍ പറഞ്ഞത്. അതിനുമേലോട്ട് പഠിച്ചതൊക്കെ തന്മാത്ര സിനിമയില്‍ മോഹന്‍ലാലിന് വന്ന രോഗം ബാധിച്ച് വടിയാ‍യി.

പഠിച്ചതിനെക്കാളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് ത്രിശ്ശൂര്‍ അരണാട്ടുകരയില്‍ ഞങ്ങള്‍ നാലെണ്ണവും കൂട്ടുകാരും കൂടി കളിച്ച ഒരു കൂട്ടം കളികളാണ്. ഓട്ടപ്രാന്തി, ഒളിച്ചുപ്രാന്തി, ഞൊണ്ടി പ്രാന്തി, നാലുമൂല, സഹായ്സ്, തൂപ്പിട്ട് കളി, കണ്ണ് കെട്ടി കളി, കുളം കര കളി, “ആരെ നിങ്ങള്‍ക്കാവശ്യം, ആവശ്യമ്പടി രാവിലെ” എന്ന് പാട്ടു പാടി ഒരു കളി, വീടുവച്ച് കളി, കള്ളനും പോലീസും കളി, ഇതൊക്കെ കളിച്ച് ക്ഷീണിക്കുമ്പോ ഇരുന്നു കളിക്കാനായി കല്ലു കളി, വളപൊട്ടു കളി, കവിടി കളി, ചീട്ടുകളി, പാട്ടു മത്സരകളി, സിനിമാ പേര് പറഞ്ഞ് കളി. (ഇത് വായിക്കുന്നവരൊക്കെ തങ്ങള്‍ ചെറുപ്പത്തില്‍ കളിച്ച കളികളൊക്കെ ഓര്‍ക്കുന്നതിനും, വീണ്ടും എന്നെ പോലെ ഇന്നസെന്റ് കുട്ടികളാവുന്നതിനും വേണ്ടിയാണ് ഈ കളികളുടെ പേരൊക്കെ വാരി വലിച്ച് എഴുതിയിരിക്കുന്നത്)

കളികളൊക്കെ കഴിഞ്ഞ് തീറ്റയും കഴിഞ്ഞ്, ബാക്കി നേരമുണ്ടെങ്കില് കുറച്ച് നേരം പഠിത്തം. എന്നിട്ടും ഞങ്ങളൊക്കെ പഠിച്ച് വലിയ വലിയ നിലയിലെത്തി (ആറാമത്തെ നിലയിലാണ് ഇപ്പോ എന്റെ താമസം, ചേച്ചിമാരൊക്കെ അതിലും വലിയ നിലയിലാ). വെറുക്കെടുത്തിട്ടാണെങ്കിലും എന്റെ ടീമിനെ ജയിപ്പിക്കണമെന്ന് ഗാന്ധാരി ശപഥമെടുത്ത എന്റെ ടീമില്‍ ചേരാന്‍ എപ്പോഴും കുട്ടികളുടെ ഒരു നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു.

വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിന്റെ വിഷമം പാരന്റ്സിനെ അറിയിക്കാതെയാണ് ഞങ്ങള്‍ വളര്‍ന്നത്, നാലുപേരും ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ ചെയ്യുന്ന ജോലിയൊക്കെ ഏറ്റെടുത്ത് പരിശീലിച്ചു. അപ്പച്ചന്‍ വിദേശത്തായിരുന്നതുകൊണ്ട് മൂത്ത ചേച്ചിയാണ് ആണ്‍കുട്ടികളെ പോലെ വീട്ടിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നതും (ഉദാഹരണത്തിന് ഇന്ന് ഇറച്ചി കൂട്ടാന്‍ വക്കണോ, അതോ മീനാണോ വെക്കണ്ടത് എന്നുള്ള കാര്യങ്ങളില്‍), അമ്മച്ചിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നതും പിന്നെ അത്യാവശ്യം പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയതും. രണ്ടാമത്തെ ചേച്ചിക്ക് ആണ്‍കുട്ടികളെക്കാള്‍ ധൈര്യമായിരുന്നു, അത്യാവശ്യം വന്നാല്‍ തല്ലും വഴക്കുമൊക്കെ ഉണ്ടാക്കാനും, ചോദിക്കാനും പറയാനുമൊക്കെ ഒരാള്‍, പെരുന്നാള്‍ക്ക് ഓലപടക്കവും ഗുണ്ടും പൊട്ടിക്കല്‍ ആളുടെ ഡ്യൂട്ടിയാണ്. മൂന്നാമത്തെ ചേച്ചിക്ക് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ടുമെന്റായിരുന്നു, വീട്ടിലെ ഫ്യൂസ്സായ ബള്‍ബ് മാറ്റിയിടല്‍, വീട്ടുപകരണങ്ങളുടെ റിപ്പയറിങ്ങ് കം കേടാക്കല്‍ എക്സിട്രാ (ഈ ഒരു എക്സ്പീരിയന്‍സ് വച്ച് അവള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വരെ ജോലിക്ക് കയറി പറ്റി, പിന്നെ ഷിപ്പിന്മേല്‍ കയ്യ് വച്ചപ്പോള് അവടത്തെ ആള്‍ക്കാര് അവളോട് വീട്ടില്‍ക്ക് പൊക്കോളാന്‍ പറഞ്ഞു).

ഇളയതായ എനിക്കു മാത്രമാണ് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയിരുന്നത്. എന്റെ പണി കടയില്‍ പോയി ഉപ്പ് തൊട്ട് ഇറച്ചി വരെ എല്ലാ സാധനങ്ങളും വേടിക്കലും, പിന്നെ നാട്ടുകാരുടെയും പരിചയക്കാരുടെയും കല്ല്യാണങ്ങള്‍, മരണാനന്തര അടിയന്തരസദ്യയില്‍ പങ്കെടുക്കലുമായിരുന്നു. കടയില്‍ പോയാല്‍ ബാക്കി വരുന്ന കാശിന്റെ ചില്ലറ എന്റെ കൂലി, നോട്ട് അമ്മച്ചിക്കും (അതുകൊണ്ട് ഞാന്‍ കടക്കാരനെ മണിയടിച്ച് 5ന്റെയും 10ന്റെയും നോട്ടുകളും ചില്ലറയാക്കി വേടിക്കും, അമ്മച്ചി ഇതുവരെ അറിഞ്ഞിട്ടില്ല ഈ കാര്യം), കല്ല്യാണത്തിനു പോയാല്‍, നല്ല ഉഗ്രന്‍ സദ്യ കൂലി. മരണവീട്ടില്‍ പോയാല്‍ കുറച്ച് കരയണ്ടി വന്നാലും ഏഴാമത്തെ ദിവസം പള്ളിസ്ക്കൂളില്‍ വച്ച് നല്ല വെള്ളേപ്പവും ഇറച്ചിക്കറിയും സ്റ്റൂവും കൂട്ടി ബ്രേക്ക്ഫാസ്റ്റ്. (കര്‍ത്താവേ തമാശക്ക് എഴുതിയതാ‍ണേ, ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്റ് മി). കുറെയേറേ സദ്യകളില്‍ പങ്കെടുത്ത എന്റെ എക്സ്പീരിയന്‍സ് വച്ച് ഞാന്‍ മനസ്സിലാക്കിയത് സദ്യക്ക് വിളമ്പുന്നവരെ നമ്മള്‍ രണ്ട് പ്രാവശ്യമേ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെട്ട് ബുന്ധിമുട്ടിക്കാന്‍ പാടുള്ളൂ, മൂന്നാമത്തെ പ്രാവശ്യം നമ്മള്‍ മൈക്ക് വച്ച് വിളിച്ചാലും അവര്‍ക്ക് ചെവിയും കേള്‍ക്കില്ലാ, നമ്മള്‍ എണീറ്റ് പോവാണ്ട് ആ ഏരിയായിലേക്ക് വരും ഇല്ല. ഇതെ എന്റെ അനുഭവമല്ല കേട്ടോ, ഞാന്‍ ആ കാര്യത്തില്‍ വളരെ ഡീസന്റായിരുന്നു, ഒരു വിളമ്പുകാരനെയും 2 പ്രാവശ്യത്തില്‍ കൂടുതല്‍ ഞാന്‍ വിളിക്കാറില്ല.

