Tuesday, November 11, 2008

മിസ് ജാനകി – ഒരു പ്രേതം

“കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാംഗോയുടെ ഒറ്റ പേരേ ഓര്‍മ്മയുള്ളൂ – ഫ്രൂട്ടി“ എന്നു പറയണ പോലെ കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാ‍വര്‍ക്കും പ്രേതം എന്നു കേട്ടാല്‍ ഒറ്റ പേരേ ഓര്‍മ്മ വരികയുള്ളൂ – ജാനകി.

ജാനകി ഞങ്ങളുടെ നാട്ടിലെ ഫെയ്മസ് പ്രേതമാണ്. മിസ് ജാനകിയെ പറ്റി പറയുകയാണെങ്കില്‍ സുന്ദരിയും സുമുഖിയും സുശീലയുമായ ഒരു ഹിന്ദു നായര്‍ യുവതി : ജാനകി, ഞാന്‍ ജനിക്കുന്നതിനു മുമ്പേ ജീവിച്ചു മരിച്ചവള്‍ : ജാനകി, പ്രേതങ്ങളുടെ ഇടയില്‍ ഒരു സൌന്ദര്യമത്സരം നടത്തിയാല്‍ മിസ് യൂണീവേഴ്സ് ആയില്ലെങ്കിലും മിസ് കേരളയാവാന്‍ എന്തു കൊണ്ടും യോഗ്യതയുള്ളവള്‍ ജാനകി. ജീവിതത്തിലെന്തോ വിഷമം വന്നപ്പോള്‍ വിഷമം മാറ്റാനായി സ്വന്തം വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി നോക്കിയതാണ് ജാനകി, പിന്നെ പൊങ്ങുന്നത് ജാനകി പ്രേതമായിട്ടാണ്. എനിക്കിതുവരെ ജാനകിയെ നേരില്‍ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ലാ, രാത്രി സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരാണ് ജാനകിയുടെ സ്ഥിരം പ്രേക്ഷകര്‍. ഒരു ജാതി സാധാരണ പ്രേതങ്ങളുടെ പോലെ ആള്‍ക്കാരെ വെറുതെ പേടിപ്പിക്കുന്ന പണിയൊന്നുമില്ലാ നമ്മുടെ ജാനകിക്ക്, വെള്ള സാരിയുടുത്ത് നിലം വരെ മുട്ടുന്ന മുടി അഴിച്ചിട്ട് റോഡിന്റെ സൈഡിലുള്ള മുനിസിപ്പാ‍ലിറ്റി വക പൊതുപൈപ്പീന്ന് ഒരു കുടത്തില്‍ വെള്ളം പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരെ എതിരേല്‍ക്കുകയാണ് മിസ് ജാനകിയുടെ മെയിന്‍ ഹോബി, സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവര്‍ക്ക് ജാനകി അവരോട് സിനിമാകഥയും സിനിമയിലെ ഹീറോയും ഹീറോയിനും ആരൊക്കെയാ എന്നു ചോദിക്കുന്നത് വരെയുള്ള കാര്യങ്ങളേ ഓര്‍മ്മയുള്ളൂ, അപ്പോഴേക്കും അവരൊക്കെ ബോധം കെട്ടു റോഡില്‍ തന്നെ കിടന്നുറങ്ങും. പിന്നെ നേരം വെളുക്കുമ്പോ ജാനകിയെ കുറിച്ചുള്ള കുറെ പുതിയ കഥകള്‍ റിലീസാവും.

