Monday, August 18, 2008

ഒളിമ്പിക്സ് സ്മരണകള്‍

ഞാനും ഒരു ഓട്ടക്കാരിയാ. പക്ഷേ ഒളിമ്പിക്സില്‍ ഓടാന്‍ ഇതു വരെ പറ്റിയിട്ടില്ലാ. എന്റെ ഓട്ടം മുഴുവന്‍ പ്രൈവറ്റ് ബസുകളുടെ പിന്നാലെയായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോ 10 പൈസ 25 പൈസ നിരക്കില്‍ കണ്ടക്ടറിന് ധര്‍മ്മം കൊടുത്ത് യാത്ര ചെയ്യുമ്പോ ഓടാണ്ട് പറ്റോ. ബസ്സിന്റെ പിന്നാലെ കുറെ ദൂരം ഓടി എന്റെ ഓട്ടത്തിന്റെ സ്പീഡ് ദിവസോം കൂട്ടാറുണ്ടെങ്കിലും ബസ്സിലേക്ക് ചാടിക്കയറാനുള്ള ഒരു വിവരക്കേട് ഞാനൊരിക്കലും കാണിച്ചിരുന്നില്ലാ. എന്റെ ഓട്ടം കണ്ട് പാവം തോന്നി ഡ്രൈവറ് വണ്ടി നിര്‍ത്തിയാല്‍ ഞാനങ്കട് കേറും, ചാടി കേറി കാലൊടിച്ച് ന്യൂസ്സ്പേപ്പറില്‍ ന്യൂസ് വിത്ത് ഫോട്ടോ വരണതൊന്നും എനിക്കിഷ്ടമല്ലാ, അല്ലാണ്ട് ധൈര്യമില്ലാണ്ടൊന്നുമല്ലാ. അങ്ങനെ ഓടി ഓടി തളര്‍ന്നപ്പൊ ഞാനൊരു സൂത്രം കണ്ടെത്തി. ഞങ്ങളുടെ ബസ് സ്റ്റോപ്പിനടുത്ത് ഒരു കുരിശുപള്ളിയുണ്ട്, അതിന്റെ ഉള്ളില്‍ കയറി ഞാനും കൂട്ടുകാരും ഒളിച്ചിരിക്കും. ഞങ്ങള്‍ നീല വെള്ള യുണിഫോമുകാരുടെ പൊടി പോലുമില്ലാ കണ്ടുപിടിക്കാന്‍ എന്നു കാണുമ്പോ ഡ്രൈവറ് രണ്ടും കല്പിച്ച് ബസ്സ് കുരിശുപള്ളിയുടെ മുന്നില്‍ തന്നെ സ്റ്റോപ്പ് ചെയ്യും, അപ്പോ ഞങ്ങള്‍ തേനീച്ചക്കൂട്ടം പോലെ കിളിയെ അറ്റാക്ക് ചെയ്ത് ബസ്സിനുള്ളില്‍ കേറി കൂടും. കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ റൂട്ടിലെ ബസ്സ് ഓണേഴ്സ് കം ഡ്രൈവേഴ്സ് കം കിളീസ് അസോസിയേഷന്‍ ഞങ്ങളുടെ ഈ സൂത്രം മനസ്സിലാക്കുകയും അവരെല്ലാം കൂടി ചര്‍ച്ച ചെയ്ത് ബുദ്ധിപരമായി ഞങ്ങളെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഞങ്ങളുടെ ബസ്സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ ബസ്സ് സ്റ്റോപ്പും കുരിശുപള്ളിയും ശരിക്കുള്ള പള്ളിയും കഴിഞ്ഞ് അടുത്ത സ്റ്റോപ്പിന്റെ കുറച്ച് മുമ്പിലായി ഇറക്കി വിടുകയും സ്ക്കൂള്‍ ടൈമില്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഞങ്ങളുടെ നാട്ടിലെ ഫുള്‍ടിക്കറ്റുകളെയും അവര്‍ നിഷ്ക്കരുണം ഉപേക്ഷിക്കുകയും ചെയ്തു. ആകപ്പാടെ പച്ച നിറത്തിലുള്ള ഒരു കെ.കെ. മേനോന്‍ ബസ്സ് മാത്രമാണ് ഞങ്ങള്‍ കുട്ടികളോട് ഇത്തിരി ഡീസന്റായി പെരുമാറിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ബസ്സിന്റെ പിന്നാലെ ഓടി ബസ്സ് കിട്ടാണ്ട് തിരിച്ചു വരണ ഞങ്ങളെ നോക്കി കുറച്ച് ചെക്കന്മാര്‍ കമന്റടിക്കണത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നല്ലേ പ്രമാണം. അതുകൊണ്ട് നേരെ അവന്മാരുടെ അടുത്തേക്ക് ചെന്ന് “നിങ്ങളൊക്കെ എന്തൂട്ട് നാട്ടുക്കാരാ, നാണമില്ലേ പെങ്ങന്മാര്‍ ബസ്സ് കിട്ടാണ്ട് കഷ്ടപ്പെടുമ്പോ ഇങ്ങനെ കളിയാക്കാന്‍” എന്നൊരു ഡയലോഗങ്ങ് കാച്ചി. അതേതായാലും ഏറ്റു. അവിടെയുള്ള പീടികക്കാരെല്ലാം ഇറങ്ങിവന്നു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി, കമന്റടിച്ച ആങ്ങളമാര് തന്നെ ദിവസോം ഓരോ ബസ്സും നിര്‍ത്തിച്ച് ഒരു ബസ്സില്‍ 2-3 സ്ക്കുള്‍കുട്ടികളെ വീതം കേറ്റി വിടാന്‍ തുടങ്ങി.