അങ്ങനെയിരിക്കുമ്പോ ഒരു ശനിയാഴ്ച പോത്തിറച്ചി വേടിക്കാനായി കാശും സഞ്ജിയും പിടിച്ച് ഇറങ്ങിയ എന്നോട് അമ്മച്ചി പറഞ്ഞു “നമ്മുടെ അങ്ങാടിയില്‍ താമസിക്കുന്ന തോമാസേട്ടന്റെ കടയില്‍ നിന്ന് ഇറച്ചി വേടിച്ചാ മതി, അവന്‍ നല്ല ഇറച്ചി തരാമെന്ന് പറഞ്ഞിട്ടുണ്ട്.” മാര്‍ക്കറ്റില്‍ 5-6 ഇറച്ചികടകളുണ്ട്, അതുവരെ ഞാന്‍ മാരക്കറ്റില്‍ കടക്കുമ്പോ ഏതു കടക്കാരനാണ് എന്നെ ഏറ്റവും സ്നേഹത്തില്‍ “ഇങ്കട് വാ മോളേ” എന്നു വിളിക്കുന്നത് അവരുടെ കടയില്‍ നിന്ന് ഇറച്ചി വാങ്ങുകയാണ് പതിവ്. അന്നും ഞാന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചപ്പോള്‍ 6 കടകളില്‍ നിന്നും ക്ഷണം വന്നു. അവരെയെല്ലാം നോക്കി ചെറിയ കുട്ടിയായ ഞാന്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് ഇങ്ങനെ പറഞ്ഞു “ആരും വിളിക്കണ്ടാ, എനിക്കു വേണ്ടത് തോമാസേട്ടന്റെ ഇറച്ചിയാണ്, അമ്മച്ചി പറഞ്ഞത് തോമാസേട്ടന്റെ ഇറച്ചിയാ നല്ലത്, അത് വേടിക്കാനാണ്“. അതുകേട്ട് ഇറച്ചി വേടിക്കാന്‍ വന്നവരും, കടക്കാരും ഉറക്കെയും തോമാസേട്ടന് പതുക്കെയും ചിരിച്ചു (അപ്പറത്തെ കടക്കാരന്‍ തോമാസേട്ടനോട് ചോദിച്ചൂത്രെ നീ അപ്പോ പോത്തിറച്ചി വിക്കലൊക്കെ നിര്‍ത്തിയോന്ന്?). ഇത്ര ചെറിയക്കുട്ടിയായ ഞാന്‍ ഇത്രയും വലിയ ആള്‍ക്കാരെ ചിരിപ്പിക്കാന്‍ മാത്രം പോന്ന തമാശ പറഞ്ഞതിന്റെ ഗമയില്‍ ഞാന്‍ തോമാസേട്ടന്റെ ഇറച്ചിയും വേടിച്ച് കൂളായി വീട്ടിലേക്ക് പോയി. എന്റെ ആ ഒരു ഡയലോഗിന്റെ ബലത്തില്‍, തോമാസേട്ടന്റെ ഇറച്ചിക്ക് ആ നാട്ടില്‍ ഭയങ്കര ഡിമാന്റായി, അടൂത്ത ജില്ലയിലുള്ളവര്‍ വരെ തോമാസേട്ടന്റെ ഇറച്ചി വേടിക്കാനായി വന്നു തുടങ്ങി.

അക്കാലത്ത് നാട്ടുകാര്‍ എനിക്ക് സ്നേഹത്തോടെ നല്‍കിയ പേര്‍ ‘അങ്ങാടി മറിയം’ എന്നായിരുന്നു. അങ്ങാടിയിലെ ഏതു വീട്ടിലും ഏതു നേരത്ത് കേറി ചെന്നാലും ആ വീട്ടുകാരെനിക്ക് ഇരിക്കാന്‍ കസേര തരും തിന്നാന്‍ പലഹാരങ്ങള്‍ തരും, അതും തിന്ന് ഞാന് ആ വീട്ടുകാര്‍ക്ക് അങ്ങാടിയിലെ എല്ലാ വീട്ടിലെയും എനിക്കറിയുന്ന വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്കും. ഒരു ദിവസം വിദേശത്തുള്ള അപ്പച്ചന്‍ അമ്മച്ചിക്ക് അയച്ച എഴുത്തു വരെ ഞാനെന്റെ ക്ലാസ് സിസ്റ്ററിന് വായിക്കാന്‍ കൊടുത്തു. ആ കത്ത് പകുതി വായിച്ചതില്‍ പിന്നെ ആ സിസ്റ്ററിന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു, ഞാനത്രക്കും നിഷ്കളങ്കയായിരുന്നു.

ഞങ്ങടെ അങ്ങാടിയിലെ മാത്യകാദമ്പതികളായിരുന്നു വിത്സേട്ടനും ഓമനേച്ചിയും, സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ വിത്സേട്ടന്‍ സൂര്യനെ പോലെ മിനുങ്ങിയിട്ട് വരും, ആ സാധനം അകത്തു ചെന്നാല്‍ പിന്നെ വിത്സേട്ടന്‍ ഓമനേച്ചിയെ ‘ഓമനേ’ എന്നു വിളിക്കുന്നതിനു പകരം വേറേ ചില പേരുകള്‍ വിളിക്കാന്‍ തുടങ്ങും. വിത്സേട്ടന്റെ ആ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി അങ്ങാടിയിലെ മിടുക്കന്മാരായ കുട്ടികള്‍ ‘യൂറേക്കാ’ എന്നും പറഞ്ഞ് ഒരു പുതിയ കളി കണ്ടു പിടിച്ചു. ആ കുട്ടികള്‍ ചില വാചകങ്ങള്‍ പറയും, ആ വാചകത്തില്‍ നിന്ന് നമ്മള്‍ വിത്സേട്ടന്‍ ഓമനേച്ചിയെ വിളിക്കുന്ന പേരുകള്‍ കണ്ടു പിടിക്കണം. ഉദാഹരണത്തിന് “മൈതാനത്തില്‍ കാര്‍“, “കുപ്പിയില്‍ എണ്ണ“ എക്സിട്രാ. (ക്ലൂ തരാന്‍ ഇത്തിരി ബുന്ധിമുട്ടുണ്ട്). ഈ കളിക്ക് മാത്രം അമ്മച്ചി ഞങ്ങടെ വീട്ടില്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിത്സേട്ടന്റെ പ്രകടനം തുടങ്ങിയാല്‍ അമ്മച്ചി ഞങ്ങള്‍ അത് കേക്കാതിരിക്കാനായി, ഞങ്ങളെ കൊണ്ട് ആ നേരത്ത് മുട്ടു കുത്തി കുരിശ് വരപ്പിച്ച് പ്രാര്‍ത്ഥന എത്തിപ്പിക്കാനിരുത്തും.