ജാനകിയെ കുറിച്ചുള്ള കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ട് ഞാനൊക്കെ രാത്രി ഏഴുമണി കഴിഞ്ഞാല്‍ പരസഹായമില്ലാതെ ഒരു റൂമില്‍ നിന്ന് മറ്റൊരു റൂമിലേക്ക് പോകാറില്ലാ, പേടിച്ചിട്ടൊന്നുമല്ലാ, ഒരു ധൈര്യക്കുറവ്. മിസ് ജാനകി രാത്രിസഞ്ചാരം തുടങ്ങുന്നതിന്നു മുമ്പ് ചില ക്ലൂസ്സൊക്കെ തരും, അകലെ നിന്നും പട്ടിയുടെ ഓലിയിടല്‍ ശബ്ദം, പാലപൂവിന്റെ മണം, പോരാത്തതിന് പാദസരത്തിന്റെ ശബ്ദവും. അന്നാണെങ്കില്‍ പാദസരം ഫാഷനായി നില്‍ക്കുന്ന കാലം, ഞങ്ങള്‍ നാലെണ്ണവും ഒരു കാലിലെങ്കിലും പാദസരം ഇട്ടു നടക്കുന്ന സമയം, ഒരു പാദസരം കളിക്കാന്‍ പോകുമ്പോ പറമ്പിലോ കുളത്തിലോ കളഞ്ഞുപോയിട്ടുണ്ടാവും. രാത്രി ഉറക്കത്തില്‍ ചേച്ചിമാര്‍ അങ്കടുമിങ്കടും തിരിഞ്ഞു കിടക്കുമ്പോ പാദസരം കിലുങ്ങി ശബ്ദമുണ്ടാക്കാന്‍ തുടങ്ങും, അതോടെ മനുഷ്യന്റെ ഉറക്കം പോവും, പിന്നെ പട്ടി കുരക്കാതെ തന്നെ ഞാന്‍ പട്ടിയുടെ ഓലിയിടല്‍ ശബ്ദം കേക്കാന്‍ തുടങ്ങും, അധികം വൈകാതെ പാലപൂവിന്റെ മണവും പരക്കാന്‍ തുടങ്ങും. അപ്പോ ഞാന്‍ ഒന്നൂടെ കുരിശു വരച്ച് പ്രാര്‍ത്ഥന എത്തിച്ച് അമ്മച്ചിയെ കെട്ടിപിടിച്ച് അമ്മച്ചീടെ മേത്ത് കാലും കേറ്റി വച്ച് സുഖമായി ഉറങ്ങാന്‍ തുടങ്ങും.

പിന്നീട് ഇത്തിരി വലുതായി ഡ്രാക്കുളയുടെ പോലത്തെ ഇംഗ്ലീഷ് ഹൊറര്‍ മൂവികള്‍ കണ്ടു തുടങ്ങിയതോടെ എനിക്ക് ജാനകി പ്രേതത്തെ ഒരു മൈന്‍ഡില്ലാതെയായി, പേടി പോയിട്ട് ജാനകി പ്രേതത്തെ നേരില്‍ കണ്ടാല്‍ വരെ ‘ഹലോ, ഹായ്, ഹൌ ഡു യു ഡു’ എന്നൊക്കെ ചോദിക്കാന്‍ മാത്രം ധൈര്യമായി. അക്കാലത്ത് പവര്‍കട്ടിന്റെ സമയത്ത് ഞങ്ങളുടെ വീടിന്റെ ചുറ്റുപ്രദേശത്തുള്ള വീടുകളിലെ അമ്മച്ചിമാര്‍ കറന്റ് പോയാലുടനെ ഞങ്ങളുടെ വീടിന്റെ മതിലിന്റെ അവിടെ വന്നിരുന്ന് ഞങ്ങടെ വീട്ടിലെ എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ കൂട്ടം കുടിയിരുന്ന് അന്നു വച്ച കൂട്ടാന്റെ വിശേഷങ്ങളും പലചരക്ക് സാധനങ്ങളുടെ വിലയും അത്യാവശ്യം പരദൂഷണവും പറഞ്ഞിരിക്കും. കുട്ടികളെല്ലാവരും കൂടി കളിക്കും, അങ്ങനെ ഇരുട്ടത്ത് ഓടികളിച്ച് ഒരു കുട്ടി വീണപ്പോള്‍ ഞങ്ങള്‍ കളി നിര്‍ത്തി പവര്‍കട്ടിന്റെ നേരത്ത് കഥ പറച്ചില്‍ തുടങ്ങി, കുട്ടികളുടെ കൂട്ടത്തില്‍ മൂത്ത കുട്ടിയായ എനിക്കാണ് കഥ പറയണ ഡ്യൂട്ടി, ഞാനങ്ങനെ എന്റെ ഭാവനയിലും സങ്കല്പത്തിലും നൂറ് നൂറ് പ്രേതങ്ങളെ സൃഷ്ടിച്ച് ഓരോ ദിവസവും ഓരോ പ്രേതകഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു, അതൊക്കെ അവര്‍ ശ്വാസം പിടിച്ചിരുന്ന് കേക്കും. കറന്റ് വന്നാല്‍ എല്ലാരും അവരവരുടെ വീടുകളില്‍ പോയി കുടുംബപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങും, അന്നുവരെ പ്രാര്‍ത്ഥനയുടെ സമയത്ത് ഉറക്കം തൂങ്ങിയും കളിച്ചും ഇരുന്നിരുന്ന കുട്ടികള്‍, എന്റെ കഥ പറച്ചില്‍ തുടങ്ങിയ അന്നു തൊട്ട് ഉറങ്ങാതെ കളിക്കാതെ ആത്മാര്‍ത്ഥമായി കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ഉറങ്ങുന്നതിനു മുമ്പ് വീണ്ടും 3-4 പ്രാവശ്യം പ്രാര്‍ത്ഥിക്കാനും തുടങ്ങി. അതോടെ ആ കുട്ടികളുടെ അമ്മച്ചിമാര്‍ക്ക് എന്നെ പറ്റി ഭയങ്കര ഇമ്പ്രഷനായി, പറഞ്ഞതനുസരിക്കാതെ പ്രാര്‍ത്ഥിക്കാതെ നടന്നിരുന്ന അവരുടെ കുട്ടികള്‍ ഞാന്‍ കാരണം ഭക്തി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു.

