Thursday, July 24, 2008

ആരും തല്ലരുത് പ്ലീസ്

ആരും തല്ലരുത് പ്ലീസ്. ബ്ലോഗിലെ ഓരോ കവിതകള്‍ വായിച്ച് എന്റെ ഉള്ളിലെ കവയിത്രി ഞെട്ടി ഉണര്‍ന്നു, ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ എന്നു പറയണ പോലെ, നാല് ഇരട്ട കവിട്ടകള്‍ക്ക് ജന്മം നല്‍കി (വിതയുമല്ലാ, പാട്ടുമല്ലാ, അതോണ്ടാ കവിട്ട എന്നു പേരിട്ടത്, അപ്പോ പിന്നെ നോ ഇഷ്യൂ), അപ്പോഴെക്കും ഞാന്‍ കവയിത്രിയെ അനസ്തേഷ്യാ കൊടുത്തു മയക്കി ഉറക്കത്തിലേക്ക് തിരിച്ചയച്ചു, ഫലമോ കവിട്ടകള്‍ അനാഥരായി അമ്മതൊട്ടിലില്‍ താഴെ കിടക്കുന്നു. ഇവരെ പോലെയുള്ളവര്‍ പിറന്നാലെ നിങ്ങളുടെ കവിതകള്‍ എത്ര മനോഹരവും കാവ്യഭംഗിയുമുള്ളതാണെന്ന് ജനം അറിയൂ. അതിനു വേണ്ടിയാണ് എന്നെ പോലെയുള്ളവര്‍ കവിട്ട എഴുതുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്കും ഉണ്ടാവില്ലേ കവിത എഴുതാനൊക്കെ ഒരു ആഗ്രഹം, അതുകൊണ്ട് ആരും തല്ലരുത് പ്ലീസ്.

തല്ലുകൊള്ളി

തന്തയും തള്ളയും തല്ലിയില്ലാ
ചേട്ടനും ചേച്ചിയും തല്ലിയില്ലാ
നാട്ടുകാരാരും തല്ലിയില്ലാ
തല്ലു കൊള്ളാത്തൊരു കുട്ടിയാ ഞാന്‍
തല്ലിപൊളിയാമൊരു കുട്ടിയാ ഞാന്‍!

(തെറ്റിന്ധരിക്കരുത്, ഇത് എന്നെ പറ്റിയല്ലാ)

തേങ്ങേടെ മുണ്ട്

ടി.വി. ഓഫാക്കി പോയിരുന്നു പഠിക്കെടാ നാലക്ഷരം
ചൊല്ലി ഞാനെന്റെ നാലു വയസ്സുകാരനാം പുത്രനോട്
ടി.വി. ഓഫാക്കി സത്പുത്രന്‍ എന്നെ നോക്കി റിപ്ലൈ ചെയ്തു
തേങ്ങേടെ മുണ്ട്
അന്തം വിട്ട എന്നെ നോക്കി അവന്‍ വീണ്ടും മൊഴിഞ്ഞു
മമ്മിച്ച് ദേഷ്യം വരുമ്പോ പറയാമെങ്കില്‍ എനിച്ചും പറയാം.
തേങ്ങേടെ മുണ്ട്
ചിരിച്ചു കൊണ്ട് ഞാനവന്റെ തെറ്റു തിരുത്തി കൊടുത്തു
തേങ്ങേടെ മുണ്ട് അല്ലാ മകനെ, തേങ്ങേടെ മൂട്
മലയാളിയാം അവനെ ശുന്ധമലയാളം പഠിപ്പിക്കേണ്ടത്
അവന്റ്മ്മയാം എന്റെ കടമയല്ലേ!


ഫാമിലി

കെട്ട്യോനും ഉണ്ട്
കുട്ട്യോള്‍ക്കും ഉണ്ട്
കെട്ട്യോള്‍ക്ക് മാത്രം ഇല്ലാ
എന്താത്? വിവരം

മുട്ട

കോഴി തന്നില്ലാ എനിക്കൊരു കോഴിമുട്ട
താറാവ് തന്നില്ലാ എനിക്കൊരു താറാമുട്ട
ആന തന്നില്ലാ എനിക്കൊരു ആനമുട്ട
എന്റെ ടീച്ചറ് മാത്രം തന്നു എനിക്ക്
ഓരോ വിഷയത്തിനും ഓരോ മുട്ട


പുതപ്പ്

തണുക്കുന്നു തണുക്കുന്നു,
തണുത്തു ഞാന്‍ വിറക്കുന്നു
പുതപ്പെവിടെ, പുതപ്പെവിടെ
പുതക്കാനായി പുതപ്പെവിടെ
തണുപ്പുമില്ലാ, പുതപ്പുമില്ലാ
എല്ലാം എന്റെ തോന്നല്‍ മാത്രം