ബാല്യത്തെ പറ്റി പറയുമ്പോ സ്ക്കൂളിനെ പറ്റിയും പറയണമല്ലോ. അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് കണക്കില്‍ മാത്രം ഇത്തിരി വീക്കായിരുന്ന ഞാന്‍ “ഇന്ന് കണക്ക് ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉള്‍വിളി ഉണ്ടാകുന്ന” അപൂര്‍വ്വം ദിവസങ്ങളില്‍, സ്ക്കൂളില്‍ പോകാന്‍ നേരത്ത് “കര്‍ത്താവേ ഇന്ന് കണക്ക് പീരിയഡിന് മുമ്പായി തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ സമരമുണ്ടാക്കണെ” എന്ന് സ്പെഷ്യല്‍ പ്രെയറ് എത്തിക്കാറുണ്ട്. ഞാനെന്നൊക്കെ അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അന്നൊക്കെ തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ ക്രുത്യ സമയത്ത് വളരെ ഭയഭക്തി ബഹുമാനങ്ങളോടെ സിസ്റ്റര്‍മാരിനെ “മൊട്ടച്ചികളെ മൊട്ടച്ചികളെ” എന്ന് അഭിസംബോധന ചെയ്ത് സമരത്തിനു വരാറുണ്ട്. അതു കേട്ട പാതി കേക്കാത്ത പാതി ഞങ്ങള്‍ കുട്ടികള്‍ ചോറ്റും പാത്രം ബാഗില്‍ തിരുകി, ടീച്ചര്‍മാര്‍ അതിലും സ്പീഡില്‍ ബുക്കും മടക്കി ക്ലാസിന് പുറത്ത് പോകും. അങ്ങനെ ഞാന്‍ അതിവിദഗ്ന്ധമായി തല്ലു കിട്ടാതെ രക്ഷപ്പെടാറുമുണ്ട് (ഈയവസരത്തില്‍ ഞാന്‍ തരകന്‍സിലെ കുട്ടികള്‍ക്ക് എന്റെ ബോട്ടം ഹാര്‍ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു). തരകന്‍സ് ബോയ്സ് സ്ക്കൂളിലെ കുട്ടികള്‍ സ്പെഷ്യലൈസ് ചെയ്ത് മെയിന്‍ സബ്ജക്റ്റ്, ടീച്ചര്‍മാര്‍ക്ക് ഇരട്ടപേരിടുകയാണ്, എന്നും വെള്ള സാരി എടുത്തു വരുന്ന ടീച്ചറിന്റെ പേര് ‘മാടപ്രാവ്’, വയറു ചാടിയ ടീച്ചറിന്റെ പേര് ‘നിത്യ ഗര്‍ഭിണി’ എക്സിട്രാ, അവര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച എല്ലാ പേരുകളും ഞാനിവിടെ എഴുതിയാല്‍ അത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.

സ്ക്കൂളിനെ പറ്റി പറയുമ്പോ അതിന്റെ മുന്നിലുള്ള പെണ്ണിന്റെ പീടികയെയും ഓപ്പേട്ടന്റെ പീടികയെയും പറ്റി പറഞ്ഞില്ലെങ്കില്‍ മോശമാവും. കടയില്‍ പോകുന്ന വകയില്‍ എനിക്ക് കിട്ടിയ ശമ്പളത്തിന്റെ അമ്പത് ശതമാനവും ഞാനവിടെ എനിക്കും കൂട്ടുകാരക്കും വേണ്ടി ചിലവഴിച്ചിട്ടുണ്ട് (ബാക്കി അമ്പതു ശതമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് കാശുംകുടുക്കയില് ) . അവിടെ നിന്നു വാങ്ങി തിന്ന തേന്‍നിലാവിന്റെയും, പാല്‍ഗോവയുടെയും, നാരങ്ങാമുഠായിയുടെയും, ഉപ്പിലിട്ട നെല്ലിക്കയുടെയും, ലൂവിക്കയുടെയും മധുരവും രസവും ഇപ്പോഴും നാവ് കൊതിക്കുന്നുണ്ട്. എന്റെ ഫസ്റ്റ് തിന്നുകഴിഞ്ഞാല്‍, ഞാന്‍ തിന്നുകഴിയാത്ത കുട്ടുകാരുടെ മുഖത്തു നോക്കി, എന്റെ മുഖം വീര്‍പ്പിച്ച് കവിളില്‍ കൈ ചുരുട്ടി ഒറ്റ ഇടിയാണ്. ഞാന്‍ പങ്കു വെട്ടിയെന്ന് തെറ്റിന്ധരിച്ച് അവരപ്പോ എനിക്ക് കുറച്ചുംകൂടി തിന്നാന്‍ തരും.

അരണാട്ടുകരയെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ അരണാട്ടുകര പള്ളി പെരുന്നാളിനെ പറ്റി പറയാ‍തെ നിറുത്തരുതെന്നാ പ്രമാണം. അരണാട്ടുകര പിണ്ടി പെരുന്നാള്‍ ഞങ്ങള്‍ക്ക് ത്രിശ്ശൂര്‍ പൂരത്തിനെക്കാള്‍ വലുതായിരുന്നു (പൂരം കാണാന്‍ പെണ്‍കുട്ടികള്‍ പോവാന്‍ പാടില്ലാന്നാ അമ്മച്ചി പറയാറ്, പൂരപറമ്പിലെ എക്സിബിഷന്‍ കാണാന്‍ മാത്രമേ അനുവാദമുള്ളൂ). പെരുന്നാളിനു കുറേ ദിവസം മുന്നേ അങ്ങാടിയിലെ എല്ലാ വീട്ടിന്റെ മുന്നിലും പിണ്ടി (വാഴകൊലയടക്കമുള്ള വാഴ മരം) കുത്തി കൊടിയും മാല ലൈറ്റും മണ്‍ചിരാതുകളും വച്ച് അലങ്കരിക്കും. പെരുന്നാളിന്റെ പ്രധാന അട്രാക്ഷന്‍ വെടിക്കെട്ടും, പ്രദക്ഷിണവും, ഗാനമേളയും ആയിരുന്നു (സോറി - പാട്ടുകുര്‍ബാന ഫസ്റ്റ് അട്രാക്ഷന്‍). വെടിക്കെട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ‘അമിട്ട്’ പൊട്ടി വിരിയുന്നത് കാണാനായിരുന്നു. രണ്ടു കയ്യിന്റെയും ചൂണ്ടു വിരല്‍ ചെവിയില്‍ കുത്തി കേറ്റി വച്ച് മുകളിലോട്ട് നോക്കി നിക്കുമ്പോ എന്റെ അന്നത്തെ ചിന്താവിഷയം ‘ഈ പടക്കത്തിനൊക്കെ എന്തിനാ ഇത്രയും സൌണ്ട്, വെറുതെ മനുഷ്യന്റെ കയ്യ് കഴക്കാനായിട്ട്’ എന്നതായിരുന്നു.