നന്ദിയില്ലാത്ത പ്രേതങ്ങള്‍! പാല്‍ തന്ന കൈക്ക് തന്നെ കൊത്തി, ഞാന്‍ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത പ്രേതങ്ങള്‍ പിന്നീട് രാത്രികാലങ്ങളില്‍ അവരുടെ സൃഷ്ടികര്‍ത്താവായ എന്നെ വന്ന് പേടിപ്പിക്കാന്‍ തുടങ്ങി. കല്ല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും ഒറ്റക്ക് താമസിക്കുന്ന കാലം, ചേട്ടായിക്ക് ന്യൂസ് പേപ്പര്‍ പ്രിന്റിങ്ങ് ഫീല്‍ഡില്‍ ജോലി ആയതുകൊണ്ട് ഇടക്ക് നൈറ്റ് ഷിഫ്റ്റില്‍ പോകേണ്ടി വരും, അങ്ങനെ ഞാന്‍ രാത്രി ഒറ്റക്ക് വീട്ടിലിരിക്കുന്ന താപ്പ് നോക്കി ഞാന്‍ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത പ്രേതകഥകളിലെ നായികമാര്‍ എഴുന്നള്ളും. അതോടെ ഞാന്‍ വേഗം ബൈബിളും, കുരിശ്ശും കട്ടിലിന്റെ ഒരു സൈഡിലും, ഒരു കൊന്ത മേത്തും, ഒരു വടി കട്ടിലിന്റെ മറ്റേ സൈഡിലും വെച്ച് കിടക്കും. എനിക്ക് പേടിയായിട്ടല്ലാ, എന്നെ പേടിപ്പിക്കാന്‍ വരുന്ന പ്രേതത്തെ പേടിപ്പിക്കാനാ‍യിട്ട്. അപ്പോ ഞാന്‍ പറഞ്ഞുവന്നത് കുട്ടികളെ വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കരുത്.