ദുബായ്

എല്ലാ നിറത്തിലും, സൈസിലും, ഷെയ്പിലുമുള്ള
ആളുകളും, കാറുകളും, കെട്ടിടങ്ങളും
തിങ്ങി നിറഞ്ഞൊരു മഹാനഗരം
അതാണെനിക്കിന്ന് ദുബായ്
ചുട്ടു പൊള്ളും മനസ്സുമായ് ജീവിക്കും പ്രവാസി തന്‍
ചൂട് നെഞ്ചിലേറ്റു വാങ്ങിയ നഗരമാണെനിക്കിന്ന് ദുബായ്
ഹീറ്ററ് ഓണാക്കാതെ തന്നെ നാലു നേരവുമെനിക്ക്
ചൂടു വെള്ളം തരുന്നൊരു നഗരമാണെനിക്കിന്ന് ദുബായ്


ഐസ് ക്രീം

ക്രീം ക്രീം ഐസ് ക്രീം
വായിലും തേക്കാം
മുഖത്തും തേക്കാം
ക്രീം ക്രീം ഐസ് ക്രീം
വായില്‍ തേച്ചാല്‍ എന്തു രസം
മുഖത്തു തേച്ചാല്‍ എന്തു ഭംഗി
ക്രീം ക്രീം ഐസ് ക്രീം

ഈശ്വരന്‍

ഞാന്‍ അവന്റെ മാത്രമാണ്
അവനോ എല്ലാരുടേതും
ആരാണ് ആ അവന്‍
അവനാണ് ഈശ്വരന്‍.


ഇത് വായിക്കുന്നവര്‍ വല്ലോരും ബോധം കെട്ടു വീഴുമോന്നറിയാന്‍ ഞാന്‍ ഇതെന്റെ പ്രിയതമനെ കൊണ്ടു തന്നെ ആദ്യം വായിപ്പിച്ചു നോക്കി. ഭാഗ്യം! പുള്ളിക്കാരന്‍ ബോധം കെട്ടില്ലാ, ഒന്നും പറഞ്ഞുമില്ലാ, പകരം എന്നെ നോക്കി മനോഹരമായ ഒരു ചിരി ചിരിച്ചു, പക്ഷേ മുഖത്ത് നവരസങ്ങളിലൊന്നും പെടാത്ത ഒരു ഭാവം. എന്തായിരിക്കും ആ ചിരിയുടെ, ആ ദശരസത്തിന്റെ അര്‍ത്ഥം.???????

Monday, July 21, 2008

ഹൈദ്രബാദി ദം ബിരിയാണി

ദുബായിലെ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇവിടത്തെ ചൂടൊന്നുമല്ലാ, പിന്നെയോ ഹൈദ്രബാദി ദം ബിരിയാണിയാണ്. ഞങ്ങള്‍ താമസിക്കുന്ന ഷെയറിങ്ങ് ഫ്ലാറ്റില്‍ ഞങ്ങടെ തൊട്ടടുത്ത റൂമില്‍ താമസിക്കുന്നത് ആന്ധ്രപ്രദേശിലെ ഹൈദ്രബാദില് നിന്നുള്ള ഒരു തെലുങ്ക് ഫാമിലിയാണ്. ഒരു ചേട്ടനും ചേച്ചിയും 10 വയസ്സുള്ള ഒരു മോളും. ആ ചേച്ചിക്ക് ഒരു പണിയുമില്ലാ, വെറുതെ ഇടക്കിടക്ക് മോളില്‍ പറഞ്ഞ ബിരിയാണി ഉണ്ടാക്കി കൊണ്ടിരിക്കും, മനുഷ്യനെ കൊതി പിടിപ്പിക്കാന്‍. ഞങ്ങളുടേത് കോമണ്‍ കിച്ചണാണ്, പോരാത്തതിന് കിച്ചണിന്റെ നേരെ ഓപോസിറ്റാണ് ഞങ്ങളുടെ റൂം. ചേച്ചി ബിരിയാണി ഉണ്ടാക്കി തുടങ്ങുമ്പോഴേക്കും ഫ്ലാറ്റിലാകെ അതിന്റെ കൊതിപ്പിക്കുന്ന മണം പരക്കും. ആ മണം കേട്ടാല്‍ പിന്നെ എനിക്ക് ഇരിക്കപൊറുതിയുണ്ടാവില്ല. (വായില്‍ വെള്ളം നിറഞ്ഞിട്ട് അന്നത്തെ ദിവസം വെള്ളം വരെ കുടിക്കണ്ടി വരില്ല). ഞാനുടനെ കിച്ചണിലേക്ക് പ്രവേശിച്ച് ചേച്ചിയുമായി കുശലപ്രശ്നങ്ങള്‍ തുടങ്ങും “ഇന്ന് ബിരിയാണിയാ സ്പെഷല്‍, ചേച്ചി നല്ല എക്സ്പെര്‍ട്ടാണല്ലോ ബിരിയാണി ഉണ്ടാക്കാന്‍, ചേച്ചി ബിരിയാണി ഉണ്ടാക്കണ സ്മെല്ല് കേട്ടാല്‍ കൊതിയാവും, എനിക്ക് ബിരിയാണി ഭയങ്കര ഇഷ്ട്മാണ് പക്ഷേ എനിക്ക് ശരിക്ക് ബിരിയാണി ഉണ്ടാക്കാ‍നറിയില്ലാ“. ഇതൊക്കെ കേട്ടാല്‍ ആ ചേച്ചി ഒരു വലിയ പാത്രം എടുത്ത് കഴുകി തുടച്ച് അതില് ഫുള്ള് ബിരിയാണി നിറച്ച് ‘ഇന്നാ അല്ഫോന്‍സക്കുട്ടീ, എന്റെ ബിരിയാണി കഴിച്ചു നോക്ക്, നിനക്ക് ബിരിയാണി നല്ല ഇഷ്ടമാണെന്നല്ലേ പറഞ്ഞത്“” എന്നു പറഞ്ഞ് എനിക്ക് തരേണ്ടതല്ലെ? അതല്ലേ അതിന്റെ ശരി, നിങ്ങളു തന്നെ പറ.