ഓരോ പ്രാവശ്യം നാട്ടില്‍ പോവുമ്പോഴും കുട്ടികള്‍ക്ക് പേടിയാണെങ്കിലും ബസ്സ് യാത്ര ഒഴിവാക്കാറില്ലാ, കൂടെ പഠിച്ച ഏതെങ്കിലും കൂട്ടുകാരികളെ കാണാന്‍ കഴിഞ്ഞാലോ എന്ന്‍ വിചാരിച്ചിട്ട്, അത് മാത്രമല്ലാട്ട കാരണം സ്വന്തമായി കാറോ, ബസ്സോ, ഓട്ടോറിക്ഷയൊ ഇല്ലാ, പിന്നെ അപ്പന്റെ സൈക്കിളോടിച്ച് ത്രീശ്ശൂര്‍ വരെ പോവാന്‍ പറ്റില്ലാ, ടയറ് പഞ്ചറാവും. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ത്രിശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തു നിക്കുമ്പോ ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി, പണ്ട് ബസ്സിന്റെ പിന്നാലെ ഓടിയിരുന്ന ആ കാലത്തെയോര്‍ത്ത്. ബസ്സില്‍ കേറിയപ്പോ എനിക്ക് ഇരിക്കാന്‍ കിട്ടിയത് ഡ്രൈവറിന്റെ ഓപ്പോസിറ്റുള്ള ബഞ്ചില് ഏറ്റവും മുന്നിലെ ഒന്നാം സ്ഥാനത്ത്. ആദ്യമൊക്കെ ബസ്സിന്റെ പുറത്ത് നോക്കി ഓരോ പുതിയ വീടുകളുടെ ഭംഗിയും പരിചയക്കാര്‍ വല്ലോരും ബസ്സില്‍ കേറുന്നുണ്ടോന്നും നോക്കിയിരുന്ന ഞാന്‍, പിന്നെ ഡ്രൈവറ് വണ്ടിയുടെ സ്പീഡ് കൂട്ടി ബസ്സ് കത്തിച്ചു വിടാന്‍ തുടങ്ങിയപ്പോ ഡ്രൈവറുടെ മുഖത്തേക്ക് ദയനീയമായി നോക്കി, പണ്ടത്തെ സ്ക്കൂള്‍കുട്ടിയുടെ ബസ്സില് എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തു നിന്നിരുന്ന ധൈര്യമൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. ഡ്രൈവറിനാവട്ടെ ഒരു കൂസലുമില്ലാ, പാട്ടും വച്ച് ആസ്വദിച്ച് തോന്നിയ പോലെ ചെറിയ ഇടവഴികളുടെ മാത്രം വലിപ്പത്തിലുള്ള കുണ്ടും കുഴിയും വളവും ഉള്ള റോഡീക്കുടെ ഒരു ജാതി സ്പീഡില്‍ മറ്റു വണ്ടികളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറുകയാണ്. ഹോണടിക്കാതെ, മുന്നിലെ വളവില്‍ കൂടി വേറെ വണ്ടി വരുന്നുണ്ടോന്ന് നോക്കാതെയുള്ള ഡ്രൈവറുടെ പോക്ക് കണ്ടപ്പോ, ഞാന്‍ മുന്നിലെ സീറ്റിലിരുന്ന് മനസമാധാനമില്ലാതെ ഓരോ വളവ് വരുമ്പോഴും ഓപ്പോസിറ്റ് സൈഡീന്ന് വണ്ടി വരുന്നുണ്ടോന്ന് ഇടിക്കാന്‍ ചാന്‍സുണ്ടോന്ന് ഒക്കെ എത്തിച്ചു നോക്കാന്‍ തുടങ്ങി. എന്റെ ആ എത്തിനോട്ടം ഡ്രൈവറിന് തീരെ പിടിച്ചില്ലാ, എന്നെ നോക്കി “ഞാന്‍ വണ്ടി ഓടിക്കണത് പിടിച്ചിലെങ്കി നീ കേറി ഓടിക്ക്” എന്നു പറയണ ഒരു ലുക്ക്. അതോടെ ഞാന്‍ കണ്ണടച്ച് ഉറങ്ങണ പോലെയിരുന്ന് “കര്‍ത്താവെ വീടെത്തിക്കണേ” എന്ന് പ്രാര്‍ത്ഥിക്കാനും സ്റ്റോപ്പ് എത്തണ വരെ പലവിചാരമില്ലാണ്ട് കൊന്ത എത്തിക്കുകയും ചെയ്തു. അവസാനം എന്നെ ബസ്സില്‍ക്ക് വിളിച്ചു കേറ്റിയിട്ട് ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങണ നേരത്ത് ആ കൊരങ്ങന്‍ കിളിയുടെ വക ഒരു ഡയലോഗ് “ഈ ചേച്ചിക്ക് കേറാന്‍ ഒരു മണിക്കൂറ്, ഇറങ്ങാന്‍ രണ്ടു മണിക്കൂറ്, ഇതൊക്കെ എവടന്നു വരണാവോ” എന്ന്. വണ്ടി എവടെയും ഇടിക്കാണ്ട് സ്റ്റോപ്പെത്തിയ ആശ്വാസത്തില്‍ ഞാനാ ഡയലോഗ്ഗിനെ ചിരിച്ചു കൊണ്ട് വരവേറ്റു.