ഗാനമേളകള്‍ പെരുന്നാളിന്റെ ഒരു ഭാഗമായിരുന്നു, ഹിറ്റ് പാട്ടുകള്‍ മൂച്ചായി വരുമ്പോ അരണാട്ടുകരയിലെ കമലഹാസന്മാര്‍ പള്ളിയുടെ മതിലിന്മേല്‍ കയറി നിന്ന്, ഭരതനാട്യവും മോഹിനിയാട്ടവും പേടിച്ചോടി പോകുന്ന, കമലഹാസന്റെ സാഗരസംഗമത്തിലെ കിണറ്റിങ്കരയില്‍ നിന്നുള്ള ‘തകിട തകിമി‘ ഡാന്‍സിനെ വെട്ടിക്കുന്ന ടൈപ്പിലുള്ള നാടന്‍ സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ചു തുടങ്ങും, അതു കാണുമ്പോ എനിക്കും ഡാന്‍സ് കളിക്കാന്‍ മുട്ടും, അപ്പൊ ചേച്ചിമാര്‍ എന്റെ ഉടുപ്പ് പിടിച്ച് വലിച്ച് എന്നെ താഴെ ഇരുത്തും. പ്രദക്ഷിണത്തിന്റെ മുമ്പിലും ഇമ്മാതിരി ഡാന്‍സ് ചിലര്‍ നടത്താറുണ്ട്, വികാരിയച്ചന്റെ ക്ഷമ പരീക്ഷീക്കാനായിട്ട് (ഒരു നല്ല പാട്ട് കേട്ടാല്‍, ശിങ്കാരിമേളം കേട്ടാല്‍ എണീറ്റ് നിന്ന് ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഞാനടക്കമുള്ള ഇടവക ജനങ്ങളുടെ പെരുന്നാള്‍ സ്പിരിറ്റ് അച്ചനും, വിശുദ്ദനായ തോമാസ് ശ്ലീഹായുടെയും സെബാസ്ത്യാനോസ് പുണ്യാളന്റെയും തിരുസ്വരുപത്തിനോടുള്ള അച്ചന്റെ സ്പിരിറ്റ് ജനങ്ങളക്കും മനസ്സിലായില്ലാ – ജനറേഷന്‍ ഗാപ്പ് പോലൊരു സ്പിരിച്ചുവല്‍ ഗാപ്പ്). അങ്ങനെയുള്ള ഒരു പെരുന്നാളിന്റെ സദ്യക്കൊടുവിലാണ് ഞാന്‍ അപ്പച്ചനും അങ്കിള്‍മാരും ഗ്ലാസ്സില്‍ ബാക്കി വച്ച കഞ്ഞിവെള്ളം എടുത്ത് കുടിച്ചതും, പൂസായി കട്ടിലിന്റെ അടിയില്‍ കേറി കിടന്നുറങ്ങിയതും, വീട്ടുകാര്‍ എന്നെ കാണാതെ അന്വേഷിച്ചു നടന്നതും. അന്നു നിര്‍ത്തിയ കുടിയാ, പിന്നെ ഞാനാ സാധനം കയ്യോണ്ട് തൊട്ടിട്ടില്ല.
അരണാട്ടുകര കടവാരവും ബണ്ടും കുളവും കൊക്കുര്‍ണിയും, നീന്തല്‍ പഠിക്കാനായി കുളത്തില്‍ പോയിട്ട് നീന്തുന്നവരെ നോക്കി നീന്തലിന്റെ തിയറി മാത്രം പഠിച്ച് പ്രാക്ടിക്കല്‍ പിന്നത്തേക്ക് വച്ച് തിരിച്ചുവന്നതും, അരണാട്ടുകരയുടെ സ്വന്തം ജാനകി പ്രേതവും, തമ്പി തിയറ്ററിലിരുന്ന് ‘കര്‍ത്താവ്വെ പ്രേംനസീറ് ഇടിയില്‍ ജയിക്കണെ, ഉമ്മറ് തോല്‍ക്കണെ‘ എന്നു പ്രാര്‍ത്ഥിച്ചതും, ആകാശത്തൂടെ ആദ്യമായി വിമാനം പോകുന്നത് കണ്ട് നിഷ്കളങ്കരായ അങ്ങാടിക്കാ‍ര്‍ ‘ആകാശത്ത് വെള്ളിക്കുരിശ് പ്രത്യക്ഷപ്പെട്ടു‘ എന്നു പറഞ്ഞ് മുകളിലോട്ടു നോക്കി കൈ വിരിച്ച് പിടിച്ച് ‘സ്വര്‍ഗ്ഗ്സ്ഥനായ പിതാവെ’ എന്നു പ്രാര്‍ത്ഥിച്ച് അങ്ങാടിക്ക് ‘വെള്ളിക്കുരിശങ്ങാടി’ എന്ന പേര്‍ സമ്പാദിച്ചതും, കുന്തിരിക്കത്തിന്റെ മണമുള്ള വഴിപ്രാര്‍ത്ഥനകളും അങ്ങനെ അരണാട്ടുകരയിലെ ബാല്യക്കാലത്തെ പറ്റി ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ വേറേയും കുറേയുണ്ട്.

സിനിമയില്‍ ചാന്‍സ് ചോദിച്ച് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ചുറ്റും കൂടുന്ന പുതുമുഖങ്ങളെ പോലെ, ഓരോരോ ബാല്യക്കാല ഓര്‍മ്മകള്‍ എന്റെ ചുറ്റും കൂടി നില്‍ക്കുകയാണ്, എന്റെ കമ്പ്യൂട്ടര്‍ സ്കീനാകുന്ന വെള്ളിത്തിരയില്‍ കയറി പറ്റാന്‍. എല്ലാ പുതുമുഖങ്ങള്‍ക്കും ചാന്‍സ് കൊടുത്താല്‍ പാഞ്ജാലിയുടെ വസ്ത്രാക്ഷേപം സ്പെഷല്‍ ‘അഴിച്ചാലും അഴിച്ചാലും തീരാത്ത സാരി‘ പോലെയാകും എന്റെയീ പോസ്റ്റ്.

ഒരു കവിതാ പരീക്ഷണം
“എന്റെ ബാല്യക്കാലമേ, നിന്നെയാണെന്നിക്കിന്ന് ഏറേയിഷ്ടം
നീയിത്ര സുന്ദരിയാണെന്നറിയാന്‍ ഞാനെന്തേ ഇത്ര വൈകി!
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്നതു പോല്‍
ചെറുപ്പത്തില്‍ ഞാന് വേഗം വലുതാവാന്‍ മോഹിച്ചുപോയി
തെറ്റു തിരുത്തി, പൊട്ടിക്കാളിയാം ഞാന്‍, വീണ്ടും വിളിച്ചാല്‍
തിരിച്ചു വരുമോ? ബാല്യക്കാലമേ, എന്‍ പ്രിയ കുട്ടൂകാരി“.

കൊളമാക്കി

കൂട്ടുക്കാരെ മാപ്പ്, ഒരു കവിത എഴുതുക എന്ന എന്റെ അത്യാഗ്രഹത്തില്‍ നിന്നും ജന്മമെടുത്തതാണ് മുകളിലുള്ള കവിത (അതോ പാട്ടോ, അതോ രണ്ടുമല്ലേ?). സാധാരണ കവിതകളില്‍ കാണുന്ന പ്രാസവും സംഗതികളും മഷിയിട്ട് നോക്കിയാല്‍ പോലും ഈ കവിതയില്‍ കാണാന്‍ പറ്റില്ല. ഇത് എന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് കവിതയാണ്. ഇത് ഞാന്‍ എനിക്കൊരു നല്ല കുട്ടിക്കാലം നല്‍കിയ ഞാനേറ്റവും സ്നേഹിച്ചിരുന്ന എന്റെ അമ്മാമ്മക്കും, അരണാട്ടുകര നാട്ടിനും, അവിടത്തെ എന്റെ കൂട്ടുകാര്‍ക്കും, ചേച്ചിമാര്‍ക്കും, പാരന്റ്സിനും, ഇതെഴുതാന്‍ എനിക്ക് കമ്പ്യൂട്ടര്‍ വേടിച്ചു തന്ന എന്റെ സ്വന്തം ഭര്‍ത്താവിനും (അല്ലെങ്കില്‍ ആശാന്‍ പിണങ്ങും), എഴുതുന്നതിനിടയില്‍ 10 പ്രാവശ്ശ്യം കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ വന്ന എന്റെ ബോബനും മോളിക്കും, ഇതൊക്കെ വായിക്കാന്‍ സന്മന്‍സ്സ് കാണിച്ച നല്ലവരായ നിങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ഇനിയും സമര്‍പ്പിക്കുവാന്‍ കവിതകള്‍ എഴുതുമോ ഇല്ലയോ എന്നെന്നിക്കറിഞ്ഞു കൂടാ.