പക്ഷെ ഈ ചേച്ചിക്ക് നോ മാനേഴ്സ് . ഞാനിത്രക്കും ക്ലൂ കൊടുക്കുമ്പോ ഏതു പൊട്ടനും മനസ്സിലാവും ഇവളീ പറയണതൊക്കെ ബിരിയാണി കിട്ടാനാണെന്ന്. പക്ഷേ ഈ ചേച്ചി ഭയങ്കര നിഷ്കളങ്കയായി പോയി, മനുഷ്യമനസ്സുകളെ മനസ്സിലാക്കാനുള്ള സാമാന്യ മനശാസ്ത്രമോ, സൈക്കോളജിയോ ഒന്നും വശമില്ലാതെ പോയി. ഞങ്ങടെ ബോംബെയിലുള്ള വീട്ടില്‍ അപ്പറത്തു താമസിക്കുന്ന പഞ്ചാബി ചേച്ചിയോട് ‘ഇന്ന് പാവ് ബാജിയാണോ ഉണ്ടാക്കിയത്, നല്ല മണം വരുന്നുണ്ടല്ലോ‘ എന്നൊരു വാക്കു പറഞ്ഞാല് മതി അഞ്ചു മിനുട്ടില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും തിന്നാനുള്ള പാവ് ബാജി ചേച്ചി വീട്ടില്‍ കൊണ്ടു വന്നു തരും. ഈ ചേച്ചി ബിരിയാണി ഉണ്ടാക്കി കഴിഞ്ഞ് അതും കൊണ്ട് ചേച്ചിയുടെ റൂമിലേക്ക് ഒറ്റ പോക്കാണ്. അപ്പോ എനിക്ക് സങ്കടം വരും എന്റെ അമ്മച്ചി ഉണ്ടാക്കണ ബിരിയാണി ഓര്‍മ്മ വരും. ഉടനെ ഞാന്‍ ഫോണെടുത്ത് എന്റെ ചേട്ടായിക്ക് ഓഫീസ് വിട്ടു വരുമ്പോ വാങ്ങിച്ചു കൊണ്ടു വരാനായി ഒരു ബിരിയാണി പാഴ്സലിന് ഓര്‍ഡറ് കൊടുക്കും. അന്നട്ടും സമാധാനം കിട്ടിയില്ലെങ്കില്‍ ഞങ്ങടെ താഴെയുള്ള ബേറൂട്ട് റെസ്റ്റോറന്റ്റില്‍‍ പോയി ഒരു ചിക്കന്‍ ഷവര്‍മ വാങ്ങിച്ചു തിന്നും.

എന്നാലും ഈ ചേച്ചിയെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, അങ്ങനെയാണ് ഞാന്‍ വേറൊരു ഐഡിയ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ചേച്ചി ബിരിയാണി ഉണ്ടാക്കുന്ന ദിവസം ഞാനെന്തെങ്കിലും ഉണ്ടാക്കി ചേച്ചിക്ക് കൊടുത്തയക്കുക, അപ്പോ ചേച്ചി പാത്രം തിരിച്ചു തരുമ്പോ അതില്‍ ബിരിയാണി ഇട്ടു തരും. എപ്പടി എന്റെ ഐഡിയ! പക്ഷേ ഏറ്റില്ലാ. ഞാന്‍ റവ ലഡു ഉണ്ടാക്കി കൊടുത്തയച്ച് ബിരിയാണിക്കായി കാത്തിരുന്നു. ചേച്ചി ബിരിയാണിയൊക്കെ തിന്നു കഴിഞ്ഞ് പിറ്റേ ദിവസം ആ പാത്രത്തില്‍ നാട്ടിലത്തെ ബന്ധു വന്നപ്പോ കൊണ്ടു വന്നതാണെന്ന് പറഞ്ഞ് എന്റെ പാത്രത്തില്‍ അരി മുറുക്ക് തന്നു, എനിക്ക് തീരെ ഇഷ്ടമ്മില്ലാത്ത സാധനം. അടുത്ത പ്രാവശ്യം ഞാന്‍ നാട്ടില്‍ ചക്ക വരട്ടണതുപോലെ ദുബായിലെ ചക്കയായ ഈന്തപഴം വരട്ടി അലുവ പോലെയാക്കി അതിന്റെ മോളില്‍ അണ്ടിപരിപ്പും ബദാമും വച്ച് അലങ്കരിച്ച് കൊടുത്തയച്ചു. പകരം കിട്ടിയത് മാമ്പഴം, ചേച്ചിയുടെ ആങ്ങള ദുബായ് മാര്‍ക്കറ്റിലാണത്രേ. അങ്ങനെ അതും പൊളിഞ്ഞു.

