Tuesday, November 11, 2008

മിസ് ജാനകി – ഒരു പ്രേതം

“കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാംഗോയുടെ ഒറ്റ പേരേ ഓര്‍മ്മയുള്ളൂ – ഫ്രൂട്ടി“ എന്നു പറയണ പോലെ കുട്ടിക്കാലം മുതലേ ഞങ്ങള്‍ക്കെല്ലാ‍വര്‍ക്കും പ്രേതം എന്നു കേട്ടാല്‍ ഒറ്റ പേരേ ഓര്‍മ്മ വരികയുള്ളൂ – ജാനകി.

ജാനകി ഞങ്ങളുടെ നാട്ടിലെ ഫെയ്മസ് പ്രേതമാണ്. മിസ് ജാനകിയെ പറ്റി പറയുകയാണെങ്കില്‍ സുന്ദരിയും സുമുഖിയും സുശീലയുമായ ഒരു ഹിന്ദു നായര്‍ യുവതി : ജാനകി, ഞാന്‍ ജനിക്കുന്നതിനു മുമ്പേ ജീവിച്ചു മരിച്ചവള്‍ : ജാനകി, പ്രേതങ്ങളുടെ ഇടയില്‍ ഒരു സൌന്ദര്യമത്സരം നടത്തിയാല്‍ മിസ് യൂണീവേഴ്സ് ആയില്ലെങ്കിലും മിസ് കേരളയാവാന്‍ എന്തു കൊണ്ടും യോഗ്യതയുള്ളവള്‍ ജാനകി. ജീവിതത്തിലെന്തോ വിഷമം വന്നപ്പോള്‍ വിഷമം മാറ്റാനായി സ്വന്തം വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി നോക്കിയതാണ് ജാനകി, പിന്നെ പൊങ്ങുന്നത് ജാനകി പ്രേതമായിട്ടാണ്. എനിക്കിതുവരെ ജാനകിയെ നേരില്‍ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ലാ, രാത്രി സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരാണ് ജാനകിയുടെ സ്ഥിരം പ്രേക്ഷകര്‍. ഒരു ജാതി സാധാരണ പ്രേതങ്ങളുടെ പോലെ ആള്‍ക്കാരെ വെറുതെ പേടിപ്പിക്കുന്ന പണിയൊന്നുമില്ലാ നമ്മുടെ ജാനകിക്ക്, വെള്ള സാരിയുടുത്ത് നിലം വരെ മുട്ടുന്ന മുടി അഴിച്ചിട്ട് റോഡിന്റെ സൈഡിലുള്ള മുനിസിപ്പാ‍ലിറ്റി വക പൊതുപൈപ്പീന്ന് ഒരു കുടത്തില്‍ വെള്ളം പിടിച്ച് പുഞ്ചിരിച്ചു കൊണ്ട് സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവരെ എതിരേല്‍ക്കുകയാണ് മിസ് ജാനകിയുടെ മെയിന്‍ ഹോബി, സെക്കന്റ് ഷോ കഴിഞ്ഞു വരുന്നവര്‍ക്ക് ജാനകി അവരോട് സിനിമാകഥയും സിനിമയിലെ ഹീറോയും ഹീറോയിനും ആരൊക്കെയാ എന്നു ചോദിക്കുന്നത് വരെയുള്ള കാര്യങ്ങളേ ഓര്‍മ്മയുള്ളൂ, അപ്പോഴേക്കും അവരൊക്കെ ബോധം കെട്ടു റോഡില്‍ തന്നെ കിടന്നുറങ്ങും. പിന്നെ നേരം വെളുക്കുമ്പോ ജാനകിയെ കുറിച്ചുള്ള കുറെ പുതിയ കഥകള്‍ റിലീസാവും.