ഒരു സന്തോഷവാര്‍ത്ത – ദീപാവലി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ അപ്പറത്തെ വീട്ടിലെ ചേച്ചി എനിക്ക് ഒരു പാത്രം നിറച്ച് ഹൈദ്രബാദി ദം ബിരിയാണി തന്നു. കാത്തിരുന്നതിന് ഫലമുണ്ടായി, അത്രക്കും സൂപ്പര്‍ ടേസ്റ്റായിരുന്നു. ചേച്ചിയെ ഞാന്‍ വാനോളം പുകഴ്ത്തി, ഇനിയെപ്പോ ചേച്ചി ബിരിയാണി ഉണ്ടാക്കിയാലും എനിക്കുള്ള പാഴ്സല്‍ ഓട്ടോമാറ്റിക്കായി വീട്ടിലെത്തും. എന്റെ ‘ഹൈദ്രബാദി ദം ബിരിയാണി’ പോസ്റ്റില്‍ പറഞ്ഞ പോലെ ‘ഒടുക്കത്തെ ബുദ്ധിമാന്‍ അവാര്‍ഡ്‘ ജേതാവായി ചന്ദ്രകാന്തം ചേച്ചിയെ പ്രഖ്യാപിച്ചിരിക്കുന്നു. ചന്ദ്രകാന്തം ചേച്ചി പറഞ്ഞ പോലെ ക്ഷമയോടെ കാത്തിരുന്നു സാധനം കിട്ടി. ചേച്ചിയെ നേരില്‍ കാണുമ്പോള്‍ ഞാന്‍ കപ്പലണ്ടി മുഠായി നല്‍കി ആദരിക്കുന്നതായിരിക്കും.

30 comments:

--xh-- said...

ബൈബിള്‍, കുരിശ്,കൊന്ത - ഇതൊക്കെ വെണോ? ഒന്ന് ചിരിച്ചു കാണിച്ചാ പോരെ? :)

കുഞ്ഞന്‍ said...

കമന്റെഴുതുവാന്‍ വന്നപ്പോള്‍ ദേ കിടക്കുന്നു xh കമന്റ്..നേരാണൊ? അങ്ങിനെയാണെങ്കില്‍ ചേട്ടനെ സമ്മതിക്കണം..!

കുട്ടികളെ പറഞ്ഞു പേടിപ്പിച്ചെങ്കിലും, അവരെ നല്ലവരാക്കി(പ്രാര്‍ത്ഥന ചെല്ലുന്ന കുട്ടികളാക്കിയ)മാറ്റുകയും ചെയ്തത് നല്ല കാര്യം തന്നെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ബൈബിളും, കുരിശ്ശും കട്ടിലിന്റെ ഒരു സൈഡിലും” എന്തിനാ കുരിശൊരെണ്ണം അധികം കട്ടിലിന്റെ ഒത്ത നടുക്കു തന്നെ ഒരെണ്ണം കിടപ്പുണ്ടല്ല്ലോ?

കുട്ടികളെ പറഞ്ഞു പേടിപ്പിച്ചാല്‍ ഇങ്ങനിരിക്കും... പൂച്ചയെ തല്ലിയാല്‍ വയസ്സുകാലത്ത് കൈ വിറക്കും എന്നു കേട്ടിട്ടില്ലേ?

പൊറാടത്ത് said...
This comment has been removed by the author.
പൊറാടത്ത് said...

“ജാനകീ ഞാനേ..രാമാ.. ജാനകീ ഞാനേ...“

എന്ന പാട്ട് കൂടി കുട്ടികൾക്ക് അന്ന് പാടിക്കൊടുത്തിരുന്നില്ലേ അല്പൂ.. സത്യം പറ..:)

Kaithamullu said...

കാത്ത് കാത്തിരുന്നിട്ട് ..
അവസാനം അല്‍പു പ്രേതായിട്ട് വന്നൂ!

(-സീരിയലില്‍ ക്ലോസപ്പുകള്‍,ചെവിയടപ്പിക്കുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക്കോടെ കാണിക്കും പോലെ ‘മിസ് ജാനകി, മിസ് ജാനകി’ എന്ന് ഏറെ സിംബലടിച്ചിട്ടും
...ജാനകി മാത്രം വന്നില്ലല്ലോ....

..:: അച്ചായന്‍ ::.. said...

അല്ല പ്രേതത്തിനെ യക്ഷി പിടിക്കുവോ .. ഇല്ലല്ലോ :D അപ്പൊ പിന്നെ അല്ഫുനെ എങ്ങനെ യക്ഷി പിടിക്കാനാ:D ഒകെ ഒരു തോന്നല്‍ അല്ലെ :D

ഒടുക്കം ആ hyd പുള്ളിക്കാരി ഇ വാചകമടിയില്‍ തലയും കുത്തി വീണു അല്ലെ

..:: അച്ചായന്‍ ::.. said...