അപ്പോ എന്റെ കെട്ട്യോന്‍‍ എന്നോടു ചോദിച്ചു നിനക്ക് ആ ചേച്ചിയോട് ബിരിയാണിയുടെ റെസിപ്പി ചോദിച്ച് അതു പോലെ ഉണ്ടാക്കികൂടെ എന്ന്. കാര്യം ശരിയാണ് അങ്ങനെ ചെയ്താല്‍ മതി, പക്ഷേ വല്ലോരും വച്ചുണ്ടാക്കി സ്നേഹത്തോടെ തരുന്നത് കഴിക്കുമ്പോഴുള്ള സുഖം, തന്നെ വച്ചുണ്ടാക്കി കഴിക്കുമ്പോ കിട്ടില്ലാ. മാത്രമല്ലാ ഞാനുണ്ടാക്കിയാല്‍ ബിരിയാണിക്ക് ആ ടേസ്റ്റ് കിട്ടുമെന്ന് യാതൊരു ഗാരണ്ടിയുമില്ലാ. എന്റെ പാചകത്തിന്റെ കാര്യം പറയാണെങ്കില് പാചകറാണിയായ എന്നെ നോക്കി എന്റെ ചേട്ടായി പറയും നിന്റെ സാമ്പാര്‍ കഴിച്ച് ഞാന്‍ ഒറിജിനല്‍ സാമ്പാറിന്റെ ടേസ്റ്റ് തന്നെ മറന്നു പോയി എന്നു. ഓരോ പ്രാവശ്യം വക്കുമ്പോഴും എന്റെ സാമ്പാറിന് ഓരോ ടേസ്റ്റാവും. അത് ശരിക്കുമൊരു വലിയ കഴിവല്ലേ?, ഒരേ ചേരുവകള്‍ ഉപയോഗിച്ച് ഓരോ പ്രാവശ്യം വ്യത്യസ്ത രീതിയില്‍ സാമ്പാറ് തയ്യാറാക്കുന്നത്, എപ്പഴും ഒരേ സാമ്പാറ് കഴിച്ചാല്‍ മടുക്കില്ലേ, പക്ഷേ ചുള്ളനത് മനസ്സിലാവില്ലാ. ചിലപ്പോ പുള്ളിക്കാരന്‍ എന്നോട് ചോദിക്കും ഇത് സാമ്പാറാണോന്ന്, അപ്പോ ഞാന്‍ സാമ്പാറിന്റെ പേര് മാറ്റി ഇത് ‘മിക്സഡ് വെജിറ്റബിള്‍ കറി വിത്ത് പുളി‘ ആണെന്ന് പറയും, അപ്പോ മൂപ്പര്‍ക്ക് ഇത്തിരി സമാധാനം കിട്ടും. ഒരു പ്രാ‍വശ്യം ഞാന്‍ സാമ്പാറുണ്ടാക്കിയപ്പോ പുള്ളിക്കാരന്‍ പറയാ നിന്റെ അവിയല്‍ കൂട്ടാന്‍ നന്നായിട്ടുണ്ടെന്ന്, അതു കേക്കുമ്പോ എന്റെ മുഖം ഇഡ്ഡ്ലിക്കരച്ച മാവു പോലെയും വട്ടേപ്പത്തിനു കലക്കി വച്ച മാവു പോലെയും വീര്‍ത്തു വീര്‍ത്തു വരും. അതിനു ശേഷം ഇന്ന് ഏതു കൂട്ടാനാ ഉണ്ടാക്കിയതെന്ന് ചോദിച്ചിട്ടേ പുള്ളിക്കാരന്‍ നന്നായിട്ടുണ്ടെന്ന് പറയാറുള്ളൂ. സാമ്പാറിന്റെ കാര്യത്തില്‍ മാത്രമേ പ്രശ്നമുള്ളൂ, നോണ്‍-വെജൊക്കെ ഞാന്‍ അസ്സലായി വക്കും, ബിരിയാണി ഒഴിച്ച്!.