ദുബായിലെത്തിയിട്ടും ഞാ‍ന്‍ ഓട്ടം നിര്‍ത്തിയിട്ടില്ലാ, ഇവിടെയെത്തി ഒരാഴ്ചക്കുള്ളില്‍ കുടുംബസമേതം ഒരു കൂട്ട ഓട്ടം തന്നെ നടത്തി. ഒരു വെള്ളിയാഴ്ച ആദ്യമായി ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ 6 മണിയുടെ കുര്‍ബാന കാണാനിറങ്ങിയതാണ് ഞങ്ങള്‍. ബസ് സ്റ്റോപ്പിലെത്താന്‍ കുറച്ച് ദൂരം കൂടി നടക്കണം, അപ്പോഴാണ് ഒരു ബസ്സ് വരുന്നത് എന്റെ ചേട്ടായീടെ കണ്ണില്‍ പെടുന്നതും, ഉടനെ മോനെയുമെടുത്ത് “ഓടിക്കോ, ഈ ബസ്സ് പള്ളീടവിടക്ക് പോണതാണ്, ഇതു പോയാല്‍ പിന്നെ എപ്പഴാ കിട്ടാന്ന് പറയാന്‍ പറ്റില്ലാ” എന്നും പറഞ്ഞ് ഒരു ഓട്ടം. ഡാഡി ഓടുന്നത് കണ്ടപ്പൊ മോളും പിന്നാലെ വച്ചു പിടിച്ചു. ആയം പാടി തെക്ക് വടക്ക് നോക്കി നടന്നിരുന്ന ഞാന്‍ ഇവരുടെ ഓട്ടം കണ്ടപ്പോ പട്ടി പിന്നാലെ ഓടിച്ചിട്ട് കടിക്കാന്‍ വരുമ്പോ ഓടണ പോലെ ഒരു ഉഗ്രന്‍ ഓട്ടം വച്ചു കൊടുത്തു. ഞങ്ങളെല്ലാവരും ഫിനിഷിങ്ങ് പോയിന്റിലെത്തിയപ്പൊ ഞങ്ങളുടെ തിരുമോന്ത കണ്ടതും ആ ബസിന്റെ ഗ്ലാസ്സ് ഡോറ് ഞങ്ങള്‍ക്കു മുന്നിലായി ആട്ടോമാറ്റിക്കായി ക്ലോസ്സാവുകയും, അതിനുള്ളിലിരുന്ന് ആ ഡ്രൈവറ് ഞങ്ങളെ നോക്കി ഒരു സോറി സ്മൈല്‍ പാസാക്കുകയും അതിനെ തുടര്‍ന്ന് എന്റെ ചേട്ടായി മോനെ നിലത്തു വച്ച് കിതച്ചു കൊണ്ട് “കൊരങ്ങന്‍, ആ ഡ്രൈവറ് മലയാളിയാന്നാ തോന്നണേ” എന്നുറക്കെ ആത്മഗതം നടത്തുകയും ചെയ്തു. എന്തായാലും ടാക്സി പിടിച്ച് പിന്നെ ഞങ്ങള്‍ പള്ളിയിലെത്തുമ്പോഴേക്കും കുര്‍ബാ‍നയും അവസാനത്തെ പാട്ടും കഴിഞ്ഞ് എല്ലാരും പോയ കാരണം, സ്വസ്ഥമായി പള്ളിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ കുര്‍ബാനക്കു വന്ന ആള്‍ക്കാരെയും അവരുടെ ഡ്രസ്സും ഫാഷനുമൊക്കെ നോക്കി നിന്ന് കുര്‍ബാന കാണണ്ടി വന്നേനേ (പ്രത്യേക ശ്രദ്ധക്ക് - ആദ്യമായി പോകുന്ന പള്ളിയില്‍ ആദ്യമായി പ്രാര്‍ത്ഥിക്കുന്ന 3 കാര്യങ്ങള്‍ നടന്നു കിട്ടും. ഓണ്‍ലി വണ്‍ കണ്ടീഷന്‍ എന്നെ പോലെ നല്ല മനസ്സോടെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം).

അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഞാനീ ബസ്സിന്റെയൊക്കെ പിന്നാലെ ഓടിയ ഓട്ടമെല്ലാം ഒരുമിച്ച് കൂട്ടി ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യക്ക് എന്റെ വക ഒരു സ്വര്‍ണ്ണ മെഡല്‍ നേടി കൊടുക്കാമായിരുന്നു. എന്തു ചെയ്യാനാ, ഇതിനെയാണ് കാരണവന്മാര്‍ ഒക്കേത്തിനും ഓരോ യോഗമുണ്ടെന്ന് പറയുന്നത്, എനിക്ക് ബസ്സിന്റെ പിന്നാലെ ഓടാനായിരുന്നു യോഗം.

36 comments:

അല്ഫോന്‍സക്കുട്ടി said...

അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഞാനീ ബസ്സിന്റെയൊക്കെ പിന്നാലെ ഓടിയ ഓട്ടമെല്ലാം ഒരുമിച്ച് കൂട്ടി ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യക്ക് എന്റെ വക ഒരു സ്വര്‍ണ്ണ മെഡല്‍ നേടി കൊടുക്കാമായിരുന്നു

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

പ്രയാസി said...

"ഞങ്ങളെല്ലാവരും ഫിനിഷിങ്ങ് പോയിന്റിലെത്തിയപ്പൊ ഞങ്ങളുടെ തിരുമോന്ത കണ്ടതും ആ ബസിന്റെ ഗ്ലാസ്സ് ഡോറ് ഞങ്ങള്‍ക്കു മുന്നിലായി ആട്ടോമാറ്റിക്കായി ക്ലോസ്സാവുകയും, അതിനുള്ളിലിരുന്ന് ആ ഡ്രൈവറ് ഞങ്ങളെ നോക്കി ഒരു സോറി സ്മൈല്‍ പാസാക്കുകയും അതിനെ തുടര്‍ന്ന് എന്റെ ചേട്ടായി മോനെ നിലത്തു വച്ച് കിതച്ചു കൊണ്ട് “കൊരങ്ങന്‍, ആ ഡ്രൈവറ് മലയാളിയാന്നാ തോന്നണേ” എന്നുറക്കെ ആത്മഗതം നടത്തുകയും ചെയ്തു. "

ഓട്ടം കലക്കി..:)

മലയാളിയല്ല പാരാളി എന്നാ പറയേണ്ടത്..;)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ പെങ്ങളും അളിയനും പിള്ളേരും സകുടുംബം ബസ്സിന്റെ പുറകേ ഓടീട്ടും സഹായിക്കാനാ മണലാരണ്യത്തില്‍ ആങ്ങളമാരാരുമില്ലായിരുന്നോ?

ജിജ സുബ്രഹ്മണ്യൻ said...

ഇതു ഞങ്ങളും സ്ഥിരം നടത്തിയിരുന്ന കലാപരിപാടി തന്നെ.. അന്നും ആങ്ങളമാര്‍ വേണ്ടി വന്നു ബസ് ഒന്നു നിര്‍ത്തിക്കാന്‍..എന്തായലും കലക്കി അല്‍ഫൊന്‍സക്കുട്ടീ..
ഈ ചേച്ചിക്ക് കേറാന്‍ ഒരു മണിക്കൂറ്, ഇറങ്ങാന്‍ രണ്ടു മണിക്കൂറ്, ഇതൊക്കെ എവടന്നു വരണാവോ” ഇടക്കിടക്കു കേള്ക്കാറുള്ള ഡയലോഗ് ബ്ലോഗ്ഗില്‍ കേള്‍ക്കാന്‍ പറ്റിയല്ലോ..

--xh-- said...

ഞങ്ങളും കുറെ നാള്‍ ഈ കലാപരിപാദി പ്രാക്റ്റിസ് ചെയ്തിരുന്നു :-)
ഇപ്പൊ അതൊക്കെ ഓര്‍ക്കുംബൊം നല്ല രസം. വയികിട്ടു ക്രയ്സ്റ്റ് കൊളെജിനു മുന്നില്‍ എത്ര പ്രാവശ്യം ബസ് തടയാന്‍ കൂഡിയെക്കണു. അതൊക്കെ ഒരു കാലം..... :)

രസികന്‍ said...