36 comments:

അല്ഫോന്‍സക്കുട്ടി said...

കുറെയേറേ സദ്യകളില്‍ പങ്കെടുത്ത എന്റെ എക്സ്പീരിയന്‍സ് വച്ച് ഞാന്‍ മനസ്സിലാക്കിയത് സദ്യക്ക് വിളമ്പുന്നവരെ നമ്മള്‍ രണ്ട് പ്രാവശ്യമേ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെട്ട് ബുന്ധിമുട്ടിക്കാന്‍ പാടുള്ളൂ, മൂന്നാമത്തെ പ്രാവശ്യം നമ്മള്‍ മൈക്ക് വച്ച് വിളിച്ചാലും അവര്‍ക്ക് ചെവിയും കേള്‍ക്കില്ലാ, നമ്മള്‍ എണീറ്റ് പോവാണ്ട് ആ ഏരിയായിലേക്ക് വരും ഇല്ല.

ഇതെ എന്റെ അനുഭവമല്ല കേട്ടോ, ഞാന്‍ ആ കാര്യത്തില്‍ വളരെ ഡീസന്റായിരുന്നു, ഒരു വിളമ്പുകാരനെയും 2 പ്രാവശ്യത്തില്‍ കൂടുതല്‍ ഞാന്‍ വിളിക്കാറില്ല.

ശ്രീ said...

ബാല്യകാല സ്മരണകള്‍ കൊള്ളാം. കവിതാ പരീക്ഷണം തുടരട്ടെ...

വിന്‍സ് said...

ഒരുപാടു നല്ല തമാശകള്‍. ശെരിക്കും രസിച്ചു. ചിരിക്കാന്‍ ഒരുപാടുണ്ടായിരുന്നു. എന്തൊരുഗ്രന്‍ ശൈലി...

G.MANU said...

അല്‍ഫോന്‍സാജി സോറി അങ്ങാടി മറിയച്ചേച്ചീ.
കൊടുകൈ.. സൂപ്പര്‍.
ആദ്യ പോസ്റ്റുകളില്‍ തൊന്നിയ റഫ്‌നെസും, മൊശടത്തരവും മാറി തെളിനീര്‍പോലെ ഒഴുകി ഇത്.
സംഭവങ്ങള്‍, നിഷ്കളങ്കമായ ശൈലി..

സ്പ്ഷ്യല്‍ ഹാറ്റ്സ് ഓഫ് ടു യു.

(പിന്നെ ‘വേടിച്ചു’ എന്നത് ‘മേടിച്ചു’ എന്നോ ‘വാങ്ങിച്ചു’ എന്നോ ആക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ തെക്കന്‍സിനു ഒരു അസ്ക്യതയില്ലയ്മ വന്നേനെ... )

ആശംസകള്‍

തമനു said...

നല്ല പോലെ രസിച്ചു വായിച്ചു...

:)

ഒരു സംശയം - ‘ഭര്‍ത്താവിന്‘ നന്ദി പറഞ്ഞില്ലേല്‍ ‘ആശാന്‍‘ എന്തിനാ പെണങ്ങുന്നേ...? അവര്‍ രണ്ടും കൂടി വല്യ കൂട്ടാ...?

മനു പറഞ്ഞപോലെ ചെയ്, അല്ലേ താന്‍ വല്ലോം വേടിക്കും...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ ‘അങ്ങാടി മറിയം’ എന്നായിരുന്നു. അങ്ങാടിയിലെ ഏതു വീട്ടിലും ...അതും തിന്ന് ഞാന് ആ വീട്ടുകാര്‍ക്ക് അങ്ങാടിയിലെ എല്ലാ വീട്ടിലെയും എനിക്കറിയുന്ന വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്കും.”

ദൈവമേ ചാരവനിത മറിയം റഷീദ ജൂനിയര്‍ ആയിരുന്നാ!!! അറിഞ്ഞില്ലെന്നേ ആരുമൊട്ടും പറഞ്ഞില്ല...

ഓടോ: ഇതൊരുമാതിരി സദ്യേം വിട്ട് ഏമ്പക്കോം വിട്ടിരിക്കുന്നവനു ബിരിയാണി തിന്നാന്‍ കൊടുത്തപോലുണ്ട്. കുത്തിനിറച്ചിരിക്കുവല്ലേ...
കവിതാ പരീക്ഷണം വേണോ!!! നമ്മളിനിയും കാണേണ്ടവരെല്ലേ?

Sabu Prayar said...

നല്ല ഓര്‍മ്മകള്‍

സുല്‍ |Sul said...

അല്‍ഫോന്‍സാന്റി നന്നായിരിക്കുന്നു ബാല്യാ‍ല സ്മരണാസ്.
-സുല്‍

നിലാവര്‍ നിസ said...

നന്നായിട്ടുണ്ട് ട്ടോ..
രണ്ടു പോസ്റ്റായി പ്രസിദ്ധീകരിക്കാമായിരുന്നു..

തോന്ന്യാസി said...

ശ്ശൊ, അങ്ങാടിമറിയത്തിന്റെ ഉള്ളില്‍ ഒരു കവയത്രി ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നല്ലേ?

സാരമില്ല ഇനി ഉണര്‍ത്തണ്ട അവിടെവിടേലും കെടന്നൊറങ്ങിക്കോട്ടെന്നേ

അല്ഫോന്‍സക്കുട്ടി said...

ശ്രീ - കവിതാ പരീക്ഷണം ഇനിയും വേണോ. ഇനിക്ക് കുറച്ച് നാള്‍ കൂടി ജീവിച്ചാ കൊള്ളാമെന്നുണ്ട്. ചാത്തന്റെ വക എന്റെ ജീവന്‍ ഭീഷണിയുണ്ട്.

വിന്‍സ് - നല്ല കുട്ടി, എന്തൊരു നല്ല കമന്റ്, കീപ്പ് ഇറ്റ് അപ്പ്.

മനു മാഷെ - ശൈലി മാത്രമല്ല ഞാനും നിഷ്കളങ്കയാ കേട്ടോ. “വേടിച്ചു”നെന്താ കൊഴപ്പം, എത്ര ആലോചിച്ചിട്ടും മനസ്സിലാവണില്ല. എന്നാലും ഇനി ‘മേടിച്ചു’ എന്നു പറയാം. മൂത്തവര്‍ പറഞ്ഞിട്ട് കേട്ടില്ലാന്ന് വേണ്ടാ.

തമനു - ഭര്‍ത്താവു തന്നെയാ ആശാന്‍, ഇപ്പോ സംശയം മാറിയോ ആവോ?

കുട്ടിചാത്താ - ബിരിയാണിക്കു ശേഷം തിന്നാന്‍ കിട്ടുന്ന പൈനാപ്പിളിനു പകരമാണ് എന്റെ കവിതാ, ജീവിച്ചു പൊക്കോട്ടെ ചാത്താ

മാളവിക - മാളുകുട്ടീ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കൂ

സുല്‍ - അനിയത്തിയെ കേറി ആന്റിയെന്നു വിളിക്കുന്നോ, ഇതെന്താ വെള്ളരിക്കാപട്ടണമോ

നിലാവര്‍ നിസ - നീളം പ്രശ്നമല്ലാന്ന് ചിലരൊക്കെ പറഞ്ഞു, അതുകൊണ്ടാ നീട്ടി എഴുതിയത്

തോന്ന്യാസി - ശ്ശ്, ശബ്ദമുണ്ടാക്കല്ലെ, എന്റെ ഉള്ളിലെ കവയിത്രി ഉണരും, പാവം ഉറങ്ങിക്കോട്ടെ

Sherlock said...