ജാനകിയെ കുറിച്ചുള്ള കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ട് ഞാനൊക്കെ രാത്രി ഏഴുമണി കഴിഞ്ഞാല്‍ പരസഹായമില്ലാതെ ഒരു റൂമില്‍ നിന്ന് മറ്റൊരു റൂമിലേക്ക് പോകാറില്ലാ, പേടിച്ചിട്ടൊന്നുമല്ലാ, ഒരു ധൈര്യക്കുറവ്. മിസ് ജാനകി രാത്രിസഞ്ചാരം തുടങ്ങുന്നതിന്നു മുമ്പ് ചില ക്ലൂസ്സൊക്കെ തരും, അകലെ നിന്നും പട്ടിയുടെ ഓലിയിടല്‍ ശബ്ദം, പാലപൂവിന്റെ മണം, പോരാത്തതിന് പാദസരത്തിന്റെ ശബ്ദവും. അന്നാണെങ്കില്‍ പാദസരം ഫാഷനായി നില്‍ക്കുന്ന കാലം, ഞങ്ങള്‍ നാലെണ്ണവും ഒരു കാലിലെങ്കിലും പാദസരം ഇട്ടു നടക്കുന്ന സമയം, ഒരു പാദസരം കളിക്കാന്‍ പോകുമ്പോ പറമ്പിലോ കുളത്തിലോ കളഞ്ഞുപോയിട്ടുണ്ടാവും. രാത്രി ഉറക്കത്തില്‍ ചേച്ചിമാര്‍ അങ്കടുമിങ്കടും തിരിഞ്ഞു കിടക്കുമ്പോ പാദസരം കിലുങ്ങി ശബ്ദമുണ്ടാക്കാന്‍ തുടങ്ങും, അതോടെ മനുഷ്യന്റെ ഉറക്കം പോവും, പിന്നെ പട്ടി കുരക്കാതെ തന്നെ ഞാന്‍ പട്ടിയുടെ ഓലിയിടല്‍ ശബ്ദം കേക്കാന്‍ തുടങ്ങും, അധികം വൈകാതെ പാലപൂവിന്റെ മണവും പരക്കാന്‍ തുടങ്ങും. അപ്പോ ഞാന്‍ ഒന്നൂടെ കുരിശു വരച്ച് പ്രാര്‍ത്ഥന എത്തിച്ച് അമ്മച്ചിയെ കെട്ടിപിടിച്ച് അമ്മച്ചീടെ മേത്ത് കാലും കേറ്റി വച്ച് സുഖമായി ഉറങ്ങാന്‍ തുടങ്ങും.

പിന്നീട് ഇത്തിരി വലുതായി ഡ്രാക്കുളയുടെ പോലത്തെ ഇംഗ്ലീഷ് ഹൊറര്‍ മൂവികള്‍ കണ്ടു തുടങ്ങിയതോടെ എനിക്ക് ജാനകി പ്രേതത്തെ ഒരു മൈന്‍ഡില്ലാതെയായി, പേടി പോയിട്ട് ജാനകി പ്രേതത്തെ നേരില്‍ കണ്ടാല്‍ വരെ ‘ഹലോ, ഹായ്, ഹൌ ഡു യു ഡു’ എന്നൊക്കെ ചോദിക്കാന്‍ മാത്രം ധൈര്യമായി. അക്കാലത്ത് പവര്‍കട്ടിന്റെ സമയത്ത് ഞങ്ങളുടെ വീടിന്റെ ചുറ്റുപ്രദേശത്തുള്ള വീടുകളിലെ അമ്മച്ചിമാര്‍ കറന്റ് പോയാലുടനെ ഞങ്ങളുടെ വീടിന്റെ മതിലിന്റെ അവിടെ വന്നിരുന്ന് ഞങ്ങടെ വീട്ടിലെ എമര്‍ജന്‍സി ലൈറ്റിന്റെ വെളിച്ചത്തില്‍ കൂട്ടം കുടിയിരുന്ന് അന്നു വച്ച കൂട്ടാന്റെ വിശേഷങ്ങളും പലചരക്ക് സാധനങ്ങളുടെ വിലയും അത്യാവശ്യം പരദൂഷണവും പറഞ്ഞിരിക്കും. കുട്ടികളെല്ലാവരും കൂടി കളിക്കും, അങ്ങനെ ഇരുട്ടത്ത് ഓടികളിച്ച് ഒരു കുട്ടി വീണപ്പോള്‍ ഞങ്ങള്‍ കളി നിര്‍ത്തി പവര്‍കട്ടിന്റെ നേരത്ത് കഥ പറച്ചില്‍ തുടങ്ങി, കുട്ടികളുടെ കൂട്ടത്തില്‍ മൂത്ത കുട്ടിയായ എനിക്കാണ് കഥ പറയണ ഡ്യൂട്ടി, ഞാനങ്ങനെ എന്റെ ഭാവനയിലും സങ്കല്പത്തിലും നൂറ് നൂറ് പ്രേതങ്ങളെ സൃഷ്ടിച്ച് ഓരോ ദിവസവും ഓരോ പ്രേതകഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു, അതൊക്കെ അവര്‍ ശ്വാസം പിടിച്ചിരുന്ന് കേക്കും. കറന്റ് വന്നാല്‍ എല്ലാരും അവരവരുടെ വീടുകളില്‍ പോയി കുടുംബപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങും, അന്നുവരെ പ്രാര്‍ത്ഥനയുടെ സമയത്ത് ഉറക്കം തൂങ്ങിയും കളിച്ചും ഇരുന്നിരുന്ന കുട്ടികള്‍, എന്റെ കഥ പറച്ചില്‍ തുടങ്ങിയ അന്നു തൊട്ട് ഉറങ്ങാതെ കളിക്കാതെ ആത്മാര്‍ത്ഥമായി കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ഉറങ്ങുന്നതിനു മുമ്പ് വീണ്ടും 3-4 പ്രാവശ്യം പ്രാര്‍ത്ഥിക്കാനും തുടങ്ങി. അതോടെ ആ കുട്ടികളുടെ അമ്മച്ചിമാര്‍ക്ക് എന്നെ പറ്റി ഭയങ്കര ഇമ്പ്രഷനായി, പറഞ്ഞതനുസരിക്കാതെ പ്രാര്‍ത്ഥിക്കാതെ നടന്നിരുന്ന അവരുടെ കുട്ടികള്‍ ഞാന്‍ കാരണം ഭക്തി മാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു.