സാരമില്ല നമ്മുടെ നാടുവിട്ട് ദുബായിൽ പോയിട്ടും ഓടാനുള്ള ഭാഗ്യമുണ്ടായല്ലൊ ...

അടുത്ത ഒളിമ്പിക്കിൽ നമുക്ക് ഒരു ഓലമടലെങ്കിലും നേടാം ട്ടോ .... കുട്ടി കരയണ്ടാ ട്ടോ...


കലക്കി .

..:: അച്ചായന്‍ ::.. said...

“ഞാന്‍ വണ്ടി ഓടിക്കണത് പിടിച്ചിലെങ്കി നീ കേറി ഓടിക്ക്”
അമ്മോ ചിര്ച്ചു പോയെ :D എന്തായാലും ഒരു മെഡല്‍ പോയില്ലേ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല
പോയത് പോട്ടെ അടുത്ത ഓട്ടത്തിന് ഒന്നു സ്പീഡില്‍ ഓടി നോക്ക് മെഡല്‍ ഇല്ലേ ഉറപ്പായും ഒരു മടല്‍ എങ്കിലും കിട്ടും :D

അഭിലാഷങ്ങള്‍ said...

ശക്തൻ തമ്പുരാൻ ബസ്സ് സ്റ്റാന്‍ഡില് ബസ്സ് കാത്തു നിക്കുമ്പോ, ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില് കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാൻ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി..

ഇത് വായിച്ച് ഞാനൊരു വൺ മിനിറ്റ് വണ്ടറടിച്ചു! ഈ ശക്തൻ തമ്പുരാൻന്ന് പറേണആൾ പഴയ രാജ രാജ വർമ്മയദ്ദേഹമല്യോ…? ത്രിശ്ശൂരോ മറ്റോ കൊട്ടാരമൊക്കെയുള്ള കൊച്ചിയിലെ രാജാവ്! അയാളെന്തിനാണാണാവോ അല്ഫോൺസക്കുട്ടീടെ കൂടെ ബസ്സ് കാത്ത് നിന്നത്? എ.ഡി 1800 ൽ ലെ കാര്യമായിരിക്കും പറഞ്ഞത്.. അപ്പോ അല്ഫോൺസക്കുട്ടീടെ വയസ്സെത്ര? 208 വയസ്സോ? ഇനീതിപ്പോ, ‘സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി‘ എന്നൊക്കെ പറയുന്നത് പോലെ ‘സാക്ഷാൽ ശ്രീമതി അല്ഫുണ്ണിയോ‘ മറ്റോ ആണോ കർത്താവേ…..!!??

-യെന്നൊക്കെ ചിന്തിച്ചു ഒരു ഏക്ക് മിനിട്ട്!

പിന്നെ, ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ മെഡൽ നേടിക്കൊടുക്കാൻ കഴിയാത്തതിൽ..അല്ഫോൺസക്കുട്ടീ…, അഫ്സോസ് കീ കോയീ ബാത്ത് നഹീ…, ക്യോംകി, 2012 ലെ ലണ്ടൻ ഒളിമ്പിക്സിനു വേണ്ടി ഞാൻ ഇപ്പോഴേ പരിശീലനം തുടങ്ങാൻ തീരുമാനിച്ചു. ഷൂട്ടിങ്ങ് ഇനങ്ങളിൽ 8 ഗോൾഡാ ലക്ഷ്യം. ലീവിനു നാട്ടിൽ പോയാൽ ഗണപതിവിലാസം ആട്സ് & സ്പോർട്ട് ക്ലബ്ബിൽ ഒരു മാസത്തെ തീവ്രപരിശീലനം. വെടിവെപ്പ് പ്രാക്റ്റീസ്.. മരണ പ്രാക്റ്റീസ്! നാലു കൊല്ലം കഴിയട്ടെ.. ഇന്ത്യയിലേക്ക് ഒരു ഗോൾഡ് മെഡൽ ഞാനെത്തിക്കും. എനിക്കഥവാ കിട്ടീല്ലേൽ കിട്ടിയവന്റെ കൈയ്യീന്ന് തട്ടിപ്പറിച്ചിട്ടെങ്കിലും എത്തിക്കും…! നസീറങ്കിൾ പറയും പോലെ ഇത് സത്യം ..സത്യം.. അ..സത്യം!!!

ഓഫ് ടോപ്പിക്കേ: അല്ഫോൺസക്കുട്ടി ബസ്സിന്റെ പുറകെ ഓടിയിട്ടല്ലേ പ്രശസ്തയായത്? എന്റെ കാര്യം പറയുകയാണേൽ ബസ്സിന്റെയുള്ളിൽ ഓടിയിട്ടാ പ്രശസ്തനായത്! കേൻ യൂ ബിലീവിറ്റ്? ബിലീവാൻ പറ്റുന്നില്ലല്ലേ? ബിലീവിയേ മതിയാവൂ!