ഞാനുണ്ടാക്കുന്ന സാധനങ്ങളില്‍ ചേച്ചിക്ക് ആകെ ഇത്തിരി ഇഷ്ടം തോന്നിയിട്ടുള്ളത് നമ്മുടെ പൂട്ടിനോടാണ്. അതു മാത്രം ചേച്ചി മുമ്പ് തിന്നിട്ടില്ലാന്ന് തോന്നണു. ഞാന്‍ പൂട്ടും കുറ്റിയും പിടിച്ച് നിക്കുമ്പോ ചേച്ചിയുടെ വിചാരം ഞാനെന്തോ റോക്കറ്റ് വിക്ഷേപിക്കാന്‍ പോവാണെന്നാണ്. ഇനി അടുത്ത പ്രാവശ്ശ്യം ചേച്ചി ബിരിയാണി ഉണ്ടാക്കുമ്പോ പൂട്ടുണ്ടാക്കി കൊടുത്തയച്ചാലോന്ന് വിചാരിച്ചു. പക്ഷേ ഒരു പ്രശ്നം പൂട്ട് കൊടുത്തയക്കുമ്പോ അതിന്റെ കൂടെ കടല കറി ഉണ്ടാക്കി കൊടുത്തയക്കണം, പിന്നെ പൂട്ടും കടലയും കൂട്ടി തിരുമ്മി എങ്ങനെയാ തിന്നാന്ന് പഠിപ്പിക്കണം. അതൊക്കെ വലിയ പാടാണ്. അതുകൊണ്ട് വളരെയധികം ചിന്തിച്ചതിനു ശേഷം ഞാനൊരു തീരുമാനത്തിലെത്തി. ഞാനീ സുവര്‍ണ്ണാവസരം നിങ്ങള്‍ക്കു വിട്ടു തരുന്നു. നിങ്ങളുടെ ബുന്ധി ഉപയോഗിച്ച് “ചേച്ചി ഇത്തിരി ബിരിയാണി തരോ” എന്ന് ഡയറക്റ്റായി ചോദിക്കാതെ തന്നെ ചേച്ചിയുടെ കയ്യീന്ന് ബിരിയാണി കിട്ടാനുള്ള സൂത്രം എഴുതി എനിക്കയച്ചു തരിക. ഏറ്റവും നല്ല ഐഡിയ അയക്കുന്ന ആള്‍ക്ക് സമ്മാനമായി ‘ഒടുക്കത്തെ ബുന്ധിമാന്‍ അവാര്‍ഡും ശിലാഫലകവും‘ അയച്ചു തരുന്നതാണ്, മാത്രമല്ലാ ഞാനെപ്പോ ബിരിയാണി തിന്നുമ്പോഴും ആ ഭാഗ്യവാനെ സ്നേഹത്തോടെ സ്മരിക്കുന്നതാണ്. യു നോ, ഏന്‍ ഐഡിയാ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്, സോ ബി ഹറി, ഡോണ്ട് വേസ്റ്റ് ടൈം, യൂസ് യുവര്‍ കുരുട്ട് ബുന്ധി.

ഇതൊക്കെയാണെങ്കിലും ആ ചേച്ചിയോട് എനിക്കും ആ ചേച്ചിക്ക് എന്നോടും ഭയങ്കര ഇഷ്ടമാണ്. ചോറും പാലുമൊക്കെ അടുപ്പത്തു വച്ച് റൂമില്‍ വന്നിരുന്ന് ടി.വി. കാണുന്ന എന്നെ വാതിലില്‍ മുട്ടി പാല്‍ തിളക്കാറായെന്ന് ഓര്‍മ്മപ്പെടുത്തുന്നതും അരി തിളച്ചു പോവുമ്പോ എന്റെ ഗ്യാസ്സ്സ്റ്റൌ ഓഫാക്കുന്നതും ആ ചേച്ചിയാണ്. ഷെയറിങ്ങ് ഫ്ലാറ്റിനെ അതിന്റെ ശരിയായ മീനിങ്ങില്‍ എനിക്ക് മനസ്സിലാക്കി തന്നത് ചേച്ചിയാണ്. ചേച്ചിയുടെ ഫെയറി (ഡിഷ് വാഷിങ്ങ് ലിക്വിഡ്) കഴിയുമ്പോ ചേച്ചി കൂളായിട്ട് അപ്പറത്തെ വീട്ടുകാരുടെ ഫെയറി എടുത്തുപയോഗിക്കും. ഒരു ദിവസം ചേച്ചിയുടെ ഗ്യാസ് കഴിഞ്ഞപ്പോള്‍ അടുത്ത വീട്ടുകാരുടെ ഗ്യാസ് സ്റ്റൌവില്‍ ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കി. ആ വീട്ടുകാരാണെങ്കില്‍ വനാന്തരത്തില്‍ കാണപ്പെടുന്ന അപൂര്‍വ്വ ഇനം ഔഷധചെടി എന്നൊക്കെ പറയണ പോലെ വല്ലപ്പോഴും ഒരു വെള്ളിയാഴ്ചയേ കിച്ചണിലേക്ക് വരികയുള്ളൂ. എന്നാലും അന്യന്റെ മൊതല്‍ ഒരു ഒന്നര രണ്ടു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കില്ലാ എന്ന് ചേച്ചിക്ക് നിര്‍ബന്ധമുണ്ട്. പഞ്ചസാരയോ പച്ചമുളകോ കഴിഞ്ഞിരിക്കണ നേരത്ത് പെട്ടെന്ന് ആവശ്യം വന്നാല്‍ ഉടനെ വെയിലത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വേടിക്കണ്ട ആവശ്ശ്യമില്ലാന്ന് ചേച്ചി എന്നോട് ഈ സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