ഉപ്പു തൊട്ടു കര്പ്പൂരം വരെ എന്നു കേട്ടിട്ടുണ്ട് ബട്ട് ഉപ്പു തൊട്ട് ഇറച്ചി വരെ?
തോമാസേട്ടന്റെ ഇറച്ചീ എങ്ങനെ? ഞാനൊന്നുറക്കെ ചിരിച്ചുവോ?
പിന്നെ ഇതിനൊന്നും ക്ലൂ വേണ്ടാ..:) യൂറേക്കാ...

രണ്ടു കയ്യിന്റെയും ചൂണ്ടു വിരല്‍ ചെവിയില്‍ കുത്തി കേറ്റി വച്ച് മുകളിലോട്ട് നോക്കി നിക്കുമ്പോ എന്റെ അന്നത്തെ ചിന്താവിഷയം ‘ഈ പടക്കത്തിനൊക്കെ എന്തിനാ ഇത്രയും സൌണ്ട്, വെറുതെ മനുഷ്യന്റെ കയ്യ് കഴക്കാനായിട്ട്’ എന്നതായിരുന്നു.

ഭയങ്കരം...അതി ഭീകരം..... :) ഹ ഹ

Unknown said...

ബാല്യകാല സ്മരനകള്‍ കലക്കി. നല്ലോണം രസിച്ചു..ഇനീം വരാം ഇതു വഴിയൊക്കെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ സ്മരണ ബേണം സ്മരിക്കണം എന്നൊക്കെ പറയുന്നത് എന്ത കറക്ടാ അല്ലെ.. ഹിഹി.. അപ്പോള്‍ ഇവിടൊക്കെ തന്നെ കാണുമല്ലൊ അല്ലെ..

അഭിലാഷങ്ങള്‍ said...

ങേ.. അപ്പോ എനിക്ക് വല്ല അല്‍‌ഷിമേസോ അല്‍‌സേഷ്യനോ അം‌നേഷ്യയോ ജിംനേഷ്യയോ അങ്ങിനെ പേരുള്ള വല്ല അസുഖവും ഉണ്ടോ ആവോ? ഞാനൊക്കെ “തറ പറ പന“ എന്നാ പഠിക്കാന്‍ തുടങ്ങിയത്. “തറ പറ പത” എന്ന് പഠിപ്പിക്കുന്ന സ്‌കൂള്‍ ഏതാണാവോ?

പിന്നെ ഇരട്ടപേരിന്റെ കാര്യം പറഞ്ഞപ്പഴാ, ഞാന്‍ പണ്ട് പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ (?) ടീച്ചര്‍മ്മാര്‍ക്ക് ഇരട്ടപ്പേരിടുന്നതില്‍ Phd എടുത്ത ആളായിരുന്നു. ബി.എഡ് ട്രൈനികളായി വരുന്ന ഗസ്റ്റ് ടീച്ചേഴ്സ് ആദ്യമായി ക്ലാസില്‍ വന്ന് “ഗുഡ് മോണിങ്ങ്... എന്റെ പേര്.....” എന്ന് പറയാന്‍ തുടങ്ങുമ്പോഴേ ഞാന്‍ കുശുകുശുക്കും (അടുത്തിരിക്കുന്ന പിള്ളേര്‍സ് മാത്രം കേള്‍ക്കുന്ന ഫ്രീക്വന്‍സിയില്‍): “പേരൊന്നും പറയണമെന്നില്ല...ഞങ്ങളിട്ടോളാം...”

അങ്ങിനെ ഇട്ട പേരുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഉദാഹരണങ്ങള്‍: തക്കാളി, പുട്ടുംകുറ്റി, ധ്രുവക്കരടി, എക്സെട്രാ..എക്സെട്രാ.... (ഇതിന്റെ കോപ്പി റൈറ്റ് അവകാശവും പറഞ്ഞ് സ്‌കൂളില്‍ പോയാല്‍ വിവരമറിയും)

ഓഫ് ടോപ്പിക്കേ: ഇനിയും അതുമിതും “വേടിച്ച് വേടിച്ച്“ വായനക്കാരെ “ബുന്ധിമുട്ടിക്കാന്‍“ തുനിഞ്ഞാല്‍...ങാ....

പ്ലീസ് കറക്റ്റ് ദ മിസ്റ്റേക്സ് ഗിവണ്‍ ഇന്‍ ഡബിള്‍ കോട്ട്...

എന്തായാലും ബാല്യകാലസ്മരണകള്‍ നല്ലോണം രസിച്ചു വയിച്ചു കേട്ടോ...

:-)

ശ്രീവല്ലഭന്‍. said...

ഒന്നു പോലും ക്വോട്ടാതിരിക്കാന്‍ പാറ്റില്ലാത്തത് കൊണ്ട് ഒന്നും ക്വോട്ടുന്നില്ല. എല്ലാം അടിപൊളി തമാശകള്‍!
എന്റമ്മോ എന്തൊരു തമാശകള്‍.
ചിരിച്ച് ചിരിച്ച് അടപ്പ് തെറിച്ചു! :-)

annamma said...

എവിടെയായിരുന്നു മോളേ ഇതുവരെ. ഇനിയും പോരട്ടെ ബാല്യകാല സ്മ്‌രണകള്‍. കുറെ ചിരിച്ചൂട്ടോ,

ബഷീർ said...

ഒന്നാനാം കുന്നിന്മേല്‍ ഓരടി മണ്ണിന്മേല്‍
ഓരായിരം കിളി കൂടു വെച്ചു..

..........

ഉണരുവിന്‍ വേകമുണരുവിന്‍ സ്വര
മുണര്‍ ന്നു വണ്ണാത്തി കിളികള്‍പാടുന്നു..


മേരിക്കുണ്ടൊരു കുഞ്ഞാട്‌
മേനി വെളുത്തൊരു കുഞ്ഞാട്‌


മണ്ണില്‍ പല പല കുഴിയുണ്ടാക്കി
പൊണ്ണന്മാര്‍ ചിലരവിടെയൊളിച്ചൂ..


എല്ലാം ഓര്‍മ്മയുണ്ട്‌...

ചെറുപ്പകാലം എല്ലാവരും തിരിച്ചു കിട്ടണമെന്ന് മോഹിക്കുന്നു.. തിരിച്ചു കിട്ടില്ലെന്നറിവിലും..

ഏങ്കിലും അതൊക്കെ ഓര്‍ക്കാന്‍ ..
സഹായിച്ചു..

ആശംസകള്‍

അരവിന്ദ് :: aravind said...

അല്‍ഫോണ്‍സകുട്ട്യേ
ഇത് ഒന്നൊന്നര പൂശായി കേട്ടോ...
കേട്ടിട്ടില്ലാത്ത കുറേ നമ്പറുകള്‍ ഉണ്ടല്ലോ :-)

തകര്‍ത്തൂ! :-) ഇനിയും പോരട്ടെ, ബാല്യകാലസ്മരണകള്‍..

അവസാനം ഓര്‍മകള്‍ എല്ലാം കൂടി ഒറ്റപാരഗ്രാഫില്‍ ഉപസംഹരിക്കാതെ, ഒരോന്നോരോന്നായി എഴുതാര്‍‌ന്നു!