അതായത്, പണ്ട് പത്താം ക്ലാസിൽ പഠിക്കുന്ന (?) കാലത്ത്, സ്പെഷ്യൽ ക്ലാസിനു പോയി വരികയായിരുന്നു. പിള്ളേരില്ലാത്ത അവധിദിവസമായതിനാൽ ‘കിളി‘യിരിക്കുന്ന ലോങ്ങ് സീറ്റ് ഗംബ്ലീറ്റ് ഗാലി. മറ്റ് സീറ്റുകളിൽ ആളുണ്ടെങ്കിലും ബസ്സിന്റെ നടുക്കുള്ള ഒഴിഞ്ഞ സ്ഥലം ക്രിക്കറ്റ് പിച്ച് പോലെ കാലി! ലോങ്ങ് സീറ്റിലിരുന്നാൽ മുന്നിലെ ഗ്ലാസിലൂടെ ഡയറക്റ്റ് വ്യൂ! ആഹാ… പിള്ളേർക്കൊന്നും ഇത്തരം സൌഭാഗ്യം 25 പൈസ പാസ് കൊടുത്താൽ ആ കാലത്ത് കിട്ടുമായിരുന്നില്ല. ഏതായാലും, ഈ അപൂർവ്വ നേട്ടം ആഘോഷിക്കാൻ അവിടെ വിസ്തരിച്ചിരിന്നു.ഞാൻ ഒറ്റക്ക് ഒരു ലോ‍ാ‍ാ‍ാങ്ങ് സീറ്റിൽ. ജിങ്ക് ജക്കാ!! കൈയ്യിലുള്ള 2 ബുക്ക് എടുത്ത് സീറ്റിന്റെ ജോയ്ന്റിന്റെ ആ ഭാഗത്ത് തിരുകി, എവിടെയും പിടിക്കാതെ, മധ്യതിരുവിതാംകൂറിലെ മഹാരാജാവിനെപ്പോലെ സീറ്റിന്റെ മധ്യത്തിലിരിപ്പായി. ബസ്സ് ഒരു 40-50 സ്പീഡിൽ പോകുവായിരുന്നു.. അപ്രതീക്ഷിതമായി റോഡ് കൂളായി ക്രോസ് ചെയ്യുകയായിരുന്ന ഒരു ചേരയെ രക്ഷിക്കാനായി ആ കശ്മലൻ ഡ്രൈവർ ഒരു ഹലാക്കിന്റെ ബ്രേക്ക് ചവിട്ടിയത് ഓർമ്മയുണ്ട്. പിന്നെ, ‘ഹയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.….‘ ന്നും പറഞ്ഞ് ഒരു പ്രത്യേകരീതിയിലുള്ള ഒരു ആക്ഷനിലൂടെ, മുന്നിലെ വിജനമായ ഇടനാഴിയിലൂടെ, ബാലൻസില്ലാതെ, ഞാൻ ഡ്രൈവറുടെ സമീപം ഗിയറിന്റെ അടുത്തുള്ള ആ എഞ്ചിൻ ബോക്സിന്റെമേൽ ശിവലിങ്കത്തെ കെട്ടിപ്പിടിച്ച് ധ്യാനിക്കുന്ന ശിവഭക്തനെപോലെ സാഷ്ടാങ്കപ്രണാമം നടത്തി! …യെല്ലാം വളരെ പെട്ടന്നായിരുന്നു. ആകെപ്പാടെ ഒരു തരിപ്പ്! എല്ലാരും ചിരിക്കണു. ചമ്മിയ മുഖവും വിങ്ങിയ ഹാർട്ടും അല്പം തോലു പൊളിഞ്ഞ കാലുമായി ഞാൻ മന്ദം മന്ദം എണീറ്റ് പിറകിലേക്ക് തന്നെ നടന്നു. അപ്പോൾ ഡ്രൈവർ പുഞ്ചിരിച്ചത് കണ്ട് എനിക്ക് വേദനിച്ചില്ല, ബട്ട്, ബസ്സിലെ കിളി എന്നെ നോക്കിയൊരു വളിച്ച ഒരിളി! അത് കണ്ടപ്പോൾ ഖൽബിനകത്തൊരു നേരിയ വേദന… ബട്ട്, ദിസ് ടൈം എന്റെ അപാരബുദ്ധി ഉണർന്നു. ഞാൻ ലോങ്ങ് സീറ്റിൽ ഇറുക്കിവച്ചിരുന്ന എന്റെ 2 ബുക്ക്, ‘ഹും….’ ന്നും പറഞ്ഞ് കൈയ്യിലെടുത്തു. എന്നിട്ട് , അടുത്ത സ്റ്റോപ്പിലിറങ്ങാനായി എണീറ്റ ഒരു അപ്പൂപ്പന്റെ സീറ്റിൽ പോയിരുന്നു. സീറ്റിന്റെ മുകളിൽ ‘വികലാംഗർ’ എന്ന് മലയാളത്തിലും ‘Handicapped’ എന്ന് ഇംഗ്ലീഷിലും എഴുതിയത് ഞാൻ മൈന്റ് ചെയ്തതേയില്ല..!!! ങാഹാ എന്നോടാ കളി!?

ഓഫ് അഥവാ മൂഡോഫ്:

ഞാനന്ന് ബസ്സിനുള്ളിൽ ഓടിയ ആ പ്രത്യേകതരം ഓട്ടം ഇന്ന് ഒളിമ്പിക്സിൽ പോലും ഇല്ലാത്ത തരം ഒരു ഓട്ടമത്സരമായിരുന്നൂന്ന് ബസ്സിലുണ്ടായിരുന്ന ബാർബർ കുമാരേട്ടൻ പിന്നീട് പറഞ്ഞപ്പോ എനിക്ക് പിന്നേം ആശയായി. ഈ ആക്ഷനിലുള്ള ഒരു ഓട്ടമത്സരം ഒരു ഒളിമ്പിക്സ് ഐറ്റമായിരുന്നെങ്കിൽ… ഞാൻ…!! ഒളിമ്പിക്സ്!! എന്റെ ഇന്ത്യ….!! ഒരു ഗോൾഡ് മെഡൽ…!!

:(

മലമൂട്ടില്‍ മത്തായി said...

കെ കെ മേനോന്‍ പിള്ളാര്‍ക്ക് വേണ്ടി ഒരിക്കലും നിര്താരില്ലലോ. അവര്കിട്ടു ഒരുപാടു തവണ കല്ലെരിഞ്ഞുള്ള പരിചയം വെച്ചു പറഞ്ഞതാണെ. ആ കല്ലെലാം പെറുക്കി കൂട്ടി വെച്ചു ഒരുമിചോരെരു കൊണ്ടുതിരുനെങ്ങില്‍ ഒളിമ്പിക്സില്‍ ഷോട്ട് പുട്ട് സ്വര്‍ണം ഞാന്‍ വാങ്ങിയേനെ.

എന്തായാലും നല്ല രസികന്‍ എഴുത്ത്.

ജിവി/JiVi said...

ഈ രണ്ട് ഓട്ടവും അല്‍ഫോന്‍സക്കുട്ടിയേക്കാള്‍ പരിചയിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് പറയുവാ..

കുട്ടിക്കും ഇന്ത്യക്കും സ്വര്‍ണ്ണം നഷ്ടമായത് ഓട്ടത്തില്‍ മാത്രമല്ല. ഡെക്കാത് ലാണ്‍, ഹര്‍ഡിത്സ് എന്നീ ഇനങ്ങളെയും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു.

smitha adharsh said...

ദുബായി പോയിട്ടും...ഈ ഓട്ടം ഓടിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.എന്‍റെ ഒരു ചിരകാല അഭിലാഷമാണ് ഈ ദോഹയിലെ "കര്‍വ" ബസിനുള്ളില്‍ കയറുക എന്നത്. അത് സാധിക്കാതെ ഞാന്‍ ഇവിടന്നു നേരെ നരകത്തില്‍ എത്തുമോ ആവോ?