ഷെയറിങ്ങ് ഫ്ലാറ്റിലെ ജീവിതം കൊണ്ട് എനിക്ക് വേറെയും ഗുണങ്ങളുണ്ടായി. എന്റെ ചേട്ടായി ഇപ്പോ എന്നെ ശബ്ദം കുറച്ചെ ചീത്ത പറയാറുള്ളൂ, അതും ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ മാത്രം. എനിക്ക് ഇടക്കൊക്കെ പുള്ളിക്കാരന്റേന്ന് ഓരോ ഡോസ് കിട്ടിയിലെങ്കി ഭയങ്കര മനപ്രയാസമാണ്. പണ്ടൊക്കെ ഏതെങ്കിലും ടി.വി. പ്രോഗ്രാം കണ്ട് എനിക്ക് വട്ടിളകി ഞാന്‍ ഡാന്‍സും പാട്ടുമൊക്കെ തുടങ്ങുമ്പോ കാണാന്‍ പ്രേക്ഷകരുണ്ടാവില്ല, ചേട്ടായീം പിള്ളേരുമൊക്കെ ‘ദേ തൊടങ്ങി’ എന്നു പറഞ്ഞ് വേറെ മുറിയിലേക്ക് എണീറ്റ് പോകുകയാണ് പതിവ്. ഇപ്പോ ഞാനെന്റെ റിയാലിറ്റി ഷോ തുടങ്ങിയാല്‍, റൂം കുറെ വലിപ്പമുണ്ടെങ്കിലും ഒറ്റ റൂമായ കാരണം പോവാന്‍ സ്ഥലമില്ലാ, അവിടെയിരുന്ന് എന്റെ കഴുതരാഗം ആസ്വദിക്കുകയേ നിവ്രുത്തിയുള്ളൂ. പിന്നെയൂള്ള ഒരു ഗുണം നമ്മുടെ മേല്പറഞ്ഞ ചേച്ചി ഉണ്ടാക്കുന്ന ഓരോ കൂട്ടാന്റെ മണം കേട്ടാല്‍ നമ്മക്ക് കൂട്ടാനുണ്ടക്കണ്ട ആവശ്യമില്ലാ, ആ മണവും മൂക്കില്‍ വലിച്ചു കേറ്റി പച്ച ചോറ് വാരിവലിച്ചുണ്ണാം, വേണങ്കി ഒരു മുട്ട പൊരിച്ചതും ഇത്തിരി മോരും ആവാം.

ഷെയറിങ്ങ് ഫ്ലാറ്റാണെങ്കിലും ഇവിടെ വാടകക്ക് വലിയ കുറവൊന്നുമില്ലാന്നു മാത്രമല്ലാ വളരെ കൂടുതലുമാണ്, റൂമിന്റെ വാടകയുടെ കാര്യം പറയുമ്പോള്‍ ചേട്ടായീടെ മിഴികള്‍ ഈറനണിയും, തൊണ്ട അടയും, ശബ്ദം ഇടറും. അപ്പോ ഞാന്‍ ചേട്ടനെ എന്റെ മനോഹരമായ കുയില്‍ നാദത്തില്‍ ‘അപ്പഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ‘ എന്ന പാട്ടു പാടി ആശ്വസിപ്പിക്കും. ആ കഥ അടുത്ത ലക്കം.

Monday, July 14, 2008

അല്ഫോന്‍സക്കുട്ടി ഇന് ദുബായ്

അസ്ലാമു അലൈക്കും. ഗഫൂര്‍ക്കാ പഠിപ്പിച്ചു തന്ന അറബിയും കയ്യി‍ല് പിടിച്ച് ദുബായില്‍ ലാന്‍ഡ് ചെയ്തിട്ട് മാസം രണ്ടായി. ഞാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോ എന്റെ ചേട്ടന്‍ സിനിമാ നടന്‍ ജയനെ പോലെ ചോന്ന ഷര്‍ട്ടും വെള്ള പാന്റും ഇട്ട് കയ്യും വിരിച്ച് പിടിച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ നോക്കി പാട്ടു പാടുകയാണ് “മാടപ്രാവെ വാ, ഒരു കൂടു കൂട്ടാന്‍ വാ, ഈ ദുബായ് നഗരവും ഉഷ്ണക്കാലവും, ഷെയറിങ്ങ് ഫ്ലാറ്റും ജീവിതചെലവും കാത്തിരിക്കുന്നു നിന്നെ”. ഞാന്‍ സീമ ചേച്ചിയുടെ പോലെ 32 പല്ലും പുറത്തു കാട്ടി ചിരിച്ചു കൊണ്ട് സ്ലോ മോഷനില്‍ എന്റെ ചേട്ടന്റെ അടുത്തേക്ക് ഓടി ചെന്നു. എയര്‍പോര്‍ട്ടില്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു………………. ഭാഗ്യം! പ്ലെയിനിലിരുന്ന് ഉറങ്ങിയപ്പോ ഞാന്‍ സ്വപ്നം കണ്ടതാണ്. എന്റെ ചേട്ടനങ്ങനെ ശരിക്കും പാട്ടു പാടിയിരുന്നെങ്കില്, ഞങ്ങള്‍ക്ക് കുടുംബമടക്കം വന്ന ഫ്ലൈറ്റില് തന്നെ ഇന്ത്യയിലേക്ക് തിരിച്ചു പോരണ്ടി വന്നേനേ. കല്ല്യാണം കഴിഞ്ഞിട്ട് ഇത്ര കൊല്ലമായിട്ടും മൂപ്പര് ഒരു പാട്ട് പാടണത് ഞാന്‍ ഇതു വരെ കേട്ടിട്ടില്ലാ, കുടുംബപ്രാര്‍ത്ഥനയുടെ അവസാനം പാടണ ഒരു പ്രാര്‍ത്ഥനാ ഗാനമൊഴിച്ച്, ആ പാട്ടു തന്നെ കര്‍ത്താവായിട്ട് സഹിക്കണതാണ്.