നന്ദിയില്ലാത്ത പ്രേതങ്ങള്‍! പാല്‍ തന്ന കൈക്ക് തന്നെ കൊത്തി, ഞാന്‍ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത പ്രേതങ്ങള്‍ പിന്നീട് രാത്രികാലങ്ങളില്‍ അവരുടെ സൃഷ്ടികര്‍ത്താവായ എന്നെ വന്ന് പേടിപ്പിക്കാന്‍ തുടങ്ങി. കല്ല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും ഒറ്റക്ക് താമസിക്കുന്ന കാലം, ചേട്ടായിക്ക് ന്യൂസ് പേപ്പര്‍ പ്രിന്റിങ്ങ് ഫീല്‍ഡില്‍ ജോലി ആയതുകൊണ്ട് ഇടക്ക് നൈറ്റ് ഷിഫ്റ്റില്‍ പോകേണ്ടി വരും, അങ്ങനെ ഞാന്‍ രാത്രി ഒറ്റക്ക് വീട്ടിലിരിക്കുന്ന താപ്പ് നോക്കി ഞാന്‍ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത പ്രേതകഥകളിലെ നായികമാര്‍ എഴുന്നള്ളും. അതോടെ ഞാന്‍ വേഗം ബൈബിളും, കുരിശ്ശും കട്ടിലിന്റെ ഒരു സൈഡിലും, ഒരു കൊന്ത മേത്തും, ഒരു വടി കട്ടിലിന്റെ മറ്റേ സൈഡിലും വെച്ച് കിടക്കും. എനിക്ക് പേടിയായിട്ടല്ലാ, എന്നെ പേടിപ്പിക്കാന്‍ വരുന്ന പ്രേതത്തെ പേടിപ്പിക്കാനാ‍യിട്ട്. അപ്പോ ഞാന്‍ പറഞ്ഞുവന്നത് കുട്ടികളെ വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കരുത്.

ഒരു സന്തോഷവാര്‍ത്ത – ദീപാവലി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ അപ്പറത്തെ വീട്ടിലെ ചേച്ചി എനിക്ക് ഒരു പാത്രം നിറച്ച് ഹൈദ്രബാദി ദം ബിരിയാണി തന്നു. കാത്തിരുന്നതിന് ഫലമുണ്ടായി, അത്രക്കും സൂപ്പര്‍ ടേസ്റ്റായിരുന്നു. ചേച്ചിയെ ഞാന്‍ വാനോളം പുകഴ്ത്തി, ഇനിയെപ്പോ ചേച്ചി ബിരിയാണി ഉണ്ടാക്കിയാലും എനിക്കുള്ള പാഴ്സല്‍ ഓട്ടോമാറ്റിക്കായി വീട്ടിലെത്തും. എന്റെ ‘ഹൈദ്രബാദി ദം ബിരിയാണി’ പോസ്റ്റില്‍ പറഞ്ഞ പോലെ ‘ഒടുക്കത്തെ ബുദ്ധിമാന്‍ അവാര്‍ഡ്‘ ജേതാവായി ചന്ദ്രകാന്തം ചേച്ചിയെ പ്രഖ്യാപിച്ചിരിക്കുന്നു. ചന്ദ്രകാന്തം ചേച്ചി പറഞ്ഞ പോലെ ക്ഷമയോടെ കാത്തിരുന്നു സാധനം കിട്ടി. ചേച്ചിയെ നേരില്‍ കാണുമ്പോള്‍ ഞാന്‍ കപ്പലണ്ടി മുഠായി നല്‍കി ആദരിക്കുന്നതായിരിക്കും.