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ത്രിശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തു നിക്കുമ്പോ ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി,

ഈ പറഞ്ഞ സംഭവം എനിക്കും കഴിഞ്ഞ തവണ ഉണ്ടായി..പക്ഷെ, അത് ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു അല്ലായിരുന്നു.വടക്കേ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു.സ്റ്റാന്റ് ഏതായാലും ഉണ്ടായ സംഭവം ഒന്നു തന്നെ കേട്ടോ..

പറയാന്‍ വിട്ടു.പോസ്റ്റ് വായിച്ചു ചിരിച്ചു,കുടലിന്റെ സ്ക്രൂ ഒന്നു ഊരിപ്പോയി.മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്.

PIN said...

ജീവിതം തന്നെ ഒരു ഓട്ടം ആണല്ലോ? നിർത്താതെ ഓടുക... ഞാൻ എന്റെ ഓട്ടം പൂർത്തിയാക്കി എന്ന് അവസ്സനം പറയാമല്ലോ...

ആശിഷ രാജേഷ് said...

നീലപ്പാവാടേം വെള്ള ഷര്‍ട്ടും..രാവിലേം വൈകിട്ടും ബസ്സിനു പുറകേയുള്ള ഓട്ടം..അതിനെടേല്‍ മുതുകില്‍ കിടന്നു പിന്നിലേക്കുവലിക്കുന്ന ബാഗ്...എല്ലാം ഒന്നൂടിഓര്‍ത്തു.

Anil cheleri kumaran said...

നല്ല എഴുത്ത്
രസകരമായി വായിക്കാന്‍ പറ്റുന്നു.
ഒളിമ്പിക്സിനെപറ്റിയാണെന്നു കരുതിയാണു വായിച്ചത്
അവസാനമാ കാര്യം പിടികിട്ടിയത്.

Rare Rose said...

ഹി...ഹി..അല്ഫൂണ്ണീ..,..രസിച്ചൂ ട്ടാ..എന്റെ സ്കൂള്‍ അടുത്തായതോണ്ടു ഇപ്പറയുന്ന പരാക്രമ ഓട്ടങ്ങളൊന്നും നടത്തേണ്ടി വന്നില്ല...അതോണ്ടിപ്പോ നന്നായില്ലേ..അല്ലെങ്കില്‍ അല്ഫുണ്ണിയെ പോലെ ഞാനുമൊരു കിടിലന്‍ ഓട്ടക്കാരിയാവേണ്ടി വരില്ലേ ..എന്നിട്ടു ഇതു പോലെ കൈമോശം വന്ന മെഡലിനെ കുറിച്ചോര്‍ത്ത് ദുഖിക്കേണ്ടീം വരില്ലേ...അതോണ്ട് ഞാന്‍ ഡബിള്‍ ഹാപ്പി..:)

annamma said...

തൃശ്ശൂര്‍ - വാടാനപ്പിള്ളി റൂട്ടിലോടുന്ന മൂകാംബിക ബസിലെ കിളിയെ ഓര്‍ത്തു പോയി ഈ പോസ്റ്റ് വായിച്ചപ്പോള്‍. പിള്ളേരോട് കുറച്ച് ദയയുള്ള ട്ടൈപ്പ്‌ ആയിരുന്നു. 4 കൊല്ലം മുന്പും നാട്ടില്‍ ചെന്നപ്പോല്‍ അതേ ബസില്‍ തന്നേ അയാളേ കണ്ടു.
ithu polathe ormakal puthukuna post iniyum poratee alphu

മുസാഫിര്‍ said...

ഓര്‍മ്മകള്‍ നന്നായി.കിളികള്‍ ഇല്ലാതെ , സ്റ്റോപ്പുകളില്‍ നിര്‍ത്തി പതുക്കെ ആളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്ന കെ കെ മേനോന്റെ പച്ച വണ്ടി ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.

Unknown said...

പറഞ്ഞിട്ടെന്തു കാര്യം!!! കാര്‍ന്നോന്‍‌മാര്‍ പറയുന്നതാ കറക്ട്.. ഇന്ത്യക്കു യോഗമില്ലാണ്ടായി പോയി ...
അല്‍‌ഫൂട്ടി ഓട്ടം നിര്‍‌ത്തണ്ട... ഓടി ഓടീ എങ്ങാനും പി.ടി അല്‍‌ഫു ആയാലോ??? ഇന്ത്യേടെ ഭാഗ്യം തെളിയുന്നതു ചെല്ലപ്പൊ അങ്ങനെയാവും...

കുടും‌ബസമ്മേതം ഓടി "ഒളിമ്പിക്‍സ് ഫാമിലി" ആവാന്‍ നോക്കികൂടെ? ഒളിമ്പിക്‍സിലെ ആദ്യ മലയാളി കുടുംബം എന്നു പറഞ്ഞു ഏഷ്യാനെറ്റുക്കാര്‍ ടി.വി.യില്‍ കാണിക്കും :) :)

ഓ.ഡോ: പണ്ടു പത്രത്തില്‍ "യുവതികള്‍ ചേര്‍ന്നു ബസ് തടഞ്ഞു" എന്നു വല്ല വാര്‍ത്തയും വായിച്ചതായി ഓര്‍ക്കുന്നുണ്ടോ ബൂലോഗരേ!!

Unknown said...

പാര :
ഈ അഭിലാഷ് പി. കെ ഈ കമന്റ് എഴുതുന്ന നേരത്തു രണ്ടു പോസ്റ്റെഴുതിയിരുന്നേല്‍...
ഹ്മ്മ്മ്മ്... കാര്‍ന്നോന്‍‌മാര്‍ പറഞ്ഞതു പോലെ ആ ചെക്കന്‍ യോഗമില്ല..

(എക്‍സ്ക്ലൂസീവായി തല്ലുകൊള്ളാന്‍ യോഗമില്ലാന്നു)... :)

(പോസ്റ്റീലേലും മേടിച്ചു കൂട്ടുന്നുണ്ടല്ലോ, ല്ലേ? ;) )

ടിയാന്‍ പത്താം ക്‍ളാസില്‍ പോയ കാര്യം ഇപ്പോള്‍ ഒരു പത്തിരുപതു ബ്ലോഗുകളില്‍ കമന്റായി കിടപ്പുണ്ടാവും :)... സത്യാവസ്ഥ എന്താണാവോ എന്തോ?