"പച്ചവെളിച്ചം, ഭാര്‍ഗ്ഗവീനിലയം, ശ്രീകൃഷ്ണപരുന്ത്"

ഇതൊക്കെ മലയാളത്തിന്റെ അഭിമാനം ആണ് .. ഇതു ലബേല്‍ ആക്കിയത് അതിന്റെ ഒകെ കുട്ടത്തില്‍ ഓസ്സിനു കേറാന്‍ അല്ലെ എന്ന് ഞാന്‍ ഉന്നി ഉന്നി ചോദിക്കുന്നു ..:D ഇനി നിന്നാ വിവരം അറിയും :D.. അപ്പൊ ഞാന്‍ പോട്ടെ :D

Rejeesh Sanathanan said...

എന്‍റെ അമ്മൂമ്മ പറഞ്ഞ് തന്നത് ഓര്‍ക്കുന്നു. മറുതയോ യക്ഷിയോ ഒന്നും അവരുടെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു മറുതയോ യക്ഷിയോ ഉള്ളിടത്ത് പോകില്ല. അല്ഫോന്‍സാകുട്ടി ധൈര്യമായിട്ടിരിക്ക്...

അല്ഫോന്‍സക്കുട്ടി said...

എല്ലാര്‍ക്കും കൂടി ഒരൊറ്റ കമന്റ്:‌-

കേറി കേറി മുറത്തില്‍ കേറി കൊത്താതെടാ മക്കളെ, എടാ മക്കളെ, ബ്ലോഗ്ഗര്‍ മക്കളെ.

മാണിക്യം said...

അല്‍‌‘പൊന്’സ് കുട്ടി!
കഥ കലക്കന്‍..
അതെ ഒരു ആശ ആ ദം-ബിര്യാണിയുടെ
റെസിപ്പി ഒന്ന് കിട്ടുമോ?
ഒന്ന് സംഘടിപ്പിച്ചു മെയില്‍ ചെയ്യാമോ?
maaanikyam@gmail.com ഞാന്‍ നോക്കി
നടന്ന റെസിപ്പിയാണത് ..ഞാന്‍ ബിര്യാണി വച്ച്
D H L ആയി പാഴ്‌ ‘സെല്‍’ ചെയ്യാം :-)

ബഷീർ said...

ക്ടാവേ.. ജാനകി പ്രേതത്തിന്റെ കഥ പെട്ടെന്ന് കുരിശ്‌ വരച്ച്‌ അവസാനിപ്പിച്ച പോലെ .അവസാനമായപ്പോള്‍ പെട്ടെന്ന് അന്ത്യമായി...

ഇംഗ്ലീഷ്‌ ഹൊറര്‍ സിനിമ കണ്ട്‌ തുടങ്ങിയപ്പോള്‍ പ്രേതങ്ങളെ പറ്റി മൈന്‍ഡില്ലാതായത്‌ കഷ്ടായി.. അത്രയ്ക്ക്‌ കോമഡിയാണോ ഡ്രാക്കുള സിനിമകള്‍..:)

പിരിക്കുട്ടി said...

pretham pinne evideppoyi?
kashtam....

annamma said...

വീട്ടില് കിണറുണ്ടായിട്ടും,, പൊതു പൈപ്പീന്ന് വെള്ളം എടുക്കാന് നില്ക്കുന്ന ജാനകീ പ്രേതത്തെ ഇഷ്ട്ടമായി. ദുബായില് എത്തിയിട്ടും അറബി പ്രേതങ്ങളെ ഒന്നും പരിചയപ്പെട്ടിലേ ഇതുവരെ, അവരും വെള്ള സാരി എടുത്താണോ ഇറങ്ങുന്നത് എന്നറിയാനാ.

smitha adharsh said...