ഹിന്ദി സിനിമകളൊക്കെ കണ്ടിട്ട് എന്റെ വലിയ ഒരു സ്വപ്നമായിരുന്നു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നായിക ലഗേജ് വച്ച ട്രോളിയൊക്കെ ഉന്തി കയ്യ് വീശി കാണിച്ച് തന്നെ കാത്തു നില്‍ക്കുന്ന ഹീറോയെ നോക്കി ചിരിച്ചു കൊണ്ടു ഓടി ചെല്ലുന്ന പോലെ എനിക്കും ചേട്ടായീടെ അടുത്തേക്ക് അതു പോലെ സ്റ്റൈലില്‍ ചെല്ലണമെന്ന്, കുട്ട്യോള്‍ക്കാണെങ്കില് അവരുടെ ഡാഡി അവരുടെ പേരും എഴുതിയ ബോര്‍ഡ് പിടിച്ച് അവരെ കാത്തു നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞങ്ങളവിടെ എത്തിയപ്പോ “പൊടി പോലുമില്ല കണ്ടുപിടിക്കാന്‍” എന്നു പറഞ്ഞ പോലെ ആ പരിസരത്തൊന്നും ആളെ കണ്ടെത്തിയില്ല. അങ്ങനെ എന്റെ ആ സ്വപ്നം തകര്‍ന്നു തരിപ്പണമായി. പുള്ളിക്കാരന്‍ ഞങ്ങളെ കാത്തു കാത്തു നിന്ന് ഫ്ലൈറ്റ് ഡിലേ ആയപ്പൊ സങ്കടം സഹിക്കാണ്ട് കോഫി കുടിക്കാന്‍ പോയതാണ്. പിന്നെ ആറേഴു മാസക്കാലം ഞാന്‍ കൂടെയില്ലാണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെ ആഘോഷിച്ചു നടന്ന ദിവസങ്ങള്‍ അവസാനിക്കാന്‍ പോവാണല്ലോ എന്നോര്‍ത്തപ്പോള്‍ പുള്ളിക്കാരന് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ നേരത്തന്നെ കോഫി കുടിക്കാന്‍ മുട്ടി.

ദുബായില്‍ വന്ന് അന്നു തന്നെ ഞങ്ങള്‍ താമസസ്ഥലത്തിന് അടുത്തുള്ള നടന്നു പോവാന്‍ പറ്റണ സ്ഥലങ്ങളിലേക്ക് ചെറുതായൊന്ന് കറങ്ങാന്‍ പോയി. നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ ദുബായിലെ ക്ലീന്‍ ക്ലീന്‍ റോഡുകളിലൂടെ ഞങ്ങള്‍ കെട്ട്യോനും കെട്ട്യോളും കുട്ട്യോളും കൂടി “സ്വര്‍ഗ്ഗത്തിലോ, നമ്മള്‍ സ്വപ്നത്തിലോ” എന്ന പാട്ടും പാടി നടന്നു. കുറച്ചു കഴിഞ്ഞപ്പോ എനിക്കൊരാഗ്രഹം, ഞാന്‍ ചേട്ടനോട് പറഞ്ഞു “ചേട്ടാ എനിക്കൊരു സാധനം വേടിച്ചു തരുമോ” വലിയ സാധനമൊന്നുമല്ല, ഒരു ചെറിയ കുട. നല്ല വെയിലും, നല്ല ചൂടും. എനിക്കാണെങ്കില് വാളു വെക്കണമെങ്കില് അഥവാ ഷര്‍ദ്ദിക്കണമെങ്കില്, ഒരു മാതിരി ആണുങ്ങളുടെ പോലെ കയ്യിലുള്ള കാശും കൊടുത്ത് ആവശ്യമില്ലാത്ത സാധനവും വേടിച്ചു കുടിച്ച് വാളു വെക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല, കുറച്ചധികം നേരം വെയില്‍ കൊണ്ടാല്‍ മതി ആദ്യം തലവേദനയില്‍ തുടങ്ങി വാളു വെപ്പില്‍ അവസാനിപ്പിക്കും ഞാന്‍. ഞാന്‍ വന്നതു കൊണ്ടാണത്രേ ദുബായില്‍ ഇപ്രാവശ്യം ചൂട് വളരെ കുറവാണെന്നാണ് എല്ലാരും പറയണത് (യു.എ.ഇ. യില്‍ താമസിക്കുന്നവര്‍ ഈ വാചകം വായിക്കാന്‍ പാടില്ലാ).