:: VM :: said...

ങ്ങനെ പോയാ അബിലാഷക്ക് മെഡലു കിട്ടും , അടുത്തു തന്നെ.. ആരേലും നല്ല കവളി മടലെടുത്ത് കൊടുക്കും ;)

പോസ്റ്റ് കൊഴപ്പല്യാട്ടാ, ഒരു ഫെമിനിസ്റ്റ് സൈഡീന്നു നോക്ക്യാല്‍ രസിക്കും ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ അല്ലൂ‍സേ, ഇങ്ങനേം ഉണ്ടോ ഒരോട്ടം? ബസ്സ്സിനു പിറകേ ഓട്ടമൊക്കെ ആദ്യം ഞാനും നടത്തിയിരുന്നു. പിന്ന്നെ അത് മൊതലാവില്ലെന്നു മനസ്സിലാക്കി ഒരു പണിയൊപ്പിച്ചു.അതൊരു പോസ്റ്റായി വരുമ്പോ വായിച്ചാ മതീട്ടൊ

നല്ല രസികന്‍ എഴുത്ത്

അയ്യോ അഭിലാഷ് പത്താം ക്ലാസ്സ് കഴിഞ്ഞതാണോ? ശ്ശൊ കഷ്ടായിപ്പോയി. അങ്ങനെത്തന്നെ വേണം

കാപ്പിലാന്‍ said...

അയ്യേ ,,ഈ കൊച്ച് എപ്പോഴും ഇങ്ങനെ പറയൂ .ദുബായില്‍ ഒക്കെ ഒരു കാറില്ലെങ്കില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് ഇല്ലെങ്കില്‍ കുഞ്ഞേ ,കേള്‍ക്കുന്നവര്‍ക്കെങ്കിലും ഒരു കുറച്ചിലല്ലേ /ചേട്ടനോട് പറയണം ഒരു കാറ് വാങ്ങാന്‍ .പിന്നെ ഈ ഓട്ടം നിര്‍ത്താമല്ലോ .ഇതൊന്നും ഇല്ലെങ്കിലും വീട്ടില്‍ ഒരു കമ്പു ഉണ്ടല്ലോ അല്ലേ :)
ആ അല്ഫുണ്ണി എന്ന പേരങ്ങ് എസ്ടബ്ലിഷ് ആയല്ലോ :)

Anonymous said...

ചേച്ചി, പോസ്റ്റ് വായിച്ചപ്പോള്‍ മനസ് ഒരു പാടു പിറകിലോട്ടു പോയി. ഇപ്പോഴും ഞാനും എന്റെ ചേച്ചിയും ഓടി കയറിട്ടുള്ള എല്ലാ ബസുകളുടെയും പേരുകള്‍ ഓര്‍മയുണ്ട്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ. ഒരു എട്ടു പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിഅതത്തിന്റെ ഒരു ഭാഗംയിരുന്നു തൃശൂര്‍ ബസ്സ് സ്ടണ്ടുകളെല്ലാം. ഇവിടെ മസ്കാടില്‍ ഇരുന്നു അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍. എത്ര ആലോച്ചിട്ട് നോക്കിയിട്ടും അതൊക്കെ കഴിഞ്ഞു എന്നോ അങ്ങന്യൊക്കെ ഉണ്ടായിരുന്നു എന്നോ മനസു സമ്മതിക്കുന്നില്ല. ഇന്നത്തെ ദിവസം ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എനിക്ക്.

keerthi said...

ചേച്ചീ.... കലക്കീ...ട്ടാ




----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----

Lajeev said...

ഇത്‌ വായിച്ച്‌ കഴിഞ്ഞപ്പോള്‍ അല്‍ഫോന്‍സ കുട്ടി ഇന്ത്യന്‍ ഫ്ളാഗ്‌ പിടിച്ച്‌ മാര്‍ച്ച്‌ ചെയ്യുന്നത്‌ ഓര്‍ത്തുപോയി...



അത്‌ എണ്റ്റെ യോഗം :(

അല്ഫോന്‍സക്കുട്ടി said...

അക്ബര്‍ബുക്സ് - കഥ എഴുതാത്തതിന്റെ ഒരു കുറവുണ്ടായിരുന്നു. ഇനി അതുംകൂടി ചെയ്യാന്‍ പൂവാ.

പ്രയാസി - എന്തു പറ്റീ, പാരാളികളുടെ പാര സഹിക്കാന്‍ പറ്റാണ്ടായോ.

കുട്ടിചാത്തന്‍ - ചാത്തന്റെ ഒരു കുറവുണ്ട് ഇവടെ.

കാന്താരിക്കുട്ടി - താങ്ക് യൂ, താങ്ക് യൂ.

എക്സെച്ച് - കലാപരിപാടികളൊന്നും നിര്‍ത്തരുത്.

രസികന്‍ - ഓലമടലെങ്കില്‍ അങ്ങനെ. നമുക്കെന്തെങ്കിലുമൊക്കെ കിട്ട്യാ മതി.

അച്ചായന്‍ - അച്ചായോ അപ്പോ പറഞ്ഞ പോലെ ഒരു മടല്‍.

അഭിലാഷങ്ങള്‍ - ഞാന്‍ വിശ്വസിച്ചു അഭിലാഷങ്ങള്‍ പത്താം ക്ലാസില്‍ പോയിട്ടുണ്ടെന്ന്. നസീറങ്കിളാണെ ഇത് സത്യം സത്യം അ സത്യം.

മത്തായി - മത്തായിച്ചാ തമ്മില്‍ ഭേദം തൊമ്മന്‍ എന്നല്ലേ, കെ.കെ. മേനോന്‍ ആ തൊമ്മന്‍ ആയിരുന്നു.

ജിവി - ജിവിക്ക് കാര്യങ്ങള്‍ ശരിക്ക് മനസ്സിലായി. വെരി ഗുഡ്.

സ്മിത - എന്റെ എല്ലാ ആശംസകളും ചിരകാലാഭിലാഷമായ ആ ദോഹ കര്‍വ ബസ്സിനുള്ളില്‍ കയറാന്‍ പറ്റട്ടെയെന്ന്. വേറെ ഒരു ആശയുമില്ലല്ലേ.

ശ്രീ said...

ഒളിമ്പിക്സിനു “ബസ്സിനു പിറകേ ഓട്ടം” എന്ന ഐറ്റം ഇല്ലാതിരുന്നത് കഷ്ടമായിപ്പോയി.