അല്ഫുവേ...പ്രേത പോസ്റ്റ് കലക്കി..
കപ്പലണ്ടി മിഠായി "ചന്ദ്രകാന്തത്തിനു" ഒറ്റയ്ക്ക് കൊടുക്കുന്നതില്‍ പ്രതിഷേധിച്ചു ഞാന്‍ കമന്റ് അടിക്കാതെ പോകുന്നു.
ഒരു ഓഫ് : ഈ അല്ഫു എഴുതിയത് വായിക്കുമ്പോള്‍ ..ഞങ്ങളുടെ കോളേജ് മാഗസിന്‍ എഴുത്തുകാരി ഒരു "ജാസ്മു" ടച്ച്.ഇനി,പറഞ്ഞു പിടിച്ചു..ഈ അല്ഫു,ആ ജാസ്മിന്‍ ആണോ?

നരിക്കുന്നൻ said...

ജാനകി പ്രേതം കലക്കി. പക്ഷേ അതിനെന്ത് പറ്റിയെന്ന് പിന്നെ പറഞ്ഞില്ല. അതോ നമ്മടെ അൽഫോൺസാമ്മ തന്നെയാണോ ഇനി ജാനകി?

ഏതായാലും ആ റെസിപ്പി മാണിക്യത്തിന് മാത്രമായി കൊടുക്കണ്ട. എല്ലാവർക്കുമായി ഇവിടെ പോസ്റ്റൂ.....

Lathika subhash said...

അല്ഫോന്‍സക്കുട്ടീ,
കൊന്തയൊണ്ടോ ഒരെണ്ണം എനിക്കും കൂടിത്തരാന്‍?

ജിവി/JiVi said...

കലക്കന്‍,

പ്രേതം ബൂലോകത്തെ പുതിയ ട്രെന്‍ഡാവുകയണല്ലോ ദൈവമേ!!

അപരിചിത said...

കൊള്ളാം കേട്ടോ...ജാനകി എന്ന സുന്ദരി പ്രേതത്തെ നന്നായി ഇഷ്ടപ്പെട്ടു...
ഈ പ്രേതവും പൈപ്പു വെള്ളം ആയി ഉള്ള ബന്ധം എന്താ?

ഇതൊക്കെ വായിച്ച്‌ ഇനി ഒറ്റയ്ക്കിരികുമ്പോല്‍ പേടിപ്പിക്കാന്‍ വരാനായി ഇനി ജാനകിയും കൂടി


:)

Jayasree Lakshmy Kumar said...

കൊള്ളാം. സ്രഷ്ടാവിനെ സൃഷ്ടി തന്നെ പേടിപ്പിച്ചൊരു വഴിക്കാക്കുക. എന്റെ അൽഫോൻസക്കുട്ട്യേ.........

Anil cheleri kumaran said...

the way of telling story i like very much.

അല്ഫോന്‍സക്കുട്ടി said...

മാണിക്യം - മാണിക്യേച്ചി റെസിപ്പി ഞാന്‍ പോസ്റ്റാംട്ടാ.

ബഷീര്‍ - പ്രേതകഥ പെട്ടെന്ന് അവസാനിപ്പിച്ചതിനു കാരണം എനിക്കൊരു പേടി ജാനകി പ്രേതത്തിന് ഞാനെഴുതിയത് ഇഷ്ടപ്പെടാണ്ട് വല്ല കൊഴപ്പമുണ്ടാക്കിയാലോന്ന്.

പിരിക്കുട്ടി - പ്രേതത്തിനെ ഞാന്‍ അങ്ങോട്ടു വിട്ടിട്ടുണ്ട്, അതിനൊരാഗ്രഹം പിരിക്കുട്ടിയെ കാണാന്‍.

അന്നാമ്മ - അറബിപ്രേതങ്ങളെ ദിവസോം കാണാറുണ്ട്, വെള്ള സാരിയുടുത്തിട്ടല്ലാ. കറുത്ത ബുര്‍ക്കയിട്ട്, കണ്ണ് മാത്രം പുറത്തു കാണിച്ച്.

സ്മിത - ജാസ്മു വേറേ, അല്ഫോന്‍സക്കുട്ടി വേറെ. ദുബായില്‍ വന്നാല്‍ സ്മിതച്ചും ഒരു കപ്പലണ്ടി മുഠായി തരാം.