അല്ഫോന്‍സക്കുട്ടി said...

ജിഹേഷ് - ക്ലൂ വേണ്ടാത്രെ, ആ കളിയില്‍ എപ്പോഴും ഫസ്റ്റാല്ലേ, മിടുക്കന്‍.

പുടയൂര്‍ - നന്ദി, വീണ്ടും വരിക.

മിന്നാമിനുങ്ങുകള്‍ - ഞാന്‍ ദുബായിലോട്ടു പോവാ, റ്റാറ്റാ

അഭിലാഷങ്ങള്‍ - കമന്റടിക്കണമെങ്കില്‍ ഇങ്ങനെ കമന്റടിക്കണം, ഒരു പോയിന്റ് പോലും വിട്ടു പോവരുത്. താങ്ക് യൂ വെരി മച്ച്.

ശ്രീവല്ലഭന്‍ - എനിക്കിതങ്കട് വിശ്വസിക്കാനാവുന്നില്ല. അന്നാലും വിശ്വസിച്ചു. നന്ദി

അന്നാമ്മ - താങ്ക് യൂ ഫോര്‍ യുവര്‍ ബ്യൂട്ടിഫുള്‍ ചിരി

ബഷീര്‍ - ചെറുപ്പക്കാലം ഓര്‍ത്തുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇടക്കിടക്ക് ഓര്‍ക്കണം, അപ്പോ എന്നെ പോലെ ചെറുപ്പമാവാം.

അല്ഫോന്‍സക്കുട്ടി said...

അരവിന്ദ് - ഈശോയെ, ഇത്ര വലിയ ആളുകളൊക്കെ എന്റെ ബ്ലോഗില്‍ എത്തിച്ചു നോക്കാന്‍ തുടങ്ങിയോ. എനിക്ക് സന്തോഷമായി.

ഞാനിന്ന് 100 അമിട്ട് പൊട്ടിച്ച് ആഘോഷിക്കും.

വയനാടന്‍ said...

പ്രിയ അല്‍ഫോന്‍സാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അല്‍ഫോണ്‍സാ ജീ, യെന്തൊരലക്കാ പൊട്ടിച്ചു വിട്ടിരിക്കണെ. സൂപ്പര്‍

പ്രിയ കൂട്ടുകാരീ എന്നു പറഞ്ഞത് ഞാന്‍ കേട്ടു, അതാ വേം വന്നെ

krish | കൃഷ് said...

അങ്ങാടി മറിയം‌കുട്ടി (പൂയ്യം‌കുട്ടി ന്ന് പറേണപോലല്ലാട്ടോ)..നാട്ടിലെ സദ്യകള്‍ മുടങ്ങാതെ കഴിച്ചോണ്ടിരിന്നിട്ട്, ഇപ്പോ അതൊക്കെ കിട്ടാതായപ്പോള്‍ നല്ല പോലെ മെലിഞ്ഞിട്ടുണ്ടാവുമല്ലോ.

സംഗതി രസമായിട്ടുണ്ട്. (കുടിക്കണ രസമല്ല, എഴുത്ത്)

asdfasdf asfdasdf said...

ഇത് കലക്കീണ്ട് ട്ടാ..
“ആരും വിളിക്കണ്ടാ, എനിക്കു വേണ്ടത് തോമാസേട്ടന്റെ ഇറച്ചിയാണ്, അമ്മച്ചി പറഞ്ഞത് തോമാസേട്ടന്റെ ഇറച്ചിയാ നല്ലത്, അത് വേടിക്കാനാണ്“ കോട്ടാന്‍ നോക്കീട്ട് നടക്ക്ണില്ല. കൊറേ ണ്ടല്ലോ ങ്ങനെ..ദിന്തൂട്ട് പൂശാ ഈ പൂശണേ..

ഒരു പോസ്റ്റിലന്നെ എല്ലാം കൂടി ഇങ്ങനെ പൊട്ടിക്കണന്നൊന്നൂല്യ. കൊറെശ്ശെ കൊറോശ്ശേ ഇട്ടാ മത്യാവും.
(ബ്ലോഗ് ഇപ്പഴാ ശ്രദ്ധിച്ചേ.. അരണാട്രൊയ്ക്കെ നന്നായ്ട്ട് അറിയാവുന്നോണ്ട് രസായ്ട്ട് വായിച്ചു.)

പൊറാടത്ത് said...

"നാട്ടുകാര്‍ എനിക്ക് സ്നേഹത്തോടെ നല്‍കിയ പേര്‍ ‘അങ്ങാടി മറിയം’ എന്നായിരുന്നു.."..

അതെന്തുപറ്റി..? “അങ്ങാടി അല്പു” എന്നത് കൊറച്ചുംകൂടി നന്നായേനെ.. (അപ്പോ ശരിയ്ക്കും പേര് ‘മറിയാമ്മാ’ന്നാ.. ല്ലേ..)

“ അവിടെ നിന്നു വാങ്ങി തിന്ന തേന്‍നിലാവിന്റെയും, പാല്‍ഗോവയുടെയും, നാരങ്ങാമുഠായിയുടെയും, ഉപ്പിലിട്ട നെല്ലിക്കയുടെയും, ലൂവിക്കയുടെയും മധുരവും രസവും....” ഇഷ്ടായി..

ആ കവിതാപരീക്ഷണം വേണായിരുന്നോ..? അതൊന്നും മ്മക്കൊന്നും പറഞ്ഞ്‌ട്ട്ല്ലതല്ലാന്നേ..

പിന്നെ..ആ “വേടിയ്ക്കലെ”ങ്ങാനും മാറ്റ്യാ... ഇടി പാഴ്സലായി വേടിയ്ക്കണ്ടി വരും.. അല്ലാ പിന്നെ..!

ഇത്ര തെരക്കിട്ട് അവസാനിപ്പിയ്ക്കണ്ടാര്‍ന്നു..

Unknown said...

യ്യോ...ഞാനാദ്യായിട്ടാണല്ലൊ ഇന്നീ അല്‍ഫോന്‍സക്കുട്ടീനെ കണ്ടത്...
ഹോ തൃശൂരിന്റെ അഭിമാനം തന്നെ..എന്നാലും എന്റെ ബാല്യകാലം മുഴുവന്‍ നോക്കിനിന്നെഴുതിയപോലെണ്ട്ട്ടോ...
ഞാന്‍ റോഡിലൊക്കെ നില്‍ക്കുന്ന നേരത്ത് ചിലപ്പൊ എന്റെ ബന്ധുക്കളൊക്കെ വല്ല അകല്‍ം വഴിക്കുള്ള പരിചയക്കാരുമായി ആ വഴിക്കു വരും..
പരിചയക്കാര് ഇതേതാ ഇങ്ങനൊരൈറ്റം നിങ്ങടെ നാട്ടില്‍ന്നു ചോദിച്ചാ ബന്ധുക്കള്‍ അറീല്ല,വല്യ പരിചയല്ല,ഏതോ വളര്‍ത്തുദോഷം ഉള്ള വിത്താണെന്നു പറയുമാ‍ായിരുന്നു..
ങ്ഹാ..ഒക്കെ ഒരു കാലം..എല്ലാം പോയി..
പോയ കാലം,വ വിട്ട വാക്ക്,സെന്റിപ്പോയ മെയില്‍ ഒക്കെ തിരിച്ചെടുക്കാനാവോ?
ഓ.ടോ.കണ്ട തെക്കന്മാരുടെ വാക്കു കേട്ട് വേടിക്കല് നിര്‍ത്തിയെങ്ങാന്‍ മേടിക്കാന്‍ പോയാല്‍ അരണാട്ടുകാരി, ഈ ഗുരുവായൂര്‍കാരി ടെ കയ്യീന്ന് വേടിക്കും..
അവര് തെക്കന്മാര് മേടിക്കേ,മാങ്ങിക്കേ എന്താച്ചാ ചെയ്യട്ടേന്നേ...
നമുക്ക് വേടിക്കാട്ടാ...