അഭിലാഷ് ഭായ്‌യുടെ കമന്റും വായിച്ച് ചിരിച്ചു. :)

ബിന്ദു കെ പി said...

“ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി”

കോളേജ് പഠിത്തമൊക്കെ കഴിഞ്ഞ് ഒരിക്കല്‍ അതേ ബസ്സില്‍ ഫുള്‍ ചാര്‍ജ്ജും കൊടുത്ത് മാന്യമായി ഇരുന്ന് യാത്രചെയ്തപ്പോഴാണ് എനിയ്ക്ക് ഈ പറഞ്ഞ സംഭവമുണ്ടായത്.കാരണം ഒരിയ്ക്കലും സീറ്റില്‍ ഇരിയ്ക്കാന്‍ അവര്‍ സമ്മതിയ്ക്കാറില്ലല്ലോ.

അല്ഫോന്‍സക്കുട്ടി said...

pin - അതെ, അതു പറയാന്‍ വേണ്ടിയാണ് ഞാന്‍ ഓടുന്നത്.

ആശിഷ - അയ്യോ, ബാഗിനെ പറ്റി എഴുതാന്‍ ഞാന്‍ മറന്നു പോയി. ഇനിയിപ്പോ എന്താ ചെയ്യാ.

കുമാരന്‍ - നന്ദി, വീണ്ടും വരിക.

റോസ് - ബസ്സിന്റെ പിന്നാലെ ഇതു വരെ ഓടിയിട്ടിലെങ്കില്‍ ഇനിയെങ്കിലും ഓടുക. ഇതൊക്കെ ഭയങ്കര രസമുള്ള പരിപാടിയാണ് പീന്നീട് ഓര്‍ക്കാന്‍.

അന്നാമ്മ - ഒരു താടി വച്ച കിളിയല്ലേ. എനിക്കും ഓര്‍മ്മയുണ്ട്.

മുസാഫിര്‍ - സന്തോഷം.

ടെസ്സി - അപ്പോ ഇനി ഒളിമ്പിക്സ് ഫാമിലി ആവാന്‍ നോക്കാല്ലേ. താങ്ക് യൂ ഫോര്‍ ദി ഐഡിയ.

വി.എം - അതു തന്നെയാ എന്റെയും ആഗ്രഹം, അഭിലാഷക്ക് ഒരു മടല്. താങ്ക് യൂ.

പ്രിയ - പ്രിയക്കുട്ടിയുടെ ഓട്ടം സ്പെഷ്യല്‍ പോസ്റ്റിനായി കാത്തിരിക്കുന്നു.

കാപ്പിലാന്‍ - കാപ്പിലാന്‍ സാറേ, കാറ് 2-3 എണ്ണമുണ്ട്, ഡ്രൈവിങ്ങ് ലൈസന്‍സും പാര്‍ക്കിങ്ങും കിട്ടാനില്ല.

അനോണി - നൊസ്റ്റാള്‍ജിക്കായി പോയല്ലേ. സാരല്ല്യാ എല്ലാം ശരിയാവും

കീര്‍ത്തി - താങ്ക് യൂട്ടാ.

ശ്രീ - തേങ്ങാ സ്പെഷ്യലിസ്റ്റ് എവടെ പോയീന്ന് വിചാരിച്ചിരിക്കായിരുന്നു. ലേറ്റായാലും വന്നതില്‍ സന്തോഷം.

ബിന്ദു കെ.പി - സീറ്റിലിരിക്കണമെങ്കില്‍ ഫുള്‍ചാര്‍ജ് കൊടുത്താല്‍ മാത്രം പോരാ, അത്യാവശ്യം പ്രായമായിട്ടുണ്ടാവണം, അല്ലെങ്കില്‍ എണീറ്റ് കൊടുക്കണ്ടി വരും.

നിസ്സാറിക്ക said...

നാലാം ക്ലാസ്സില്‍ പടിക്കുന്ന സമയത്ത് കുറേനാള്‍ ബസ്സില്‍ സഞ്ചരിക്കേണ്ടതായി വന്നപ്പോള്‍ കുട്ടികളെ
കയറ്റാതെ പോകുന്ന ബസ്സുകള്‍ ഞങ്ങള്‍ പീക്കിരി പിള്ളേര്‍ റോഡിന്റെ നടുക്ക് കേറിനിന്നു തടഞ്ഞു നിര്‍ത്തി.
കൊല്ലം ജില്ലയിലെ ഏഴംക്കുളം എന്ന സ്ഥലത്തായിരുന്നു സംഭവം. ഹര്‍ത്താലും, ഘൊരാവൊയും ഒക്കെ
ഒളിമ്പിക്സിലെ മത്സര ഇനങ്ങള്‍ ആയിരുന്നെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാരിക്കൂട്ടി മടുത്തേനെ..

നിസ്സാറിക്ക

Sapna Anu B.George said...

ഒരു പാവം - ഒരു കെട്ട്യോനും, 2 കുട്ട്യോളും, ഒരു വീടും, ഒരു ബ്ലോഗും മാത്രം സ്വന്തമായുള്ള ഒരു പാവം ക്ടാവ്.‘ ക്ടാവ് ‘ അല്ലല്ലോ ‘കിടാവ് ‘ അല്ലെ?.
എന്നു 3 കിടാങ്ങളും 1ഭര്‍ത്താവും ഉള്ള മറ്റൊരു‘ഹോം മിനിസ്റ്റര്‍’,ഇവിടെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം’“കുടിക്കാന്‍ എന്താ’ചയയോ, കാപ്പിയോ... അതോ തണുത്ത മോരും വെള്ളം“....

പിരിക്കുട്ടി said...

alphonsa kuttene parichayappetathil santhosham....
ishtayitto....
njaan ithonnu arichu perukkattee ........

മാംഗ്‌ said...

2012-ൽ ലണ്ടനിൽ ഒന്നു ട്രൈ ചെയ്തു നോക്കു കൊടകരയ്ക്കൊരു സ്വർണ്ണം കിട്ടിയാലോ

അപരിചിത said...

nannayitundu
estapettu ketto!

eniyum verum!!!

:)
happy blogging!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“എന്തെരപ്പീ എഴുതിയിരിക്കണത്.മനതിലാവണില്ലല്ലോ?”
നന്നായിരിക്കുന്നു.ഇനിയും എഴുതൂ....
വെള്ളായണി