ഇവിടെ വന്ന് മൊബൈല്‍ ഫോണില്‍ പുതിയ കാര്‍ഡിട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും എനിക്കൊരു ഫോണ്‍ കോള്‍. ഞാന്‍ ഫോണെടുത്ത് മര്യാദക്ക് ‘ഹലോ’ പറഞ്ഞപ്പോള്‍, അവിടന്ന് ഒരാള്‍ ‘അസ്ലാമു അലൈക്കും‘ എന്നു പറഞ്ഞു. എത്ര ആലോചിച്ചിട്ടും തിരിച്ച് പറയണ്ടതെന്താന്ന് ഓര്‍മ്മ വരണില്ലാ, തനി നാടന്‍ സ്റ്റൈലില്‍ ‘നമസ്ക്കാരണ്ട്’ എന്നു പറയണോ അതോ ‘ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ’ എന്നു പറയണോ എന്നാലോചിച്ച് അവസാനം രണ്ടും കല്പിച്ച് ‘അലൈക്കും അലൈക്കും’ എന്നു രണ്ടു പ്രാവശ്യം പറഞ്ഞു. പിന്നെ കൂടുതലൊന്നും പറയണ്ടി വന്നില്ലാ, അപ്പോഴേക്കും ഫോണ്‍ വിളിച്ച ആള്‍ റോങ്ങ് നമ്പറാണെന്ന് സ്വയം മനസ്സിലാക്കി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ കട്ടായതും എന്റെ ട്യൂബ്ബ് ലൈറ്റ് കത്തി ‘വാലെയ്ക്കും അസ്ലാം‘ അതോ ഉസ്ലാം’ എന്നാണ് തിരിച്ചു പറയണ്ടത്.

ദുബായില്‍ വന്ന് രണ്ട് മാസം പിന്നിടുമ്പോള്‍ ഞാനിവിടെ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എനിക്ക് ദിവസവും മുടങ്ങാതെ ഫോണ്‍ ചെയ്തിരുന്ന ബോംബെയിലുള്ള എന്റെ രണ്ടു ചേച്ചിമാരും ഫാമിലിയും, പിന്നെ എന്റെ ഇഷ്ട് വാഹനമായ ഓട്ടോറിക്ഷയും, നമ്മുടെ ദേശീയ പക്ഷിയായ കൊതുകിനെയുമാണ്, ദുബായില്‍ പാറ്റയാണ് താരം.

എന്റെ ദുബായ് വിശേഷങ്ങളറിഞ്ഞ് എനിക്ക് പിന്നാലെ ദുബായിലേക്ക് വരാന്‍ പാസ്പോര്‍ട്ടിനും അപ്ലൈ ചെയ്ത് കെട്ടും കെട്ടി റെഡിയായിരിക്കുന്ന ചേച്ചിമാരെ “എന്തൂട്ട് ഇന്ത്യാ, ത്രിശ്ശൂരിന്റെ ഒരു മൂലക്കുണ്ടോ?“ എന്ന് ത്രിശ്ശുക്കാര് പറയണ പോലെയാണ് ഇവടത്തെ അവസ്ഥ. ദുബായില്‍ ഷോപ്പിങ്ങ് മാളുകള്‍ ഇഷ്ട്ടം പോലെയുണ്ടെങ്കിലും ബോംബെയിലെ ഷോപ്പിങ്ങിന്റെ സുഖമൊന്നും ഇവിടെയില്ലാ. ബോംബെയില് 600 രൂപ വില പറഞ്ഞ ചുരിദാറ് 250 രുപക്ക് ചോദിച്ച് അവരുടെ വായിലിരിക്കണതും കേട്ട് 350 രൂപക്ക് നമ്മള്‍ ഡ്രസ്സ് വാങ്ങിച്ചു കൊണ്ടു വരുന്ന സുഖമൊന്നും ഇവിടെയില്ല, ഇവിടെ ഏതു സാധനമെടുത്താലും അതുമെ എഴുതി വച്ച വില കൊടുത്തു വാങ്ങിക്കണം. പിന്നെ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടത് ഇവിടെ ഓരോ കോഴി മുട്ടയില്‍ വരെ ചുവന്ന ലിപികളില്‍ എക്സ്പെയറി ഡേറ്റ് എഴുതി വച്ചിട്ടുണ്ടാവും. 2010 ആവുമ്പോഴേക്കും ഓരോ കോഴി മുട്ടയിലും ആ മുട്ടയിട്ട കോഴിയുടെ പേര് വരെ സുവര്‍ണ്ണലിപികളില്‍ എഴുതും എന്നാണ് കേട്ടത്.

ടൈപ്പ് ചെയ്ത് മതിയായി, അപ്പോ ബാക്കി വിശേഷങ്ങള്‍ പിന്നെ.