നരിക്കുന്നാ - ഞാന്‍ റെസിപ്പി പോസ്റ്റാം. ഗുഡ് ഐഡിയ.

ലതി - കൊന്ത സ്റ്റോക്കില്ലാ, വെന്തിങ്ങ മതിയോ?

ജിവി - പ്രേതമാണ് താരം.

അല്ഫോന്‍സക്കുട്ടി said...

അപരിചിത - ജാനകിപ്രേതവും പൈപ്പുവെള്ളവുമായുള്ള റിലേഷന്‍? ഗുഡ് ക്വസ്റ്റ്യന്‍. ജാനകി കിണറ്റില്‍ ചാടിയതുകൊണ്ട് കിണറുവെള്ളം കേടായി, അതു കൊണ്ടാണ് പൈപ്പ് വെള്ളം എടുക്കാന്‍ വരുന്നത്. ഇപ്പോ പുടി കിട്ടിയോ :)

ലക്ഷ്മി - എന്തു ചെയ്യാനാ ഈ സൃഷ്ടികളൊക്കെ ഇങ്ങനെ സൃഷ്ടിക്കര്‍ത്താവിനെ പേടിപ്പിക്കാന്‍ തുടങ്ങിയാല്‍, ചുട്ട അടി കിട്ടാത്തതിന്റെ കൊഴപ്പം.

കുമാരന്‍ - താങ്ക് യൂ വെരി മച്ച്.

Unknown said...

ഞങ്ങളുടെ നാട്ടിലെ പ്രേതത്തിന്റെ പെര് പുഷ്പ
അതായിരുന്നു ഇത് വായിച്ചപ്പോ അതോർത്തൂ

ആഗ്നേയ said...

മന്ദൂ,പോത്തേ...
ഒരു കുരിശ് മറ്റൊരു കുരിശും വച്ച് നടക്കണോ?ഉറക്കെപ്പാട്യാല്‍ പോരേ..ഫോണീക്കൂടെക്കേക്കണ ആ ശബ്ദത്തില് പാട്യാ പ്രേതല്ല അതിന്റെ അമ്മാമ്മ പേടിച്ചോടും..
ഓ.ടോ..ഇപ്പൊക്കാ‍ണറില്ലല്ലോ..ആ പ്രോക്സി പോയെങ്കില്‍ മെയിലയക്കു..വേറേ പ്രോക്സിതരാം...

അല്ഫോന്‍സക്കുട്ടി said...

ആഗ്നേയ - എടീ ക്ടാവെ, എന്റെ സ്വരമാധുര്യത്തെ പറ്റി ഇങ്ങനെ പബ്ലിക്കായി വിളിച്ചു പറയാന്‍ പാടുണ്ടോ, ആള്‍ക്കാര് പേടിക്കില്ലേ. പിന്നേയ് പ്രോക്സി അതിന്റെ വഴിക്ക് പോയി, കുത്തിതുറക്കാനൊരു പേടി, പോലീസ് പിടിച്ചാലോ :)

Bindhu Unny said...

പ്രേതകഥയും ഉഗ്രന്‍!
പോസ്റ്റുകളോരോന്നായ് വായിച്ചുവരുന്നു. ഞാനിതെങ്ങനെ മിസായെന്നാ ആലോചിക്കുന്നെ? :-)

anamika said...

chechi.....
postukalellaam innu kuthy irunnu vaayichu....

ugranaayittund ketto.. :)
chila kadhakal vaayikkumbo enikkum ente kuttikkaalavum college lifum ellaam orma varunnu.. ethaand ingane okke thanne aarunnu :)

പിരിക്കുട്ടി said...

alpu penne wher r u

അയ്യേ !!! said...

എല്ലാവരും കേട്ടോളൂ ,,,,,


ഈ ജാനകിയാണ് പിന്നീട് ‘ എന്ന് സ്വന്തം ജാനകിക്കുട്ടി’ യായി വന്നത് !!!


കുഞ്ഞാത്തോല്‍ .