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി ഇത്‌..
ലളിതമായ ആഖ്യാനശൈലിയും
തമാശയും
ഒക്കെ...നന്നായിട്ടുണ്ട്‌...

കവിത നന്നായീ ട്ടോ..
പ്രത്യേകം അഭിനന്ദനങ്ങള്‍...

ഇനിയുമിനിയും എഴുതുക
ആശംസകള്‍

ബയാന്‍ said...

വായിച്ചു തളര്‍ന്നു. :)

അല്ഫോന്‍സക്കുട്ടി said...

വയനാടന്‍ - തീര്‍ച്ചയായും സന്ദര്‍ശിക്കാം

പ്രിയാ - എന്തൊരു അനുസരണ, വിളിച്ച ഉടനെ വന്നല്ലോ, ഇനി തൊട്ട് വിളിക്കാതെയും വരാം. താങ്ക് യൂ.

ക്രിഷ് - ശരിയാ, ഇപ്പോ തീരെ മെലിഞ്ഞു. നല്ല തമാശയാണല്ലോ?.

കുട്ടന്‍ മേനോന്‍ - താങ്ക് യൂ, അപ്പോ ഇനി തൊട്ട് കൊറെശ്ശെയായി പൊട്ടിക്കാമല്ലേ.

പൊറാടത്ത് - ഞാനിപ്പോ ആകെ കണ്ഫ്യൂഷനിലാ, തേങ്ങ! വേടിക്കണൊ, മേടിക്കണൊ, എന്തായാലും അടി ഒറപ്പാ.

ആഗ്നേയ - നല്ല പേര്. തെക്കന്മാരുടെ കയ്യീന്ന് മേടിക്കണോ, അതോ ഗുരുവായൂര്കാരിയുടെ കയ്യീന്ന് വേടിക്കണൊ, ഒരു പിടിയും കിട്ടണില്ലാ.

ദ്രൌപദി - ആദ്യമായിട്ടാ ഒരാള്‍ കവിത ഇഷ്ട്മായീന്ന് പറഞ്ഞത് - നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു.

ബയാന്‍ - ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനര്‍ജി, തളരുന്നവര്‍ക്കും കഴിക്കാം

Unknown said...

അല്‍ഫൂ..തൃശ്ശൂര്‍ ഭാഷ,സംസ്ക്കാരം ഇതിനെയൊക്കെ സരംക്ഷിക്കേണ്ട ചുമതല എന്നേം, അല്‍ഫോണ്‍സേം പോലുള്ള വിശ്വപ്രശസ്ത സാഹിത്യകാരികളുടെ തലയിലാണെന്നറീല്ലേ?
ഈ തെക്കന്മാര്‍ മനു,തമനു(ഹായ് ഇരട്ടകളാണോ?)എന്നിവര്‍ ഉള്‍പ്പെട്ട തെക്കന്‍ ലോബ്ബിയുടെ ,തൃശ്ശൂര്‍ ഭാഷാ അധിക്ഷേപത്തിനെതിരെ ശക്തമായിതന്നെ പ്രതികരിക്കാന്‍ ദൈവം കഴിവുകള്‍ വാരിക്കോരിതന്നനുഗ്രഹിച്ച നമ്മള്‍ മാത്രേ ഉള്ളൂന്ന്‍ മറക്കരുത്..മ്മക്ക് വേടിച്ചാ മതീന്നേ..
പിന്നെ നേരത്തെ പറയാന്‍ മറന്നു..ആവെടിക്കെട്ടു കാണുന്ന സീനിനു താഴെ എന്റെ ഒരൊപ്പും കൂടെ...ഞാന്‍ വെടിക്കെട്ടു കാണാന്‍ നില്‍ക്കുമ്പോള്‍ എല്ലാരും ചോദിക്കാറ് ഇതിന്നിടയിലാണോ ബാങ്ക് കൊടുക്കണേന്നാ.(ബാങ്ക് കൊടുക്കുംപ്പോ കൊടുക്കുന്ന ആള്‍ ചെവിപൊത്തിപ്പിടിക്കും പോലും)
പിന്നെ ഞാന്‍ ചെലപ്പോ ഇനീം ഇവിടെ ഗമന്റാന്‍ വന്നെന്നിരിക്കും...ചീത്ത വിളിക്കല്ലേ..
എന്താന്നറീല്ല...എനിക്കീ പോസ്റ്റില് ഗമന്റാന്‍ കൊതിയായിട്ട് പാടില്ലാ‍ാ‍ാ...

പ്രിയ said...

:)
oru vedikettu thanne. chevi pothano atho ente chiri kettu bakkiyulloru chevi pothumo?

ഭ്രാന്തനച്ചൂസ് said...

വരാന്‍ വൈകി......എന്നല്ല ...കണ്ട്പിടിക്കാന്‍ വൈകി എന്നതാകും ഉചിതം.
രണ്ടായാലും ന്റമ്മേ.................................. എന്താ ഒരു ഒഴുക്ക് . തകര്‍ത്ത് കളഞ്ഞ് കേട്ടോ...

ശ്രീനിയേട്ടന്റെ പടം കണ്ടപ്പോളേ ഒരു പന്തികേട് തോന്നിയതാ...........വായിച്ചപ്പോള്‍ അങ്ങേരുടെ ഒരു സിനിമ കണ്‍ടിറങ്ങിയ ഒരു പ്രതീതി.അത്രക്ക് മനോഹരം .......
ചിരിച്ച്... ചിരിച്ച്..... ഞാനൊരു പരുവമായി. (ഇനി ഇവിടെ ഇരുന്ന് ചിരിച്ചാല്‍ ഓഫീസിലിള്ളവര്‍ എനിക്ക് വട്ടാണു എന്ന് കരുതും എന്ന് വിചാരിച്ച് പ്രിന്റ് എടുത്ത് റൂമില്‍ കൊണ്ട് പോയി വായിക്കാം എന്ന് കരുതുന്നു)

ഇനിയും എഴുതുമല്ലോ......അപ്പോള്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍..........നിര്‍ത്തുന്നു
(അല്ലെങ്കില്‍ പ്രശംസ കേട്ട്...കേട്ട് ചേച്ചി വല്യ ആളാകും.അങ്ങനെ ഇപ്പോള്‍ സുഖിക്കണ്ട കേട്ടോ.....അമ്പടി...മണമേ..)

വേതാളം.. said...

അല്ഫോന്സാചിയെ ഞാന്ന്‍ വായിക്കാന്‍ തുടങ്ഗീട്ടെ ഉള്ളു. എന്തായാലും തുടക്കം ഉഗ്രന്‍

ഇസാദ്‌ said...

നന്നായിട്ടുണ്ട് അങ്ങാടിമറിയേ ... അടിപൊളി .. :)

Bindhu Unny said...

ചിരിച്ചുചിരിച്ച് മതിയായി അല്‍ഫോന്‍സക്കുട്ടീ. :-)
(ആദ്യമായിട്ടാന്ന് തോന്നുന്നു ഇവിടെ വരുന്നത്. ബുക്ക്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതോണ്ട്, ബാക്കി സ്മരണകള്‍ക്കും ഒരു ചാന്‍സ് കൊടുക്കണം.) :-)